UPDATES

2016: ഇതൊക്കെയായിരുന്നു ഇന്ത്യ ഈ ഒരു വര്‍ഷം

എടുത്തു പറയേണ്ട കാര്യം, വര്‍ഷാവസാനമായപ്പോള്‍ ചോദ്യങ്ങളില്ലാതെ ക്യൂ നില്ക്കാന്‍ നമ്മള്‍ പഠിച്ചു എന്നതാണ്.

2016 അവസാനിക്കുകയാണ്; രാജ്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒരു വര്‍ഷം കൂടിയാണ് കടന്നു പോകുന്നത്. എടുത്തു പറയേണ്ട കാര്യം, വര്‍ഷാവസാനമായപ്പോള്‍ ചോദ്യങ്ങളില്ലാതെ ക്യൂ നില്ക്കാന്‍ നമ്മള്‍ പഠിച്ചു എന്നതാണ്. സ്വാതന്ത്ര്യം പൊരുതി നേടിയ ഒരു ജനതയുടെ ദേശസ്നേഹത്തിന്‍റെ അളവുകോലുകള്‍ വരെ മാറി. അക്ഷരമാലയിലൂടെ 2016നെ വായിക്കുമ്പോൾ-

A – Assam & Arunachal

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്ഥാനമുറപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചിരുന്ന ബി‌ജെ‌പിയുടെ അരുണാചലിലെ ആദ്യ ശ്രമങ്ങള്‍ പാളിയെങ്കിലും രണ്ടാം ശ്രമത്തില്‍ കോണ്‍ഗ്രസ്സിലെ എം‌എല്‍‌എമാരെ പുറത്തു കൊണ്ടു വരാന്‍ അവര്‍ക്കു കഴിഞ്ഞു. അസാമിലെ വിജയം ഒരു വലിയ കാല്‍വയ്പ്പായി. നോര്‍ത്ത് ഈസ്റ്റിലേയ്ക്കുള്ള ബി‌ജെ‌പിയുടെ കവാടമായി അസാം മാറുമോ എന്ന് കാത്തിരുന്നു കാണാം.

B – Bipin and Bakshi

ഡിസംബര്‍ 31-നു സ്ഥാനമൊഴിയുന്ന ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗിനു പകരം ആര്‍മി ചീഫായി ബിപിന്‍ റാവത്തിനെ നിയമിച്ചത് വിവാദങ്ങള്‍ക്ക് തീ കൊളുത്തി. നിലവില്‍ ഏറ്റവും സീനിയറായ ലഫ്. ജനറല്‍ പ്രവീണ്‍ ബക്ഷിയെയും അതിനു താഴെ ലഫ്. ജനറല്‍ പിഎം ഹാരിസിനെയും മറികടന്നാണ് റാവത്തിന്‍റെ നിയമനം. ഈ നടപടിക്ക് പ്രത്യാഘാതങ്ങളുണ്ടാകാമെന്ന് ചില വിഭാഗങ്ങള്‍ കരുതുന്നു. ബക്ഷി രാജി വയ്ക്കുമോ അതോ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ആകുമോ?

C – Cyrus Mistry

ടാറ്റ സണ്‍സിന്‍റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് സൈറസ് മിസ്ട്രിയെ പുറത്താക്കിയത് വലിയ വാര്‍ത്തയായിരുന്നു. വിവാദങ്ങളും പരസ്പരമുള്ള ചെളി വാരിയെറിയലും പുറകേയുണ്ടായി. ടാറ്റ ഗ്രൂപ്പിന്‍റെ ഏറ്റവും ചെറുപ്പക്കാരനായ ചെയര്‍മാനായി മിസ്ട്രി നിയമിതനായത് ഏറെ ആഘോഷങ്ങളോടെയാണ്. എന്നാല്‍ ഉപ്പു തൊട്ട് ഉരുക്കു വരെ നിര്‍മ്മിക്കുന്ന ടാറ്റ സാമ്രാജ്യത്തെ പലവിധ ആരോപണങ്ങളില്‍ കോടതി കയറ്റാനുള്ള ഒരുക്കത്തിലാണ് ഇന്നു സൈറസ് മിസ്ട്രി.

D – Demonetisation

നവംബര്‍ എട്ടിനു രാജ്യത്തെ മുഴുവന്‍ അമ്പരപ്പിച്ച പ്രഖ്യാപനമായി ആരംഭിച്ച ‘ഡീമോണറ്റൈസേഷന്‍’ നടപടികളുടെ അലയൊലികള്‍ എത്ര നാളത്തേയ്ക്ക് ഉണ്ടാകുമെന്നു പറയാന്‍ പോലും ഇന്നും ഇന്ത്യയ്ക്കാകുന്നില്ല. ആര്‍ബിഐ എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നല്ല, Reverse Bank of India എന്നു നിര്‍വചിക്കണമെന്ന രീതിയിലാണ് സര്‍ക്കുലറുകളും അവയില്‍ തുടരെ തുടരെയുണ്ടായ മാറ്റങ്ങളും കേന്ദ്ര ബാങ്കില്‍ നിന്നു പ്രവഹിച്ചത്. കള്ളപ്പണവും കള്ളനോട്ടുകളും തുടച്ചു നീക്കാനെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ തുടങ്ങിയ നടപടികള്‍ ഇപ്പോള്‍ ‘കാഷ്ലെസ്സ്’ സമ്പദ്വ്യവസ്ഥ എന്ന ഗോള്‍പോസ്റ്റിലെത്തി നില്‍ക്കുകയാണ്. രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത തരം നീക്കത്തിനു ചുക്കാന്‍ പിടിച്ച നരേന്ദ്ര മോദിയെ ഡീമോണറ്റൈസേഷന്‍ വളര്‍ത്തുമോ തളര്‍ത്തുമോ?

E – Earthquake

ഭൂമികുലുക്കം എന്ന പ്രകൃതിയുടെ പ്രതിഭാസത്തെ ഇക്കൊല്ലം രാഷ്ട്രീയ പദാവലിയിലെത്തിച്ചത് രാഹുല്‍ ഗാന്ധിയാണ്. രാജ്യത്തിന്‍റെ പ്രധാനമന്ത്രിയും ബി‌ജെ‌പി നേതാവുമായ നരേന്ദ്ര മോദി നടത്തിയ അഴിമതിയുടെ വിവരങ്ങള്‍ കയ്യിലുണ്ടെന്നും പുറത്തു വന്നാല്‍ ശക്തമായൊരു ഭൂകമ്പത്തിനു തന്നെ അത് വഴി വെയ്ക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ അവകാശവാദം. വന്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് കോടിക്കണക്കിനു രൂപ നരേന്ദ്ര മോദി കൈപ്പറ്റിയിട്ടുണ്ടെന്ന ആരോപണം പക്ഷേ പ്രധാനമന്ത്രി ചിരിച്ചു തള്ളി. പൊട്ടാത്തതെന്ന് ബി‌ജെ‌പി നടിക്കുന്ന ആ ബോംബ് നിര്‍വ്വീര്യമായെന്നു പറയാമോ?

F – flogging

ചത്ത പശുക്കളുടെ തോലുരിച്ചതിന് ഗുജറാത്തില്‍ ദളിതരെ മര്‍ദ്ദിച്ചത് രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയാക്കി. ബി‌ജെ‌പി നേരിട്ട വലിയ തിരിച്ചടികളിലൊന്ന്. ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ഉണ്ടായ ദളിത് മുന്നേറ്റം ഏറെ ചലനങ്ങളുണ്ടാക്കി. വ്യക്തമായ ദിശാബോധത്തോടും രാഷ്ട്രീയ നിലപാടുകളോടും കൂടി അവകാശങ്ങള്‍ക്കായി സമരം ചെയ്യാന്‍ ഇത് ദളിത് സമൂഹത്തെ പ്രാപ്തരാക്കുമോ?

G – GST (Goods and Services Tax)

ഇന്നു നിലവിലുള്ള വിവിധ നികുതിയിനങ്ങളെ പരിഷ്കരിച്ച് ഒറ്റ നികുതി വ്യവസ്ഥയിലെത്തിക്കാന്‍ ലക്ഷ്യമിടുന്ന ജി‌എസ്‌ടിയുടെ നവീകരണ നയങ്ങളിലെ അവ്യക്തത തുടരുകയാണ്. നികുതി വ്യവസ്ഥയിലെ മാറ്റങ്ങള്‍ക്കു വേണ്ടിയുള്ള ഭരണഘടനാ ഭേദഗതി പൂര്‍ത്തിയായെങ്കിലും ജി‌എസ്‌ടി നിയമ നടപടികള്‍ ബാക്കിയാണ്. 2017 സെപ്തംബര്‍ ആണ് പരിപാടികള്‍ പൂര്‍ത്തീകരിക്കാനായി ഗവണ്‍മെന്‍റ് ലക്ഷ്യം വയ്ക്കുന്ന സമയപരിധിയെങ്കിലും അതിനോടകം ജിഎസ്ടി നടപ്പിലാകുമോയെന്ന് കണ്ടറിയണം.

H – Hacking

പോയ വര്‍ഷം സൈബര്‍ ലോകത്തെ മുഖമില്ലാത്ത കുറ്റവാളികളുടെ വലയില്‍ പെട്ട വെബ്സൈറ്റുകള്‍ നിരവധിയായിരുന്നു. അനേക ലക്ഷം ഉപഭോക്താക്കളുടെ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നത് വലിയ ആശങ്കയ്ക്കിടയാക്കി, പ്രത്യേകിച്ച് ഇന്ത്യ ‘കാഷ്ലെസ്സ് സമ്പദ്സ്ഥവ്യവസ്ഥ’യിലേയ്ക്ക് കുതിക്കാന്‍ തീരുമാനിച്ച ഇക്കൊല്ലം. രാഹുല്‍ ഗാന്ധിയെ പോലെയുള്ള രാഷ്ട്രീയ നേതാക്കന്മാരുടെയും ബര്‍ഖാ ദത്ത്, രവീഷ് കുമാര്‍ തുടങ്ങിയ പത്രപ്രവര്‍ത്തകരുടെയും ട്വിറ്റര്‍ അക്കൌണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു.

I – Irom Sharmila

മണിപ്പൂരില്‍ നിലനില്‍ക്കുന്ന Armed Forces Special Power Act (AFSPA) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തുടര്‍ച്ചയായി 16 വര്‍ഷക്കാലം നിരാഹാരമനുഷ്ഠിച്ച, പൌരാവകാശ പ്രവര്‍ത്തകയും കവയിത്രിയുമായ ഇറോം ഷര്‍മിള ഈ വര്‍ഷം സമരമവസാനിപ്പിച്ചു. മണിപ്പൂരില്‍ ശാശ്വതമായ മാറ്റങ്ങള്‍ കൊണ്ടുവരാനായി സജീവ രാഷ്ട്രീയത്തിലിറങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച ഷര്‍മിള ഇംഫാലില്‍ നടന്ന 10 പേരുടെ കൂട്ടക്കൊലയെ തുടര്‍ന്നാണ് 2000-ല്‍ തന്‍റെ പോരാട്ടം ആരംഭിച്ചത്.

J – Jayalalithaa and JNU

എഐഎഡിഎംകെ നേതാവ് ജയലളിതയുടെ മരണം തമിഴ്നാടിന്‍റെ മുഖമായ ദ്രാവിഡ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കാന്‍ പോകുന്നത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ തിരിച്ചു വരവാണോ അതോ പ്രാദേശിക രാഷ്ട്രീയത്തിലെ പുതിയ താരോദയങ്ങളാണോ തമിഴ്നാടിനായി 2017 കാത്തു വച്ചിരിക്കുന്നത്?

പാരതന്ത്ര്യത്തെ നിരാകരിച്ചു കൊണ്ടുള്ള ‘ആസാദി’ മുദ്രാവാക്യങ്ങളിലൂടെ തുടങ്ങി ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല ദിവസങ്ങളോളം വാര്‍ത്തയിലും ഇന്ത്യന്‍ ജനതയുടെ രാഷ്ട്രീയ ചര്‍ച്ചകളിലും നിറഞ്ഞു നിന്നു. പ്രതിപക്ഷ പ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രം വിദ്യാര്‍ത്ഥികളിലേയ്ക്ക് മാറുന്നത് ചരിത്രത്തിന്‍റെ ആവര്‍ത്തനമാകുമോ?

K – Kashmir and Karun Nair

ഏതാണ്ട് വര്‍ഷം മുഴുവന്‍ തന്നെ കാഷ്മീര്‍ സംഘര്‍ഷാവസ്ഥയിലായിരുന്നു. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാണി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് കാഷ്മീര്‍ യുവാക്കള്‍ തെരുവുകളിലിറങ്ങാന്‍ കാരണമായി. സംഘര്‍ഷം നേരിടാന്‍ ജനങ്ങള്‍ക്കു നേരെ സേന പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയാക്കി. പ്രക്ഷോഭകരും സുരക്ഷാസൈനികരും ഉള്‍പ്പെടെ 100-ലേറെ മരണം.

ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതുമുഖങ്ങള്‍ വരവറിയിച്ച ഈ വര്‍ഷം തന്‍റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി തന്നെ ട്രിപ്പിള്‍ സെഞ്ച്വറിയാക്കി കരുണ്‍ നായര്‍ തിളങ്ങി. വീരേന്ദര്‍ സേവാഗിനു ശേഷം ട്രിപ്പിള്‍ സെഞ്ച്വറി നേട്ടം സ്വന്തമാക്കുന്ന ഇന്ത്യക്കാരനായി ഇതോടെ കരുണ്‍.

L – ladoos

പ്രസിദ്ധമായ തിരുപ്പതി ക്ഷേത്ര പ്രസാദമായ ലഡുവിന് ഫുഡ് സേഫ്റ്റി & സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) സര്‍ട്ടിഫിക്കേഷന്‍ വേണമെന്ന ആവശ്യം തിരുമല തിരുപ്പതി ദേവസ്ഥാനം നിഷേധിച്ചു. പ്രസാദമുണ്ടാക്കുന്ന സ്ഥലം പരിപാവനമാണെന്നും അവിടേയ്ക്ക് ഇന്‍സ്പെക്റ്റര്‍മാരെ അനുവദിക്കാനാവില്ലെന്നും അവര്‍ വ്യക്തമാക്കി.

കള്ളപ്പണത്തിനെതിരെയുള്ള പ്രധാന മന്ത്രിയുടെ പോരാട്ടത്തില്‍ സഹകരിച്ച, സ്വന്തം അക്കൌണ്ടില്‍ നിന്നു പണം പിന്‍വലിക്കാന്‍ ക്ഷമയോടെ ക്യൂ നില്‍ക്കുന്ന പൊതുജനങ്ങളെ അഭിനന്ദിക്കാന്‍ മധുര വിതരണത്തിനു വരെ ബി‌ജെ‌പി തയ്യാറായതോടെ ലഡു വീണ്ടും വാര്‍ത്തയായി. ടൈം മാഗസിന്‍ ‘Person of the year’ ആയി പ്രധാന മന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയില്‍ വാങ്ങി വച്ച ലഡ്ഡുവാണ് അവയെന്ന ട്രോളുകളും ഇതിനോടൊപ്പം ഉയര്‍ന്നു.

M – Mamata

ഡീമോണറ്റൈസേഷന്‍ സാധാരണ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണെന്നു തുറന്നടിച്ച് ശക്തമായ പ്രതിപക്ഷ ശബ്ദമായി തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവായ മമത ബാനര്‍ജി. എന്‍‌ഡി‌എ ഗവണ്‍മെന്‍റിനെതിരെ എതിര്‍ക്കാനുള്ള അവസരങ്ങളൊന്നും പാഴാക്കാതെ തുടക്കം മുതല്‍ മമത ഉറച്ചു നില്‍ക്കുന്നു.

N – Najeeb & Najeeb

ആം ആദ്മി പാര്‍ട്ടി സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ ഡെല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജങ് രാജി പ്രഖ്യാപനം നടത്തിയത് അപ്രതീക്ഷിതമായായിരുന്നു. തന്‍റെ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ചട്ടുകമായി ലഫ്. ഗവര്‍ണര്‍ മാറിയിരിക്കുകയാണ് എന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്‍റെ ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ ജങിന്റെ പിന്‍ഗാമിയായി ആര്‍എസ്എസ് പശ്ചാത്തലമുള്ള അനില്‍ ബൈജാല്‍ വരുമ്പോള്‍ ഡല്‍ഹിയില്‍ ഇനിയും ഏറ്റുമുട്ടലുകള്‍ പ്രതീക്ഷിക്കാം.

കാംപസ്സിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ 15 മുതല്‍ കാണാതായ നജീബ് അഹ്മദ് എന്ന ജെ‌എന്‍‌യു ഗവേഷക വിദ്യാര്‍ത്ഥിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കടുത്ത അനാസ്ഥയാണ് ജെ‌എന്‍‌യു അഡ്മിനിസ്ട്രേഷന്‍ ഇക്കാര്യത്തില്‍ തുടക്കം മുതല്‍ കാണിച്ചതെന്നും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതപ്പെടുന്ന എ‌ബി‌വി‌പി സംഘടനാംഗങ്ങളെ സംരക്ഷിക്കുന്ന നയമാണ് അവര്‍ സ്വീകരിച്ചതെന്നുമുള്ള ആരോപണം ശക്തമാണ്.

O – Olympics

ഒളിമ്പിക്സ് വര്‍ഷമായിരുന്നു 2016. ലോകത്തെ ഏറ്റവും വലിയ കായികാഘോഷത്തില്‍ ഇന്ത്യയുടെ അഭിമാനം കാത്തുസൂക്ഷിച്ചത് വനിതാ താരങ്ങളുടെ മിന്നുന്ന പ്രകടനങ്ങളായിരുന്നു. വെള്ളി മെഡല്‍ നേടിയ ബാഡ്മിന്‍റണ്‍ താരം പിവി സിന്ധുവിനും ഗുസ്തിയിലെ ഓട്ടുമെഡല്‍ ജേതാവ് സാക്ഷി മാലിക്കിനുമൊപ്പം ജിംനാസ്റ്റിക്സില്‍ നാലാം സ്ഥാനത്തെത്തിയ ദീപ കര്‍മകറും മുഴുവന്‍ ഇന്ത്യക്കാരുടെയും അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങി. അതേസമയം ഒളിമ്പിക് വേദിയില്‍ കായികമന്ത്രി വിജയ് ഗോയല്‍ രാജ്യത്തിന് നാണക്കേടുണ്ടാക്കിയതും വാര്‍ത്തയായിരുന്നു.

P – Pathankot, PayTM

വ്യോമസേനയുടെ പത്താന്‍കോട്ട് എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ ഏഴു സൈനികര്‍ കൊല്ലപ്പെട്ട സംഭവം രാജ്യത്തെ നടുക്കുന്നതായിരുന്നു. ആക്രമണത്തില്‍ 4 തീവ്രവാദികള്‍ ഉള്‍പ്പെട്ടിരുന്നുവെന്നും അവരെ വധിച്ചുവെന്നും പറയുമ്പോള്‍ കേസന്വേഷിക്കുന്ന എന്‍ഐഎ ഓപ്പറേഷന്‍ നടപ്പിലാക്കിയ എന്‍എസ്ജി ആറ് തീവ്രവാദികളെ വധിച്ചതായി അവകാശപ്പെടുന്നു. പാക്കിസ്ഥാനുമായുള്ള അയല്‍ബന്ധം വളരെ മോശമാക്കാനും സംഭവം ഇടയാക്കി.

നോട്ട് നിരോധന പ്രഖ്യാപനം വന്നതിനു ശേഷം ഇന്ത്യയില്‍ പണമിടപാടുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന പേരുകളിലൊന്നായി സ്വകാര്യ വാലറ്റ് കമ്പനിയായ പെയ്ടിഎം മാറി. ആരംഭിച്ച് വളരെ കുറച്ചു സമയത്തിനുള്ളില്‍ വന്‍വളര്‍ച്ച കൈവരിക്കുന്നതിനും നോട്ട് നിരോധനം കമ്പനിയെ സഹായിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കമ്പനി തങ്ങളുടെ പരസ്യത്തിന് ഉപയോഗിച്ചത് ഏറെ വിമര്‍ശനവിധേയമായി. പെയ്ടിഎം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തന്നെ ജനങ്ങളോട് ആവശ്യപ്പെടുന്ന സന്ദര്‍ഭങ്ങളും ഇപ്പോള്‍ നാം കാണുന്നു.

Q – Queue

നവംബര്‍ 8 മുതല്‍ രാജ്യം മുഴുവന്‍ ക്യൂവിലായിരുന്നു, ഒന്നുകില്‍ ബാങ്കിനു മുന്നില്‍, അല്ലെങ്കില്‍ എടിഎമ്മിനു മുന്നില്‍. ഏതു സമയത്തും ഇന്ത്യയില്‍ ശരാശരി പത്തു കോടി ജനങ്ങള്‍ ക്യൂ നില്‍ക്കുകയാണ് എന്നാണ് മുന്‍ ധനകാര്യ മന്ത്രി പി ചിദംബരം ഈ അവസ്ഥയെ വിശേഷിപ്പിച്ചത്.

R – Rohit Vemula

ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദളിത് വിദ്യാര്‍ത്ഥി സമൂഹം നേരിടുന്ന പ്രശ്നങ്ങളെ പൊതുജന ശ്രദ്ധയിലെത്തിച്ചു. ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ക്കു വഴി വച്ച ഈ സംഭവത്തില്‍ എടുത്ത നിലപാടുകളെ ചൊല്ലി അന്നത്തെ എച്ച്‌ആര്‍‌ഡി മന്ത്രിയായിരുന്ന സ്മൃതി ഇറാനിയും ഹൈദരാബാദ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ, പി അപ്പാറാവുവും നിശിതമായി വിമര്‍ശിക്കപ്പെട്ടിരുന്നു. രാജ്യത്തെ ക്യാമ്പസുകളില്‍ സംഘപരിവാര്‍ വിരുദ്ധ പോരാട്ടത്തിനും ദളിത് മുന്നേറ്റ സമരങ്ങള്‍ക്കും രോഹിതിന്റെ മരണം കാരണമായി.

S – Surgical Strike

ഉറിയിലെ ആര്‍മി ബേസ് തീവ്രവാദികള്‍ ആക്രമിച്ചതിനു തിരിച്ചടിയായി പാക് അധീന കാശ്മീര്‍ പ്രദേശത്തുള്ള തീവ്രവാദികളുടെ ലോഞ്ച് പാഡുകള്‍ ഇന്ത്യ ആക്രമിച്ചു. ജമ്മു കാഷ്മീരിലേയ്ക്കും ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേയ്ക്കും നുഴഞ്ഞു കയറാന്‍ തയാറെടുത്തിരുന്ന ഭീകരരെയാണ് ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ എന്നു പേരിട്ടു വിളിച്ച ഓപ്പറേഷനില്‍ തങ്ങള്‍ വധിച്ചതെന്ന് DGMO ലെഫ്. ജനറല്‍ രണ്‍ബീര്‍ സിങ് അറിയിച്ചു. മരണസംഖ്യയെ കുറിച്ചും ആക്രമണത്തിന്‍റെ വിശദാംശങ്ങളെ കുറിച്ചും പല വിശദീകരണങ്ങള്‍ വന്നെങ്കിലും ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ എന്ന പ്രയോഗം ശ്രദ്ധിക്കപ്പെട്ടു. ആര്‍മി നീക്കത്തിന്‍റെ ഖ്യാതി ഏറ്റെടുക്കാനുള്ള ബി‌ജെ‌പി ശ്രമങ്ങള്‍ വിമര്‍ശിക്കപ്പെടുന്ന സാഹചര്യവും തുടര്‍ന്നുണ്ടായി.

T – Triple Talaq

മുത്തലാക്കിലൂടെ മുസ്ലീം പുരുഷന്മാര്‍ ഏകപക്ഷീയമായി വിവാഹമോചനം നേടുന്നതിനെതിരെ വിവിധ മുസ്ലീം വനിതകള്‍ സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജ്ജികളില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച നോട്ടീസില്‍ സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി മുത്തലാക്കിനെതിരെ നിലപാടെടുക്കാന്‍ കേന്ദ്ര ഗവണ്‍മെന്‍റ് തീരുമാനിച്ചു. മുസ്ലീം വ്യക്തി നിയമത്തിനെതിരായ നിലപാടാണ് ഗവണ്‍മെന്‍റ് കൈക്കൊണ്ടത് എന്ന്‍ പ്രതികരിച്ചവരില്‍ മുസ്ലീം വനിതകളും ഉള്‍പ്പെടുന്നു.

U – Uniform Civil code

യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കുന്നത് ഇക്കൊല്ലം വീണ്ടും ചര്‍ച്ചയായിരുന്നു. മുസ്ലീങ്ങള്‍ക്കിടയില്‍ നില നില്‍ക്കുന്ന മുത്തലാക്ക്, ബഹുഭാര്യാത്വം തുടങ്ങിയ സ്ത്രീ വിരുദ്ധ വഴക്കങ്ങള്‍ക്കെതിരെ നില കൊള്ളുമ്പോഴും സമുദായത്തിന്‍റെ ഉത്കണ്ഠകള്‍ പരിഹരിച്ചു കൊണ്ടും അഭിപ്രായ സമന്വയത്തിലൂടെയും വേണം ഗവണ്‍മെന്‍റ് ഇക്കാര്യത്തില്‍ മുന്നോട്ടു പോകാന്‍ എന്ന് പല കോണില്‍ നിന്നും ആവശ്യമുയരുന്നു.

V – Virat Kohli

ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍മാരിലൊരാളായി വിരാട് കോഹ്ലി തന്‍റെ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെ അവരുടെ നാട്ടില്‍ പരാജയപ്പെടുത്തിയപ്പോള്‍ ന്യൂസീലാന്‍ഡിനെയും ഇംഗ്ളണ്ടിനെയും ഇന്ത്യന്‍ മണ്ണില്‍ മുട്ടു കുത്തിച്ചു. 2016 വ്യക്തിഗത മികവിന്‍റെ കൂടെ വര്‍ഷമായി കോഹ്ലിക്ക്. മൂന്നു ടെസ്റ്റ് പരമ്പരകളില്‍ തുടര്‍ച്ചയായി ഡബിള്‍ സെഞ്ച്വറി നേടി. ടെസ്റ്റിലും ഏകദിനത്തിലും ട്വന്‍റി20-കളിലും മികച്ച ബാറ്റിങ് ശരാശരി നിലനിര്‍ത്തുകയും ചെയ്തു.

W – Wallets

നോട്ടു പിന്‍വലിക്കലിന്‍റെ ഗുണഫലങ്ങള്‍ ഏറ്റവും കൂടുതല്‍ സ്വന്തമാക്കിയവരില്‍ ഡിജിറ്റല്‍ വാലറ്റ് കമ്പനികളും ഉള്‍പ്പെടുന്നു. കറന്‍സി രഹിത വിനിമയങ്ങള്‍ അത്യാവശ്യമായതോടെ പെയ്ടിഎം പോലെയുള്ള ഈ-വാലറ്റ് ഉപഭോക്താക്കളുടെ എണ്ണവും കുതിച്ചുയര്‍ന്നു. ഇത്തരം കമ്പനികളെ സഹായിക്കാനാണ് ഡീമോണറ്റൈസേഷന്‍ നടപ്പിലാക്കിയതെന്നു ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചപ്പോള്‍ Paytm എന്നാല്‍ ‘Pay to മോദി’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിര്‍വ്വചനം. എസ്ബിഐയുടെ buddy ഉള്‍പ്പെടെ ബാങ്കുകളുടെ വാലറ്റ്, PayTM പോലെ മൊബൈല്‍ റീചാര്‍ജ് വഴിയുള്ള വാലറ്റുകള്‍, JioMoney പോലെയുള്ള മൊബൈല്‍ സര്‍വീസ് കമ്പനികളുടെ വാലറ്റുകള്‍, AppleWallet പോലെയുള്ള കമ്പ്യൂട്ടര്‍, ടെക്നോളജി കമ്പനികളുടെ വാലറ്റുകള്‍, OlaMoney പോലെയുള്ള ആപ് ബേസ്ഡ് കാര്‍ പൂളിംഗ് കമ്പനികളുടെ വാലറ്റുകള്‍ തുടങ്ങി ഇന്ത്യയിലിപ്പോള്‍ വാലറ്റ് യുഗമാണ്.

X – XXX

കര്‍ണ്ണാടക സംസ്ഥാനത്തെ സെക്സ് വീഡിയോ പ്രശ്നങ്ങള്‍ വിട്ടൊഴിയുന്നില്ല. 2012ല്‍ നിയമസഭയിലിരുന്നു അശ്ലീല വീഡിയോകള്‍ കണ്ടതിന് മൂന്നു ബി‌ജെ‌പി എം‌എ‌എല്‍മാര്‍ വിവാദത്തിലകപ്പെട്ടിരുന്നു. കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയായ സിദ്ധരാമയ്യയുടെ മന്ത്രിസഭയിലെ എക്സൈസ് മന്ത്രി എച്ച് വൈ മേതി ഉള്‍പ്പെട്ട സെക്സ് സി‌ഡിയാണ് 2016-ല്‍ പുറത്തു വന്നത്. സ്ഥലമാറ്റത്തിന് പകരം യുവതിയില്‍ നിന്ന് ലൈംഗിക ഉപകാരങ്ങള്‍ ആവശ്യപ്പെട്ടതായി ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ മേതി മന്ത്രിസ്ഥാനം രാജി വച്ചു.

Y – Yadav clan

2017 ആദ്യം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവ് പക്ഷവും മുലായംസിങ് യാദവിന്‍റെ അനുജന്‍ ശിവ്പാല്‍ യാദവ് പക്ഷവും തമ്മിലുള്ള വടംവലികള്‍ വാര്‍ത്തയായിരിക്കുന്നു. മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റെ ചെറുപ്പവും അഴിമതിരഹിതനെന്ന പ്രതിച്ഛായയും അദ്ദേഹത്തിനു നേടിക്കൊടുത്ത ജനസമ്മതിയാണ് മറുപക്ഷത്തെ അസ്വസ്ഥമാക്കുന്നത്. 2019ലെ ലോകസഭ തെരഞ്ഞെടുപ്പിനു മുന്‍പുള്ള സുപ്രധാന സംസ്ഥാന തെരഞ്ഞെടുപ്പാണ് യു‌പിയിലേത് എന്നതിനാല്‍ ഈ സാഹചര്യത്തെ എങ്ങനെ മുതലാക്കാം എന്നാണ് ബി‌എസ്‌പിയും ബി‌ജെ‌പിയുമടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നോട്ടം.

Z – Zakir Naik

ധാക്കയിലെ റെസ്റ്റോറന്‍റില്‍ ഭീകരാക്രമണം നടത്തിയ തീവ്രവാദികള്‍ക്ക് സാക്കിര്‍ നായിക്കിന്‍റെ പ്രകോപനപരമായ പ്രഭാഷണങ്ങള്‍ പ്രചോദനമായി എന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഇന്ത്യയിലും ഈ മതപ്രഭാഷകന്‍ നിരീക്ഷണത്തിലായി. കേരളത്തില്‍ നിന്ന് ഐസിസില്‍ ചേര്‍ന്നുവെന്ന് കരുതപ്പെടുന്ന രണ്ടു യുവാക്കളുമായി നായിക് കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. നായിക്കിന്‍റെ സ്ഥാപനമായ ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷന് ഇന്ത്യയില്‍ അഞ്ചു വര്‍ഷത്തെ നിരോധനം ഏര്‍പ്പെടുത്തുകയും വര്‍ഗ്ഗീയ സ്പര്‍ദ്ധ വളര്‍ത്തിയതിന് നായിക്കിനെതിരെ എന്‍ഐഎ, എഫ്ഐ‌ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

(എഞ്ചിനീയറും വിവര്‍ത്തകയുമാണ് ഹരിപ്രിയ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Avatar

ഹരിപ്രിയ കെ.എം

എഞ്ചിനീയറും വിവര്‍ത്തകയുമാണ് ഹരിപ്രിയ

More Posts

Follow Author:
Twitter

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍