UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇതാ, അഴിമതിക്കാര്‍ക്കൊരു ഉത്തമ മാതൃകാ പാഠപുസ്തകം

Avatar

ടീം അഴിമുഖം

ഡല്‍ഹിയുടെ അതിര്‍ത്തിയിലുള്ള യു.പിയിലെ നോയ്ഡയില്‍ ചീഫ് എഞ്ചിനീയറായ യാദവ് സിംഗിനെ റെയ്ഡ് ചെയ്യാനായി 120-ലേറെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പോകുമ്പോള്‍, ഒരു അഴിമതിക്കാരാനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പിറകെയാണ് തങ്ങളെന്ന് അവര്‍ക്കറിയാമായിരുന്നു. എന്നാല്‍ അയാളുടെ സമ്പാദ്യത്തിന്റെ അമ്പരപ്പിക്കുന്ന വ്യാപ്തിയെ കുറിച്ച് അവര്‍ക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല.

100 കോടി രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങള്‍, രണ്ട് കിലോ സ്വര്‍ണ്ണം, കാശായി കോടികള്‍, 20 സ്ഥലങ്ങളിലായി ഭൂമി, 40 കമ്പനികള്‍, എന്തിന് അദ്ദേഹത്തിന്റെ എസ് യു വിയില്‍ മാത്രം 12 കോടി രുപ. സിംഗ് ഒരു സര്‍ക്കാര്‍ എഞ്ചിനീയര്‍ മാത്രമല്ല, ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ പണക്കാരില്‍ ഒരാള്‍ കൂടിയാണെന്ന നിലയിലേക്കാണ് പിന്നീട് അന്വേഷണം പുരോഗമിച്ചത്.

അഴിമതിയുടെ കാര്യത്തില്‍ സിംഗ് ഒരു ഒറ്റപ്പെട്ട തുരുത്തല്ല, മറിച്ച് ഇന്ത്യയുടെ അഴിമതി രാഷ്ട്രീയത്തിന്റെ സ്ഥാപനവല്‍കൃത പ്രതിനിധി മാത്രമാണ്. കരാറുകളില്‍ കൃത്രിമം കാണിക്കുന്നതിനും ട്രഷറികള്‍ കൊള്ളയടിക്കുന്നതിനും ചെലവേറിയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ട് പോകുന്നതിനും സിംഗിനെ പോലുള്ളവര്‍ സര്‍ക്കാരിലെ പ്രധാനപ്പെട്ട തസ്തികകളില്‍ ഇരിക്കേണ്ടത് ആ അഴിമതി രാഷ്ട്രീയത്തിന്റെ ആവശ്യമാണ്. സിംഗിന്റെ കാര്യത്തില്‍ മുലായം സിംഗ് യാദവും മായാവതിയും ഒരേപോലെ അദ്ദേഹത്തിന്റെ അഭ്യുദയകാംഷികളായി പ്രവര്‍ത്തിച്ചു.

പക്ഷെ ഏത് തരത്തിലുള്ള ഭാവനയില്‍ നോക്കിയാലും സിംഗിന്റെത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. നമ്മുടെ ഭരണനിര്‍വഹണത്തിന്റെ ആഴത്തില്‍ ചീഞ്ഞ ബിംബങ്ങളുടെ ഒരു കഥ മാത്രമാണ് സിംഗ്. ചുറ്റപാടുകളെ സൂക്ഷ്മവിശകലനം ചെയ്യുമ്പോള്‍ ആവശ്യത്തിന് സിംഗുമാരെ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പോലും കണ്ടെത്താന്‍ സാധിക്കും.

സമീപ ദിവസങ്ങളില്‍ 900 കോടി രൂപയുടെ കരാറുകള്‍ക്ക് സിംഗ് അനുമതി നല്‍കിയതായി ആദ്യ അന്വേഷണങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ഇവയെല്ലാം റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹത്തിന്റെ നീണ്ടതും വിശ്രുതവുമായ ഭരണകാലത്ത്, ഇന്ത്യയിലെ അതിദ്രുതം വളരുന്നതും ചിലവേറിയതുമായ പ്രാന്തപ്രദേശത്തെ ആയിരക്കണക്കിന് കോടികളുടെ കരാറുകളിലും തീരുമാനങ്ങളിലും കൃത്രിമം നടന്നിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച റെയ്ഡ് നടക്കുന്നത് വരെ നോയ്ഡയുടെയും വിശാല നോയ്ഡയുടെയും യമുന എക്‌സ്പ്രസ് വേയുടെയും ചുമതല സിംഗിനായിരുന്നു. ഇന്ത്യയിലെ ഏറ്റവും വില കൂടിയ അപ്പാര്‍ട്ടുമെന്റിലേക്ക് നീളുന്ന എഫ്1 റോഡുകളുടെയും ഗോള്‍ഫ് കോഴ്‌സുകള്‍ മുതല്‍ കോടീശ്വരന്മാരുടെ കോട്ടേജുകള്‍ വരെയുള്ളവയുടെയും മേല്‍നോട്ടം സിംഗിന്റെ നേതൃത്വത്തിലായിരുന്നു.

നിങ്ങള്‍ക്ക് ശരിയായ ബന്ധങ്ങളും മതപരമായ ‘യോഗ്യത’കളും പണവുമുണ്ടെങ്കില്‍ ഈ രാജ്യത്ത് നിങ്ങള്‍ക്ക് തലതൊട്ടപ്പന്മാരെ നിഷ്പ്രയാസം കണ്ടുപിടിക്കാന്‍ സാധിക്കും എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് സിംഗിന്റെ ഔദ്യോഗിക ജീവിതം. യോഗ്യതയും ആര്‍ജ്ജവവും നമ്മുടെ നേതാക്കള്‍ക്ക് താല്‍പര്യമില്ലാത്ത ഗുണഗണങ്ങളാണ്.

 

ഒരു ഡിപ്ലോമയുമായി 1980ല്‍ ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയില്‍ ഉദ്യോഗത്തില്‍ പ്രവേശിച്ച സിംഗിന് 1985ല്‍ അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയറായി സ്ഥാനക്കയറ്റം ലഭിച്ചു. 1995ല്‍ അദ്ദേഹം പ്രോജക്ട് എഞ്ചിനീയറായി മാറുകയും ചെയ്തു. ഒരു എഞ്ചിനീയറിംഗ് ഡിഗ്രി പോലുമില്ലാതെ വെറും ഡിപ്ലോമയുടെ ബലത്തിലാണ് അദ്ദേഹം ഇതെല്ലാം സാധിച്ചെടുത്തത്!

1995ല്‍ അദ്ദേഹത്തെ പ്രോജക്ട് എഞ്ചിനീയറായി നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍, മൂന്ന് വര്‍ഷത്തിനകം അദ്ദേഹം തന്റെ എഞ്ചിനീയറിംഗ് ഡിഗ്രി നേടിയിരിക്കണം എന്നൊരു അനുബന്ധം കൂടി വായിക്കാനാവും. അദ്ദേഹം അത് നേടിയെടുത്തു. പക്ഷെ എങ്ങനെ നേടിയെടുത്തു എന്നത് സംബന്ധിച്ച ഒരു അന്വേഷണം ഇപ്പോള്‍ അനിവാര്യമായിരിക്കുന്നു. മറ്റ് 20 അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയര്‍മാരെ മറികടന്നാണ് ഡിഗ്രി പോലുമില്ലാത്ത സിംഗ് പ്രോജക്ട് എഞ്ചിനീയര്‍ ആയി മാറുന്നത്.

ചോദ്യമിതാണ്. അദ്ദേഹത്തിന്റെ ഇത്രയധികം ആനുകൂല്യങ്ങള്‍ എങ്ങിനെ ലഭിച്ചു? ആദ്യമായി, മായാവതിയെ പോലെ തന്നെ, രാഷ്ട്രീയ സ്വാധീനമുള്ള ദളിത് വിഭാഗമായ ജാദവരില്‍ നിന്നും വരുന്നയാളാണ് സിംഗും. മായാവതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു സമയത്ത് ജാതി കാര്‍ഡ് കളിച്ച് സിംഗ് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടുത്തു. സമാജ് വാദി പാര്‍ട്ടി ഭരിക്കുന്ന സമയത്ത് അദ്ദേഹം എന്തെങ്കിലും തരത്തിലുള്ള വിവേചനം നേരിട്ടിരുന്നു എന്ന് ഇതിന് അര്‍ത്ഥമില്ല. യഥാര്‍ത്ഥത്തില്‍, അദ്ദേഹത്തിന്റെ അവസാനത്തെ സമുന്നത പദവി സമ്മാനിച്ചത് എസ്.പിയുടെ തന്നെ മുഖ്യമന്ത്രിയായ അഖിലേഷ് യാദവായിരുന്നു.

2012ല്‍ എസ്പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍, 954 കോടി രൂപയുടെ കുംഭകോണത്തിലെ ആരോപിക്കപ്പെട്ട പങ്കിന്റെ പേരില്‍ സിംഗിനെ സര്‍വീസില്‍ നിന്നും സസ്പന്റ് ചെയ്തിരുന്നു എന്നതാണ് കഥയിലെ ഏറ്റവും വലിയ തമാശ. എന്നാല്‍ 2013ല്‍ ഇദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുത്തു. ഈ നവംബറില്‍ അദ്ദേഹത്തെ നോയ്ഡ, വിശാല നോയ്ഡ, യമുന എക്‌സ്പ്രസ് വേ എന്നീ മൂന്ന് പ്രധാന അതോറിറ്റികളുടെയും ചീഫ് എഞ്ചിനീയര്‍ ആയി നിയമിക്കുകയും ചെയ്തു. തന്റെ തിരിച്ചു വരവ്, അതും പ്രധാനപ്പെട്ട തസ്തികയിലേക്കുള്ള തിരിച്ചു വരവ് ഉറപ്പാക്കാന്‍ സിംഗ് എന്ത് ചെയ്തു എന്നുള്ളത് വളരെയധികം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ്. പണമാണ് അതിനുള്ള ആയുധമെന്ന് ആരെങ്കിലും പറയുമോ?

പുതിയ തസ്തികയില്‍ സ്ഥാനമേറ്റ് കഷ്ടിച്ച് 15 ദിവസം കഴിയുന്നതിന് മുമ്പാണ് ആദായ നികുതി വകുപ്പ് അദ്ദേഹത്തിന്റെ വാതിലില്‍ മുട്ടിയത്. ഇന്ത്യയിലെ ഒരു ഒറ്റപ്പെട്ട സംഭവമല്ല സിംഗിന്റേത്. ഇന്ത്യയിലെ ആഴത്തില്‍ വേരൂന്നിയതും വ്യാപകവുമായ അഴിമതിയുടെ സൂചകമാണ് സിംഗ്. ഇതിലും പ്രധാനമായി, നല്ല സ്ഥാനമാനങ്ങളും ഉദ്യോഗക്കയറ്റവും എങ്ങനെ നേടിയെടുക്കാം എന്നുള്ളതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഒരു പാഠപുസ്തകം കൂടിയാണ് സിംഗ്. സിംഗിന്റെ നേട്ടങ്ങളെ ആരെങ്കിലും വെല്ലുവിളിക്കാതിരിക്കുന്നിടത്തോളം കാലം, ഉന്നതമായ സര്‍ക്കാര്‍ ജീവനം നേടുന്നതിനുള്ള പ്രധാന പാഠപുസ്തകമായി സിംഗിന്റെ കഥ തുടരുകയും ചെയ്യും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍