UPDATES

വല്‍സല ടീച്ചറുടേത് അവശ സാഹിത്യകാരന്മാര്‍ക്കെല്ലാം മാതൃകയാക്കാവുന്ന ഒന്നാന്തരം സംഘിസാഹിത്യം

എഴുത്തുകാരി പി വല്‍സലയുടെ നരേന്ദ്ര മോദി സ്തുതിയെ പരിഹസിച്ച് ഡോക്യുമെന്ററി സംവിധായകനും സാമൂഹ്യ വിമര്‍ശകനുമായ ഓ കെ ജോണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 

പി.വല്‍സല ടീച്ചര്‍ ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ പ്രധാനമന്ത്രി മോദി അവര്‍കളെ കുറിച്ചെഴുതിയ സോദ്ദേശ്യ സാഹിത്യം വായിച്ച ഒരു അഭ്യുദയകാംക്ഷി രാവിലെ വിളിച്ച് എന്നെ കുറേ ചീത്ത പറഞ്ഞു. മുയ്മന്‍ അച്ചടിയോഗ്യമല്ല. സാരാംശമിതാണ്- നീയാ ടീച്ചറെ കണ്ട് പഠിക്ക്. ഇനിയിപ്പോ മോദി യുഗമാണ്. അത് ടീച്ചര്‍ക്കറിയാം. കേരളത്തില്‍ മാത്രമൊതുങ്ങിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും ഇടതുപക്ഷത്തിന്റെയും, കാല്‍ക്കാശിന് കൊള്ളാത്ത പു.ക.സയുടെയും പിറകേ നടന്നിട്ടൊന്നും കാര്യമില്ലെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. സുരേഷ് ഗോപിയും സി.കെ. ജാനുവുമൊക്കെ അത് മനസിലാക്കിയിട്ടും നിനക്കെന്താണത് മനസിലാവാത്തത്? എഴുതെടാ അജ്ജാതി സാഹിത്യം.

ആ ചീത്തവിളിയും സാരോപദേശവും കേട്ടതിനുശേഷം വല്‍സല ടീച്ചറുടെ സാഹിത്യം വായിച്ചപ്പോഴാണ് അഭ്യുദയകാംക്ഷി പറഞ്ഞത് നേരാണല്ലോ എന്നു മനസിലായത്. അവശസാഹിത്യകാരന്മാര്‍ക്കെല്ലാം മാതൃകയാക്കാവുന്ന ഒന്നാന്തരം സംഘിസാഹിത്യമാണത്. ആര്‍ക്കുമെഴുതാവുന്നതും ഏത് പത്രാധിപരും അച്ചടിക്കാതിരിക്കാന്‍ ഭയപ്പെടുന്നതുമായ സേദ്ദേശ്യസാഹിത്യം. പു.ക.സ വിട്ടിട്ടും ടീച്ചര്‍ സോദ്ദേശ്യസാഹിത്യത്തോട് വിടപറഞ്ഞിട്ടില്ലെന്നതും പഴയൊരു പരിചയക്കാരനായ എന്നെ ആഹ്ളാദിപ്പിച്ചു. 

അജ്ജാതി സാഹിത്യമെഴുതിയാലേ ഇനി പിഴച്ചുപോകാനാവൂ എന്ന് വല്‍സല ടീച്ചറെപ്പോലൊരു പ്രമുഖ സാഹിത്യകാരിതന്നെ തിരിച്ചറിഞ്ഞപ്പോളെങ്കിലും എന്നെപ്പോലൊരു യുവസാഹിത്യയ:ശപ്രാര്‍ത്ഥി ആ പാത പിന്തുടരേണ്ടതല്ലേ?

അന്നന്ന് വാഴുന്നോരെ വാഴ്ത്താനും അച്ഛനെന്ന് വിളിക്കാനും കഴിയുന്നില്ലെങ്കില്‍ സാഹിത്യം സംസ്‌കാരം എന്നൊക്കെ പറഞ്ഞുനടക്കുന്നതില്‍ എന്താണര്‍ത്ഥം? 

അനര്‍ത്ഥങ്ങള്‍ ഏറെയാണുതാനും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍