UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യാക്കൂബ് മേമന്‍: നീതിന്യായ വ്യവസ്ഥയില്‍ ചോദ്യങ്ങളുയര്‍ത്തുന്ന ആ അവസാന മണിക്കൂറുകള്‍

Avatar

സനകന്‍ വേണുഗോപാല്‍

‘The Court sitting for a terrorist at 3 am… Ridiculous’ യാക്കൂബ് മേമനെ തൂക്കിലേറ്റാന്‍ കഷ്ടിച്ച് നാല് മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ ജൂലായ് 30ന് വെളുപ്പിന് മൂന്ന് മണിക്ക് അയാളുടെ അവസാന ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനായി സുപ്രീം കോടതിയിലെ നാലാം നമ്പര്‍ കോടതി ചേര്‍ന്നപ്പോള്‍, അത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഒരു മാധ്യമപ്രവര്‍ത്തക ചിരിച്ചുകൊണ്ട് പറഞ്ഞ വാചകമാണിത്. അഭിഭാഷകരും ഏതാനും മാധ്യമപ്രവര്‍ത്തകരും കോര്‍ട്ട് മാസ്റ്റര്‍മാരും ലൈബ്രേറിയന്മാരും അടങ്ങുന്ന 60 ഓളം പേര്‍ മാത്രമുള്ള അസാധാരണമായ വാദത്തിനായി ചേര്‍ന്ന കോടതി മുറിയില്‍ മാധ്യമപ്രവര്‍ത്തക തമാശരൂപേണ അല്‍പ്പം ഉറക്കെ പറഞ്ഞ വാചകം കേട്ട് സുഹൃത്തുക്കള്‍ ചിരിച്ചപ്പോള്‍, ചിലര്‍ കേട്ടില്ലെന്ന് നടിച്ചു.

ഏതായാലും 3.18ന് വാദം തുടങ്ങി 4.55ന് യാക്കൂബിന്റെ ഹര്‍ജി തള്ളി തൂക്കുകയറ് ഉറപ്പാകുമ്പോള്‍ മാധ്യമപ്രവര്‍ത്തക തമാശയായി പറഞ്ഞ വാചകം മനസില്‍ കണ്ടാണോ കോടതി വിധി പ്രസ്താവിച്ചതെന്ന സംശയം അത് കേട്ടവര്‍ക്ക് ഉയര്‍ന്നാല്‍ തെറ്റ് പറയാനാവില്ല.

അര്‍ദ്ധരാത്രിയിലെ വാദം തുടങ്ങുന്നതിന് ഏതാണ്ട് 15 മണിക്കൂര്‍ മുന്‍പ് 29ന് രാവിലെ 10.30നാണ് മരണ വാറന്റ് ചോദ്യം ചെയ്ത് യാക്കൂബ് സമര്‍പ്പിച്ച ഹര്‍ജി ഇതേ ബെഞ്ച് പരിഗണിച്ചത്. യാക്കൂബിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ രാജു രാമചന്ദ്രനും വധശിക്ഷ തന്നെ റദ്ദാക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്ന നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയുടെ ഡത്ത് പെനാല്‍റ്റി ക്ലിനിക്കിന് വേണ്ടി ഹാജരായ ആനന്ദ് ഗ്രോവറും തുടര്‍ച്ചയായി ഏതാണ്ട് രണ്ടു മണിക്കൂറാണ് വാദം നടത്തിയത്. തൊട്ടുപിന്നാലെ മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്താഗി അര മണിക്കൂര്‍ മറുവാദം നടത്തി. അപ്പോഴേക്കും കോടതി ഉച്ചയൂണിന് പിരിഞ്ഞു. 2 മണിക്ക് വീണ്ടും വാദം തുടങ്ങി. അറ്റോര്‍ണി അക്കമിട്ട് മറുവാദങ്ങള്‍ നിരത്തി. അതിനും മറുവാദങ്ങളും ഉയര്‍ന്നു. ഒടുവില്‍ കോടതി വിധി പ്രസ്താവനയിലേക്ക് കടന്നു. വാദങ്ങളും പ്രതിവാദങ്ങളും വിധി പ്രസ്താവനയുടെ ഭാഗമായി. കോര്‍ട്ട്മാസ്റ്റര്‍ എല്ലാം ഷോര്‍ട്ട് ഹാന്‍ഡിലൂടെ ബുക്കിലേക്ക് പകര്‍ത്തുകയായിരുന്നു. ഒടുവില്‍ വിധിയുടെ അവസാന ഭാഗങ്ങള്‍ എത്തിയപ്പോള്‍, അരേ വാഹ്… വാഹ്! തുടങ്ങിയ ശബ്ദങ്ങളാണ് തിങ്ങിനിറഞ്ഞ കോടതിയില്‍ തൊട്ടുടുത്ത് നിന്ന അഭിഭാഷകര്‍ പുറപ്പെടുവിച്ചത്. ഹര്‍ജി തള്ളുകയാണെന്ന് അവര്‍ക്ക് വ്യക്തമായിരുന്നു. പറഞ്ഞത് പോലെ തന്നെ 4.15-ഓടെ ഹര്‍ജി തള്ളി. അടുത്ത് നിന്ന പല അഭിഭാഷകരും ഈ വിധിക്കായി കാത്തുനില്‍ക്കുകയായിരുന്നുവെന്ന് ആ ശബ്ദങ്ങള്‍ വ്യക്തമാക്കി. അതില്‍ തെറ്റ് പറയാനാവില്ല. 257 പേരുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇത്തരം അപശബ്ദങ്ങള്‍ ഉണ്ടാകാം. പക്ഷേ ഒറ്റ കാര്യം മാത്രം, നീതിദേവതയുടെ കാവലാളന്മാരായ ന്യായാധിപന്മാരെ ഇത്തരം ശബ്ദങ്ങള്‍ ഉറക്കത്തില്‍ പോലും സ്വാധീനിക്കാന്‍ പാടില്ല. കാരണം അവരുടെ മുന്നിലാണ് പൊലീസ് കെട്ടിച്ചമയ്ക്കുന്ന കേസുകളിലെ പല അപരാധികളും എത്തിച്ചേരുന്നത്. ഒരൊറ്റ കാര്യത്തിന് വേണ്ടി മാത്രം.. നീതിക്ക്.

യാക്കൂബ് മേമന് ശിക്ഷ വിധിച്ചതിലൂടെ മുംബൈ സ്‌ഫോടനക്കേസില്‍ നീതി നടപ്പാക്കാന്‍ കഴിഞ്ഞിരിക്കാം. അതിന്റെ ഉള്ളറകളിലേക്ക് കടക്കുന്നില്ല. കാരണം, ഈ രാജ്യത്ത് വധശിക്ഷ റദ്ദാക്കപ്പെട്ടിട്ടില്ല. പക്ഷേ യാക്കൂബിന്റെ ശിക്ഷ നടപ്പാക്കുമ്പോള്‍, നിയമനടപടികളില്‍ ഒരു പാളിച്ചയും പറ്റിയിട്ടില്ലെന്ന് വ്യക്തമായി ബോധ്യപ്പെടുത്തുന്നതില്‍ രാജ്യത്തെ പരമോന്നത കോടതി പരാജയപ്പെട്ടോ എന്ന സംശയമാണ് അതേ കോടതിയുടെ വരാന്തകളില്‍ ഇപ്പോഴും തുടരുന്ന വാദങ്ങളും മറുവാദങ്ങളും ഉയര്‍ത്തുന്നത്. ഏതായാലും വാദം ഒന്ന് മാത്രമാണ്. 257 പേരെ കൊന്ന പ്രതിക്ക് എന്ത് ന്യായം. അതൊക്കെ മതി. പക്ഷേ മറുവാദം ചോദ്യങ്ങളാണ്. നക്ഷത്ര ചോദ്യങ്ങള്‍. അതിനെ എങ്ങനെ മറികടക്കാനാകും.

തന്റെ തിരുത്തല്‍ ഹര്‍ജി പരിഗണനയിലിരിക്കെ തന്നെ മരണ വാറന്റ് പുറപ്പെടുവിച്ചത് നിയമവിരുദ്ധമാണെന്നും, ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും ദയാഹര്‍ജി നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ അതില്‍ തീര്‍പ്പുണ്ടാകുന്നത് വരെ മരണ വാറന്റ് റദ്ദാക്കണമെന്നുമുള്ള വാദങ്ങളാണ് യാക്കൂബിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ രാവില വാദിച്ചത്. ഈ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് അതിനെക്കാള്‍ വലിയ ക്രമപ്രശ്‌നം ഉന്നയിച്ചത്.

തിരുത്തല്‍ ഹര്‍ജി പരിഗണിച്ച ബെഞ്ചിന്റെ രൂപീകരണത്തില്‍ സുപ്രീം കോടതിയുടെ ചട്ടങ്ങളിലെ 48 ആം ഓര്‍ഡറിലെ 4(1), (2) വകുപ്പുകളുടെ ലംഘനമുണ്ടായിട്ടുണ്ടെന്നാണ് കുര്യന്‍ ജോസഫ് ചൂണ്ടിക്കാണിച്ചത്. ഇതുപ്രകാരം പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ച ബെഞ്ചിലെ അംഗങ്ങളും തിരുത്തല്‍ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഉണ്ടാകണമെന്നാണ് വ്യവസ്ഥ. ജസ്റ്റിസുമാരായ അനില്‍ ആര്‍. ദവേയും ജെ.ചെലമേശ്വറും താനും ഉള്‍പ്പെട്ട ബെഞ്ചാണ് മേമന്റെ പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ചത്. എന്നാല്‍ തിരുത്തല്‍ ഹര്‍ജി പരിഗണിച്ചത് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു, ജസ്റ്റീസുമാരായ ടി.എസ്. താക്കൂര്‍, അനില്‍ ആര്‍. ദവേ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ്. ഇതില്‍ നിയമപരമായി തെറ്റാണെന്നാണ് ജസ്റ്റിസ് കുര്യന്‍ ചൂണ്ടിക്കാണിച്ചത്. തുടര്‍ന്ന് അദ്ദേഹം ഭിന്ന വിധി പുറപ്പെടുവിച്ചു. അതേസമയം, ഇത് വെറും സാങ്കേതികമായി പ്രശ്‌നം മാത്രമാണെന്നും ചീഫ് ജസ്റ്റിസ് ആണ് സുപ്രീം കോടതിയുടെ മേധാവിയെന്നും അദ്ദേഹമാണ് ബെഞ്ച് രൂപീകരിക്കുന്നതെന്നും അതിനെ ചോദ്യം ചെയ്യാനാവില്ലെന്നുമുള്ള അറ്റോര്‍ണി ജനറലിന്റെ വാദം ഹര്‍ജി പിന്നീട് പരിഗണിച്ച ജസ്റ്റിസ് ദീപക് മിശ്ര അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസ് കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടിയ ക്രമപ്രശ്‌നം ഉന്നയിച്ച് കോടതിയെ സമീപിക്കാന്‍ യാക്കൂബിന് സമയം ലഭിച്ചില്ലെന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്. നിയമപരമായി അതിന് അവകാശമുണ്ടായിരുന്നു.

തിരുത്തല്‍ ഹര്‍ജി പരിഗണനയിലിരിക്കെ ഏപ്രില്‍ 30ന് മരണവാറന്റ് പുറപ്പെടുവിച്ചതില്‍ തെറ്റില്ലെന്നും കോടതി വിധിച്ചു. ഏപ്രില്‍ 30ന് പുറപ്പെടുവിച്ച മരണവാറന്റിന്റെ കാര്യം യാക്കൂബിനെ അറിയിക്കുന്നത് ജൂലായ് 13നാണ്. അതായത് ശിക്ഷ നടപ്പാക്കാന്‍ 17 ദിവസം മാത്രം നില്‍ക്കെ. ദയാഹര്‍ജി തള്ളുന്നതിനും ശിക്ഷ നടപ്പാക്കുന്നതിനുമിടയില്‍ 14 ദിവസത്തെ വ്യത്യാസം വേണമെന്ന് ശത്രുഘ്‌നന്‍ ചൗഹാന്‍ കേസില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് പി. സദാശിവം വിധിച്ചിരുന്നു. ഇത് യാക്കൂബിന് അവകാശപ്പെട്ടതാണ്. അതേസമയം, 17 ദിവസം ലഭിച്ച സാഹചര്യത്തില്‍ ഇതും കണക്കിലെടുക്കാനാവില്ലെന്ന് ജസ്റ്റിസ് ദീപക് മിശ്ര വിധിച്ചു. എന്നാല്‍ യാക്കൂബിന്റെ ആദ്യ ദയാഹര്‍ജി നല്‍കിയത് സഹോദരന്‍ സുലൈമാന്‍ ആയിരുന്നു. ഇത് തന്റെതായി പരിഗണിക്കണമെന്ന് യാക്കൂബ് അന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സാങ്കേതികമായി, അറ്റോര്‍ണിയുടെ ഭാഷയില്‍ പറഞ്ഞാല്‍ സുലൈമാന്റെ ഹര്‍ജിയായി മാത്രമേ പരിഗണനിക്കാവുകയുള്ളു. സുലൈമാന്‍ സമര്‍പ്പിച്ച ദയാഹര്‍ജി തള്ളുന്നത് ഈ വര്‍ഷം ഏപ്രില്‍ 11-നാണ്. ഇതിന് ശേഷമാണ് യാക്കൂബ് സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി പരിഗണനയ്ക്ക് വരുന്നതം തള്ളപ്പെടുന്നതും. ചുരുക്കി പറഞ്ഞാല്‍ അവസാന ശ്രമമെന്ന ദയാഹര്‍ജി, തിരുത്തല്‍ ഹര്‍ജി പരിഗണിക്കുന്നതിന് മുന്‍പെ തള്ളിയിരുന്നു. ഈ വാദങ്ങള്‍ ഒന്നും കോടതി അംഗീകരിച്ചില്ല.

ഏതായാലും വൈകിട്ട് നാലരയ്ക്ക് കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ യാക്കൂബ് പുതുതായി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച ഹര്‍ജി തള്ളി. രാഷ്ട്രപതിക്ക് സമര്‍പ്പിച്ച പുതിയ ഹര്‍ജി അടിയന്തര പ്രാധാന്യത്തോടെ അദ്ദേഹം ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു. രാത്രി ഒന്‍പതരോടെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് രാഷ്ട്രപതി ഭവനിലെത്തി സര്‍ക്കാരിന്റെ നിലപാട് അറിയിച്ചു. പിറകെ ആഭ്യന്തര സെക്രട്ടറി എല്‍.സി. ഗോയലിനെയും സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാറിനെയും രാഷ്ട്രപതി വിളിപ്പിച്ചു. തുടര്‍ന്ന് 10.30-ഓടെ ദയാഹര്‍ജി തള്ളി. ഇതിലൂടെ ഒരു കാര്യം വ്യക്തമായി കാണുമല്ലോ. ഈ ഹര്‍ജി യാക്കൂബിന്റെതാണെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. എന്നു പറഞ്ഞാല്‍, അതിന് ഔദ്യോഗിക സ്വഭാവം വന്നു ചേര്‍ന്നു. ഇതിന് ശേഷമാണ് ദയാഹര്‍ജി തള്ളിയ സാഹചര്യത്തില്‍ 14 ദിവസത്തെ സാവകാശം ആവശ്യപ്പെട്ട് യാക്കൂബ് സുപ്രീം കോടതിയെ വീണ്ടും സമീപിക്കുന്നതും രാത്രിയിലെ അസാധാരണ വാദം കേള്‍ക്കലിന് വേദിയൊരുങ്ങുന്നതും.

ഈ ഘട്ടത്തില്‍ 14 ദിവസത്തെ സാവകാശം മാത്രമായിരുന്നു യാക്കൂബിന്റെ അഭിഭാഷകര്‍ ഉന്നയിച്ചത്. ദൈവത്തോട് സന്ധി ചെയ്യല്‍, വില്‍പത്രം തയ്യാറാക്കല്‍, ബന്ധുക്കളുമായി കൂടിക്കാഴ്ച എന്നിവയ്ക്കായാണ് ഈ 14 ദിവസം മാറ്റിവച്ചിരിക്കുന്നത്. ഇതാണ് അവര്‍ ആവശ്യപ്പെട്ടതും. എന്നാല്‍ ഇത് നേരത്തെ ലഭിച്ചതാണെന്ന വാദമാണ് അറ്റോര്‍ണി ജനറല്‍ ഉന്നയിച്ചത്. അത് കോടതി അംഗീകരിച്ചു. ഇതിന് മുന്‍പ് യാക്കൂബിന്റെ ദയാഹര്‍ജി തള്ളിയതാണെന്ന എ.ജിയുടെ വാദവും കോടതി ശരിവച്ചു. ഇവിടെയാണ് നീതി നിഷേധിക്കപ്പെട്ടു എന്ന തോന്നല്‍ ഉയരുന്നത്. സര്‍ക്കാര്‍ ചെയ്തുകൂട്ടിയ നടപടിക്രമങ്ങള്‍ കാണുമ്പോള്‍ യഥാര്‍ത്ഥത്തില്‍ രാഷ്ട്രപതി അവസാനം പരിഗണിച്ചതാണ് യഥാര്‍ത്ഥ ദയാഹര്‍ജി. ഇത് തള്ളിയ ശേഷമാണ് യാക്കൂബിന് 14 ദിവസം ലഭിക്കേണ്ടിയിരുന്നത്. മാത്രമല്ല അവസാന നിയമപ്പോരാട്ടവും തള്ളപ്പെട്ട ശേഷമാണ് 14 ദിവസം ലഭിക്കേണ്ടത്.

ഒരാള്‍ക്ക് എത്ര ദയാഹര്‍ജി വേണമെങ്കിലും നല്‍കാമെന്നും ഈ സാഹചര്യത്തില്‍ എത്രാമത്തെ ദയാഹര്‍ജിക്കാണ് 14 ദിവസം നല്‍കേണ്ടതെന്നുമുള്ള കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണെന്നതാണ് യാക്കൂബിന്റെ കേസിലൂടെ വ്യക്തമായിരിക്കുന്നത്. ഇക്കാര്യത്തില്‍ അവ്യക്തത തീര്‍ക്കേണ്ടത് കോടതിയാണ്. ഇത് തീര്‍ക്കാതെ കീഴ്‌വഴക്കങ്ങള്‍ പോലുമില്ലാതെ യാക്കൂബിന്റെ ശിക്ഷ നടപ്പാക്കിയതും സംശയങ്ങളുടെ പട്ടികയില്‍ ഇടം നേടുന്നു.

പ്രധാനമായും മൂന്ന് കാര്യങ്ങള്‍ യാക്കൂബിന് ഇനി ചോദ്യം ചെയ്യാന്‍ കഴിയുമായിരുന്നു. ഒന്ന്. തിരുത്തല്‍ ഹര്‍ജി പരിഗണിച്ച ബെഞ്ചിന്റെ രൂപീകരണത്തില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉന്നയിച്ച ക്രമപ്രശ്‌നം. രണ്ട്. എത്രാമത്തെ ദയാഹര്‍ജിക്കാണ് 14 ദിവസം എന്ന അനുകൂല്യം ലഭിക്കുക. മൂന്ന്. രാഷ്ട്രപതി തള്ളിയ ദയാഹര്‍ജി ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാം. ഇതും മൂന്നും നടത്തുന്നതിന് യാക്കൂബിന് സമയം ലഭിച്ചില്ല.

ഇനി രാഷ്ട്രപരമായി തീരുമാനത്തിലേക്ക് വരുമ്പോള്‍, 24 മണിക്കൂര്‍ സമയത്തേക്ക് ദയഹര്‍ജി പരിഗണിക്കുന്നത് രാഷ്ട്രപതി മാറ്റിവച്ചിരുന്നെങ്കിലും ഇന്ത്യയിലെ ഒരു വിഭാഗത്തിന് ലഭിക്കുന്ന സുരക്ഷിത്വ ബോധം മറ്റൊന്നായാനേ. ഇത് തിടുക്കത്തില്‍ നടപ്പാക്കിയ ഒരു ശിക്ഷ എന്ന പേര് മാത്രമേ സമ്പാദിക്കാന്‍ കഴിഞ്ഞുള്ളു.

(ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍