UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യാക്കൂബ് മേമന്‍: ആ വധശിക്ഷ തിടുക്കത്തിലാക്കിയതെന്തിന്?

Avatar

അജിത് കെ ജോസഫ് 

മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയത് ശരിയോ തെറ്റോ എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ; മുംബൈ സ്‌ഫോടന പരമ്പരയില്‍ യാക്കൂബ് മേമന്റെ പങ്കിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം; ഇന്ത്യയില്‍ വധശിക്ഷ നടപ്പാക്കുന്നതില്‍ ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളോട് വിവേചനമുണ്ടെന്ന ആക്ഷേപങ്ങളിലേക്കും കടക്കുന്നില്ല; വധശിക്ഷയ്‌ക്കെതിരെ ശക്തമായ നിലപാടെടുക്കുകയും, വധശിക്ഷ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് നിയമ കമ്മിഷനു കത്തയക്കുകയും ചെയ്ത മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ സംസ്‌കാര ദിവസം തന്നെ യാക്കൂബ് മേമനെ തൂക്കിലേറ്റിയതിലെ വൈരുധ്യവും ചോദ്യം ചെയ്യുന്നില്ല; എത്ര വലിയ കുറ്റവാളിയാണെങ്കിലും പിറന്നാള്‍ ദിനത്തില്‍ തന്നെ തൂക്കിലേറ്റുന്ന ഭരണകൂടത്തിന്റെ ക്രൂരതയുടെ ആഴവും പരിശോധിക്കുന്നില്ല; മറ്റു സമുദായാംഗങ്ങള്‍ പ്രതികളായ സ്‌ഫോടനക്കേസുകളില്‍ വധശിക്ഷ വിധിക്കാനും നടപ്പാക്കാനും ഇവിടുത്തെ കോടതികളും ഭരണകൂടവും തയാറാകുമോയെന്നും ചോദിക്കുന്നില്ല; അതെല്ലാം വിവിധ തലങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടട്ടെ. ഇവിടെ ചോദ്യം, എല്ലാ വിഷയങ്ങളിലും നിഷ്പക്ഷമായി തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുകയും നിയമം നടപ്പാക്കാന്‍ ഓരോ പൗരന്റേയും അവസാന ആശ്രയവുമായ പരമോന്നത നീതിപീഠം യാക്കൂബ് മേമനെ തൂക്കിലേറ്റാന്‍ തിടുക്കം കാട്ടിയോ എന്നതുമാത്രമാണ്. കൊടുംകുറ്റവാളികള്‍ക്കുപോലും അന്തസ്സോടെ മരിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതാണ് ഇന്ത്യന്‍ ഭരല്‍ണഘടന. നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്താന്‍ കുറ്റവാളിക്ക് അവസരം നല്‍കിയിരിക്കണം എന്നാണ് തത്വം. എന്നാല്‍ മേമന്റെ കാര്യത്തില്‍ അതാണോ സംഭവിച്ചത്?

 

വധശിക്ഷ ശരിവച്ചതിനെതിരായ തിരുത്തല്‍ ഹര്‍ജിയില്‍ സുപ്രീംകോടതി അന്തിമ തീരുമാനമെടുക്കും മുന്‍പാണ് മുംബൈയിലെ സ്പെഷ്യല്‍ ടാഡ കോടതി മേമന് മരണ വാറന്റ് പുറപ്പെടുവിച്ചത്. ഈ വര്‍ഷം ഏപ്രില്‍ മുപ്പതിനായിരുന്നു ഇത്. തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതോ ജൂലൈ 21നു മാത്രം. അതായത് മേമനെ തൂക്കിലേറ്റിയതിന് ഒന്‍പതു ദിവസം മാത്രം മുന്‍പ്. ടാഡ കോടതി മരണ വാറന്റ് പുറപ്പെടുവിച്ചതിനു ശേഷമാണ് മേമന്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചതെന്നായിരുന്നു സുപ്രീംകോടതിയുടെ കണ്ടെത്തല്‍. മരണവാറന്റ് പുറപ്പെടുവിക്കുന്ന സമയത്ത് സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നിലവിലില്ലാത്തതിനാല്‍ വാറന്‍റ് പുറപ്പെടുവിച്ച ടാഡ കോടതിയുടെ നടപടിയില്‍ തെറ്റില്ലത്രെ. ഏപ്രില്‍ 30നു മരണവാറന്റ് പുറപ്പെടുവിച്ച വിവരം മേമനെ അറിയിച്ചത് രണ്ടര മാസങ്ങള്‍ക്കു ശേഷം ജൂലൈ 13ന് മാത്രമാണെന്ന കാര്യം സുപ്രീംകോടതി മുഖവിലയ്‌ക്കെടുത്തില്ല. തിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കും മുന്‍പ് മരണവാറന്റ് പുറപ്പെടുവിച്ചു എന്നത്, നിയമപരമായ എല്ലാ സാധ്യതയും കുറ്റവാളി ഉപയോഗപ്പെടുത്തുന്നതിനു മുന്‍പാണ് തൂക്കിലേറ്റാന്‍ തീരുമാനിച്ചതെന്നു വ്യക്തമാക്കുന്നു.

 

 

ദയാഹര്‍ജി തള്ളിയതായി തടവുകാരന്‍ അറിയുന്നതും വധശിക്ഷ നടപ്പാക്കുന്നതും തമ്മില്‍ ചുരുങ്ങിയത് പതിനാല് ദിവസത്തെ സാവകാശം വേണമെന്നാണ് സുപ്രീംകോടതി തന്നെ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങളില്‍ പറയുന്നത്. വധശിക്ഷ എന്ന യാഥാര്‍ഥ്യവുമായി കുറ്റവാളിക്ക് മാനസികമായി പൊരുത്തപ്പെടാനും, പ്രാര്‍ഥിക്കാനും പശ്ചാത്തപിച്ച് ഈശ്വരനുമായി രമ്യതപ്പെടാനും, കുടുംബാംഗങ്ങളോട് യാത്രപറയുന്നതുള്‍പ്പെടെ ഭൂമിയിലെ മറ്റ് ഇടപാടുകള്‍ തീര്‍ക്കാനുമാണ് ഈ സാവകാശം അനുവദിക്കുന്നതുകൊണ്ട് ലക്ഷ്യമിടുന്നത്. എന്നാല്‍ യാക്കൂബ് മേമന്റെ കാര്യത്തില്‍ ഈ പതിനാലു ദിവസം സമയം അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചോ? മേമനെ തൂക്കിലേറ്റുന്നതിനു തലേന്ന് രാത്രിയാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദയാഹര്‍ജി തള്ളിയത്. ദയാഹര്‍ജി പരിഗണിക്കാതിരിക്കുന്നതിനു പകരം ആഭ്യന്തര മന്ത്രാലയത്തിന് അയച്ചുകൊടുത്ത് അഭിപ്രായം അറിഞ്ഞ ശേഷമായിരുന്നു രാഷ്ട്രപതിയുടെ തീരുമാനം. അതിനര്‍ഥം രാഷ്ട്രപതി നിയമപരമായിത്തന്നെ ദയാഹര്‍ജി പരിഗണിച്ചിരുന്നു എന്നാണ്. അപ്പോഴും ആഭ്യന്തരമന്ത്രാലയത്തിനു മാത്രം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുമോ? കേന്ദ്രമന്ത്രിസഭ ഇക്കാര്യം പരിഗണിക്കേണ്ടിയിരുന്നില്ലേ എന്ന ചോദ്യങ്ങവും ഉയരുന്നുണ്ട്. എന്തായാലും ദയാഹര്‍ജി തള്ളിയത് കുറ്റവാളിയെ അറിയിക്കുന്നതും വധശിക്ഷയും തമ്മില്‍ വേണ്ട പതിനാലു ദിവസത്തെ അകലം ഇവിടെ പാലിക്കപ്പെട്ടില്ല എന്നു വ്യക്തം. മേമനെ തൂക്കിലേറ്റുന്ന ദിനം പുലര്‍ച്ചെ നടന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ സുപ്രീംകോടതി കണ്ടെത്തിയ ന്യായം ആദ്യത്തെ തവണ രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനു ശേഷം മേമന് മതിയായ സാവകാശം ലഭിച്ചിരുന്നു എന്നാണ്. ചാനല്‍ ചര്‍ച്ചകളില്‍ ഉത്തരം മുട്ടുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ പറയുന്ന മുടന്തന്‍ ന്യായത്തോടു മാത്രമേ ഇതിനെ ഉപമിക്കാനാകൂ. അവസാന നിമിഷം വരെ സുപ്രീംകോടതിയില്‍ നിന്നു അനുകൂല തീരുമാനമുണ്ടാകുമെന്നു പ്രതീക്ഷിച്ച മേമന് തൂക്കിലേറ്റുന്നതിനു തൊട്ടുമുന്‍പു കിട്ടിയ പ്രഹരമായിരുന്നു അത്. ജനത്തിന്റെ കയ്യടികള്‍ക്കു വേണ്ടി നീതിപീഠം കണ്ണടയ്ക്കുന്‌പോള്‍, വലിയൊരു വിഭാഗത്തിന് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെടുന്നതിന്റെ അപകടം ആരും കാണാതെ പോകരുത്.

മേമന്റെ തിരുത്തല്‍ ഹര്‍ജി തള്ളിയ ബെഞ്ച് രൂപവല്‍ക്കരിച്ചതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങളില്‍ വീഴ്ച വന്നുവെന്ന ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നിരീക്ഷണത്തിന് തൃപ്തികരമായ മറുപടി നല്‍കാന്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനു കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്. സുപ്രീംകോടതി വിധി ചോദ്യം ചെയ്യാനുള്ള ആദ്യ നടപടി പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കുകയാണ്. പുനഃപരിശോധനാ ഹര്‍ജിയും കോടതി തള്ളിയാല്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കാം. തിരുത്തല്‍ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന മൂന്നു ജഡ്ജിമാരേയും, ഏതു വിധിയെക്കുറിച്ചാണോ പരാതി ഉയര്‍ന്നത് ആ വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ ലഭ്യമെങ്കില്‍ അവരേയും ഉള്‍പ്പെടുത്തണമെന്നാണ് ചട്ടം. വധശിക്ഷയ്‌ക്കെതിരെ മേമന്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേട്ടത് ജസ്റ്റിസ് അനില്‍ ആര്‍ ദവെയും, ജസ്റ്റിസ് കുര്യന്‍ ജോസഫും, ജസ്റ്റിസ് ജെ.ചെലമേശ്വറും ഉള്‍പ്പെട്ട ബെഞ്ചായിരുന്നു. എന്നാല്‍ തിരുത്തല്‍ ഹര്‍ജി പരിഗണിച്ച ബെഞ്ചില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫിനേയും ജസ്റ്റിസ് ജെ.ചെലമേശ്വറിനേയും ഉള്‍പ്പെടുത്തിയില്ല. ചീഫ് ജസ്റ്റിസും സുപ്രീംകോടതിയിലെ മുതിര്‍ന്ന രണ്ടു ജഡ്ജിമാരും ചേര്‍ന്നാണ് തിരുത്തല്‍ ഹര്‍ജി തള്ളിയത്. ഇത് ചട്ടവിരുദ്ധമാണെന്നായിരുന്നു ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ വിലയിരുത്തല്‍. നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടു തന്നെയാണ് തിരുത്തല്‍ ഹര്‍ജി തള്ളിയതെന്നു നിലപാടെടുത്ത ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നിഗമനങ്ങള്‍ തള്ളി. പുനഃപരിശോധനാ ഹര്‍ജി തള്ളുന്ന കേസുകളില്‍ ആദ്യ വിധിയാണ് നിലനില്‍ക്കുന്നതെന്നും അതുകൊണ്ടു തന്നെ ആദ്യവിധി പുറപ്പെടുവിച്ച ജഡ്ജിമാരെയാണ് തിരുത്തല്‍ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ ഉള്‍പ്പെടുത്തേണ്ടതെന്നുമായിരുന്നു മൂന്നംഗ ബെഞ്ചിന്റെ വിശദീകരണം. ആദ്യ വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ വിരമിച്ചതിനാല്‍ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന മൂന്നു ജഡ്ജിമാരെ മാത്രം ഉള്‍പ്പെടുത്തി തിരുത്തല്‍ ഹര്‍ജി പരിഗണിച്ച ബെഞ്ച് രൂപവല്‍ക്കരിച്ചതില്‍ തെറ്റില്ലെന്നും ജസ്റ്റിസ് ദീപക് മിശ്ര ന്യായീകരിച്ചു. എന്നാല്‍ പുഃനപരിശോധനാ ഹര്‍ജിയിലെ തീരുമാനത്തേയും വിധി എന്നാണ് രേഖപ്പെടുത്തുന്നതെന്നും, പുനഃപരിശോധനാ ഹര്‍ജിയിലെ തീരുമാനത്തിനെതിരെയാണ് തിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കുന്നത് എന്നതിനാല്‍ തിരുത്തല്‍ ഹര്‍ജി പരിഗണിക്കേണ്ട ബെഞ്ചില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നത് പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ച ബെഞ്ചിലെ ജഡ്ജിമാരെത്തന്നെയാണെന്ന് ഒരു വിഭാഗം വാദിക്കുന്നു.

 

മേമന്റെ വധശിക്ഷ നീട്ടിക്കൊണ്ടുപോകുന്നത് മുംബൈ സ്‌ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ട 257 പേരുടെ കുടുംബത്തോട് നീതി നിഷേധിക്കുന്നതിനു തുല്യമാണെന്നായിരുന്നു ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഒരു നിരീക്ഷണം. ശരി തന്നെ; മുംബൈ സ്‌ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നീതി ലഭിക്കുക തന്നെ വേണം. 1993-ല്‍ നടന്ന മുംബൈ സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ഇത്രയും നാളും ലഭിക്കാതിരുന്ന നീതി, രണ്ടാഴ്ച കൂടി മേമന്റെ വധശിക്ഷ നീളുന്നതുകൊണ്ട് നഷ്ടപ്പെടുമായിരുന്നു എന്നാണ് വാദം; മതിയായ അവധാനതയോടെ പരമോന്നത നീതിപീഠം ഇക്കാര്യം കൈകാര്യം ചെയ്തിരുന്നെങ്കില്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് ഉയരുമായിരുന്നു. കോടതി രാജ്യദ്രോഹക്കുറ്റം കണ്ടെത്തിയ കുറ്റവാളിക്കുപോലും അവസാന മണിക്കൂറുകളില്‍, പാതിരായ്ക്ക് സുപ്രീംകോടതിയുടെ വാതിലുകള്‍ തുറന്നിട്ട ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ മഹത്വം ലോകം മുഴുവന്‍ പ്രകീര്‍ത്തിക്കപ്പെടുമായിരുന്നു. ഇന്ത്യയില്‍ വധശിക്ഷ വേണോ വേണ്ടയോ എന്ന ചര്‍ച്ചകള്‍ സജീവമാക്കാന്‍ കോടതി നടപടികളും മേമനെ തൂക്കിലേറ്റിയതും ഉപകരിച്ചു എന്നുമാത്രം.

 

(മനോരമ ചാനലിന്റെ ഡല്‍ഹി ബ്യൂറോയില്‍ റിപ്പോര്‍ട്ടറാണ് ലേഖകന്‍)

 

അഴിമുഖം പ്രസിദ്ധീകരിച്ച അജിത്തിന്റെ മറ്റൊരു ലേഖനം: IFFK: കാഴ്ചക്കാര്‍ക്ക് പരിധി നിശ്ചയിക്കരുത് 

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍