UPDATES

യാത്ര

എയര്‍പോര്‍ട്ടുകളുടെ സ്വകാര്യവത്ക്കരണം : 50 വര്‍ഷം പാട്ടത്തിന് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

ഫെബ്രുവരി 14-നാണ് ലേലത്തിന് തിരഞ്ഞെടുത്തവരുടെ അപേക്ഷകള്‍ ക്ഷണിക്കുക. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം, വികസനം, നിയന്ത്രണം തുടങ്ങിയ എല്ലാം 100 ശതമാനം സ്വകാര്യ പങ്കാളിത്തത്തില്‍ നടത്താനാണ് ഇത്തവണ സമിതി തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന.

തിരുവനന്തപുരമടക്കം ആറ് പൊതുമേഖല വിമാനത്താവളങ്ങള്‍ ഫെബ്രുവരി 28-ന് മുമ്പേ സ്വകാര്യവത്കരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. അടുത്ത പൊതു തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാരിന്റെ ഈ നീക്കം. അഹമ്മദാബാദ്, ജയ്പൂര്‍, ലക്നൗ, ഗുവാഹത്തി, മംഗലൂരു എന്നിവയാണ് മറ്റു വിമാനത്താവളങ്ങള്‍. ഈ വിമാനത്താവളങ്ങള്‍ 50 വര്‍ഷം പാട്ടത്തിനു കൊടുക്കുമെന്നാണ് റിപ്പോര്‍ട്ട്. വാങ്ങാന്‍ എത്തുന്നവരുടെ മൊത്തം ആസ്തിയും വാര്‍ഷിക വരുമാനവും പരിശോധിക്കുമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് നേതൃത്വം നല്‍കുന്ന സമിതി വ്യക്തമാക്കി. ആറ് വിമാനത്താവളങ്ങളുടെയും ലേലത്തില്‍ പങ്കെടുക്കാനുള്ള അധികാരം ഇവര്‍ക്കുണ്ട്.

ലേലത്തിന് മുന്നേ എല്ലാ രേഖകളും പരിശോധിക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഉത്തരവിട്ടു. ഫെബ്രുവരി 14-നാണ് ലേലത്തിന് തിരഞ്ഞെടുത്തവരുടെ അപേക്ഷകള്‍ ക്ഷണിക്കുക. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം, വികസനം, നിയന്ത്രണം തുടങ്ങിയ എല്ലാം 100 ശതമാനം സ്വകാര്യ പങ്കാളിത്തത്തില്‍ നടത്താനാണ് ഇത്തവണ സമിതി തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന. എന്നാല്‍, ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങള്‍ എയര്‍പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ജിഎംആര്‍, ജിവികെ കമ്പനികളുമായി പൊതു സ്വകാര്യ പങ്കാളിത്തത്തിലാണ് നടത്തുന്നത്. വിദേശ നിക്ഷേപകര്‍ക്കും ആറ് വിമാനത്താവളങ്ങളുടെ ലേലത്തില്‍ പങ്കെടുക്കാം.

ലേലക്കാരെ ആകര്‍ഷിക്കാനായി വിമാനത്താവളങ്ങളുടെ പരിസരത്ത് മാളുകളും ഹോട്ടലുകളും നിര്‍മ്മിക്കുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ മുന്‍പ് അഹമ്മദാബാദ്, ജയ്പൂര്‍ വിമാനത്താവളങ്ങള്‍ പകുതി സ്വകാര്യവത്കരിക്കാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല.കൂടുതല്‍ ആകര്‍ഷകമാക്കാന്‍ സര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് സംവിധാനവും ഉറപ്പു വരുത്തും. എന്നാല്‍ പല കമ്പനികളും സാമ്പത്തിക ബുദ്ധിമുട്ടിലായതിനാല്‍ ഈ പദ്ധതിക്ക് മികച്ച പ്രതികരണം ലഭിക്കുമോ എന്ന ഭയം സര്‍ക്കാറിനുണ്ടെന്ന് ചില ഉദ്യോഗസ്ഥര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍