UPDATES

യാക്കോബ് തോമസ്

കാഴ്ചപ്പാട്

യാക്കോബ് തോമസ്

ന്യൂസ് അപ്ഡേറ്റ്സ്

ആണെഴുത്തിന്റെ അരാഷ്ട്രീയ കിടപ്പറകള്‍

സാഹിത്യം വെറും അക്ഷരങ്ങളുടെ കൂടിച്ചേരലാണെന്നും വികാരങ്ങളുടെ കവിഞ്ഞൊഴുക്കാണെന്നുമുള്ള ധാരണകള്‍ ഇന്നാരും വിശ്വസിക്കുന്നില്ല. സവിശേഷമായ നിലയില്‍ സാംസ്കാരിക ഭൂമികയില്‍ ഇടപെടുകയാണ് സാഹിത്യമെന്നും പ്രത്യയശാസ്ത്രോല്പാദനമാണ് അവയില്‍ നടക്കുന്നതെന്നും ഇതിലൂടെയുള്ള ആനന്ദാനുഭവമാണ് അവയുടെ വായനനാനുഭവമെന്നും ഇന്ന് വിലയിരുത്തപ്പെടുന്നു. സാമുഹ്യഘടനയിലെ ആധിപത്യ വ്യവഹാരങ്ങളിലേക്ക് തുന്നിച്ചേര്‍ക്കുകയോ അവയെ ചെറുക്കുകയോ ചെയ്യുന്ന വിധേയത്വ/ പ്രതിരോധ പ്രക്രിയകളാണ് അവയെ നിര്‍ണയിക്കുന്നത്. ചുരുക്കത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനമാണ് സാഹിത്യം എന്നു വ്യക്തം. ഈ രാഷ്ട്രീയത്തില്‍ നിന്നാണ് വ്യത്യസ്ത സ്വത്വങ്ങളുടെയും അരികുവല്ക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെയും ശബ്ദം സാഹിത്യബോധ്യങ്ങളെ പ്രശ്നവല്കരിക്കുന്ന ഇടപെടലായി മാറുന്നത്. ഇത്തരം തിരിച്ചറിവുണ്ടാകുന്ന ഇക്കാലത്ത് എഴുതപ്പെടുന്ന കൃതികള്‍ എങ്ങനെയാണ് ഇത്തരം പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നത്? എല്ലാ കൃതികളും പ്രാന്തീകരിക്കപ്പെടുകയും ദമിതീകരിക്കുകയും ചെയ്യുന്ന ചിഹ്നങ്ങളോടും ശബ്ദങ്ങളോടും പക്ഷം ചേരുന്നുണ്ടോ? അതോ നിലവിലെ സാമൂഹ്യാധികാര സങ്കല്പങ്ങളെ പുനരുല്പാദിപ്പിക്കുന്ന ശബ്ദമായി നിലനില്‍ക്കുകയാണോ അവ? ഉത്തരാധുനികമെന്നു വിശേഷിപ്പിക്കപ്പെടുന്ന മലയാള സാഹിത്യത്തിന്റെ സംവാദ പരിസരത്തില്‍ നില്‍ക്കുമ്പോള്‍ ഈ ചോദ്യം അനിവാര്യമാകുന്നു.

ബഹുസ്വരതയുടെ ആഘോഷമായാണ് പുതിയ മലയാള സാഹിത്യരൂപങ്ങളെ നിരൂപണം ചെയ്യുന്നത്. കവിതയിലും കഥയിലും നോവലിലുമൊക്കെ പാരമ്പര്യത്തില്‍ നിന്നു ഭിന്നമായി വേറിട്ട ചിന്തകളും രൂപങ്ങളും പരീക്ഷണങ്ങളും നടക്കുന്നതും ആശയതലത്തില്‍ അരികുവല്കരിക്കപ്പെടുന്നവരുടെ ആരവമായി മാറുന്നതുമാണ് ഈ ബഹുസ്വരതയുടെ കാതല്‍. ദലിത്, സ്ത്രീ, പരിസ്ഥിതി, ലൈംഗിക ന്യൂനപക്ഷ കാഴ്ചപ്പാടുകള്‍ ധാരാളമായി ആവിഷ്കരിക്കപ്പെടുന്നത് ഈ ബഹുസ്വരതയുടെ അടയാളമായി വായിക്കപ്പെടുന്നു. എന്നാല്‍ ദലിതെഴുത്തും പെണ്ണെഴുത്തും ഒരുഭാഗത്ത് നിലവിലുള്ള ആണ്‍ ലൈംഗികതയെയും സവര്‍ണതയെയും പ്രശ്നവല്കരിക്കുമ്പോള്‍ മറ്റൊരു വിഭാഗം എഴുത്തുകള്‍ ഇത്തരം കോയ്മകളെ ന്യായീകരിച്ചുകൊണ്ട് ആധിപത്യ പ്രത്യയശാസ്ത്രങ്ങള്‍ക്കു ചുവപ്പു പരവതാനി വിരിക്കുന്നതും കാണാം. സവര്‍ണതയുടെ സുഖാനുഭവങ്ങളില്‍നിന്ന് ജാതിവിമര്‍ശനത്തിനെതിരേ ഒളിപ്പോരു നടത്തിയും പുരുഷാധിപത്യത്തിന്റെ യുക്തികളുപയോഗിച്ച് പെണ്ണെഴുത്തിനെ പരിഹസിച്ചും അര്‍മാദിക്കുന്ന, സാഹിത്യത്തില്‍ ജാതിയും ലിംഗവും വര്‍ഗവുമില്ലെന്നു പറയുന്ന എഴുത്തിന്റെ വലിയൊരു ധാര പ്രവര്‍ത്തിക്കുന്നതുകാണാം. കുറച്ചുനാള്‍ മുമ്പ് അക്കാലത്ത് ഏറെ ആഘോഷിച്ച പവിത്രന്‍ തീക്കുനിയുടെ കവിതകളിലെ പുരുഷരാഷ്ട്രീയത്തെക്കുറിച്ച് എഴുതിയപ്പോള്‍ ഈ പ്രശ്നം ചൂണ്ടിക്കാണിച്ചിരുന്നു. ഏകസ്വരതയുടെ ശബ്ദത്തെ കാണാതെ ബഹുസ്വരതയെന്നു കേവലമായി വായിക്കുന്ന രീതിയാണിവിടെ കാണുന്നത്. ലിംഗ-ജാതി എഴുത്തുകളെ ബഹുസ്വരതയായി കൊണ്ടാടുമ്പോള്‍ തന്നെ ജാതിയും ലിംഗവും സാഹിത്യത്തിലില്ലെന്നു പറയുന്നതിനെയും ആഘോഷിക്കുന്ന വായനകള്‍ ബഹുസ്വരതാ ആഘോഷങ്ങളെ കുഴപ്പത്തിലാക്കുന്നുണ്ട്. പെണ്ണെഴുത്തുകള്‍ ലിംഗത്തെയും ലൈംഗികതയെയും വല്ലാതെ ഉലയ്ക്കുന്ന കാലത്ത് ആണിന്റെ ലിംഗത്തെയും കിടപ്പറയെയും ശരിയെന്നുറപ്പിക്കുന്ന, ആണെഴുത്ത് വിമര്‍ശിക്കപ്പെടേണ്ടതുണ്ട്.

1
പുതുകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ പി.വി.ഷാജികുമാറിന്റെ കിടപ്പറ സമരം (മാതൃഭൂമി,2013) എന്ന കഥ ഈ പശ്ചാത്തലത്തില്‍ വായിക്കുകയാണ് ഇവിടെ. സാധാരണ പൊതുവേദികളിലോ കൗണ്‍സിലിംഗുകളിലോ കേള്‍ക്കുന്ന കുടുംബം എങ്ങനെ നിലനിര്‍ത്തി പോകണം എന്നമട്ടിലുള്ള സാരോപദേശഘടനയാണ് കഥയുടെ അകക്കാമ്പെന്നു പറയാം. എന്നാല്‍ അതിന് ആമുഖമായി ചേര്‍ത്ത ഒരു വിഷയമാണ് കഥയുടെ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നത്. ശോഭയുടെയും വിനയചന്ദ്രന്റെയും പ്രണയവും വിവാഹവും അവരുടെ കുടുംബതകര്‍ച്ചയും അതില്‍ നിന്ന് തന്ത്രത്തിലൂടെ ശോഭ കുടുംബത്തെ രക്ഷിക്കുന്നതുമാണ് ഇക്കഥ. സാധാരാണമട്ടിലാകാവുന്ന കഥയെ അസാധാരണമായ ഒന്നാക്കുന്നത് അതിന്റെ തുടക്കത്തിലുള്ള ഒരു വിവരണമാണ്. കുടുംബശ്രീ പ്രവര്‍ത്തകയായ ശോഭ പണിക്കിടയില്‍ പണിചെയ്യുന്ന സ്ത്രീകളുടെ സംഭാഷണത്തില്‍ നിന്ന് കേള്‍ക്കുന്നതായാണ് അത് വിവരിച്ചിരിക്കുന്നത്. ലൈബീരിയയില്‍ കിടപ്പറസമരത്തിലൂടെ പുരുഷന്മാരെ യുദ്ധത്തില്‍ നിന്നു പിന്തരിപ്പിച്ച ലീമാ ബോവിയുടെ സമരതന്ത്രമാണ് ഇവിടുത്ത ചര്‍ച്ചാവിഷയം. ലൈംഗികത നിഷേധിച്ചുകൊണ്ട് ഭര്‍ത്താക്കന്മാരെ യുദ്ധഭ്രാന്തില്‍ നിന്ന് പിന്മാറ്റുവാന്‍ അവര്‍ക്കു കഴിഞ്ഞു. അതിന് ലീമാ ബൊവിക്ക് സമാധാനത്തിനുള്ള നോബല്‍സമ്മാനം കിട്ടിയെന്നുള്ള വാര്‍ത്തയിലൂടെ മാധവിയാണ് ഈ പ്രശ്നം അവരുടെ ഇടയില്‍ കൊണ്ടുവന്നത്. ഇതിന്റെ ചര്‍ച്ചയിലൂടെയാണ് കഥ ശോഭയിലേക്കും അവളുടെ തകര്‍ന്ന കുടുംബ ചിത്രത്തിലേക്കും എത്തുന്നത്. വിനയചന്ദ്രന്റെ മദ്യപാനമാണ് ശോഭയെ കണ്ണീരു കുടിപ്പിക്കുന്നത്. പ്രണയിച്ചു വിവാഹം ചെയ്തെങ്കിലും മദ്യപാനം കൂടിയതോടെ അയാള്‍ പണിക്കും പോകാതായി. അവള്‍ ഇതിനെല്ലാം പ്രതിഷേധിച്ചങ്കിലും വിനയചന്ദ്രനില്‍ മാറ്റമൊന്നും കാണ്ടില്ല. എന്നുമാത്രമല്ല കുടി കൂടുകയും ചെയ്തു. അപ്പോള്‍ കാര്‍ത്ത്യായനി അവളോട് ഉപദേശിച്ചു, മാധവി പറഞ്ഞ കിടപ്പറ സമരം ഒന്നു പ്രയോഗിക്കാന്‍. പിന്നെ ശോഭയെ നാം കാണുന്നത് ബിവറേജിന്റെ മുന്നില്‍ ക്യൂ നില്‍ക്കുന്നതായിട്ടാണ്. അവള്‍ ഹാനിബാളിന്റെ ഒരു ബോട്ടിലും വാങ്ങി വീട്ടിലേക്കു വരുന്നു. അപ്പോഴേക്കും ഒരു സുഹൃത്തുവഴി വിവരമറിഞ്ഞ് ബാറിലിരിക്കുകയായിരുന്ന വിനയചന്ദ്രന്‍ ഞെട്ടി വീട്ടിലേക്കു വരുന്നു. മദ്യപിച്ചു പൂസായ ശോഭയെയാണ് വിനയചന്ദ്രന്‍ കണ്ടത്. പിന്നെ കാണുന്നത് വിനയചന്ദ്രന്‍ കുടിനിര്‍ത്തി പണിക്കുപോകുന്ന സന്തോഷവാര്‍ത്ത കുടുംബശ്രീക്കാര്‍ ചര്‍ച്ചചെയ്യുന്നതാണ്. അപ്പോള്‍ അവര്‍ അതിന്റെ പിന്നിലെ കാരണം അവളോട് ആരായുന്നു. അത് ലീമാ ബോവിയുടെ സമരതന്ത്രമാണോ എന്ന് ചോദിക്കുന്നു എന്നാല്‍ ശോഭയൊന്നും പറയുന്നില്ല. അവര്‍ അതാണെന്നുള്ള ധാരണയില്‍ അവരുടെ ജോലികളിലേക്കു മടങ്ങുന്നു. ചുരുക്കി പ്പറഞ്ഞാല്‍ ഭര്‍ത്താവിനെ തന്ത്രത്തിലൂടെ നേരെയാക്കിയെടുത്ത് കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ചെയ്യിക്കുന്ന ഒരു ‘ഉത്തമ’ ഭാര്യയുടെ കഥയാണ് ഇത്.

കിടപ്പറ സമരമെന്ന കുഴപ്പം നിറഞ്ഞ പേരുവയ്ക്കുകയും ഭര്‍ത്താക്കന്മാര്‍ക്കു കിടപ്പറയില്‍ ലൈംഗികത നിഷേധിച്ച കിടപ്പറ സമരം നടത്തിയ ലൈബീരിയയിലെ സ്ത്രീകളുടെ സമരത്തെക്കുറിച്ച് ചര്‍ച ചെയ്തു തുടങ്ങുകയും ചെയ്യുന്ന കഥ എന്തുകൊണ്ടാണ് വിനയചന്ദ്രനെ നേരെയാക്കാന്‍ കിടപ്പറ സമരം പ്രയോഗിക്കാഞ്ഞതെന്ന ചോദ്യമാണ് കഥയെ ആദ്യം പ്രശ്നത്തിലാക്കുന്നത്. കുടിയനായ, വീടിനെയും ഭാര്യയെയും നോക്കാത്ത ബുദ്ധിജീവിതം കളിച്ചു നടക്കുന്ന വിനയചന്ദ്രനു മുന്നില്‍ കാലുപിണച്ച് സമരം ചെയ്യാഞ്ഞതിനു പിന്നില്‍ കുടിയാണ് പ്രശ്നമെന്നു തോന്നാം. കുടിയനായ ഒരാളെ കുടികൊണ്ട് നേരിടുകയെന്ന യുക്തിയാണ് കഥ അവതരിപ്പിക്കുന്നതെന്നു വാദിക്കാം. പക്ഷേ എന്തുകൊണ്ട് കിടപ്പറയെ ചോദ്യം ചെയ്യുന്ന ആഖ്യാനം കഥയുടെ പ്രധാനഭാഗമാകുന്നു എന്നതിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. കഥ എത്തിച്ചേരുന്നത് വിനയചന്ദ്രന്റെ മാനസാന്തരത്തിലാണ്. അതിലൂടെ അയാള്‍ നല്ല ഭര്‍ത്താവായി പണിക്കുപോവുകയും ഭാര്യയെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു. അതോടെ ശോഭയും കൂട്ടുകാരം സന്തോഷത്തിലാകുന്നു. ശോഭ തന്റെ കുടി തന്ത്രത്തിലൂടെ വിനയചന്ദ്രന്റെ മദ്യപാനം നിര്‍ത്തിച്ച ശേഷമുള്ള സംഭവം ഇങ്ങനെയാണ് വിവരിക്കുന്നത്. 

എന്നാലും നിന്നെ സമ്മതിച്ചു ശോഭേ…കണ്ണടച്ചു തുറക്കും മുമ്പ് നീ അവനെ മാറ്റി എടുത്തല്ലോ. കുടീം നിര്‍ത്തി പണിക്കും പോവാന്‍ തുടങ്ങി… ഇനി നീ രക്ഷപെടും. 

തൊഴിലുറപ്പിക്കാന്‍ വന്നവര്‍ ശോഭയെ ചുറ്റി വളഞ്ഞു…എന്ത് കൈവിഷാടി നീ അവന് കൊടുത്തത്…?

അവള്‍ മിണ്ടിയില്ല. ലീമോ ബെവിയായിരിക്കും. നമ്മടെ കാല് പിണച്ചുള്ള സമരം.
അതാണോടി ശോഭേ?അത് അവള് പറയ്യോ? അത് തന്നെയായിരിക്കും ശാന്തേട്ടി…
കൊച്ചുകള്ളി നിന്നെ സമ്മതിക്കണം…

ഇതിനുമുന്നില്‍ കീഴടങ്ങാത്ത ആണുങ്ങളുണ്ടോ?.. (പു,107)

എന്തായിരുന്നു തന്റെ സമരമുറയെന്ന് ശോഭ വെളിപ്പെടുത്തുന്നില്ല. സ്ത്രീകള്‍ കിടപ്പറ സമരമാണെന്നൂഹിച്ചെടുത്ത് ആശ്വസിക്കുകയാണ് ചെയ്യുന്നത്. ഇതാണ് ഇതിന്റെ ആഖ്യാന തന്ത്രത്തിലും പ്രവര്‍ത്തിക്കുന്നത്. കിടപ്പറ സമരം എന്ന പേരിലൂടെ സൂചിപ്പിക്കുന്നത് കിടപ്പറയെ പ്രശ്നവല്കരിക്കുന്ന എന്തോ വിഷയമാണ് കഥയുടെ ഉള്ളടക്കമെന്നാണ്. എന്നാല്‍ അതല്ല പ്രമേയം. കിടപ്പറയെ ചോദ്യം ചെയ്യുകയോ മാറ്റിമറിക്കലിനു വിധേയമാക്കുകയോ ചെയ്യാതെ മദ്യപാനം/കുടി തന്ത്രത്തിലൂടെ വിനയനെ മാനസാന്തരം വരുത്തുന്നു കഥ. അവരുടെ കിടപ്പറയും വീടും പഴയതുപോലെ കിടക്കുന്നു. മറിച്ച് പെണ്ണിന്റെ നയപരമായ നീക്കത്തിലൂടെ കുടുംബം ‘രക്ഷപെട്ടു’ എന്ന സ്ഥിരം പല്ലവി ആവര്‍ത്തിക്കുകയും ചെയ്യുന്നു. ഇവിടെയാണ് കുടുംബം രക്ഷപെടുത്തുന്ന പെണ്ണ് എന്ന വ്യവഹാരത്തിന്റെ സാംസ്കാരിക മാനം വിളിച്ചു പറയുന്ന അപകടത്തിന്റെ പൊരുള്‍ ആരായേണ്ടത്. 

2
കേരളീയ ആധുനികതയില്‍ മരുമക്കത്തായ, കൂട്ടുകുടുംബ വ്യവസ്ഥ തകര്‍ത്ത് അണുകുടുംബം രൂപപ്പെട്ടപ്പോള്‍ ഭാര്യ അഥവാ അമ്മയ്ക്കു നല്‍കപ്പെട്ട ഉത്തരവാദിത്വങ്ങള്‍ പലതായിരുന്നു. മരുമക്കത്തായത്തില്‍ ഭാര്യ -ഭര്‍ത്താവ് ബന്ധത്തിന് പ്രസക്തിയില്ലായിരുന്നുവെങ്കില്‍ മക്കത്തായത്തില്‍ അത് ആജീവനാന്തം നിലനിര്‍ത്തേണ്ടുന്ന പരിപാവനമായ ഒന്നായിരുന്നു. മറ്റൊരാളെ ആ സ്ഥാനത്തേക്കു സങ്കല്പിക്കുന്നതു പോലും മഹാ പാപമായിരുന്നു. ഭാര്യയുടെ ജാരന്‍/ കാമുകന്‍ വൃത്തികെട്ട പദമായി കണക്കാക്കിയിരുന്നു. തീര്‍ത്തും വിഭിന്നമായ ഉത്തരവാദിത്വങ്ങളിലൂടെയാണ് ഈ കുടുംബം സ്ത്രീയെയും പുരുഷനെയും രൂപീകരിച്ചത്. സ്ത്രീയും പുരുഷനും തീര്‍ത്തും വിഭിന്നമായ ശാരീരിക നിലകളുള്ളവരാണെന്നും അവര്‍ക്കു തമ്മില്‍ തുല്യതയില്ലെന്നും അതിനാല്‍ കരുത്തനായ പുരുഷന്‍ പൊതുവായ അധികാര- സാമ്പത്തിക കാര്യങ്ങളും നോക്കുന്നവനാണെന്നും സ്ത്രീ ദുര്‍ബലയായതിനാല്‍ വീട്ടിലെ കാര്യങ്ങള്‍ നോക്കി കഴിയേണ്ടവളാണെന്നും സ്ഥിരീകരിച്ചു. ഭര്‍ത്താവ് വീടിനു പുറത്തുപോയി അധ്വാനിച്ച് കുടുംബത്തിനുവേണ്ട വരുമാനം കണ്ടെത്തുമ്പോള്‍ ആ വരുമാനത്തിലൂടെ വീടിനെ ഊട്ടി പരിപാലിക്കേണ്ടുന്നവളാണ് ഭാര്യ.വീടുനോക്കേണ്ടത് ആണാണെന്നും ആണിന്റെ ചെലവിലും സംരക്ഷണയിലുമാണ് പെണ്ണ് കഴിയേണ്ടതെന്നുമുള്ള വ്യവഹാരങ്ങളെ ശരിയെന്നുറപ്പിക്കുകയാണ് കഥ ചെയ്യുന്നത്. ‘നല്ല’ വീടുകള്‍ എന്നു പറയുന്നത് കുടിക്കാത്ത ഭര്‍ത്താവും ഈ ഭര്‍ത്താവിനെ അനുസരിച്ചു വീട്ടുകാര്യം നോക്കുന്ന ദുശീലങ്ങളൊന്നുമില്ലാത്ത ഭാര്യയും നല്ല മക്കളുമൊക്കെ അടങ്ങുന്ന യൂണിറ്റാണെന്നാണ് നമ്മുടെ കുടുംബത്തിന്റെ പുരുഷ ചിത്രങ്ങള്‍ പറഞ്ഞുറപ്പിച്ചിരിക്കുന്നത്. ഭാര്യ വീടിന്റെ വിവിധ മേഖലകളില്‍ ഒരുപോലെ പ്രാവീണ്യം തെളിയിക്കുന്ന ആളാണെന്നാണ് സങ്കല്പം. കാര്യത്തില്‍ മന്ത്രിയും കര്‍മ്മത്തില്‍ ദാസിയും രൂപത്തില്‍ ലക്ഷ്മിയും ഭാര്യ എന്നു സിനിമാപാട്ടില്‍ (രാക്കുയിലിന്‍ രാഗസദസില്‍) ഭാര്യയെ നിര്‍വചിച്ചിരിക്കുന്നത് ഇവിടെ പ്രസക്തമാകുന്നു.

ഈ പരിപാലനത്തിലെ നിര്‍ണായകമായ കാര്യം ലൈംഗികതയാണ്. പുരുഷന് ലൈംഗികത എപ്പോഴും വേണമെന്നും അപ്പോഴെല്ലാം സ്ത്രീ അത് നല്‍കി തൃപ്തിപ്പെടുത്തണമെന്നുമാണ് ഇതിന്റെ അര്‍ഥം. വീടിനുള്ളിലെ സ്ത്രീയുടെ സ്ഥാനവും ചലനവും ക്രമപ്പെടുത്തിയിരിക്കുന്നത് പുരുഷനെ വശീകരിച്ച് നിലനിര്‍ത്തുന്നതിലാണ്. അല്ലെങ്കില്‍ ലൈംഗികത തേടി പുരുഷന്‍ കുടുംബത്തിനു പുറത്തേക്കു പോവുകയും അത് കുടുംബത്തിന്റെ തകര്‍ച്ചയ്ക്കു വഴിവയ്ക്കുകയും ചെയ്യും. അപ്പോള്‍ പുരുഷന്‍ മറ്റൊരു സ്ത്രീയെ തേടിപ്പോകാത്ത വിധത്തില്‍ അവനെ ‘സുഖിപ്പിച്ചു’ വീട്ടില്‍ തന്നെ നിര്‍ത്തുകയെന്ന ‘ഭാരിച്ച’ ഉത്തരവാദിത്വവും സ്ത്രീക്കാകുന്നു. അതിനു കഴിയാത്തവള്‍ നല്ല ഭാര്യയല്ലെന്നര്‍ഥം. അതിനര്‍ഥം പുരുഷനാവശ്യപ്പെടുമ്പോഴൊക്കെ ലൈംഗികത നല്‍കാന്‍ സ്ത്രീ ബാധ്യസ്ഥയാണെന്നാണ്. അതായത് സ്ത്രീക്കു തന്റെ ആഗ്രഹപ്രകാരം ശരീരത്തിന്മേല്‍ അധികാരം പുലര്‍ത്താന്‍ കഴിയില്ല. പുരുഷന്റെ അഭീഷ്ടപ്രകാരം വച്ചുകൊടുക്കാനുള്ള ഒരു വസ്തുമാത്രമാണത്. ഇത് ഈ കഥയിലെ അന്തര്‍ധാരയായി പ്രവര്‍ത്തിക്കുന്നതുകാണാം. ആദ്യഭാഗത്ത് ലീമ ബെവിയെ കുറിച്ചുള്ള ചര്‍ച്ചയില്‍ കാണാം. 

അവിടെ സ്ത്രീകള്‍ ശരീരം ഭര്‍ത്താക്കന്മാര്‍ക്കു കൊടുക്കാതെ തങ്ങളുടെ ഇഷ്ടപ്രകാരം നിര്‍ണയിച്ചപ്പോള്‍ ഇവിടെ അത് നടക്കില്ലെന്നാണ് സ്ത്രീകള്‍ പറയുന്നത്. 
അത് ഈട വിജയിക്കുമോ? എനക്ക് സംശയമാണ്
നടക്കണമെങ്കി നാട്ടിലെ എല്ലാ പെണ്ണുങ്ങോം വിചാരിക്കണം. 
അതിന് എല്ലാ പെണ്ണുങ്ങോം റെഡിയാവോ? 
ഇല്ല ഇതുതന്യാ പ്രശ്നം. ബരത്തുമ്മലെ കുമാരന്റേല്ലം പിടപ്പ് കണ്ടാല് ഏത് പെണ്ണാ വിരിച്ചുകൊടുക്കാതിരിക്കുക..? കമുകിനും കൈ ചേര്‍ത്ത് വടക്കേതിലെ ജാനകി പിറുപിറുത്തത് ആരും കേട്ടില്ല. കമുക് സന്തോഷത്താല്‍ ഒരു ഇളം കൂമ്പാള പൊഴിച്ചിട്ടു (പു.101).

സ്ത്രീക്കു തന്റെ ശരീരത്തിനുമേല്‍ യാതൊരു അധികാരവുമില്ലെന്നും പുരുഷന്‍ വന്നു മുട്ടിയാലുടനെ തുറക്കേണ്ട വാതിലുകളാണെന്നുമാണ് കഥയുടെ പ്രത്യയശാസ്ത്രപരിസരം സംസാരിക്കുന്നത്. ജാനകിയുടെ പിറുപിറുക്കല്‍ കേട്ടപ്പോ കമുക് കൂമ്പാള പൊഴിച്ചിട്ടു എന്നതില്‍ കഥകൃത്തിന്റെ നിലപാട് കൃത്യമായി സൂചിപ്പിക്കപ്പെടുന്നു. കമുകിന് സന്തോഷം തോന്നുന്നത് പുരുഷന്‍ മുട്ടുമ്പോള്‍ തുറന്നുകൊടുക്കുന്നവളാണ് സ്ത്രീ എന്നതിനാലാണോ? ആണെന്നുറപ്പിക്കാം. സിനിമയിലെ സവിശേഷ സൂചനകളുള്ള ഷോട്ടുകള്‍പോലെ നില്‍ക്കുന്നു ആ കൂമ്പാള പൊഴിക്കല്‍. പ്രകൃതിക്കുതന്നെ സന്തോഷം തോന്നുന്നുവെന്നും ഇതാണ് പ്രകൃതിനിയമമെന്നും പറയുകയാണ് കഥ. സാമൂഹ്യ ജീവതത്തിന്റെ അടിസ്ഥാന ചോദന ലൈംഗികതയാണെന്നും ഇതില്‍ പുരുഷനത് എപ്പോഴും വേണനെന്നും സ്ത്രീ അത് തടയാന്‍ പാടില്ലെന്നും അതിനു വിധേയമാകണമെന്നുമാണ് കഥയുടെ പ്രത്യയശാസ്ത്ര സൂചനകള്‍. കടുംബം എന്ന സ്ഥാപനം ഈ ലൈംഗികതയെ സവിശേഷമായൊരു അധികാര പ്രയേഗമായി ചിഹ്നവല്‍ക്കരിച്ചിരിക്കുന്ന ഇടമാണ്. ഇത് ചോദ്യം ചെയ്യപ്പെടാതെ നില്‍ക്കേണ്ടതുണ്ട് എന്നതിനാലാണ് കഥ കുടുംബത്തെ സമാധാനത്തിലേക്കു നയിക്കുന്നതില്‍ ശ്രദ്ധിക്കുന്നത്. 

വിനയചന്ദ്രന്റെ കുടി മാറ്റി അവനെ ശരിയായൊരു ഭര്‍ത്താവാക്കി മാറ്റുന്നതിലൂടെ പരമ്പരാഗത സമൂഹം ഭാര്യമാരോട് പറയുന്ന ഭര്‍ത്താക്കന്മാരെ ‘വശത്താക്കി’ അവരെ കുടുംബ ഉത്തരവാദിത്തം ചെയ്യിപ്പിക്കുന്ന മാതൃകാ ‘കുടുംബിനീ ധര്‍മം’ ശോഭ നിര്‍വഹിക്കുകയാണ്. ഭര്‍ത്താവിനെ വശത്താക്കി ‘തന്ത്രപൂര്‍വം’ തന്റെ ആഗ്രഹങ്ങള്‍ സാധിച്ചെടുക്കുന്നതാണ് ഭാര്യയുടെ ശരിയായ ധര്‍മമായി സമൂഹം പറയുന്നത്. പുറമേ തന്റെ വികാരങ്ങള്‍ പ്രകടിപ്പിച്ച് എല്ലാവരെയും അറിയിക്കുന്ന രീതി നല്ലവള്‍ക്കു ചേര്‍ന്നതല്ല. മറിച്ച് നിശബ്ദമായി എല്ലാം സഹിച്ചുകൊണ്ട് ‘നയപരമായി’ സാധിക്കുകയാണ് ഉത്തമ ഭാര്യ ചെയ്യേണ്ടത്. അതാണ് കഥാന്ത്യത്തിലുള്ള അഭിനന്ദനത്തിനു പിന്നിലെ കാര്യം. ആധുനികത മുതലുള്ള മലയാളത്തിലെ എഴുത്തുകാരുടെ ഭാര്യാ സങ്കല്പം പരിശോധിച്ചാല്‍ ഇത്തരം ഉത്തമ കുടുംബിനീ നിര്‍മിതികളാണെന്നു കാണാം. ഈ കുടുംബിനികളെയാണ് സ്ത്രീ എഴുത്തുകാര്‍ പൊളിക്കാന്‍ ശ്രമിക്കുന്നത്. ഈ കുടുംബിനിയെ തകര്‍ക്കുന്നതിലൂടയേ സ്ത്രീയുടെ പുതിയ സ്വത്വത്തെ നിര്‍മിക്കുവാന്‍ കഴിയൂ. 

അങ്ങനെ കുടുംബത്തില്‍ ശാന്തിയും സമാധാനവും അവള്‍ കൊണ്ടുവരുന്നു. അതിന്റെ രഹസ്യം പോലും അവള്‍ ആരോടും പങ്കിടുന്നുമില്ല. അത്രയ്ക്കു കലീനയാണവള്‍. കുടുംബം എന്ന ആധുനിക സ്ഥാപനത്തിന്റെ നിലനില്‍പ്പിലും അതിന്റെ പുരുഷാധികാരപരമായ തുടര്‍ച്ചയിലും എന്തുകൊണ്ടാണ് പുതിയ (പുരുഷ) എഴുത്തുകാരും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന പ്രശ്നം ചില്ലറക്കാര്യമല്ലെന്നു തോന്നുന്നു. ഒരു ഭാഗത്ത് കിടപ്പറും ലൈംഗികതയും പ്രണയവുമൊക്കെ പുരുഷാധികാരത്തിന്റെ രാഷ്ട്രീയമാണെന്നു വിശദീകരിക്കപ്പടുമ്പോള്‍ മറുഭാഗത്തിങ്ങനെ ഭാവന ചെയ്യപ്പെടുന്നത് എന്തുകൊണ്ടാവാം എന്ന ചോദ്യത്തിന് ഒരുത്തരമാണ് പുതിയ എഴുത്തിലെ പുരുഷരാഷ്ട്രീയം. കിടപ്പറ സമരം കിടപ്പറയെ ചോദ്യം ചെയ്യാതെ, പ്രശ്നവല്‍കരണത്തിന്റെ സാധ്യതകള്‍ പോലും ഉന്നയിക്കാതെ നിലവിലുള്ള കിടപ്പറയും അതിലെ കിടപ്പും അതിന്റെ പുരുഷ വ്യവഹാരങ്ങളും കൂടുതല്‍ ശരിയെന്നുറപ്പിക്കുന്നു. പുതിയ എഴുത്തിലെ ഇത്തരം പ്രത്യയശാസ്ത്രപരതയെ കൂടുതല്‍ വിമര്‍ശിക്കേണ്ടിയിരിക്കുന്നു. 

അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച ഷാജികുമാറുമായുള്ള അഭിമുഖം
കാലിച്ചാംപൊതിക്കാര്‍ : പി.വി ഷാജികുമാര്‍ സംസാരിക്കുന്നു

3
നിലവിലുള്ള പുരുഷ വീട്ടിലെ കിടപ്പറയെന്നു പറയുന്നത് പുരുഷനാവശ്യമുള്ളപ്പൊഴൊക്കെ സ്ത്രീ നിസംഗയായി തയ്യാറായി കിടക്കുന്ന ഒന്നാണ്. തുല്യനിലയിലുള്ള രണ്ടു വ്യക്തികളുടെ ആനന്ദാനുഭവത്തിന്റെ ഇണചേരലല്ല അവിടെ. തികച്ചും വ്യത്യസ്തമായ നിലയിലുള്ള, മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ അടിമ ഉടമ ബന്ധത്തില്‍ നിലനില്‍ക്കുന്ന രണ്ടു ശരീരങ്ങളില്‍ ഉടമയായ പുരുഷന്റെ ആക്രന്താനുഭവമാണ് കിടപ്പറയുടെ ആകെത്തുകയെന്നു പറയാം. ഈ ആക്രാന്തത്തെ സ്ഥാപനവല്കരിക്കുകയും ശരിയെന്നുറപ്പിക്കുകയുമാണ് കുടുംബ വ്യവഹാരങ്ങള്‍ ചെയ്യുന്നത്. ലൈംഗികതയെന്നു പറയുന്നത് കീഴടക്കലാണെന്നു പറയുന്നു അനുഭവങ്ങളുടെ പുനരുല്പാദനമാണ് കുടുംബ പ്രത്യയശാസ്ത്രം. ഈ ബോധത്തില്‍ പുലരുന്ന ആണിന് കിടപ്പറ അവന്റെ അധികാരത്തിന്റെ അടയാളമാണ്. അതിന്റെ ചെറിയൊരു കുഴപ്പംപോലും അവന്റെ സ്വത്വത്തെ വല്ലാതെ ഉലയ്ക്കുന്ന ഒന്നാണ്. ഈ ബോധത്തില്‍ പുലരുന്ന ആണെഴുത്തുകാരന് ആ കിടപ്പറയെ ചോദ്യം ചെയ്യുക അസാധ്യമാകുന്നു. തന്റെ മുന്നില്‍ നിസംഗയായി കിടക്കുന്ന പെണ്ണ് അധികാരത്തോടെ കാലുപിണച്ച് തനിക്കുള്ള ലൈംഗികത നിഷേധിക്കുമ്പോള്‍ ആണത്തത്തിന്റെ അടിവേര് മാന്തപ്പെടും. ഏതൊരാണിനെയും അത് ഭ്രാന്തിലേക്കോ കൊലപാതകത്തിലേക്കോ നയിക്കാം. പെണ്ണിനെ നിസംഗയായി നേരിടുന്നതിനപ്പുറം അവളുടെ സര്‍ഗാത്മകതകളോടെ നേരിടുന്നതിന് ഇന്നും മലയാളി പുരുഷന്‍ തയാറാക്കപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത. ഒപ്പം മുഖ്യധാരാ മാതൃകകള്‍ക്കപ്പുറത്തേക്കു പോയി ആണത്തത്തെ ഭാവനചെയ്യാനുള്ള ശേഷിയുടെ അഭാവവും ഇത് ചൂണ്ടിക്കാണിക്കുന്നു. ഈ ആണത്തത്തില്‍ വിശ്വസിക്കുന്ന ഒരു പുരുഷ എഴുത്തുകാരന് പെണ്ണിന്റെ ലൈംഗികതാ സമരം ഭാവന ചെയ്യുക അസാധ്യമാകുന്നു. ആ അസാധ്യതയാണ് ഈ കഥയിലെ പ്രത്യയശാസ്ത്രം. ആ പ്രത്യയശാസ്ത്രം ആണത്തമെന്താണെന്നും ആണെഴുത്ത് എന്താണെന്നും ലോകത്തോട് പറയുന്നു.

അഴിമുഖം പ്രസിദ്ധീകരിച്ച യക്കോബ് തോമസിന്‍റെ മറ്റ് ലേഖനങ്ങള്‍

ആര്‍ത്തവ രക്തത്തില്‍ മുക്കിയ ‘ചെങ്കൊടി’ സാധ്യമാണോ?
കാണരുതാത്ത ആര്‍ത്തവ രക്തവും കാണേണ്ടുന്ന ചില ചോരപ്പാടുകളും
മൂത്രമൊഴിക്കലിന്റെ ലേഡീസ്/ജെന്റ്സ് ബോര്ഡുകള്‍

 

യാക്കോബ് തോമസ്

യാക്കോബ് തോമസ്

പത്തനംതിട്ട സ്വദേശി, ഇപ്പോള്‍ കൊടുങ്ങല്ലൂർ കെ കെ ടി എം കോളേജില്‍ അദ്ധ്യാപകന്‍, എഴുത്തുകാരന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍