UPDATES

ട്രെന്‍ഡിങ്ങ്

ഭഗത് സിംഗാകാന്‍ നിര്‍ബന്ധിക്കരുത്; മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബോംബെറിയുമെന്ന് എംഎല്‍എ

തന്നെ കര്‍ഷകര്‍ക്ക് വേണ്ടി ഭീകരവാദിയാക്കിയാലും കുഴപ്പമൊന്നുമില്ലെന്നും മഹാരാഷ്ട്ര എംഎല്‍എ ബച്ചു കഡു

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ വസതി ബോംബ് വച്ച് തകര്‍ക്കുമെന്നും മറ്റൊരു ഭഗത് സിംഗാകാന്‍ തന്നെ നിര്‍ബന്ധിക്കരുതെന്നും സ്വതന്ത്ര എംഎല്‍എയുടെ ഭീഷണി. അച്ചാല്‍പുര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ ബച്ചു കഡുവാണ് മുന്നറിയിപ്പ് നല്‍കിയത്.

കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്ന് ആവശ്യപ്പെടുന്ന സംഘടനകളും രാഷ്ട്രീയ പ്രവര്‍ത്തകരും ചേര്‍ന്ന് രൂപീകരിച്ച 21 അംഗ സമിതിയിലെ അംഗമാണ് ബച്ചു കഡു. തങ്ങളെ ഫട്‌നാവിസിന്റെ വസതി ബോംബിട്ട് തകര്‍ക്കുന്ന ഭഗത് സിംഗാകാന്‍ നിര്‍ബന്ധിക്കരുതെന്നായിരുന്നു ബച്ചുവിന്റെ പ്രതികരണം.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഏഴ് കര്‍ഷകരാണ് കാര്‍ഷിക കടം മൂലം ആത്മഹത്യ ചെയ്തത്. ഇതേക്കുറിച്ച് ഒരു ടെലിവിഷന്‍ ചാനല്‍ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു ബച്ചു. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ധന്‍ജി ജാദവ് തന്റെ ആത്മഹത്യക്കുറിപ്പില്‍ മുഖ്യമന്ത്രി വരാതെ മൃതദേഹം സംസ്‌കരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച മുഖ്യമന്ത്രി ഗ്രാമീണരോട് പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

അതേസമയം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ രണ്ട് ദിവസം കൂടി അനുവദിച്ച കര്‍ഷകര്‍ ചൊവ്വാഴ്ച മുതല്‍ ട്രെയിന്‍ തടയല്‍ ഉള്‍പ്പെടെയുള്ള സമരങ്ങളിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ബോംബെറിയുമെന്ന് ഉദ്ദേശിച്ചത് യഥാര്‍ത്ഥ ബോംബ് അല്ലെന്നും കര്‍ഷകരുടെ രോഷമാണെന്നും ബച്ചു പിന്നീട് വിശദീകരിച്ചു. തങ്ങള്‍ ബോംബെറിഞ്ഞാലും ആരെയും അപകടപ്പെടുത്തില്ലെന്നും തന്നെ കര്‍ഷകര്‍ക്ക് വേണ്ടി ഭീകരവാദിയാക്കിയാലും കുഴപ്പമൊന്നുമില്ലെന്നും ഇദ്ദേഹം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍