UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജസ്റ്റിസ് ലോയയുടെ മരണം ദുരൂഹം, സൊഹ്റാബുദീന്‍ കേസില്‍ അമിത് ഷായ്‌ക്കെതിരെ പുനരന്വേഷണം വേണം: യശ്വന്ത് സിന്‍ഹ

കേസിലെ നടപടികള്‍ അവസാനിപ്പിച്ച രീതി, ജഡ്ജിമാരെ മാറ്റിയ രീതി, ജഡ്ജിയുടെ മരണം, ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരായ ആരോപണം ഇതെല്ലാം അതീവ ഗൗരവമുള്ളതാണ് – യശ്വന്ത് സിന്‍ഹ പറഞ്ഞു.

സൊഹ്റാബുദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ പുനരന്വേഷണം വേണമെന്ന് ബിജെപി മുന്‍ നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിന്‍ഹ. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പുനരന്വേഷണം വേണമെന്നാണ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ യശ്വന്ത് സിന്‍ഹ ആവശ്യപ്പെടുന്നത്. കേസില്‍ കോടതിയില്‍ ഹാജരാകാന്‍ അമിത് ഷായോട് ആവശ്യപ്പെട്ട സിബിഐ കോടതി ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹരികിഷന്‍ ലോയയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും അമിത് ഷായ്ക്ക് അനുകൂലമായി വിധി പറയാന്‍ ലോയയ്ക്ക്, ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന മോഹിത് ഷാ 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും സഹോദരിയും പിതാവും വെളിപ്പെടുത്തിയിരുന്നു. കാരവാന്‍ മാഗസിനോട് അവര്‍ ഇക്കാര്യം പറഞ്ഞത്.

അമിത് ഷാ പ്രതിയായിരുന്ന കേസില്‍ തുടക്കം മുതല്‍ ഒത്തുതീര്‍പ്പുകള്‍ ഉണ്ടായിട്ടുള്ളതായി സംശയിക്കണം. ജഡ്ജിയുടെ മരണവും ജഡ്ജിക്ക് മറ്റൊരു ജഡ്ജി 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തു എന്ന ആരോപണവും ദുരൂഹതകളും സംശയങ്ങളും ഉണ്ടാക്കുന്നു. ഈ സംശയങ്ങള്‍ നീക്കാനുള്ള ബാധ്യത ജുഡീഷ്യറിക്കുണ്ട്. കേസിലെ നടപടികള്‍ അവസാനിപ്പിച്ച രീതി, ജഡ്ജിമാരെ മാറ്റിയ രീതി, ജഡ്ജിയുടെ മരണം, ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരായ ആരോപണം ഇതെല്ലാം അതീവ ഗൗരവമുള്ളതാണ് – യശ്വന്ത് സിന്‍ഹ പറഞ്ഞു. കേസില്‍ പുനരന്വേഷണം വേണമെന്ന് ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ പി ഷായും ആവശ്യപ്പെട്ടിരുന്നു.

കേസില്‍ വാദം കേട്ട ആദ്യ ജഡ്ജി ഉത്പത് അമിത് ഷായോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തെ സ്ഥലം മാറ്റി. രണ്ടാമത് വാദം കേട്ട ജസ്റ്റിസ് ലോയ 2014 നവംബര്‍ 30 രാത്രിക്കും ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെക്കും ഇടയിലുള്ള സമയത്താണ് മരിച്ചത്. മൂന്നാമത് വാദം കേട്ട ജസ്റ്റിസ് എംബി ഗോസാവി 2014 ഡിസംബര്‍ 30ന് അമിത് ഷായെ കുറ്റവിമുക്തനാക്കി. സൊഹ്റാബുദീന്‍ ഷെയ്ഖിനെയും ഭാര്യ കൌസര്‍ബിയെയും 2005 നവംബറിലാണ് ഗുജറാത്ത് പൊലീസിന്‍റെ ഭീകരവിരുദ്ധ സംഘം വെടിവച്ച് കൊല്ലുന്നത്. കൊലപാതകങ്ങള്‍ക്ക് സാക്ഷിയായിരുന്ന ഡ്രൈവര്‍ തുളസീറാം പ്രജാപതിയെ വെടി വച്ച് കൊന്ന ഏറ്റുമുട്ടല്‍ കേസിലും ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷാ പ്രതിയാവുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍