UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കീഴാള ആധുനികതയുടെ സംഘര്‍ഷങ്ങള്‍; പ്രദീപന്‍ പാമ്പിരിക്കുന്നിനെ ഓര്‍മിക്കുമ്പോള്‍

Avatar

[കഴിഞ്ഞ ദിവസം അന്തരിച്ച എഴുത്തുകാരനും അധ്യാപകനും ദളിത് ആക്റ്റിവിസ്റ്റുമായ പ്രദീപന്‍ പാമ്പിരിക്കുന്നിനെ ഷൈമ പി ഓര്‍മിക്കുന്നു.] 

 

2011 -12-ലാണ് എം. ദാസന്‍ മാഷും പ്രദീപന്‍ പാമ്പിരിക്കുന്നും സി.എസ് ചന്ദ്രികയും ഡോ. പ്രതിഭയും എഡിറ്റ് ചെയ്ത Oxford India Anthology of Dalit Writing-നു വേണ്ടി “സാഹിത്യ ചരിത്രം നിങ്ങളോട് സംസാരിക്കുന്നതെന്ത്” എന്ന പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ ലേഖനം എം.ടി അന്‍സാരിയുടെ കൂടെ വിവര്‍ത്തനം ചെയ്യുന്നത്. മലയാള സിനിമാ ചരിത്രം സംസാരിക്കുന്നതെന്ത്, അതിനെ എങ്ങനെ സമീപിക്കണം തുടങ്ങിയ പി.എച്ച്.ഡി അവ്യക്തതകളുടെ സമയത്താണ് അന്‍സാരി, കെ.കെ കൊച്ച്, സനല്‍ മോഹന്‍, പ്രദീപന്‍ പാമ്പിരിക്കുന്ന് എന്നിവരുടെ വിവര്‍ത്തനങ്ങളില്‍ കൂടെ കൂട്ടിയത്. സാഹിത്യ ചരിത്രങ്ങള്‍ സംസാരിക്കുന്നതിനേക്കാള്‍ നിശബ്ദമാക്കുകയാണെന്നും ശബ്ദം നഷ്ടപ്പെട്ട, അപസ്വരം കേള്‍പ്പിക്കുന്ന ധീവരരും പണിയരും കെ കറുപ്പന്‍ പോലുള്ളവരുടെ
അസാന്നിധ്യങ്ങളുമാണ് ഉള്ളൂരിന്റെയും ലീലാവതിയുടേയും സാഹിത്യ ചരിത്രങ്ങളെ സവര്‍ണ മാര്‍ക്കറ്റിനു പ്രിയപ്പെട്ടതാക്കിയതെന്ന് പാമ്പിരിക്കുന്ന് ഓര്‍മപ്പെടുത്തി. ഒപ്പം, സിനിമ എന്ന മറ്റൊരു ജനപ്രിയ മാധ്യമവും സിനിമ ചരിത്രവും ഇതുപോലെ ജാതിമതാധികാരങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ അല്ലേ എന്നും. സിനിമ ചരിത്രത്തില്‍ പിന്നോക്ക ജാതി സമുദായത്തിന്റെ ഇടങ്ങള്‍ എന്ന എന്റെ റിസര്‍ച്ച് ടോപ്പിക് ഇങ്ങനെയുള്ള വായനകളും വിവര്‍ത്തനങ്ങളും ചേര്‍ന്നാണ് ഉണ്ടാകുന്നത്.

രണ്ടു വര്‍ഷം കഴിഞ്ഞ് പൊയ്കയില്‍ അപ്പച്ചന്റെ പാട്ടുകളുമായി ബന്ധപ്പെട്ട ഒരു സെമിനാറിലും 2016-ല്‍ പയ്യന്നൂരില്‍ വച്ചു നടന്ന പുരോഗമന കലാ സാഹിത്യ സംഘം സംഘടിപ്പിച്ച ഒരു സെമിനാറിലും വച്ചാണ് പാമ്പിരിക്കുന്നിനെ കേള്‍ക്കുന്നതും സംസാരിക്കുന്നതും. സുനില്‍ സി ഇളയിടത്തിന്റെ മാര്‍ക്‌സിസ്റ്റ് സാംസ്‌കാരിക അവലോകനത്തില്‍ അംബേദ്ക്കറിസം കൂടി ഇടംപിടിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. മലയാള സാഹിത്യ/സംസ്‌കാര ചരിത്രത്തെ പുനര്‍വായിക്കേണ്ടതുണ്ടെന്ന ബോധ്യം പിന്നീട് അദ്ദേഹത്തിന്റെ ലേഖനങ്ങളും പുസ്‌കങ്ങളും ചലച്ചിത്രഗാന/സംസ്‌കാര, കവിതാ/സാഹിത്യം തിരഞ്ഞു പിടിച്ച് വായിക്കാന്‍ പ്രേരണയായിട്ടുണ്ട്. ഇതില്‍ പ്രധാനമായി തോന്നിയ ഒന്ന് നാരായണ ഗുരുവിനെക്കുറിച്ചുള്ള പഠനമാണ്. നാരായണ ഗുരുവില്‍ സ്തംഭിച്ചു നില്‍ക്കേണ്ട ഒന്നല്ല ആധുനിക കേരളം എന്ന് അദ്ദേഹം “ആധുനിക കേരളം ആരുടെ ഭാവനയാണ്”(2016) എന്ന ലേഖനത്തില്‍ വിലയിരുത്തുന്നുണ്ട്.

 

നാരായണ ഗുരു കേരളത്തില്‍ ദളിത് ജാതി വ്യവഹാരങ്ങളാല്‍ നിര്‍മിക്കപ്പെട്ട ആധുനിക കൊടുക്കല്‍ വാങ്ങലുകളുടെ സൃഷ്ടിയാണെന്നും അതുകൊണ്ടു തന്നെ 1888-ലെ അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് മുമ്പുള്ള മിഷണറി മേഡേണിറ്റിയും അടിമജാതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് മതപ്രവേശ (പരിവര്‍ത്തനമല്ല) നവുമായി ചേര്‍ത്തുപറയേണ്ട വസ്ത്ര, സഞ്ചാര സ്വാതന്ത്ര്യവും സാര്‍വത്രിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കീഴാള ഇടപെടലുകള്‍, ചരിത്ര ആഖ്യാനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടതുണ്ടെന്ന് പാമ്പിരിക്കുന്ന് നിരീക്ഷിക്കുന്നുണ്ട്. നാരായണ ഗുരുവിനെ അപ്രോപ്പിയേറ്റ് ചെയ്യാന്‍ ഇടതുപക്ഷവും വലതുപക്ഷവും ഒരേപോലെ ശ്രമിക്കുന്ന വര്‍ത്തമാനകാലത്ത് നാരായണ ഗുരുവിനെക്കുറിച്ചുള്ള പാമ്പിരിക്കുന്നിന്റെ നിരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.

 

 

പാമ്പിരിക്കുന്നിന്റെ മറ്റൊരു ശ്രദ്ധേയമായി തോന്നിയ പഠനം കുമാരനാശാന്റെ “വീണപൂവിലെ അവര്‍ണ ഭീതികളാ”ണ്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ എം.എ ഇംഗ്ലീഷ് സിലബസിലുള്ള ഒരു പേപ്പറാണ് Malayalam Literature in Translation. അതിന്റെ റഫറന്‍സ് എന്ന രീതിയിലാണ് ഈ പഠനം ആദ്യം വായിക്കുന്നത്. ഏറെക്കാലം സാമുദായിക പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കുമാരനാശാന്റെ കവിതാ ലോകത്തെ സ്പര്‍ശിച്ചിട്ടേയില്ല എന്ന പി.കെ ബാലകൃഷ്ണന്റെ വിമര്‍ശനം സിംപ്ലിസ്റ്റിക് ആയ ഒന്നാണ് എന്ന് പാമ്പിരിക്കുന്ന് ഇതില്‍ പറയുന്നുണ്ട്. മറിച്ച് കുമാരനാശാന്‍ പരിചയിച്ച സംസ്‌കൃത സാഹിത്യ സംസ്‌കാരത്തിന്റേയും പാശ്ചാത്യ കാവ്യ പരിചയത്തിന്റേയും സൗന്ദര്യബോധവും അവയില്‍ നിന്നും അന്യവത്ക്കരിക്കപ്പെടുന്ന അവര്‍ണതയും തമ്മിലുള്ള സംഘര്‍ഷമാണ് ആശാനെ അടയാളപ്പെടുത്തുന്നതെന്ന് പാമ്പിരിക്കുന്ന് വിശദീകരിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ചരിത്രപരമായി അവര്‍ണര്‍ക്ക് കൈവന്ന ഉണര്‍വും പി.കെ ബാലകൃഷ്ണണ്‍ ആരോപിക്കുന്ന സാമൂഹിക സ്പര്‍ശമില്ലാത്ത കാവ്യബോധവും തമ്മിലുള്ള സംഘര്‍ഷവുമാണ് ആശാന്റെ കവിതാ ലോകത്തെ നിര്‍ണയിക്കുന്നത്.

 

കറുപ്പിനും വെളുപ്പിനുമിടയിലുളള ഗ്രേ സോണുകളും അവയുടെ ചരിത്രങ്ങളും കൃത്യതയോടെ അടയാളപ്പെടുത്തുന്ന ഇടപെടലുകളായിരുന്നു അദ്ദേഹത്തിന്റേത്. കീഴാള ആധുനികതാ മുന്നേറ്റങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ആകസ്മിക മരണം ഒരു തീരാനഷ്ടം തന്നെയാണ്.

 

(അധ്യാപികയാണ് ഷൈമ. അഴിമുഖത്തില്‍ സിനിമാ സംബന്ധിയായ Smokescreen എന്ന കോളം ചെയ്യുന്നുണ്ട്)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍