UPDATES

ദി ഫ്രൈഡേ റിലീസ്

കാഴ്ചപ്പാട്

ദി ഫ്രൈഡേ റിലീസ്

ന്യൂസ് അപ്ഡേറ്റ്സ്

അമേരിക്കൻ വേനലിലെ ടെന്നീസ് വസന്തം

ഏഴാഴ്ച നീളുന്ന യു എസ് ഓപ്പണ്‍ സീരീസ് സമാപനത്തോട് അടുക്കുകയാണ്. യു എസ് ഓപ്പണ്‍ വരെ നീളുന്ന നോര്‍ത്ത് അമേരിക്കന്‍ സമ്മര്‍ ഹാഡ് കോര്‍ട്ട് ടൂര്‍ണമെന്റുകളാണ് യു എസ് ഓപ്പണ്‍ സീരീസ്. സ്റ്റാന്‍ഫോഡിലും ന്യൂ ഹെവനിലും വനിതകള്‍ മാത്രവും അറ്റ്‌ലാന്റയിലും വിന്‍സ്റ്റണ്‍ സലേമിലും പുരുഷന്മാര്‍ മാത്രവും കളിച്ചപ്പോള്‍, റോജേഴ്‌സ് കപ്പിലും സിന്‍സിനാറ്റി ഓപ്പണിലും പുരുഷ, വനിതാ താരങ്ങള്‍ മാറ്റുരച്ചു. ഇവയ്ക്ക് പുറമെ യു എസ് ഓപ്പണ്‍ കൂടി വരുമ്പോള്‍ വനിതകള്‍ക്കും പുരുഷന്മാര്‍ക്കും ഈ കാലയളവില്‍ അഞ്ചു ടൂര്‍ണമെന്റുകള്‍ വീതമായിരുന്നു ഇത്തവണത്തെ യുഎസ് ഓപ്പണ്‍ സീരീസില്‍ ഉണ്ടായിരുന്നത്.

 

പുരുഷ വിഭാഗത്തില്‍ ആന്‍ഡി മറെ ആണ് ഇത്തവണത്തെ യു എസ് ഓപ്പണ്‍ സീരീസ് ജേതാവ്. വനിതകളില്‍ ഒരു ടൂര്‍ണമെന്റില്‍ പോലും കിരീടം നേടാതെ ചെക്ക് താരം കരോളിന പ്ലിസ്‌കോവ സീരീസ് ജേതാവായി.

 

2004 മുതലാണ് ചെറുടൂര്‍ണമെന്റുകള്‍ക്ക് ടിവി കവറേജ് ലഭിക്കാനായി ഇങ്ങനെയൊരു സീരീസ് തുടങ്ങിയത്. കൂടുതല്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് കൂടുതല്‍ പോയിന്റ് ലഭിക്കുന്ന രീതിയിലാണ് ഇതിലെ പോയിന്റ് സിസ്റ്റം വര്‍ക്ക് ചെയ്യുക. മൂന്നോ അധിലധികമോ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നവരുടെ പോയിന്റുകള്‍ ഇരട്ടിക്കുകയും ചെയ്യും. ഇങ്ങനെയാണ് ഒരു കപ്പ് പോലും നേടാതെ പ്ലിസ്‌കോവ ഇത്തവണ വനിതാ ചാമ്പ്യനായത്. കഴിഞ്ഞ യു എസ് ഓപ്പണ്‍ സീരീസില്‍ കാനേഡിയന്‍ താരമായ മിലോസ് റാഒനിച്ചും സെറീന വില്യംസും ആയിരുന്നു ഒന്നാമതെത്തിയത്.

 

അറ്റ്‌ലാന്റയില്‍ നടന്ന എടിപി ടൂര്‍ണമെന്റില്‍ അമേരിക്കന്‍ താരം ജോണ്‍ ഇസ്‌നര്‍ തുടര്‍ച്ചയായ മൂന്നാം വട്ടവും ചാമ്പ്യനായി. മാര്‍കോ ബാഗ്ദാറ്റിസ് ആയിരുന്നു ഫൈനലില്‍ ഇസ്‌നറുടെ എതിരാളി. എടിപി 1000 ടൂര്‍ണമെന്റുകളായ റോജേഴ്‌സ് കപ്പിലും സിന്‍സിനാറ്റിയിലും യഥാക്രമം ആന്‍ഡി മറെയും റോജര്‍ ഫെഡററുമായിരുന്നു ജേതാക്കള്‍. രണ്ടിടത്തും ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചായിരുന്നു റണ്ണറപ്. വിന്‍സ്റ്റണ്‍ സലേമില്‍ കെവിന്‍ ആന്‍ഡേഴ്‌സണ്‍ കിരീടം നേടി.

 

വിംബിള്‍ഡണും യു എസ് ഓപ്പണും കഴിഞ്ഞാല്‍ ഏറ്റവും പഴക്കമുള്ള ടൂര്‍ണമെന്റാണ് കാനഡയുടെ സ്വന്തം റോജേഴ്‌സ് കപ്പ്. ടൊറൊന്റോയിലും മോണ്‍ട്രിയലിലുമായി മാറി മാറിയാണ് ഈ ടൂര്‍ണമെന്റ് അരങ്ങേറുന്നത്. കഴിഞ്ഞ വര്‍ഷം ടൊറന്റോയില്‍ നടന്ന പുരുഷ ടൂര്‍ണമെന്റ് ഇക്കൊല്ലം മോണ്‍ട്രിയലിലാണ് നടന്നത്. വനിതകളുടെ ടൂര്‍ണമെന്റ് ഇക്കുറി ടൊറന്റോയിലായിരുന്നു.

 

വനിതാ ടൂര്‍ണമെന്റുകളില്‍ സ്റ്റാന്‍ഫോഡില്‍ ജര്‍മ്മന്‍ താരം ഏംഗലിക് കെര്‍ബര്‍ വിജയിച്ചപ്പോള്‍, WTA പ്രീമിയര്‍ 5 ടൂര്‍ണമെന്റുകളായ റോജേഴ്‌സ് കപ്പില്‍ ബെലിന്‍ഡ ബെന്‍ചിച്ചും സിന്‍സിനാറ്റിയില്‍ സെറീന വില്യംസും ജേതാക്കളായി. ന്യൂ ഹെവനില്‍ പെഡ്ര ക്വിറ്റോവ കിരീടം നിലനിര്‍ത്തി.

 

യു എസ് ഓപ്പണിലേക്കെത്തുമ്പോള്‍
ബിഗ് ഫോറിന്റെ അപ്രമാദിത്യത്തിന് തിരിച്ചടിയേല്‍പ്പിച്ചുകൊണ്ട് മരിന്‍ ചിലിച്ചും കീ നിഷിക്കോറിയും ഏറ്റുമുട്ടിയ കഴിഞ്ഞ വര്‍ഷത്തെ യുഎസ് ഓപ്പണ്‍ ഫൈനല്‍ സമകാലിക ഗ്രാന്‍ഡ്സ്ലാം ചരിത്രത്തിലെ ഒരത്ഭുതമായിരുന്നു. റോജര്‍ ഫെഡറര്‍, റഫേല്‍ നദാല്‍, നൊവാക്ക് ജോക്കോവിച്ച്, ആന്‍ഡി മറെ എന്നിവരിലാരെങ്കിലും ഒരാളില്ലാത്ത ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ 2005ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിനുശേഷം ആദ്യമായിരുന്നു.

 

ഇത്തവണ വിംബിള്‍ഡണ്‍ കഴിഞ്ഞപ്പോള്‍ നൊവാക് ജോക്കോവിച്ചിന്റെ തേരോട്ടമാവും ഇനിയെന്ന് തോന്നിയെങ്കിലും, കാനഡയിലും സിന്‍സിനാറ്റിയിലും ആന്‍ഡി മറെയും റോജര്‍ ഫെഡററും ജോക്കോവിച്ചിനെ തോല്‍പ്പിച്ച് ഒരു ഒറ്റയാള്‍ മേധാവിത്വം അത്ര എളുപ്പമാവിലെന്നതിന്റെ സൂചനകള്‍ നല്‍കുന്നു. ഈ സാഹചര്യത്തില്‍ (കഴിഞ്ഞ വര്‍ഷത്തെ ടൂര്‍ണമെന്റും കൂടി ചേര്‍ത്തു വായിക്കുമ്പോള്‍) പ്രവചനങ്ങള്‍ക്ക് പിടി തരാത്ത അവസ്ഥയാണ് നിലവിലുള്ളത്. എങ്കിലും ജോക്കോവിച്ച്, ഫെഡറര്‍, മറെ എന്നിവര്‍ക്ക് തന്നെയാണ് ഇപ്പോള്‍ മുന്‍തൂക്കം.

 

ജോക്കോവിച്ച്, ഫെഡറര്‍, മറെ, നിഷിക്കൊറി എന്നിവരാണ് ആദ്യ നാലു സീഡുകള്‍. ജോക്കോവിച്ചും നിഷിക്കൊറിയും ഡ്രോയുടെ മേല്‍പ്പാതിയില്‍ ഏറ്റുമുട്ടുമ്പോള്‍, ഫെഡറര്‍-മറെ സെമി പോരാട്ടത്തിനുള്ള സാധ്യത സജീവമാണ്. ഇത്തവണ എട്ടാം സീഡായി എത്തുന്ന നദാലാവും ജോക്കോവിച്ചിന്റെ ക്വാര്‍ട്ടറിലെ എതിരാളി.

 

ക്വാര്‍ട്ടറിലേക്കുള്ള വഴിയില്‍ ജോക്കോവിച്ചിന് വസെക് പൊസ്പിസില്‍, ആന്‍ഡ്രിയാസ് സെപ്പി എന്നിവരെ മറികടക്കേണ്ടി വരും. ബോര്‍ണ കോറിക്, മിലോസ് റാഒനിച്ച് എന്നിവര്‍ നദാലിനും പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. നിക് കിര്‍ഗിയോസുമായുള്ള മറെയുടെ ആദ്യ റൗണ്ട് പോരാട്ടം തന്നെ കടുത്തതാവും. തുടര്‍ന്നുള്ള വഴിയില്‍ ക്വാര്‍ട്ടറില്‍ സ്റ്റാന്‍ വാവ്രിങ്കയാവും മറെയുടെ എതിരാളി. സീഡിംഗ് പ്രകാരം തോമസ് ബെര്‍ഡിച്ചാവും ഫെഡററുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ എതിരാളി.

 

നിലവിലെ ചാമ്പ്യന്‍ മരിന്‍ ചിലിച്ചിന് ഇക്കുറി ക്വാര്‍ട്ടറിലെത്താനായാല്‍ മിക്കവാറും കഴിഞ്ഞ ഫൈനലിന്റെ റീപ്ലേ കാണാനാവും. പക്ഷെ, ഇത്തവണ ഒന്‍പതാം സീഡായി എത്തുന്ന ചിലിച്ചിന് ക്വാര്‍ട്ടറിലേക്കുള്ള യാത്ര കഠിനമാണ്. ഗ്രിഗര്‍ ദിമിത്രോവോ ഡേവിഡ് ഫെററോ ചിലിച്ചിന്റെ വഴിമുടക്കാനുള്ള സാധ്യത കൂടുതലാണ്.

 

വനിതാ സിംഗിള്‍സില്‍ കലണ്ടര്‍ സ്ലാം ലക്ഷ്യമിട്ടിറങ്ങുന്ന സെറീന വില്യംസിനു തന്നെയാണ് സാധ്യത. സെറീന വില്യംസ്, സിമോണ ഹാലെപ്പ്, മരിയ ഷറപ്പോവ, കരോളിന്‍ വോസ്‌നിയാക്കി എന്നിവരാണ് ആദ്യ നാലു സീഡുകള്‍.

 

സെറീനയുടെ മുന്നോട്ടുള്ള വഴിയില്‍ അമേരിക്കന്‍ താരങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. മൂന്നാം റൗണ്ടില്‍ സ്റ്റീവന്‍സും നാലാം റൗണ്ടില്‍ മാഡിസണ്‍ കീസും പിന്നെ ക്വാര്‍ട്ടറില്‍ വീനസ് വില്യംസും. 23-ആം സീഡായ വീനസിനു ക്വാര്‍ട്ടറിലേക്ക് അത്ര എളുപ്പം എത്താനാവില്ല. ബെന്‍ചിച്ചിനെയും പ്ലിസ്‌കോവയെയും മറികടന്നാലേ വീനസ് ക്വാര്‍ട്ടറിലെത്തൂ. സീഡിംഗ് പ്രകാരം മുന്നോട്ടു പോയാല്‍ സെമിയില്‍ സെറീന-ഷറപ്പോവ പോരാട്ടം കാണാം. ഏഴാം സീഡ് അന ഇവാനോവിച്ചാവും ഷറപ്പോവയ്ക്ക് ക്വാര്‍ട്ടറിലെ എതിരാളി. എന്നാല്‍ സെറീന-അന ഇവാനോവിച്ച് സെമിയാണ് WTA വിദഗ്ധര്‍ പ്രവചിക്കുന്നത്.

 

ഡ്രോയുടെ മറുപകുതിയില്‍ അലീസ് കോര്‍ണേയും ലൂസി സഫറോവയുമാണ് ഹാലെപ്പിന്റെ വഴിയിലെ പ്രധാന വെല്ലുവിളികള്‍. അതേസമയം, ഫ്‌ലാവിയ പെന്നേറ്റ, സാറ ഇറാനി, പെഡ്ര കൊറ്റോവ എന്നിവരെ മറികടന്ന് സെമിയിലെത്താന്‍ വോസ്‌നിയാക്കിക്ക് നന്നേ വിയര്‍പ്പൊഴുക്കേണ്ടിവരും.

 

ഇത്തവണത്തെ യു എസ് ഓപ്പണ്‍ പോരാട്ടങ്ങള്‍ തീപാറുമെന്നുറപ്പ്. കലണ്ടര്‍ സ്ലാമെന്ന അപൂര്‍വ നേട്ടത്തിനടുത്തെത്തി നില്‍ക്കുന്ന സെറീന വില്യംസാണ് ഇക്കുറി ടൂര്‍ണമെന്റിന്റെ ശ്രദ്ധാകേന്ദ്രം.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍