UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു

അഴിമുഖം പ്രതിനിധി

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു. 62 വയസായിരുന്നു. ന്യുമോണിയബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നു പുലര്‍ച്ചയോടെയാണ് മരിച്ചത്.

1954 ല്‍ ആയിരുന്നു അക്ബര്‍ കക്കട്ടിലിന്റെ ജനനം. പിതാവ് പി അബ്ദുള്ള, മാതാവ് സി കെ കുഞ്ഞാമിന. ഫറൂഖ് കോളേജ്, മടപ്പള്ളി ഗവ. കോളേജ്,തൃശൂര്‍ കേരളവര്‍മ കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

കോഴിക്കോട് വട്ടോളി നാഷണല്‍ സ്‌കൂളില്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.അധ്യാപകജീവിതത്തില്‍ നിന്നും കഥകള്‍ കണ്ടെടുത്തെഴുതിയ അക്ബര്‍ കക്കട്ടില്‍ തന്റെ സരളവും ആഴവുമുള്ള കഥാലോകത്തിലേക്ക് ആസ്വാദകരെ സ്വീകരിച്ചുകൊണ്ടുവന്നത് വളരെ വേഗത്തിലായിരുന്നു. ശമീല ഫഹ്മി, അധ്യാപക കഥകള്‍, ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, 2011ലെ ആണ്‍കുട്ടി, ഇപ്പോള്‍ ഉണ്ടാകുന്നത്, തെരഞ്ഞെടുത്ത കഥകള്‍, പതിനൊന്ന് നോവലറ്റുകള്‍, മൃത്യുയോഗം, സ്ത്രൈണം,വടക്കു നിന്നൊരു കുടുംബവൃത്താന്തം, സ്‌കൂള്‍ ഡയറി, സര്‍ഗ്ഗസമീക്ഷ, വരൂ, അടൂരിലേയ്ക്ക് പോകാം എന്നിവയാണ് അക്ബറിന്റെ പ്രധാന കൃതികള്‍.

രണ്ടു തവണ കേരള സാഹിത്യഅക്കാദമി പുരസ്‌കാരത്തിന് അദ്ദേഹം അര്‍ഹനായി. ജോസഫ് മുണ്ടശേരി അവാര്‍ഡ്, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, ഇന്ത്യ ഗവണ്‍മെന്റ് ഫെലോഷിപ്പ് എന്നിവയ്ക്കും അര്‍ഹനായി.

കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്, കേരളസാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണ വിഭാഗം കണ്‍വീനര്‍, കോഴിക്കോട് മലയാളം പബ്ലിക്കേഷന്‍സിന്റെയും ഒലീവ് പബ്ലിക്കേഷന്‍സിന്റെയും ഓണററി എഡിറ്റര്‍, കേരള ലളിതകലാ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി അംഗം, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയുടെ ഗവേണിംഗ് ബോഡികള്‍, കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാന ടെലിവിഷന്‍ ജൂറി, സിനിമാ ജൂറി, കോഴിക്കോട് ആകാശവാണിയുടെ പ്രോഗ്രാം അഡ്വൈസറി ബോര്‍ഡ്, പ്രഥമ എഡ്യൂക്കേഷണല്‍ റിയാലിറ്റി ഷോയായ ഹരിത വിദ്യാലയ’ത്തിന്റെ പെര്‍മനന്റ് ജൂറി എന്നീ നിലകളിലും അക്ബര്‍ കക്കട്ടില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വി ജമീലയാണ് ഭാര്യ. മക്കള്‍ സിതാര, സുഹാന. കബറടക്കം ഇന്നു വൈകുന്നേരം അഞ്ചുമണിക്ക് കോഴിക്കോട് കണ്ടോത്ത് കുനി ജുമ മസ്ജിദില്‍ നടക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍