UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒടുവില്‍ പ്രതികാരം ജയിച്ചു; വധശിക്ഷയുടെ നൈതികതയെക്കുറിച്ച് ചില ചിന്തകള്‍

അഡ്വ. മനു സെബാസ്റ്റ്യന്‍

സുഭാഷ്‌ ചന്ദ്രന്റെ ‘മനുഷ്യന് ഒരു ആമുഖം’ എന്ന നോവലിൽ, തിരുവതാംകൂർ രാജ്യത്തു നിലവിലുണ്ടായിരുന്ന ക്രൂരമായ ഒരു വധശിക്ഷ സമ്പ്രദായത്തിന്റെ വിവരണമുണ്ട്. രാജ്യദ്രോഹ കുറ്റത്തിന് വിധിക്കപ്പെട്ട ഒരാളെ, ‘ആൾക്കൂട്’ എന്ന ഇരുമ്പ് കൂട്ടിനുള്ളിൽ പൂട്ടി, ഒരു മരത്തിനു മുകളിലേക്ക് കെട്ടിവലിച്ചു നിര്‍ത്തുന്നു. ശരീരം ഒന്നനക്കാൻ പോലും കഴിയാതെ, അയാൾ ദിവസങ്ങളോളം അവിടെ കിടക്കുന്നു. സൂര്യതാപത്തിൽ കരിഞ്ഞും, ഘോരമഴയിൽ അളിഞ്ഞും ആ ശരീരത്തിൽ നിന്നും ജീവൻ ഇറ്റിറ്റു പോകവേ, കഴുകന്മാർ അക്ഷമരായി അയാൾക്ക്‌ ചുറ്റും പറക്കുന്നു. അവശേഷിക്കുന്ന ദശയിൽ നിന്നും തങ്ങളുടെ വിഹിതം കൊത്തിപ്പറിക്കാൻ എത്തുന്ന കഴുകന്മാരെ ആട്ടി ഓടിക്കാൻ തന്റെ അർദ്ധപ്രാണൻ കൊണ്ട് അയാള്‍ ശ്രമിക്കുന്നു. ആകാശത്ത് നിന്ന് ഞാന്നു കിടക്കുന്ന മനുഷ്യശരീരം ദ്രവിക്കുന്നതിൽ നീതിയുടെ വിജയവും രാജധര്‍മ്മത്തിന്റെ നടപ്പാക്കലും കണ്ടുകൊണ്ടു പൊതുജനം സായൂജ്യമടയുകയും, മഹാരാജാവിനു സ്തുതിപാടുകയും ചെയ്യുന്നു. ബീഭൽസവും സ്തോഭജനകവുമായ ഈ വിവരണം, മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഏതൊരു അനുവാചകനും ഞെട്ടലോടെ അല്ലാതെ വായിക്കുവാൻ കഴിയില്ല.

കിരാതവും അസംസ്കൃതവും എന്ന് തോന്നിപ്പിക്കുന്ന പ്രസ്തുത സാഹചര്യത്തിൽ നിന്ന് വലിയ വ്യത്യാസമൊന്നും നമ്മുടെ സമൂഹത്തില്‍ വന്നിട്ടില്ല. വധശിക്ഷയ്ക്കു വേണ്ടി സമൂഹത്തിന്റെ പല കോണുകളിൽ നിന്നും ഉയരുന്ന മുറവിളികളും, ഒരു വ്യക്തിയുടെ ജീവൻ അപഹരിക്കുന്നതിൽ കൂടി മാത്രമേ നീതി നടപ്പിലാകൂ എന്ന് ശഠിക്കുന്ന പ്രത്യയശാസ്ത്രങ്ങളും ഓര്‍മ്മിപ്പിക്കുന്നത് അത് തന്നെയാണ്. എല്ലാ സംസ്കാരങ്ങളിലും പുരാതന കാലം മുതലേ നിലവിൽ നിന്നിരുന്ന ഒരു ശിക്ഷാരീതിയാണ് വധശിക്ഷ എന്ന് ചരിത്രം പരിശോധിക്കുമ്പോൾ വ്യക്തമാകുന്നു. സമൂഹമായി ജീവിക്കാൻ ആരംഭിച്ചപ്പോൾ, തന്റെ സ്വാഭാവിക പ്രേരണകളും ജൈവിക ചോദനകളും നിയന്ത്രിച്ചില്ലെങ്കിൽ, സമൂഹജീവിതത്തിന്റെ കെട്ടുറപ്പ് അവതാളത്തിലാകും എന്ന് മനുഷ്യനു വ്യക്തമായി. അങ്ങനെയാണ് ചട്ടങ്ങളും ക്രമങ്ങളും നിയമവ്യവസ്ഥയും, ക്രമേണ ഭരണസംവിധാനവും രാഷ്ട്രവുമെല്ലാം പരിണമിച്ചുണ്ടായത്. സമൂഹം പൊതുവായി അംഗീകരിച്ച് പാലിച്ചു വരുന്ന നിയമങ്ങളെയും പാരമ്പര്യങ്ങളെയും ലംഘിക്കുന്നവരുടെ ജീവനും സ്വാതന്ത്ര്യവും അപഹരിച്ച്‌, സമൂഹം എന്ന കൂട്ടായ്മയുടെ ശക്തി തെളിയിക്കുന്നതിനുള്ള പ്രവണതയാണ് ശിക്ഷാരീതികളിൽ അന്തർലീനമായിട്ടുള്ളത്. അതുപോലെ തന്നെ, മറ്റുള്ളവരിൽ വേദനയും പീഡയും ജനിപ്പിച്ച ഒരു കുറ്റവാളിയെ, അതേ അളവിൽ തന്നെ വേദനയും പീഡയും അനുഭവിപ്പിക്കുക എന്ന പ്രതികാര മാനോഭാവവും ശിക്ഷകളിൽ പ്രതിഫലിക്കുന്നു. അധര്‍മ്മിയെ ഉന്മൂലനം ചെയ്തു ധര്‍മ്മം പുനസ്ഥാപിക്കുക എന്ന വീക്ഷണം ആണ് നമ്മുടെ ധര്‍മ്മസങ്കല്പങ്ങളിൽ രൂഡമായി ഉറച്ചു നില്‍ക്കുന്നത്.

എന്നിരുന്നാലും, സമൂഹം പരിഷ്കൃതമാകുന്നതിനനുസരിച്ചു ശിക്ഷയെ പറ്റിയുള്ള കാഴ്ചപ്പാടുകളും മാറി തുടങ്ങി. കുറ്റത്തെ കുറ്റവാളിയിൽ നിന്ന് വേർതിരിച്ച് കാണുന്നതിനു പകരം കുറ്റത്തെയും കുറ്റവാളിയെയും കുറ്റം ചെയ്യാനിടയായ സാഹചര്യത്തെയും സമഗ്രമായി അവലോകനം ചെയ്യേണ്ടതാണെന്ന ചിന്താഗതി രൂപപ്പെട്ടു വന്നു. തത്ഫലമായി, വരുതിക്ക് നിര്‍ത്താനും പാഠം പഠിപ്പിക്കാനും ഉള്ള ഉപാധിയായി മാത്രം ശിക്ഷ ഒതുങ്ങരുതെന്നും, കുറ്റവാളിക്ക് തന്റെ അപരാധത്തെ കുറിച്ച് പശ്ചാത്തപിക്കാനും  സ്വയം നവീകരിക്കാനും അവസരമൊരുക്കുന്നത് ആകണമെന്നും എന്ന തരത്തിൽ ശിക്ഷയുടെ തത്ത്വശാസ്ത്രം വികസിച്ചു.  ഒരു കുറ്റം, അല്ലെങ്കിൽ കുറ്റവാസന, വ്യക്തിപരമായ തലത്തിൽ മാത്രം ഒതുങ്ങുന്ന മൂല്യച്യുതിയുടെ ഫലമല്ല. സമൂഹം പൊതുവിൽ ധാര്‍മ്മികതയോടും മൂല്യങ്ങളോടും പുലർത്തുന്ന കൂറിന്റെ പ്രതിഫലനമാണ് വ്യക്തിപരമായി ആവിർഭവിക്കുന്ന ഓരോ  കുറ്റകൃത്യത്തിനും പിന്നിൽ. ഒരു വ്യക്തി, തന്റെ സാംസ്കാരിക പരിസരങ്ങളിൽ നിന്നും സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളിൽ നിന്നും സ്വാംശീകരിച്ച് എടുക്കുന്ന മൂല്യങ്ങളും തത്വങ്ങളും ആണ് അയാളുടെ പ്രവൃത്തികൾക്കുള്ള പ്രേരണ. അതിനാൽ തന്നെ, ഒരു കുറ്റം സംഭവിക്കുമ്പോൾ അത് സമൂഹത്തിന്റെ ആകമാനത്തിലുള്ള ധാര്‍മ്മിക അധഃപതനത്തെയാണ് സൂചിപ്പിക്കുക. കൂടാതെ, ശാസ്ത്രത്തിനു ഇനിയും കൃത്യമായി നിർവചിക്കാൻ കഴിഞ്ഞിട്ടില്ലാത്ത അനിയന്ത്രിതവും ദുർഗ്രഹവുമായ മനസ്സിന്റെ ജല്പനങ്ങളും സങ്കീർണതകളും ചിലപ്പൊൾ കുറ്റകൃത്യങ്ങൾക്ക് കാരണമാകാറുണ്ട്. ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, വധശിക്ഷ എന്ന കുറ്റവാളിയെ ഉന്മൂലനം ചെയ്യുന്ന സമ്പ്രദായം, സങ്കുചിതവും നീതിരഹിതവും ആയി അനുഭവപ്പെടുന്നു. കുറ്റം സംഭവിക്കുന്നതിനു പിന്നിലെ സൂക്ഷ്മവും സങ്കീർണവുമായ പല വസ്തുതകളെയും അവഗണിച്ചുകൊണ്ട്, അമിതമായ ലളിതവല്കരണത്തോടെ സംഭവിക്കുന്ന, അതിവൈകാരിക പ്രതികരണമായി പലപ്പോഴും ഈ ‘പകരം വീട്ടൽ’ സമ്പ്രദായം പരിണമിക്കുന്നു.

ഇതിന്റെ വെളിച്ചത്തിൽ  വധശിക്ഷ നൽകപ്പെട്ട ചില കേസുകളുടെ പശ്ചാത്തലം പരിശോധിച്ച് നോക്കാം. അപൂർവങ്ങളിൽ  അപൂർവങ്ങൾ ആയ, സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്ന, ഹീനവും മൃഗീയവുമായ കുറ്റങ്ങൾക്ക് മാത്രമേ വധശിക്ഷ നല്കാവൂ എന്നാണു സുപ്രീം കോടതി വിധി. കുറ്റവാളിയുടെ സാഹചര്യങ്ങളും, അയാളുടെ മാനസാന്തരത്തിനുള്ള സാധ്യതകളും പരിഗണിച്ചേ ഈ ശിക്ഷ കോടതികൾക്ക്  നല്കാനാകൂ. ഇത്തരം കർശനമായ മാനദണ്ഡങ്ങൾ അനുസരിച്ച് നല്‍കപ്പെട്ട ചില വധശിക്ഷകളുടെ നൈതിക സാധുത പരിശോധിച്ച് നോക്കാം.

സമൂഹ മനസാക്ഷിയെ  ഞെട്ടിച്ച രണ്ടു സംഭവങ്ങളാണ് സൗമ്യ വധക്കേസും ഡൽഹി കൂട്ടബലാത്സംഗ കേസും. നൈമിഷികമായ കാമശമനത്തിനായി, രണ്ടു പെണ്‍കുട്ടികളുടെ ജീവൻ അപഹരിച്ചെടുത്ത ഈ നിഷ്ഠൂര കൃത്യത്തിൽ ഉള്‍പ്പെട്ടവർ കൊടിയ നരാധമന്മാർ തന്നെയാണ്. അതിനാൽ തന്നെ കോടതികൾ അവര്‍ക്ക് തൂക്കുകയർ വിധിക്കുകയും ചെയ്തു. ബീഭത്സവും മൃഗീയവും ആയ രീതിയിൽ ഒരു ജീവനെ പിച്ചിചീന്തിയ അവർ ഒരു തരത്തിലുള്ള ദയാ-ദാക്ഷണ്യത്തിനും അര്‍ഹരല്ല എന്ന പൊതുബോധത്തിലെ ചിന്തയാണ് കോടതികളും പ്രതിഫലിപ്പിച്ചത്. അവർ ചെയ്ത പാതകം ക്രൂരവും ഭീകരവും ആണെന്ന് നിസ്തർക്കമാണ്. എന്നിരുന്നാലും, ഈ കൃത്യത്തിൽ ഉള്‍പ്പെട്ടവരുടെ ജീവിത സാഹചര്യങ്ങളും സാമൂഹ്യ പശ്ചാത്തലവും കണക്കിലെടുക്കുമ്പോൾ, അവർക്ക് വിധിക്കപ്പെട്ട മരണശിക്ഷ ന്യായവും യുക്തവും ആനുപാതികവും ആണോ എന്ന വസ്തുത പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു.

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദചാമിയും, അതുപോലെ ഡല്‍ഹി കേസിലെ ആറു പ്രതികളും സമൂഹത്തിന്റെ അടിത്തട്ടിൽ നിന്നുള്ളവരാണ്. ദാരിദ്ര്യവും അക്രമവും കൊടികുത്തി വാഴുന്ന, വിദ്യാരാഹിത്യത്തിന്റെ അന്ധകാരം ഘനീഭവിച്ചു നില്കുന്ന സമൂഹത്തിലെ തമോഗർത്തങ്ങളുടെ സന്തതികൾ. വ്യക്തമായ മൂല്യശിക്ഷണമോ, കുടുംബത്തിന്റെ പരിരക്ഷയോ ഇല്ലാതെ വളര്‍ന്ന് വരികയും, സുസ്ഥിരതയും സമാധാനവും ഇല്ലാത്ത അധോതലങ്ങളിൽ ജീവിക്കുകയും, അതിജീവനത്തിനായി സമൂഹത്തിന്റെ പരുക്കൻ തലങ്ങളിൽ വ്യാപരിക്കുകയും ചെയ്യുന്ന ഇത്തരക്കാരിൽ, അധമവാസനകൾ രൂപപ്പെട്ടു വരുന്നത് സ്വാഭാവികം. സഹജീവികളോട് ആദരം, ദയ, പരിഗണന മുതലായ മൃദുല വികാരങ്ങൾ ഇവരിൽ കുറവായിരിക്കും. കൂടാതെ, കാമം ക്രോധം മുതലായ തീവ്ര വികാരങ്ങൾ നിയന്ത്രിക്കാനും സംയമനം പാലിക്കാനും മാത്രം സംസ്കരിക്കപ്പെട്ടത് ആയിരിക്കില്ല അവരുടെ മനസ്ഥിതി. വരും വരായ്കകളെ പറ്റി ചിന്തിക്കാതെ, അന്നേരത്തെ സ്വാഭാവിക പ്രേരണകളുടെ നിറവിനായി പ്രവര്‍ത്തിക്കുക എന്നതായിരിക്കും അവരുടെ സ്വഭാവരീതി.  ഇവർ ചെയ്ത കുറ്റ കൃത്യത്തെ ലഘൂകരിച്ചു കാണുകയല്ല. പക്ഷെ, ഇത്തരം കുറ്റങ്ങളുടെ മൂലകാരണം തേടി ആഴത്തിൽ ഖനിച്ച് ഇറങ്ങുമ്പോൾ, അവിടെ നമ്മുടെ സമൂഹവ്യവസ്ഥിതിയുടെ പങ്കും കാണാൻ കഴിയും. സമത്വവും സ്വാതന്ത്ര്യവും സമഗ്ര പുരോഗതിയും ഉറപ്പു വരുത്തുന്നതിൽ ഒരു സമൂഹം, അല്ലെങ്കിൽ രാഷ്ട്രം, എന്ന നിലയിൽ നമുക്ക് സംഭവിക്കുന്ന പരാജയങ്ങളും അപചയങ്ങളും ആണ് ഇത്തരം അധമമനസ്സുകളെ വാർത്തെടുക്കുന്നതിൽ അടിസ്ഥാനപരമായ പങ്കു വഹിക്കുന്നത്. ഒരു പക്ഷെ, മെച്ചപ്പെട്ട ഭൌതിക സാഹചര്യങ്ങളും, കുടുംബപശ്ചാത്തലവും, മൂല്യശിക്ഷണവും, ഉപജീവനത്തിനുള്ള സുസ്ഥിരമാര്‍ഗ്ഗങ്ങളും ഒക്കെ ഉള്ള ജീവിതാവസ്ഥകളിൽ ആയിരുന്നു അവരെങ്കിൽ, ചിലപ്പോൾ ഇത്ര നീചമായ കുറ്റവാസന പ്രകടിപ്പിക്കുകയില്ലായിരുന്നേക്കാം. എന്നാൽ, ഇത്തരം സങ്കീര്‍ണ്ണമായ മൂലകാരണങ്ങളൊന്നും കാണാതെ, കുറ്റത്തിന്റെ ഭീകരതയ്ക്കും ബീഭൽസതയ്ക്കും മാത്രം അമിത പ്രാധാന്യം നല്കിക്കൊണ്ട് സംഭവിക്കുന്ന രക്തദാഹം ആണ് പലപ്പോഴും വധശിക്ഷയ്ക്കുള്ള മുറവിളികളിൽ കലാശിക്കുന്നത്. നിയന്ത്രണാതീതമായ പല സാഹചര്യങ്ങൾ മൂലം പ്രത്യേക രീതിയിൽ വാര്‍ത്തെടുക്കപ്പെട്ട ഇത്തരം കുറ്റവാളികൾക്ക്, മാനസാന്തരത്തിനുള്ള എല്ലാ പഴുതുകളും കൊട്ടിയടയ്ക്കുന്ന ഈ ശിക്ഷാ നടപടി, മുഖ്യധാര സമൂഹത്തിന്റെ പ്രതികാരമോഹത്തിന് നൈമിഷികമായ വൈകാരിക സംതൃപ്തി നല്കും എന്നല്ലാതെ, വേറെ ഒന്നും നേടുന്നില്ല. 

മുംബൈ തീവ്രവാദ കേസിൽ പിടിക്കപ്പെട്ട അജ്മൽ കസബിന്റെ പരിതസ്ഥിതികളും  വ്യതസ്തമല്ല. കസബിനെ ശിക്ഷിക്കുന്ന സുപ്രീം കോടതി വിധിയിൽ അയാളുടെ ജീവിതസാഹചര്യങ്ങൾ വിവരിക്കുന്നുണ്ട്. ദരിദ്രനും നിരക്ഷരനും തൊഴിൽരഹിതനുമായ അയാൾ, മൌലികവാദികളുടെ തീവ്ര ആശയങ്ങളിൽ ആകൃഷ്ടനാവുകയായിരുന്നു. തീവ്രമായ മസ്തിഷ്ക പ്രക്ഷാളനത്തിനു വിധേയനായി, ഭാരതീയരെ കൊന്നൊടുക്കിയാൽ പുണ്യസ്വര്‍ഗ്ഗം ലഭിക്കും എന്ന വികലമായ ആശയങ്ങൾ തലയിൽ കുത്തിനിറയ്ക്കപ്പെട്ടാണ് അയാള് തീവ്രവാദ പ്രവര്‍ത്തനത്തിന് ഇറങ്ങി തിരിച്ചത്. നിരപരാധികളെ യാതൊരു പ്രകോപനവുമില്ലാതെ കൊന്നൊടുക്കിയ അയാളുടെ പ്രവൃത്തികൾ കഠിനമായ ശിക്ഷയ്ക്ക് അർഹിക്കുന്നുണ്ട് എന്നത് ശരി തന്നെ.എന്നിരുന്നാലും, അഞ്ജതയ്ക്കും, അക്രമം പ്രചരിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിനും അടിമയായ ഒരാളെ, അയാൾ ചെയ്ത പാതകം എത്ര അക്ഷന്തവ്യം ആണെങ്കിലും, തൂക്കിലേറ്റുന്നതുകൊണ്ട് എന്ത് നീതിയാണ് നടപ്പിലാകുക? ഭീകരവാദിയായ കസബിനോട് സഹതാപം കാണിക്കുകയല്ല. വികലമായ ഒരു പ്രത്യയശാസ്ത്രത്തിലെ വിശ്വാസം മൂലം വഴിതെറ്റി പോയ ഒരുവന് ആത്മശോധന ചെയ്യുന്നതിനും, അത് വഴി പശ്ചാത്തപിക്കാനും പ്രായശ്ചിത്തം ചെയ്യാനും  നിഷേധിക്കുന്നത് പൂര്‍ണ്ണമായും നീതിയുക്തമാണോ? സമൂഹത്തിന്റെ ക്രമസമാധാനത്തിന് ക്ഷതമേല്പിക്കുകയും, നിരപരാധികളെ കൊന്നൊടുക്കി ഭീകരത സൃഷ്ടിക്കുകയും ചെയ്ത ഒരുവനെ പകരം വധിക്കുമ്പോൾ സമൂഹത്തിനു ഒരു വൈകാരിക സംതൃപ്തിയും വികാരവിരേചനവും ലഭിക്കും. പക്ഷെ, ഒരു ജീവൻ അപഹരിക്കുന്നത് വഴി ലഭിക്കുന്ന സംതൃപ്ത ഭാവത്തെ നീതിയായി കണക്കാക്കാൻ ഒരു പരിഷ്കൃത സമൂഹത്തിനു എങ്ങനെ സാധിക്കും?

വിശാലാർത്ഥത്തിൽ ശിക്ഷ നീതിപൂർവകം ആകണമെങ്കിൽ, അത് കുറ്റകൃത്യങ്ങളോടുള്ള സമൂഹത്തിന്റെ രോഷവും അവജ്ഞയും നടുക്കവും രേഖപ്പെടുത്തുകയും, കുറ്റകൃത്യങ്ങളുടെ ആവര്‍ത്തനം തടയുന്നതിനായി ഭരണവ്യവസ്ഥിതിയോട് ആനുപാതികമായ ഭയവും ബഹുമാനവും ജനിപ്പിക്കുകയും ചെയ്യുന്നതിനോടൊപ്പം തന്നെ,കുറ്റവാളിക്ക് സ്വയം നവീകരിക്കാനും ഒരു ഉത്തമ പൗരനായി സമൂഹത്തിലേക്കു തിരികെ വരാനുള്ള സാഹചര്യങ്ങൾ ഒരുക്കുകയും വേണം. ഇങ്ങനെയുള്ള ഉദ്യമങ്ങളുടെയെല്ലാം സമീക്രതമായ സന്തുലനം ന്യായവും യുക്തവുമായ ശിക്ഷാരീതികളിൽ പ്രതിഫലിക്കണം. പകരം വീട്ടലിനുള്ള ഉപകരണമായി മാത്രമാണ് ശിക്ഷയെ കാണുന്നതെങ്കിൽ, പ്രാകൃതമായ ഗോത്ര മനസ്ഥിതിയിൽ നിന്ന് വലിയ പരിണാമം ഒന്നും നമുക്ക് സംഭവിച്ചിട്ടില്ല എന്നായിരിക്കും അത് സൂചിപ്പിക്കുക.

വധശിക്ഷ നല്കുന്നതിന് പല കർശനമായ നിഷ്കര്‍ഷകളും സുപ്രീം കോടതി മുന്നോട്ടു വച്ചിട്ടുണ്ടെങ്കിലും, എല്ലാ കേസുകളിലും ഒരു പോലെ അത് പാലിക്കപ്പെടുന്നില്ല . ‘അപൂര്‍വങ്ങളിൽ അപൂർവ്വം’ ‘സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നത്’ മുതലായ കൃത്യമായ നിർവചനങ്ങൾ ഇല്ലാത്ത, തികച്ചും വ്യക്തിനിഷ്ഠമായ പല ഘടകങ്ങളിലാണ് ഒരാളുടെ ജീവൻ ഞാന്നു കിടക്കുന്നത്. മാത്രമല്ല, പ്രമാദമായ പല കേസുകളിലും, മാധ്യമചര്‍ച്ചകളുടെ കലപിലകളും രാഷ്ട്രീയമുതലെടുപ്പിനുള്ള നീക്കങ്ങളും മറ്റും കോടതി മുറികളിലേക്കും ഊർന്നു ഇറങ്ങാറുണ്ട്‌. അതിനാൽ തന്നെ, വധശിക്ഷയെ സംബന്ധിച്ച കോടതി തീരുമാനങ്ങൾ, എല്ലാ കേസുകളിലും പൂര്‍ണ്ണമായി വസ്തുനിഷ്ഠമായിരിക്കും എന്ന് പറയാനാകില്ല. കൊടും കുറ്റവാളിയുടെ രക്തത്തിന്  വേണ്ടി സമൂഹം കൂട്ടമായി നടത്തുന്ന മുറവിളി, ന്യായാധിപനെ സ്വാധീനിക്കുന്നതിനുള്ള സാധ്യതകളും ഉണ്ട്. മാത്രമല്ല, നമ്മുടെ അന്വേഷണ സംവിധാനവും നീതി ന്യായ വ്യവസ്ഥിതിയും പൂർണമായി കുറ്റവിമുക്തമല്ല. അന്വേഷണത്തിന്റെയും, തെളിവെടുപ്പിന്റെയും, വിചാരണയുടെയും, വിധിനിർണയത്തിന്റെയും തലങ്ങളിൽ എല്ലാം മനുഷ്യസഹജമായ തെറ്റുകൾ സംഭവിക്കാം. ഇന്ത്യയിലെ പരമോന്നത നീതി പീഠം 2012ൽ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തി. “Sangeeth vs. State of Haryana”((2013) 2 SCC 452) എന്ന കേസിൽ, ഏകദേശം പതിമൂന്നോളം കേസുകളിൽ സുപ്രീം കോടതി നല്കിയ വധശിക്ഷ തെറ്റായിരുന്നു എന്ന് നിരീക്ഷിക്കുകയുണ്ടായി. സമാനമായ നിരീക്ഷണം “സ്വാമി ശ്രദ്ധാനന്ദ”(Swamy Shradhaananda Vs. State of Karnantaka) കേസിലും നടത്തി. 1996 ൽ Ravji  vs. State of Rajasthan ( (1996) 2 SCC 175) കേസിൽ, കുറ്റകൃത്യത്തിന്റെ രീതിയും സ്വഭാവവും മാത്രം പരിഗണിച്ചാണ് വധശിക്ഷ നല്കിയത്. കുറ്റവാളിയുടെ സാഹചര്യങ്ങളും വധശിക്ഷ നൽകുമ്പോൾ കണക്കിലെടുക്കണം എന്ന മുന്‍കാല വിധികളിൽ നിന്ന് വ്യതിചലിച്ചാണ് “രവ്ജി” കേസ് തീര്‍പ്പാക്കിയത്. “രവ്ജി” വിധി പിന്തുടർന്ന് ഏകദേശം പതിമൂന്നു കേസുകളിൽ കോടതി തെറ്റായി വധശിക്ഷ നല്കുകയുണ്ടായി. അത്തരം വിധികൾ അസാധുവാണ് എന്ന് 2012ൽ കോടതി നിരീക്ഷിച്ചു. തുടർന്ന്, ധാരാളം നിയമജ്ഞരും ജഡ്ജിമാരും അത്തരം കേസുകളിലെ വധശിക്ഷ നടപ്പിലാക്കരുത് എന്ന് അഭ്യർഥിച്ചു രാഷ്ട്രപതിക്ക് നിവേദനം നല്കുകയുണ്ടായി. നിയമവ്യാഖനങ്ങളുടെ ചൂതുകളിയിൽ മനുഷ്യജീവനുകൾ വലിച്ചിഴയ്ക്കപ്പെടുന്നത് എത്ര ദാരുണം ആണ്!

കുറ്റവാളിയിൽ നിന്ന് ഒരു ഉത്തമ മനുഷ്യനെ വീണ്ടെടുക്കുവാൻ ഉള്ള പരിശ്രമങ്ങൾ കൂടിയായി നമ്മുടെ ശിക്ഷാ രീതികൾ മാറേണ്ടതുണ്ട്. അത്തരം പരിഷ്കൃതവും ഉദാത്തവുമായ സാമൂഹ്യാവസ്ഥയിൽ വധശിക്ഷ തികച്ചും അപ്രസക്തമാകും. “ആരും കുറ്റവാളിയായി ജനിക്കുന്നില്ല; സാഹചര്യങ്ങൾ ആണ് ഒരുവനെ കുറ്റവാളി ആക്കുന്നത്” എന്നത് പറഞ്ഞും കെട്ടും തഴമ്പിച്ച ഒരു ക്ലിഷേ ആണ്. ആത്മശോധനയിലൂടെയും മൂല്യശിക്ഷണത്തിലൂടെയും കുറ്റവാസനകൾ സംസ്കരിച്ചു, ഒരുവനെ സാധാരണജീവിതത്തിലേക്ക് തിരികെ വരാൻ പ്രാപ്തമാക്കുന്ന ഇടങ്ങളായി നമ്മുടെ തടവറകളും പുരോഗമിക്കണം. അത്തരം തടവറകളിൽ തൂക്കു കയറിനും ആരാച്ചാരിനും സ്ഥാനമുണ്ടാകില്ല. ഒരു കൊലപാതകിയുടെ ജീവൻ അപഹരിക്കുന്നതിൽ സായൂജ്യം കാണുന്ന ഒരു സമൂഹം, മൃതശരീരത്തിന് ചുറ്റും പറക്കുന്ന കഴുകകൂട്ടത്തിനു സമമാണ്. അതിൽ നിന്നും, ഒരു കൊലപാതകി, മൂല്യബോധവും വിവേചനബുദ്ധിയും ഉള്ള ഒരു നല്ല വ്യക്തിയായി തിരിച്ചു വരുന്നതിൽ സായൂജ്യം കാണുന്ന സമൂഹം ആയി നമ്മളും പരിണമിക്കേണ്ടിയിരിക്കുന്നു.

വാൽകഷ്ണം : 
ഡിസംബർ 12, 1849, റഷ്യ 
രാജ്യദ്രോഹകുറ്റത്തിന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു ചെറുപ്പക്കാരൻ, റഷ്യയിലെ സര്‍ ചക്രവര്‍ത്തിയുടെ ഫയറിംഗ് സ്ക്വാഡിനു മുന്നിലേക്ക്‌ നടത്തപ്പെടുന്നു. വെടിയുതിർക്കാൻ തോക്കുകൾ തയ്യാറെടുക്കുന്നു. കാഞ്ചികൾ വലിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ, ചക്രവര്‍ത്തിയുടെ ദൂതൻ ഒരു സന്ദേശവുമായി എത്തിച്ചേരുന്നു. അയാളുടെ വധശിക്ഷ പിന്‍വലിച്ചു കൊണ്ട് അവസാന നിമിഷത്തിൽ ഇറങ്ങിയ ഉത്തരവായിരുന്നു അത്. അങ്ങനെ, അവസാന നിമിഷത്തിൽ ശിക്ഷയിൽ നിന്ന് മോചിതനായ ആ യുവാവ് ജീവിതത്തിലേക്ക് തിരിച്ചു വന്നു. അദ്ദേഹം ആണ്, പിന്നീടു ലോകസാഹിത്യത്തെ തന്നെ വിപ്ലവാത്മകമായി മാറ്റി മറിച്ച, മഹാനായ സാഹിത്യകാരൻ ഫ്യൊദൊർ ദസ്തയേവ്സ്കി (Fyodor Dostoevsky).

(കേരള ഹൈക്കോടതിയില്‍ അഡ്വക്കേറ്റാണ് മനു സെബാസ്റ്റ്യന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


അനശ്വര കൊരട്ടിസ്വരൂപം

അനശ്വര കൊരട്ടിസ്വരൂപം

എഴുത്തുകാരി, ഇപ്പോള്‍ പുസ്തകപ്രസാധന രംഗത്ത് പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍