കേരളത്തില്‍ സിപിഎമ്മിന്‌റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 400ലധികം ആക്രമണങ്ങള്‍ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായതായാണ് ബിജെപി സംസ്ഥാനഘടകത്തിന്‌റെ ആരോപണം.
കേരള ബിജെപി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താനുള്ള നീക്കത്തിന് പിന്നില്‍ സിപിഎമ്മില്‍ നിന്നുള്ള ഭീഷണിയെന്ന്‍ കേന്ദ്രം. സംസ്ഥാന പ്രസിഡന്‌റ് കുമ്മനം രാജശേഖരന്‍, മുന്‍ സംസ്ഥാന പ്രസിഡന്‌റ് പി കെ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേഷ്, ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് സുരക്ഷാ ഭീഷണി ഉണ്ടെന്ന വിലയിരുത്തലില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്. കേരളത്തില്‍ സിപിഎമ്മിന്‌റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 400-ലധികം ആക്രമണങ്ങള്‍ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായതായാണ് ബിജെപി സംസ്ഥാനഘടകത്തിന്‌റെ ആരോപണം. നേരത്തെ ഭീകരസംഘടനകളില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്ന് ബിജെപി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ്. വന്നിരുന്നത്.
വൈ കാറ്റഗറി സുരക്ഷ സംബന്ധിച്ച തീരുമാനം രണ്ടാഴ്ച മുമ്പ് തന്നെ എടുത്തിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ഇന്‌റലിജന്‍സ് വിവരങ്ങള്‍ക്ക് അനുസരിച്ചാണ് നാല് ബിജെപി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. വൈ കാറ്റഗറി സുരക്ഷ പ്രകാരം 11-12 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ അനുഗമിക്കും. സിആര്‍പിഎഫുകാര്‍ക്കാണ് സുരക്ഷാ ചുമതല നല്‍കിയിരിക്കുന്നത്. സുരക്ഷാ വിഭാഗം നിശ്ചയിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായി രണ്ട് സമിതികളുണ്ട് – പ്രൊട്ടക്ഷന്‍ റിവ്യൂ ഗ്രൂപ്പും സെക്യൂരിറ്റി കാറ്റഗറൈസേഷന്‍ കമ്മിറ്റിയും. രണ്ടിലും ഐബി ഉദ്യോഗസ്ഥര്‍ അംഗങ്ങളാണ്. രാജ്യത്ത് 300-ഓളം പേര്‍ക്ക് സിആര്‍പിഎഫ്, സിഐഎസ്എഫ് (സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്), ഐടിബിപി (ഇന്‍ഡോ ടിബറ്റന്‍ ബോഡര്‍ പൊലീസ്) എന്നിവ ചേര്‍ന്ന് സുരക്ഷ ഒരുക്കുന്നുണ്ട്.
കഴിഞ്ഞ ഡിസംബറില്‍ പഞ്ചാബിലെ നാല് ആര്‍എസ്എസ് നേതാക്കള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ലുധിയാനയില്‍ നിന്നുള്ള രാമേശ്വര്‍ ദാസ്, അമൃത്‌സറില്‍ നിന്നുള്ള പ്രമോദ്, ജലന്ധറില്‍ നിന്നുള്ള രാംഗോപാല്‍, കുല്‍ദീപ് ഭഗത് എന്നിവര്‍ക്ക് വൈ കാറ്റഗറിയില്‍ കുറഞ്ഞ എക്‌സ് കാറ്റഗറി സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എക്‌സ് കാറ്റഗറി സുരക്ഷ പ്രകാരം അഞ്ചോ ആറോ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിഐപിയ്‌ക്കൊപ്പമുണ്ടാവും. സിഐഎസ്എഫിനാണ് പഞ്ചാബിലെ ബിജെപി – ആര്‍എസ്എസ് നേതാക്കളുടെ സുരക്ഷാ ചുമതല. ഫെബ്രുവരി നാലിന് പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.