UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അത്ര നിഷ്കളങ്കമല്ല നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ WTO പ്രഖ്യാപനം

Avatar

ടീം അഴിമുഖം

ഭക്ഷ്യ സുരക്ഷയും ലോകവ്യാപാര സംഘടനയില്‍ (WTO) വ്യാപാരം സുഗമമാക്കുന്നതും സംബന്ധിച്ച് ഇന്ത്യയും യു.എസും തമ്മിലുണ്ടായിരുന്ന തര്‍ക്കങ്ങളില്‍ ഒത്തുതീര്‍പ്പിലെത്തിയെന്ന് കഴിഞ്ഞ വ്യാഴാഴ്ച കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചപ്പോള്‍ അത് ചെറുതല്ലാത്ത അത്ഭുതം തന്നെ സൃഷ്ടിച്ചു. ആഗോള വ്യാപാര ചര്‍ച്ചകളില്‍ ഒരു തീരുമാനത്തിലെത്താന്‍ ഇത് വഴിതെളിക്കും. എന്തായാലും ഇരുരാജ്യങ്ങളും ധാരണ സംബന്ധിച്ച വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പ്രസിഡണ്ട് ബരാക് ഒബാമയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ ഫലമാണ് ഉഭയകക്ഷി ധാരണയെന്നാണ് യു.എസ് വ്യാപാര പ്രതിനിധി മൈക്കല്‍ ഫ്രോമാന്‍ പറഞ്ഞത്. ഇളവുകള്‍ നല്‍കുന്നതിനും, കഴിഞ്ഞമാസം സമ്മതിച്ച ‘peace clause’ അനന്തമായി തുടരുന്നതിനും വാഷിംഗ്ടണ്‍ സമ്മതിച്ചോ എന്ന ചോദ്യങ്ങള്‍, യു.എസുമായി ധാരണയിലെത്തി എന്നു പ്രഖ്യാപിച്ച നിര്‍മല സീതാരാമന്‍ ഉത്തരം പറയാതെ ഒഴിവാക്കി.

പലരും കരുതുന്നത് നിര്‍ദ്ദേശിക്കപ്പെട്ട ‘peace clause’ തന്നെ പ്രശ്നത്തിന് വേണ്ട പരിഹാരം ഉണ്ടാക്കുന്നില്ല എന്നാണ്. ഭക്ഷ്യശേഖരണം സംബന്ധിച്ച് നിലവിലെ WTO ചട്ടങ്ങള്‍ കോടിക്കണക്കിനു വരുന്ന പട്ടിണിക്കാര്‍ക്ക്  ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള ഇന്ത്യയുടെ നിലവിലെ ശ്രമങ്ങളെ മാത്രമല്ല ഭാവിയില്‍ ഈ വഴിക്കുള്ള നീക്കങ്ങളേയും തടയും. കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ കക്ഷിഭേദമെന്യേ നിരവധി അംഗങ്ങള്‍ പാര്‍ലമെന്റില്‍ ഈ പ്രശ്നം അവതരിപ്പിച്ചിരുന്നു.

ഈ ബഹുമുഖപ്രശ്നം സംബന്ധിച്ച് ഉഭയകക്ഷി ധാരണയായെന്ന പൊടുന്നനെയുള്ള പ്രഖ്യാപനം, വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടിന് നേരെ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. യു.എസ്, യൂറോപ്യന്‍ യൂണിയന്‍, മറ്റ് വികസിത രാഷ്ട്രങ്ങള്‍ എന്നിവയുടെ എതിര്‍പ്പുണ്ടായിട്ടും പൊതു ഉപഭോഗത്തിനും, ഉപജീവനത്തിനുമായി ഭക്ഷ്യധാന്യ സംഭരണംസംബന്ധിച്ച വിഷയം ബാലിയില്‍ നടന്ന WTO സമ്മേളനത്തിന്‍റെ അജണ്ടയിലെത്തിച്ചത്, ഇക്കാര്യത്തില്‍ ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നു എന്നതാണു വസ്തുത. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ശേഷം ഒരു സ്ഥിരം പരിഹാരം ഉണ്ടാകുന്നതുവരെ ഇക്കാര്യത്തില്‍ WTO-വില്‍ ഉയര്‍ന്നേക്കാവുന്ന ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പുകളില്‍ നിന്നും തങ്ങള്‍ക്കും മറ്റ് രാഷ്ട്രങ്ങള്‍ക്കും  സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നായിരുന്നു ഇന്ത്യ അവകാശപ്പെട്ടത്.

അതുകൊണ്ടുതന്നെ യു.എസുമായി ഉഭയകക്ഷി തലത്തില്‍ പ്രശ്നം പരിഹരിച്ചു എന്നു സര്‍ക്കാര്‍ പറയുമ്പോള്‍ അത് വിചിത്രമാണ്. ബഹുതല കരാറുകളും, പ്രശ്നങ്ങളും അതാത് ബഹുരാഷ്ട്ര സംഘടനകളില്‍ മാത്രമേ –ഈ വിഷയത്തില്‍ അത് WTO ആണ്- പുതുക്കാവൂ എന്ന ഇന്ത്യയുടെ സ്ഥിരമായ നിലപാടിനെതിരാണിത്.

WTO-യിലെ ഇന്ത്യയുടെ നിലപാടുകള്‍ ആഭ്യന്തര നയങ്ങളുമായും ഒത്തുപോകേണ്ടതുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇതല്ല വസ്തുത. WTO ആവശ്യപ്പെടാതെയും കാര്‍ഷിക ചരക്കുകളുടെ ഇറക്കുമതി ഉദാരമാക്കാന്‍ സ്വന്തം നിലയ്ക്ക് നടപടികളെടുക്കുകയാണ് ഇന്ത്യ. സേവന മേഖലയിലും വലിയതോതില്‍ ഉദാരവത്കരണം സ്വന്തം നിലക്ക് നടപ്പാക്കുകയാണ് ഇന്ത്യന്‍ സര്‍ക്കാര്‍. ആഭ്യന്തര സാമ്പത്തിക നയങ്ങള്‍ നവ-ഉദാരവത്കരണ ചട്ടക്കൂടില്‍ രൂപപ്പെടുന്ന സ്ഥിതിക്ക് ലോക വ്യാപാര സംഘടനയിലെ ഇന്ത്യയുടെ പങ്കിനെ ഇനി സംശയത്തോടെയെ കാണാനാവൂ. WTO-വില്‍ മറ്റ് വികസ്വര രാഷ്ട്രങ്ങള്‍ക്ക് ശക്തമായ നേതൃത്വം  കൊടുക്കുന്നതില്‍നിന്നും ഇത് ഇന്ത്യയെ തടയുന്നു. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഈ ചാഞ്ചാടി സ്വഭാവം WTO വില്‍ അത് വഹിക്കുന്ന സംശയാസ്പദമായ പങ്കിനെ തുറന്നുകാട്ടുന്നു- ഇടയ്ക്ക് സാമ്രാജ്യത്വ സമ്മര്‍ദ്ദത്തെ നേരിട്ട്, മറ്റ് ചിലപ്പോള്‍ അവയ്ക്ക് കീഴ്പ്പെട്ട്.

WTO-വിന്റെ തുടര്‍ച്ചയായ മന്ത്രിതല യോഗങ്ങളില്‍ ഇന്ത്യയുടെ ഈ പങ്കില്‍ ഈ സ്വഭാവവിശേഷം പ്രകടമാണ്. സിയാറ്റലില്‍ ഇന്ത്യ പ്രത്യേകിച്ചൊരു പങ്കും വഹിച്ചില്ലെന്ന് മാത്രമല്ല, ചില മേഖലകളില്‍ യു.എസുമായി ഒത്തുപോകാന്‍ സന്നദ്ധത കാണിക്കുകയും ചെയ്തു. ദോഹയില്‍ വികസ്വര രാഷ്ട്രങ്ങളുടെ അവസാന പ്രതീക്ഷ ഇന്ത്യയിലായിരുന്നു എന്നു പറയാം. പുതിയ ‘വിഷയങ്ങള്‍’ ഉള്‍ക്കൊള്ളിച്ച പ്രഖ്യാപനം ഇന്ത്യക്ക് വേണമെങ്കില്‍ തടയാമായിരുന്നു. എന്നാല്‍ അവസാനനിമിഷത്തില്‍ ഇന്ത്യ കീഴടങ്ങി. കന്‍കനില്‍ വികസ്വര രാഷ്ട്രങ്ങളുടെ ഐക്യം ഉണ്ടാക്കുന്നതില്‍ പങ്ക് വഹിച്ചു എന്നു പറയുമ്പോഴും പ്രഖ്യാപനത്തെ രക്ഷിച്ചെടുക്കാനും ശ്രമിച്ചു.

മോദി സര്‍ക്കാരില്‍നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് മേധാവിത്വ സ്വഭാവമല്ല, മറിച്ച് വികസ്വര രാഷ്ട്രങ്ങളുടെ ആവശ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സ്ഥിരതയാര്‍ന്ന നിലപാടാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍