UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആധുനിക ഇന്ത്യയിലെ യാക്കൂബ് മേമനും ടീസ്റ്റ സെറ്റല്‍വാദും

അഴിമുഖം/എഡിറ്റോറിയല്‍

തന്റെ ജന്മദിവസത്തില്‍ തന്നെ യാക്കൂബ് മേമന്‍ തൂക്കിലേറ്റപ്പെട്ടതിന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കിലോമീറ്ററുകള്‍ക്കകലെ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ ശവസംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കുന്നു എന്നത് ചിലപ്പോള്‍ ഒരു യാദൃശ്ചികത മാത്രമായിരിക്കാം. എന്നാല്‍ അതില്‍ ചില വൈരുദ്ധ്യങ്ങളുണ്ട്. അത് ഇന്ത്യയുടെ ആത്മാവിലേക്ക് നോക്കിയുള്ള ഒരു അലര്‍ച്ച കൂടിയാണ്, ഒരു ലിബറല്‍ ജനാധിപത്യത്തിലേക്ക് ഇന്ത്യ പാകപ്പെടുന്നുവെന്ന് സ്വപ്നം കാണുന്ന നമുക്കോരുത്തര്‍ക്കുമുള്ള മുന്നറിയിപ്പും.

യാക്കൂബ് മേമന്‍ നിരപരാധിയാണെന്നോ മുസ്ലീം ആയതുകൊണ്ടു മാത്രം അയാള്‍ വിവേചനം നേരിട്ടുവെന്നോ ഞങ്ങള്‍ ഈ കുറിപ്പില്‍ പറയുന്നില്ല. മറിച്ച് ഭീതിദമായി വളര്‍ന്നുകൊണ്ടിരിക്കുന്ന അസഹിഷ്ണുതയ്ക്കും ഇല്ലാതാകുന്ന ഭിന്നാഭിപ്രായങ്ങള്‍ക്കുമൊപ്പം രാജ്യത്തിന്റെ രാഷ്ട്രീയ, ജുഡീഷ്യല്‍, മാധ്യമ, ബ്യൂറോക്രാറ്റിക് നേതൃത്വത്തില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ദുര്‍ബലവും അടിച്ചമര്‍ത്തപ്പെട്ടതുമായ ഒരു പുതിയ തലമുറയെ കുറിച്ചാണ്- അവരാണ് യാക്കൂബ് മേമനെ കഴുമരത്തിലേക്കയച്ചത്. അവരൊക്കെ നമ്മോട് ഒരു കാര്യം വിളിച്ചു പറയുന്നുണ്ട്, വൃത്തികെട്ടതും ഫാസിസ്റ്റ് സ്വഭാവമുള്ളതും അസഹിഷ്ണതയുള്ളതുമായ ഒരു രാഷ്ട്രീയം ഇന്ത്യ മുഴുവന്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ് എന്ന്.

നിങ്ങള്‍ക്ക് ആര്‍.എസ്.എസിനെയോ മറ്റ് തീവ്ര ഹിന്ദുത്വ ശക്തികളേയോ മാത്രം ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താനാവില്ല. ഇറ്റാലിയന്‍ നാവികര്‍ക്കു വേണ്ടി കണ്ണീര്‍ പൊഴിച്ച പള്ളി പിതാക്കന്മാരും ബാലവിവാഹമടക്കമുള്ള അസംബന്ധങ്ങള്‍ക്കു വേണ്ടി ആഹ്വാനം ചെയ്യുന്ന മുസ്ലീം പുരോഹിതരുമൊക്കെ ഇത്തരത്തില്‍ അനീതിയും അസഹിഷ്ണുതയും നിറഞ്ഞ ഒരു സമൂഹമായി ഇന്ത്യയെ മാറ്റിയെടുക്കുന്നതില്‍ പങ്കുവഹിക്കുന്നുണ്ട്. ഇത്തരത്തില്‍ ലിബറല്‍ മൂല്യങ്ങള്‍ ഊരിയെറിഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഇരകളിലൊന്നായി യാക്കൂബ് മേമന്‍ മാറിയിരിക്കുന്നു. ബൗദ്ധികമായി അന്തസില്ലായ്മ പുലര്‍ത്തുകയും ശാരീരികമായി വെല്ലുവിളിക്കുകയും ചെയ്യുന്ന ഒരു പുതിയ ഇന്ത്യയില്‍ അതിജീവിക്കാനായി ലക്ഷക്കണക്കിന് പേരാണ് പാടുപെടുന്നത്. യാക്കൂബിനു വേണ്ടി വാദിക്കാന്‍ നമ്മുടെ സമൂഹത്തില്‍ ചിലരെങ്കിലുമുണ്ടായിരുന്നു.

യാക്കുബ് മേമന്‍ എന്തിനെയാണ് പ്രതിനിധീകരിക്കുന്നത്? നിയമപരമായി പറയുന്നത്, അയാള്‍ ഗൂഡാലോചനയില്‍ പങ്കെടുത്തിട്ടുണ്ട് എന്നാണ്. എന്നാല്‍ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്താന്‍ ധൈര്യം കാണിക്കുകയും 1993-ലെ സ്‌ഫോടനത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ സാധ്യമായ എല്ലാ തെളിവുകളും ഇന്ത്യന്‍ സര്‍ക്കാരിന് കൈമാറുകയും ചെയ്ത അയാള്‍ക്കും അയാളുടെ കുടുംബത്തിനും തീര്‍ച്ചയായും നിയമപരമായ ഒരു ഒത്തുതീര്‍പ്പ് (Plea Bargain) ലഭിക്കാനുള്ള അര്‍ഹതയുണ്ട്. നിയമപരമായ അത്തരം ഒത്തുതീര്‍പ്പുകള്‍ ആധുനിക നീതിശാസ്ത്ര (Jurisprudence) ത്തില്‍ ഇന്ന് പാലിച്ചുപോരുന്ന ഒന്നാണ്. കുറ്റസമ്മതം നടത്തുകയും അന്വേഷണത്തില്‍ സാധ്യമായ എല്ലാ വിധത്തിലും സഹായിക്കുകയും അതുവഴി ശിക്ഷയുടെ കാഠിന്യം കുറയ്ക്കുകയും ചെയ്യുക എന്നതാണത്. അതുകൊണ്ടാണ്, അമേരിക്കന്‍ പൗരന്മാരുള്‍പ്പെടെ കൊല്ലപ്പെട്ട 2008 മുംബൈ ആക്രമണത്തിലെ പ്രധാന സൂത്രധാരകരില്‍ ഒരാളായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ഇന്ന് അമേരിക്കന്‍ ജയിലില്‍ കഴിയുന്നത്. കുറ്റവാളികളെ ഉപയോഗിച്ചു കൊണ്ടും അവരുടെ സഹകരണത്തോടെയും ഉന്നതമായ പല കേസുകളും ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിയിച്ചെടുക്കുന്നതും ഈ വഴിയാണ്.

ഈയൊരു പശ്ചാത്തലത്തിലാണ് 1994-ല്‍ ഒരു ദിവസം യാക്കൂബ് മേമന്‍ കാഠ്മണ്ഡുവില്‍ പറന്നിറങ്ങുന്നതും അവിടെ വച്ച് അറസ്റ്റ് ചെയ്യപ്പെടുന്നതും. മുംബൈ സ്‌ഫോടനത്തില്‍ പാക്കിസ്ഥാനും അവരുടെ പല ഏജന്‍സികളും വഹിച്ച പങ്കിനെ കുറിച്ചുള്ള നിര്‍ണായക ഇന്റലിജന്‍സ് വിവരങ്ങളും അയാളുടെ പക്കലുണ്ടായിരുന്നു. കീഴടങ്ങാന്‍ യാക്കൂബ് മേമനും കുടുംബവുമായി ഒരു തരത്തിലുള്ള ധാരണ ഉണ്ടാക്കിയിരുന്നതായി ഈ കേസ് അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

എന്നാല്‍ പൊതുജനാഭിപ്രായമെന്നു വിളിക്കപ്പെടുന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പി.വി നരസിംഹ റാവുവും സി.ബി.ഐയിലെ തന്റേടമില്ലാത്ത ഉദ്യോഗസ്ഥരും ഇന്റലിജന്‍സ് ഏജന്‍സികളും യാക്കൂബ് മേമനോട് വാക്കുപാലിക്കാന്‍ തയ്യാറായില്ല. യാക്കൂബിനെ തിരികെ എത്തിക്കുന്നതിന് നേതൃത്വം നല്‍കിയ മുന്‍ റോ ഉദ്യോഗസ്ഥന്‍ ബി. രാമന്‍ പോലും ജീവിച്ചിരിക്കുന്ന കാലത്ത് വസ്തുതകള്‍ വെളിപ്പെടുത്താന്‍ തയാറായില്ല. യാക്കൂബിനെ വധശിക്ഷയ്ക്ക് വിധിക്കരുതെന്ന് വാദിച്ചുകൊണ്ട് അദ്ദേഹം എഴുതിയ ലേഖനം കഴിഞ്ഞയിടയ്ക്കു മാത്രമാണ് റീഡിഫ്.കോം പുറത്തുവിട്ടത്, രാമന്‍ മരിച്ച് ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞ്. യാതൊരു അര്‍ഥവുമില്ലാത്ത നടപടി എന്നേ അതിനെക്കുറിച്ച് പറയാന്‍ കഴിയൂ.

യാക്കൂബ് മേമനെ തൂക്കിക്കൊന്നതില്‍ നിന്ന് ഒരു കാര്യം തീര്‍ച്ചയായും ഉയര്‍ന്നുവരുന്നുണ്ട്. ദുര്‍ബലമായ പോലീസ് സേനയും സാക്ഷികളെ സംരക്ഷിക്കാനുള്ള സംവിധാനവുമില്ലായ്മയും കെട്ടിക്കിടക്കുന്ന കേസുകളുള്ള ജുഡീഷ്യറിയുമൊക്കെയുള്ള ഒരു രാജ്യത്ത് സ്വന്തം തെറ്റുകള്‍ സമ്മതിക്കാനോ ഭരണകൂടത്തെ സഹായിക്കാനോ ഉന്നതരായ പ്രതികളുള്ള കേസുകളില്‍ സാക്ഷികളാകാനോ ആരും തയാറാവില്ല എന്ന കാര്യം. മറ്റൊരു യാക്കുബ് മേമന്‍ ആകാന്‍ ആരും തയാറാകില്ല എന്നര്‍ഥം.

യാക്കൂബിന്റെ ചെയ്തികളെ പിന്തുണയ്ക്കാനല്ല ഞങ്ങള്‍ ശ്രമിക്കുന്നത്, മറിച്ച് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സവിശേഷത എന്നു പറയപ്പെടുന്ന വൈവിധ്യവും ലിബറല്‍ മൂല്യങ്ങളും വെട്ടിയൊതുക്കി ആ ഇടം ദുര്‍ബലമായിരിക്കുന്നു എന്നു പറയാനാണ്. അതായത്, ഇപ്പോള്‍ ഗ്രീന്‍പീസിനും ടീസ്റ്റ സെറ്റല്‍വാദിനും നിയമത്തിന്റെ നാലതിരില്‍ നിന്നുകൊണ്ട് സാധാരണ മനുഷ്യരുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന മറ്റനേകം വ്യക്തികള്‍ക്കുമൊക്ക സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ പശ്ചാത്തലത്തില്‍ വേണം യാക്കുബിന് സംഭവിച്ചതും കാണാന്‍.

ആള്‍ക്കൂട്ടത്തിന്റെയും ഭൂരിപക്ഷത്തിന്റേയും തീരുമാനമാണ് ഇന്നത്തെ ഇന്ത്യന്‍ യാഥാര്‍ഥ്യം. കംഗാരു കോടതികളും അസഹിഷ്ണുത നിറഞ്ഞ വ്യവഹാരങ്ങളും നിറഞ്ഞ ഒരു പുതിയ ഇന്ത്യയാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ – ഭാഷ, മതം- അവകാശങ്ങള്‍, വിസില്‍ ബ്ലോവേഴ്‌സിന്റെ ജീവന്‍ ഒന്നിലും, ഒരു കാര്യത്തിലും ഇപ്പോള്‍ നമുക്ക് ഉറപ്പുപറയാന്‍ കഴിയില്ല. സിവില്‍ സര്‍വീസിന്റെ തലപ്പത്തെത്താന്‍ ഇറാ സിംഘാലിന് നിയമപരമായി പോരാടി വരുന്നതും, അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന ഓമനപ്പേരില്‍ പണിയെടുക്കുകയും മരിച്ചുവീഴുകയും ചെയ്യുന്ന അടിമപ്പണിക്കാര്‍ ഇന്നുമുള്ളതും, ഒരുതുള്ളി നീതിക്കായി കാശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ആദിവാസി മേഖലകളിലും ആയിരക്കണക്കിന് വിധവകളുടേയും അനാഥക്കുഞ്ഞുങ്ങളുടേയും നിലവിളികള്‍ ഉയരുന്നതും ഒക്കെയുള്ള ഇതേ ഇന്ത്യയെ കുറിച്ചു തന്നെയാണ് പറയുന്നത്. 

18-ാം നൂറ്റാണ്ടില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ദുര്‍ഭരണത്തിനെതിരെ നിലകൊണ്ട ബ്രിട്ടീഷ് രാഷ്ട്രീയക്കാരന്‍ ചാള്‍സ് ജെയിംസ് ഫോക്‌സിനെ കുറിച്ച് എഡ്മണ്ട് ബര്‍ക്ക് പറഞ്ഞ ആ വരികളുണ്ടെല്ലോ, “He may live long, he may do much. But here is the summit. He can never exceed what he does this day.”, ഇത് നമ്മുടെ രാഷ്ട്രീയ, ജുഡീഷ്യല്‍, മാധ്യമ മേഖലകളുടെ തലപ്പത്തിരിക്കുന്നവാേട് ആരെങ്കിലുമൊക്കെ ഉറക്കെ വിളിച്ചു പറയേണ്ട സമയമായിരിക്കുന്നു.

ദു:ഖകരമെന്നു പറയട്ടെ, യാക്കൂബ് മേമന്റെ കാര്യത്തില്‍ മാത്രമല്ല, നമ്മുടെ അധികാര കേന്ദ്രങ്ങളും ജുഡീഷ്യറിയുമൊക്കെ ആ ലിബറല്‍ ഇന്ത്യയെ പരാജയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ടെലിവിഷന്‍ ചാനലുകള്‍ മുതല്‍ സുപ്രീം കോടതി വരെ, ബി.ജെ.പിയും കോണ്‍ഗ്രസും ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടികള്‍ മുതല്‍ ഒട്ടുമുക്കാല്‍ നേതാക്കളും ഒരു കാര്യം തെളിയിച്ചുകൊണ്ടിരിക്കുന്നു; ഭൂരിപക്ഷാഭിപ്രായമെന്ന് വിശേഷിപ്പിക്കുന്നതിനെ തള്ളിക്കളയാനും എഴുന്നേറ്റു നിന്ന് ഉന്നത മൂല്യങ്ങളെ കുറിച്ച് അഭിപ്രായം പറയാനുമുള്ള ധൈര്യം അവര്‍ക്ക് ചോര്‍ന്നു പോയിരിക്കുന്നു എന്ന്. അവര്‍ സമൂഹ മന:സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. അതുതന്നെയാണ് അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ ശരിവച്ചുകൊണ്ട് ഏതാനും വര്‍ഷം മുമ്പ് സുപ്രീം കോടതി പറഞ്ഞതും.

ഒച്ചവയ്ക്കുന്ന ആള്‍ക്കൂട്ടമല്ല സംസ്‌കാരമുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുന്നത്. മറിച്ച് ഉന്നത മൂല്യങ്ങളെ കുറിച്ച് ബോധവും വിവേകവുമുള്ള മനുഷ്യരാണ്. എന്നാല്‍ ഖേദകരമെന്നു പറയട്ടെ, നാം ഇന്ന് ജീവിക്കുന്നത് അത്തരമൊരു സമൂഹത്തില്‍ അല്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍