UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പി വി ജോണിന്റെ ആത്മഹത്യ: അന്വേഷണ റിപ്പോര്‍ട്ടില്‍ വി എം സുധീരന്‍റെ അട്ടിമറി

Avatar

എംകെ രാംദാസ്

എന്നെ തല്ലണ്ടമ്മവാ… ഞാന്‍ നന്നാവൂല… എന്ന ന്യൂജെന്‍ പാട്ട് വരികളെ ഓര്‍മ്മിപ്പിക്കുന്നതാണ് വയനാട് ജില്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെയുള്ള കെപിസിസി നടപടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പരാജയവും സെക്രട്ടറിയുടെ ആത്മഹത്യയും തളര്‍ത്തിയ കോണ്‍ഗ്രസിനെ പൊട്ടിത്തെറിയുടെ വക്കില്‍ എത്തിച്ചിരിക്കുകയാണ് കെപിസിസി തീരുമാനം.

ഡിസിസി സെക്രട്ടറിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി വി ജോണ്‍ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയെ തുടര്‍ന്ന് അദ്ദേഹം മുന്‍കൈയെടുത്ത് നിര്‍മ്മിച്ച ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു. മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തെ വെട്ടിലാക്കുന്നതായിരുന്നു. ഡിസിസി പ്രസിഡന്റ് കെ എല്‍ പൗലോസ്, ജനറല്‍ സെക്രട്ടറിയും വനിതാ നേതാവുമായി സില്‍വി തോമസ് തുടങ്ങി പ്രാദേശിക നേതാക്കളുമായ ഏതാനും പേരുമാണ് തോല്‍വിക്കും മരണത്തിനും ഉത്തരവാദിയെന്ന് കുറിപ്പില്‍ ജോണ്‍ സൂചിപ്പിച്ചിരുന്നു. 65-കാരനായ ജോണും കത്തില്‍ പരാമര്‍ശിച്ച പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ഐ ഗ്രൂപ്പ് നേതാക്കളായിരുന്നു.

മാനന്തവാടിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ഗ്രൂപ്പ് വൈരം മറന്ന് ജോണിന്റെ മരണത്തില്‍ നേതൃത്വത്തെ പ്രതികൂട്ടിലാക്കി. നേതാക്കള്‍ പരസ്യ പ്രസ്താവനയുമായി നേതൃത്വത്തിന് എതിരെ തിരിഞ്ഞു. അങ്ങാടികളില്‍ പോസ്റ്ററുകളില്‍ നിറച്ചു. ജോണിന്റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം മരണത്തിന് ഉത്തരവാദികള്‍ കത്തില്‍ പരാമര്‍ശിച്ചവര്‍ തന്നെയെന്ന് പൊലീസില്‍ ഉള്‍പ്പെടെ പരസ്യമായി പരാതിപ്പെട്ടു. ഡിസിസി പ്രസിഡന്റ് കെ എല്‍ പൗലോസിന് എതിരെ രോഷാകുലരായ പ്രവര്‍ത്തകര്‍ കൈയേറ്റത്തിന് മുതിര്‍ന്നു. സംസ്‌കാര ചടങ്ങില്‍ നിന്ന് ഡിസിസി പ്രസിഡന്റിന് വിട്ടു നില്‍ക്കേണ്ടി വന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിഎം സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അന്വേഷണ സമിതിയെ നിയോഗിച്ചു. സമിതി തെളിവെടുപ്പിനിടെ നേതാക്കള്‍ക്ക് എതിരെ കരിമഷി പ്രയോഗം ഉണ്ടായി. സമിതി കണ്ടെത്തിയ നിഗമനങ്ങള്‍ പരിഗണിച്ച് കെപിസിസി പ്രഖ്യാപിച്ച നടപടികള്‍ പ്രതിഷേധത്തിന്റെ പുതിയ പോര്‍മുഖം തുറന്നിടുകയാണ്. കെപിസിസി വൈസ് പ്രസിഡന്റ് തമ്പാനൂര്‍ രവി പരസ്യപ്പെടുത്തിയ അച്ചടക്ക നടപടി താഴെകാണുംവിധമാണ്.

1) ആരോപണ വിധേയയായ ഡിസിസി ജനറല്‍ സെക്രട്ടറി സില്‍വി തോമസിനെ പദവികളില്‍ നിന്നും പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുക.

2) ജോണിന്റെ സംസ്‌കാര ചടങ്ങുകളില്‍ നിന്നും വിട്ടു നിന്ന ഡിസിഡി പ്രസിഡന്റ് കെ എല്‍ പൗലോസിന്റെ നടപടിയില്‍ കെപിസിസിയുടെ അസംതൃപ്തി.

3) കെ പി സി സി സെക്രട്ടറി കെ കെ എബ്രഹാം, എന്‍ കെ വര്‍ഗീസ്, പി വി ബാലചന്ദ്രന്‍ എന്നിവരുടെ ഇടപെടലില്‍ കെ പി സി സി സംശയം പ്രകടിപ്പിച്ചു.

4) പ്രാദേശിക നേതാക്കളായ നാലുപേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക.

 

ഗ്രൂപ്പ് ഭേദമില്ലാതെ പ്രവര്‍ത്തകരും നേതാക്കളും കെപിസിസി തീരുമാനത്തില്‍ അസംതൃപ്തരാണ്. മരണക്കുറിപ്പിലൂടെ പ്രതികളെ ചൂണ്ടിക്കാണിച്ചിട്ടും നടപടി നിരാകരിച്ച സംസ്ഥാന നേതൃ തീരുമാനമാണ് ഇപ്പോഴത്തെ പ്രതിഷേധത്തിന് ആധാരം. കെപിസിസി തീരുമാനത്തിന് എതിരെ ജോണിന്റെ മകന്റെ പ്രതികരണം കടുത്തതായിരുന്നു. പ്രക്ഷോഭത്തിന് ഇറങ്ങുമെന്നും സത്യം തെളിയും വരെ പോരാട്ടവുമായി മുന്നോട്ടുപോകുമെന്നാണ് വര്‍ഗീസ് ജോണിന്റെ പ്രതികരണം. അതിനിടെ കെപിസിസി പ്രസിഡന്റിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്വേഷണ റിപ്പോര്‍ട്ട് അട്ടിമറിച്ചാണ് ഡിസിസി പ്രസിഡന്റുള്‍പ്പെടെയുള്ളവരെ രക്ഷിച്ചതെന്ന പ്രചാരണമുണ്ട്. ചിലരെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് മതിയെന്ന് കെപിസിസി നേതൃത്വം കട്ടായം പറഞ്ഞുവെന്നാണ് അന്വേഷണ സമിതിയിലെ ഒരു അംഗത്തിന്റെ വെളിപ്പെടുത്തല്‍.

വയനാട് ഡിഎംഒ; കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഇരയോ?

പരമ്പരാഗത കോട്ടയെന്നാണ് വയനാടിനെ കുറിച്ചുള്ള കോണ്‍ഗ്രസ് വിലയിരുത്തല്‍. അപൂര്‍വ അവസരങ്ങളിലാണ് ഇവിടെ മേല്‍ക്കൈ വന്നത്. വന്‍തകര്‍ച്ചയാണ് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ടത്. 24-ല്‍ അഞ്ച് പഞ്ചായത്തുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നണിക്ക് ഭരണം ലഭിച്ചത്. മുന്‍സിപ്പാലിറ്റികളില്‍ ഒന്ന്. മുസ്ലിം ലീഗിന്റെ തിളക്കമുള്ള വിജയമാണ് ജില്ലാ പഞ്ചായത്ത് ഭരണം കൈപിടിയില്‍ ഒതുക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ചത്. മിക്ക ഇടങ്ങളിലും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ തോറ്റമ്പി. ഡിസിസി പ്രസിഡന്റിന് എതിരെ പേയ്‌മെന്റ് സീറ്റ് വിവാദം ഉയര്‍ന്നു. മത, ജാതി, പണ സ്വാധീനം സീറ്റ് നിര്‍ണയത്തില്‍ മേല്‍ക്കൈ നേടി. യോഗ്യരായ യുവാക്കളെ തഴഞ്ഞു. സംഘടനാ സംവിധാനം തകര്‍ന്ന് തരിപ്പണമായി. വ്യാപകമായ കാലുവാരല്‍ നിരവധി സീറ്റുകള്‍ യുഡിഎഫിന് നഷ്ടമാകാന്‍ കാരണമായി. നിലംപരിശായ പാര്‍ട്ടിക്ക് അകത്തു ചെന്ന കൊടുവിഷമാണ് കെപിസിസിയുടെ അച്ചടക്ക നടപടിയെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരം.

(അഴിമുഖം കണ്‍സള്‍റ്റിംഗ് എഡിറ്ററാണ് രാംദാസ്)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍