UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വയനാട്ടില്‍ ആദിവാസി ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചു, ഗര്‍ഭസ്ഥ ശിശു മരിച്ചു

അഴിമുഖം പ്രതിനിധി

ചികിത്സ നിഷേധിക്കപ്പെട്ട ആദിവാസി യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. മീനങ്ങാടി പുഴംങ്കുനി കോട്ടക്കുന്ന് കോളനിയിലെ ബബിതയ്ക്കാണ് ഈ ദുര്‍ഗതി. കഴിഞ്ഞ ദിവസം വൈകുന്നേരം മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തിയ ബബിതയെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് യാത്രയ്ക്കായി ഉപയോഗിച്ച ഓട്ടോ റിക്ഷയില്‍ വച്ചാണ് കുഞ്ഞു മരിച്ചത്. ഈ വിവരം ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

വയറുവേദനയെ തുടര്‍ന്നാണ് ബബിത മീനങ്ങാടി ആശുപത്രിയിലെത്തിയത്. എന്നാല്‍ ഇവര്‍ക്ക് ചികിത്സ നല്‍കാന്‍ അവിടത്തെ ഡോക്ടര്‍മാര്‍ നിഷേധിച്ചു. പ്രാഥമിക ചികിത്സ പോലും നടത്താതെ താലൂക്ക് ആശുപത്രിയിലേക്ക് വിടുകയായിരുന്നു. റഫര്‍ ചെയ്യുന്നതിനും വിസമ്മതം പ്രകടിപ്പിച്ചതായി ആശുപത്രിയില്‍ സേവനം അനുഷ്ഠിക്കുന്ന ട്രൈബല്‍ പ്രൊമോട്ടര്‍ ജിജി പറഞ്ഞു. ആംബുലന്‍സ് ലഭ്യമാക്കാനുള്ള ശ്രമവും വിജയിച്ചില്ല. ആദിവാസികള്‍ ഏറെ ആശ്രിയിക്കുന്ന മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആംബുലന്‍സ് സൗകര്യമില്ല. അടുത്ത സ്ഥലങ്ങളായി സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ നിന്നും അത്യാവശ്യ സാഹചര്യങ്ങളില്‍ പോലും ആംബുലന്‍സ് ലഭിക്കാറില്ലെന്നും ജിജി പറയുന്നു. ആശുപത്രി രേഖകളില്‍ 18 വയസ്സാണ് രേഖപ്പെടുത്തിയരിക്കുന്നത്.

പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ഗര്‍ഭം ധരിക്കുന്നതും പെണ്‍കുട്ടികളുടെ അനാരോഗ്യവും ഗര്‍ഭസ്ഥ ശിശുക്കളുടെ മരണത്തില്‍ കലാശിക്കുന്നത് വയനാട്ടില്‍ ആദിവാസികള്‍ക്ക് ഇടയില്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ല. വിദഗ്ദ്ധ ചികിത്സയ്ക്കായുള്ള യാത്രയ്ക്കിടെ ആംബുലന്‍സുകളിലും സ്വകാര്യ വാഹനങ്ങളിലും ആദിവാസി സ്ത്രീകള്‍ പ്രസവിക്കുന്നതും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ദരിദ്രരായ ആദിവാസികളുടെ കൈയില്‍ പണമില്ലാത്തത് കൊണ്ടു തന്നെ മറ്റു സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാനും കഴിയില്ല. ബബിതയുടെ ഭര്‍ത്താവ് അനില്‍ വിളിച്ച ഓട്ടോറിക്ഷയിലാണ് ബത്തേരി ആശുപത്രിയിലേക്ക് ഇവര്‍ പോയത്. താലൂക്ക് ആശുപത്രിയില്‍ എത്തുന്നതിന് മുമ്പു തന്നെ കടുത്ത രക്തസ്രാവം ഉണ്ടായി. ബബിത ഇപ്പോള്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍