UPDATES

ട്രെന്‍ഡിങ്ങ്

ഹാദിയ എന്ന ഇരുപത്തഞ്ചുകാരിയെ കേരള സമൂഹം അടച്ചുപൂട്ടിയിട്ട വര്‍ഷം കൂടിയാണ് 2017

ഹാദിയ അനുഭവിച്ച ആറ് മാസത്തെ അന്യായ തടങ്കല്‍- നീതിപീഠവും ഭരണകൂടവും അതിന് മറുപടി പറയാന്‍ ബാധ്യസ്ഥരാണ്

പോയവര്‍ഷം കേരളം ഏറ്റവും ചര്‍ച്ച ചെയ്തവരില്‍ ഒരാളായിരിക്കും ഹാദിയ എന്ന ഇരുപത്തഞ്ചുകാരി. തിരഞ്ഞെടുപ്പും സ്വാതന്ത്ര്യവും അവകാശവും നിഷേധിക്കപ്പെട്ട് വീട്ടുതടങ്കലില്‍ അടക്കപ്പെട്ട ഹാദിയ ‘നമ്പര്‍ വണ്‍ കേരള’ സമൂഹത്തിന് മുന്നില്‍ ഒരു ചോദ്യചിഹ്നമായിരുന്നു. കോടതി രക്ഷിതാക്കളുടെ സംരക്ഷണയിലയച്ച ഹാദിയ നേരിടേണ്ടി വന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ സമൂഹത്തില്‍ സജീവചര്‍ച്ചയായി. ഇന്ന് ഹാദിയ ഒരു പരിധി വരെ സ്വതന്ത്രയാണ്. സുപ്രീം കോടതിയില്‍ തനിക്ക് സ്വാതന്ത്ര്യം വേണമെന്ന് വിളിച്ചു പറഞ്ഞ ഹാദിയയ്ക്ക് കോടതി അവളാവശ്യപ്പെട്ട സ്വാതന്ത്ര്യം നല്‍കിയില്ലെങ്കിലും പഠനം തുടരാനുള്ള അവസരമൊരുക്കി. സേലം ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളേജില്‍ പഠനം തുടരുന്ന ഹാദിയ സന്തുഷ്ടയാണ്. അതോടെ ഹാദിയയുടെ വിഷയത്തിലുള്ള ചര്‍ച്ചകള്‍ക്ക് താല്‍ക്കാലിക വിരാമവുമായി. എന്നാല്‍ പ്രായപൂര്‍ത്തിയായ ഒരുവളെ കേവലം പക്വതയില്ലാത്ത പെണ്‍കുട്ടിയായി മാത്രം കണ്ട് രക്ഷിതാക്കളുടെ സംരക്ഷണയിലയച്ച നീതിപീഠത്തിന്റെ മുന്‍വിധി, അവളെ പുറംലോകം കാണിക്കാതെ അടച്ചിടാന്‍ കാവല്‍ നിന്ന നിയമപാലകരുടെ ‘നീതി’ബോധം, ഹാദിയയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള മുറവിളികള്‍ ഉയര്‍ന്നപ്പോഴും ഭരണകൂടം സദാ പാലിച്ചുപോന്ന മൗനം, വനിതാ കമ്മീഷന്റെ നിഷ്‌ക്രിയത്വം അങ്ങനെ ഹാദിയയിലൂടെ കേരളം കണ്ട, അനുഭവിച്ച നിരവധി കാര്യങ്ങളാണ് ഇന്നും ചോദ്യമായി അവശേഷിക്കുന്നത്.

വൈക്കം ടിവിപുരം സ്വദേശിയായ അഖില, ഹാദിയ ആവുന്നത് മുതലാണ് അവരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. തന്റെ മകളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയാക്കുകയായിരുന്നെന്നും മകളെ വിട്ടുകിട്ടണമെന്നും കാണിച്ച് ഹാദിയയുടെ അച്ഛന്‍ അശോകന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. ഹര്‍ജി പരിഗണിക്കവെ കോടതി ഹാദിയയ്ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാനും സ്വന്തം ജീവിതം തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നും ചൂണ്ടിക്കാട്ടി. കേസിന്റെ വിധി വരാനിരിക്കെ കൊല്ലം സ്വദേശി ഷഫിന്‍ ജഹാനെ ഹാദിയ വിവാഹം ചെയ്തു. എന്നാല്‍ ഹാദിയയുടെ രക്ഷിതാക്കളുടെ സമ്മതമോ സാനിധ്യമോ ഇല്ലാതെ നടത്തിയ വിവാഹം അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയും വിവാഹ നടപടി ക്രമങ്ങളില്‍ സംശയം പ്രകടിപ്പിച്ചും ഹൈക്കോടതി വിവാഹം റദ്ദ് ചെയ്യുകയും അവരെ രക്ഷിതാക്കള്‍ക്കൊപ്പം അയയ്ക്കുകയും ചെയ്തു. ഹാദിയയ്ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഹാദിയ കേസ് വഴി കേരള ഹൈക്കോടതി പറയുന്നതെന്ത്‌?

ഹൈക്കോടതിയുടെ കന്യാചര്‍മ്മ പരിശോധനകള്‍

ഈ വിധി വരുന്നത് മെയ് 26ന്. സ്വന്തം ജീവിതം തിരഞ്ഞെടുത്ത പ്രായപൂര്‍ത്തിയായ ഒരു യുവതിയെ, വ്യക്തി എന്ന നിലയ്ക്കുള്ള എല്ലാ സ്വാതന്ത്ര്യത്തെയും നിരാകരിച്ചുകൊണ്ട് വീട്ടുകാരുടെ സംരക്ഷണയില്‍ അയച്ച കോടതി വിധിക്കെതിരെ പല വിമര്‍ശനങ്ങളുമുണ്ടായി. വിവാഹം റദ്ദ് ചെയ്യുമ്പോള്‍ പോലും ഒരു സ്ത്രീക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നതായിരുന്നു ഹൈക്കോടതി വിധി.

ഹൈക്കോടതി ഉത്തരവ്; ഹാദിയയെ പൊലീസ് ബലം പ്രയോഗിച്ച് വീട്ടില്‍ കൊണ്ടുപോയി

മെയ് 27ന് തന്നെ പോലീസ് അകമ്പടിയോടെ ഹാദിയയെ വൈക്കത്തെ വീട്ടില്‍ എത്തിച്ചു. തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ‘പുരോഗമന കേരള’ത്തിലെ ‘പരിഷ്‌കൃത സമൂഹ’ത്തെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ളവയായിരുന്നു. ഹാദിയ വീട്ടിലെത്തിയ അന്നുമുതല്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരടക്കം 27 പോലീസുകാര്‍ വീടിനകത്തും ചുറ്റുമായി കാവല്‍ ഉറപ്പിച്ചു. രണ്ട് ടെന്റുകള്‍ കെട്ടി രാവും പകലും പോലീസുകാര്‍ ആ വീടിന് ചുറ്റും ‘സുരക്ഷ’യൊരുക്കി. വലിയ സര്‍ച്ച് ലൈറ്റുകളും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ച് നാട്ടില്‍ ഭീകരാന്തരീക്ഷമുണ്ടാക്കി. ഹാദിയയ്ക്ക് ഉണ്ണുന്നതിനും ഉറങ്ങുന്നതിനും വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ അകമ്പടി നിന്നു. ഇതിനിടെ ഹാദിയയുടെ മതംമാറ്റത്തിന് പിന്നില്‍ തീവ്രവാദബന്ധമുണ്ടെന്നാരോപിച്ച് ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള ഹിന്ദുത്വ സംഘടനകളും രംഗത്തെത്തി. അഖില ഹാദിയയാതിന് പിന്നില്‍ സിറിയയിലേക്കുള്ള നാടുകടത്തലും, ആടുമേയ്ക്കലും വരെ ഈ സംഘടനകള്‍ നിരൂപിച്ചെടുത്തു. ഹാദിയയെ സ്വതന്ത്രയാക്കണമെന്നും അവരെ ആര്‍എസ്എസുകാരാണ് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുതെന്നും ആരോപിച്ച് ഇസ്ലാമിസ്റ്റ് സംഘടനകളും രംഗത്തെത്തി. ഇരുമതവിഭാഗങ്ങളും തര്‍ക്കങ്ങളും വാദങ്ങളും വാക്‌പോരും തുടരുമ്പോള്‍ വീടിനകത്തെ ഹാദിയയുടെ അവസ്ഥ ദിനംപ്രതി മോശമായിക്കൊണ്ടിരുന്നു. 25 വയസ്സുള്ള ഒരു സ്ത്രീയെ, അവര്‍ക്ക് സ്ത്രീയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ലഭിക്കേണ്ടുന്ന എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടു.

ഹാദിയയുടെ അച്ഛന്‍ അനുവദിക്കുന്നവര്‍ക്ക് മാത്രം ഹാദിയയെ കാണാമെന്നായി. ഹാദിയയെ ആരെങ്കിലും കാണരുതെന്നോ സംസാരിക്കരുതെന്നോ കോടതി പരാമര്‍ശം പോലുമുണ്ടായിരുന്നില്ലെങ്കിലും കോടതി വിധിയുടെ പേര് പറഞ്ഞ് കാവല്‍ പോലീസുകാരും അതിന് കൂട്ടുനിന്നു. അയല്‍ക്കാര്‍ക്ക് പോലും ഹാദിയയെ കാണാനുള്ള അവസരം നിഷേധിക്കപ്പെട്ടപ്പോഴും പ്രദേശത്തെ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആ വീട്ടില്‍ കയറിയിറങ്ങുന്നത് പതിവായി.

നിരവധി ഹിന്ദു സന്യാസിമാരും, സംഘപരിവാര്‍ നേതാക്കളും കൗണ്‍സലിങ്ങിനും മറ്റുമായി ഹാദിയയെ സന്ദര്‍ശിച്ചു. ഹാദിയ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ അനുഭവിക്കുണ്ടെന്ന യാഥാര്‍ഥ്യം സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരടക്കം അഴിമുഖത്തോട് വെളിപ്പെടുത്തി. അത് ജൂണ്‍ മാസം ആദ്യം.

മൊബൈലില്ല, ടിവിയില്ല, പത്രമില്ല, അമ്മയോട് സംസാരിക്കാറുമില്ല; ഹാദിയ നേരിടുന്നത് കടുത്ത മനുഷ്യവകാശ ലംഘനം

ഒരു മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സ്വാതന്ത്ര്യമില്ലാതെ, ആശയവിനിമയ മാര്‍ഗങ്ങളെല്ലാം നിഷേധിക്കപ്പെട്ട് പത്രമോ ടിവിയോ കാണാതെ ജീവിക്കുന്ന ഹാദിയയുടെ ദുരവസ്ഥയായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ അഴിമുഖത്തോട് വെളിപ്പെടുത്തിയത്.

ഹാദിയയ്ക്ക് കടുത്ത മാനസികാസ്വാസ്ഥ്യമെന്ന് സൂചന; നിസഹായരായി മാതാപിതാക്കള്‍

ഹാദിയയെ കാണാന്‍ ചെന്നവരെയെല്ലാം വീട്ടുകാരും പോലീസും ചേര്‍ന്ന് മടക്കിയയച്ചു. ഹാദിയയെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഈശ്വര്‍ പകര്‍ത്തിയ വീഡിയോയിലൂടെയാണ് ഹാദിയയുടെ ശബ്ദം പിന്നീട് പുറംലോകം കേള്‍ക്കുന്നത്. വീഡിയോയിലൂടെ പറഞ്ഞ ചുരുക്കം വാക്കുകളില്‍ നിന്ന് തന്നെ അവര്‍ അനുഭവിക്കുന്ന വേദനയുടെ കാഠിന്യം മനസ്സിലാക്കാവുന്നതായിരുന്നു. എന്നാല്‍ സ്വന്തം തീരുമാനത്തില്‍ തന്നെ ഉറച്ചുനില്‍ക്കാനുള്ള ഹാദിയയുടെ നിശ്ചയദാര്‍ഢ്യവും അതില്‍ പ്രകടമായിരുന്നു. സുപ്രീംകോടതി സ്വതന്ത്രയാക്കിയതിന് ശേഷം മാധ്യമങ്ങളോട് ഹാദിയ പറഞ്ഞ വാക്കുകളും ഇത് സൂചിപ്പിക്കുന്നതാണ്. നടന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്നും തനിക്ക് തെറ്റ് പറ്റിയെന്നും പത്രസമ്മേളനം വിളിച്ച് പറയണമെന്ന തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നതായും, പലരും കൗസിലിങ്ങിനായി വന്ന് ഹിന്ദുമതത്തിലേക്ക് തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടതായും ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു. വീട്ടുകാരുടെ സംരക്ഷണയില്‍ അയച്ച ഹാദിയയ്ക്ക് യഥാര്‍ഥത്തില്‍ വീട് തടങ്കലിന് സമാനമാവുകയായിരുന്നു. വീട്ടില്‍ കഴിഞ്ഞ ആറ് മാസക്കാലവും താന്‍ കഠിനമായ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നുവെന്നും ഹാദിയ വെളിപ്പെടുത്തി.

ഹാദിയയുടെ മാതാപിതാക്കളെ ശശികല സന്ദര്‍ശിച്ചതായി വിവരം; ഹാദിയയ്ക്ക് ശാരീരികോപദ്രവം ഏല്‍ക്കുന്നുവെന്നും ആരോപണം

ശിവശക്തി യോഗാ കേന്ദ്രം പ്രവര്‍ത്തകര്‍ തന്നെ ഘര്‍വാപ്‌സിക്ക് നിര്‍ബന്ധിച്ചിരുന്നതായി ഹാദിയ

വിവാഹം റദ്ദാക്കിയതിനെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിക്കുന്നതിനിടെ നവംബര്‍ 29ന് ഹാദിയയെ കേള്‍ക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. സുപ്രീംകോടതിയിലേക്കുള്ള ഹാദിയയുടെ യാത്രയിലും പോലീസ് കനത്ത കാവല്‍ ഒരുക്കി. ഡല്‍ഹിയിലേക്ക് പോവാനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഹാദിയയെ മാധ്യമങ്ങള്‍ കാണാതിരിക്കാന്‍ അവര്‍ക്ക് ചുറ്റും ഒരു വലയം സൃഷ്ടിച്ചുകൊണ്ടാണ് പോലീസ് മുന്നോട്ട് പോയത്. എന്നാല്‍ അതിനിടയില്‍ തനിക്ക് ലഭിച്ച ഒരവസരത്തില്‍ താന്‍ സ്വയം ഇഷ്ടപ്രകാരം ഇസ്ലാം മതം സ്വീകരിച്ചതാണെും, ആരും നിര്‍ബന്ധിച്ചിട്ടല്ല മതംമാറിയതെും ഷഫിന്‍ ജഹാന്‍ തന്റെ ഭര്‍ത്താവാണെന്നും തനിക്ക് നീതി ലഭിക്കണമെന്നും ഹാദിയ മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞു.

പറയാനുള്ളത് പറഞ്ഞുകഴിഞ്ഞു; ഇനിയാര്‍ക്കാണ് ഹാദിയയുടെ കാര്യത്തില്‍ ആവലാതി?

അത് തന്നെയായിരുന്നു സുപ്രീംകോടതിയിലും ഹാദിയയുടെ നിലപാട്. തനിക്ക് സ്വാതന്ത്ര്യം വേണം, ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം ജീവിക്കണം എന്നാണ് ഹാദിയ കോടതിയോട് ആവശ്യപ്പെട്ടത്. ഒടുവില്‍ ഹാദിയയെ വീട്ടിലേക്ക് തിരിച്ചയക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചു. സേലത്തെ ഹോമിയോ കോളേജില്‍ പഠനം തുടരാനുള്ള സൗകര്യമൊരുക്കണമെന്ന് കോളേജ് അധികൃതരോട് നിര്‍ദ്ദേശിച്ചു. കോളേജ് പ്രിന്‍സിപ്പലിനെ ഹാദിയയുടെ സംരക്ഷണ ചുമതലയും ഏല്‍പ്പിച്ചു. ആവശ്യമെങ്കില്‍ കോളേജിലും ഹോസ്റ്റലിലും പോലീസ് സംരക്ഷണവും ഏര്‍പ്പെടുത്താനും കോടതി വിധിച്ചു. അതേ സമയം, മതംമാറ്റവും വിവാഹവും സംബന്ധിച്ച കാര്യങ്ങളില്‍ എന്‍ഐഎ അന്വേഷണം തുടരുകയാണ്.

“സ്ത്രീ ആരുടേയും സ്വത്തല്ല, രക്ഷകര്‍ത്താക്കളും വേണ്ട”; ഹാദിയ കേസില്‍ കോടതിയില്‍ നടന്നത്

ഹാദിയയ്ക്ക് പഠിക്കാം, ആരും തടവിലിടില്ല: സുപ്രീംകോടതി ഉത്തരവിന്റെ പൂര്‍ണ രൂപം

ഹാദിയയും പഠിക്കട്ടെ; മലാലയെ പോലെ

ഹാദിയ കേസില്‍ ഇതേവരെയുണ്ടായിട്ടുള്ള കാര്യങ്ങള്‍ പരിശോധിച്ചാല്‍ അതില്‍ ഏറ്റവും പ്രധാനം ഭരണൂടം വളരെ കൃത്യമായി പാലിച്ചിരുന്ന മൗനമാണ്. സര്‍വ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട്, തടങ്കലിന് തുല്യമായ അവസ്ഥയില്‍ ഒരു സ്ത്രീ കഴിയുണ്ടെറിഞ്ഞിട്ടും, ആ അവസ്ഥയില്‍ മാറ്റം വരുത്തണമൊവശ്യപ്പെട്ട് സാമൂഹ്യ-മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കടക്കം നിവേദനങ്ങള്‍ നല്‍കിയിട്ടും ഈ വിഷയത്തില്‍ ഒരു പ്രതികരണത്തിന് പോലും സര്‍ക്കാര്‍ മുതിര്‍ന്നില്ല. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ പോലും പോലീസുകാരെ പിന്‍വലിക്കാനോ നിയന്ത്രിക്കാനോ യാതൊന്നും ചെയ്തില്ല. ഹാദിയയെ മോചിപ്പിക്കാനായില്ലെങ്കിലും നീതി നിഷേധമാണോ നടക്കുതെന്ന് പരിശോധിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല.

ഹാദിയ മാത്രമല്ല, ആ കുടുംബമൊട്ടാകെ അനുകമ്പയും കരുതലും അര്‍ഹിക്കുന്നുണ്ട്: ഹാദിയയുടെ വീട് സന്ദര്‍ശിച്ചവര്‍

ഹാദിയയെ മാത്രമല്ല, ആ വീട്ടുകാരെയും കേള്‍ക്കണം; പെണ്‍കുട്ടികള്‍ പോയതിനെ തള്ളിപ്പറഞ്ഞിട്ടില്ല: സണ്ണി എം. കപിക്കാട് വിശദീകരിക്കുന്നു

ഹാദിയ കേസില്‍ നേരിട്ടോ അല്ലാതെയോ ഒരിടപെടലും നടത്താതെ സര്‍ക്കാരും പ്രതിക്കൂട്ടിലായി. ഒടുവില്‍ സുപ്രീംകോടതി ഹാദിയയെ കേള്‍ക്കുന്ന കാര്യത്തില്‍ ആശങ്കകള്‍ നിലനിന്ന ഒരു വേളയില്‍, ഷെഫിന്‍ ജഹാന്റെ അഭിഭാഷകര്‍ ഹാദിയയെ കേള്‍ക്കണമെന്ന് വാദിക്കുമ്പോള്‍ പോലും എന്‍ഐഎ അന്വേഷണം പൂര്‍ത്തിയായതിന് ശേഷം അത് പരിഗണിച്ചാല്‍ മതിയെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടത്. ഹാദിയ കേസില്‍ എന്‍.എഐ.എ അന്വേഷണം ആവശ്യമില്ല എന്ന് നേരത്തെ സത്യവാങ്മൂലം നല്‍കിയ ശേഷമായിരുന്നു ഈ നിലപാട് മാറ്റം.

വനിതകളുടെ ക്ഷേമം ലക്ഷ്യമാക്കി തുടങ്ങിയ/പ്രവര്‍ത്തിക്കുന്ന സംസ്ഥാന വനിതാ കമ്മീഷന്റെ നിലപാടും ചോദ്യംചെയ്യപ്പെട്ടു. ഹാദിയയെ സന്ദര്‍ശിക്കാനോ ഇക്കാര്യത്തില്‍ എന്തെങ്കിലും നിലപാടെടുക്കാനോ വനിതാ കമ്മീഷന്‍ ഒരു ഘട്ടം വരെ തയ്യാറായിരുന്നില്ല. വിമര്‍ശനങ്ങള്‍ ഏറെ നേരിടേണ്ടി വന്നപ്പോള്‍ ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ വനിതാ കമ്മീഷനും കക്ഷി ചേര്‍ന്നു. എന്നിട്ടും ഹാദിയയെ നേരില്‍ കണ്ട് അവരുടെ അവസ്ഥ പരിശോധിക്കാനോ, പിന്തുണ നല്‍കാനോ വനിതാ കമ്മീഷനില്‍ നിന്ന് ആരുമെത്തിയില്ല. ഒരു പ്രസ്താവനകൊണ്ട് പോലും വനിതാ കമ്മീഷന്‍ അതിന് ശ്രമിച്ചില്ല.

മതേതര ചാമ്പ്യന്മാരേ, തോല്‍വി സമ്മതിക്കുമോ? ഹാദിയ കേസില്‍ എംസി ജോസഫൈനും പിണറായി സര്‍ക്കാരിനുമെതിരെ ജെ ദേവിക

എന്നാല്‍ ഇതിനിടെ ദേശീയ വനിതാ കമ്മീഷന്‍ അംഗം രേഖാ ശര്‍മ ഹാദിയയെ വീട്ടിലെത്തി സന്ദര്‍ശിച്ചു. രേഖാ ശര്‍മ ഹാദിയയെ സന്ദര്‍ശിച്ച ശേഷം നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടന്നതെന്നും വീട്ടില്‍ ഹാദിയ സന്തുഷ്ടയാണെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രേഖാ ശര്‍മയുടെ സന്ദര്‍ശനം സംസ്ഥാന വനിതാ കമ്മീഷനേയും അത്രയും കാലം വച്ചുപുലര്‍ത്തിയിരുന്ന നിലപാടില്‍ നിന്ന് മാറി ചിന്തിപ്പിച്ചു. സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ വൈകിയ വേളയില്‍ ഹാദിയയെ സന്ദര്‍ശിക്കാനെത്തി. എന്നാല്‍ ഹാദിയയെ കാണാന്‍ അച്ഛന്‍ അശോകന്‍ അവരെ അനുവദിച്ചില്ല.

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല: കേന്ദ്ര വനിത കമ്മിഷന്റേത് രാഷ്ട്രീയ ലക്ഷ്യമെന്ന് സംസ്ഥാന വനിത കമ്മിഷന്‍

ഇരുമതവിഭാഗങ്ങള്‍ തമ്മിലുള്ള വാക്‌പോരും യുദ്ധവും മാറ്റിനിര്‍ത്താം; അത് സമൂഹത്തില്‍ ഉണ്ടാക്കിയ മുറിവുകളും. അതിനപ്പുറം ഒരു സ്ത്രീയായും വ്യക്തിയായും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള ഒരാളുടെ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുന്ന, അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ഒന്നായാണ് ഹാദിയയുടെ വിഷയത്തില്‍ സമൂഹ്യ, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇടപെട്ടത്. അത് ഒരു പരിധി വരെ വിജയമാവുകയും ചെയ്തു. എന്നാല്‍ വ്യക്തി എന്ന നിലയില്‍ ഇപ്പോഴും ഹാദിയ പൂര്‍ണ സ്വതന്ത്രയായിട്ടില്ല. അവളാവശ്യപ്പെട്ട, ആഗ്രഹിക്കുന്ന ജീവിതം സാധ്യമായിട്ടുമില്ല. അത് ആവുമെന്ന പ്രതീക്ഷയാണ് ഹാദിയയ്ക്കും അവരുടെ നീതിക്കായി വാദിക്കുന്നവര്‍ക്കുമുള്ളത്. എന്നാല്‍ ഹാദിയ അനുഭവിച്ച ആറ് മാസത്തെ അന്യായ തടങ്കല്‍-നീതിപീഠവും ഭരണകൂടവും അതിന് മറുപടി പറയാന്‍ ബാധ്യസ്ഥരാണ്.

ഹിന്ദുത്വയ്ക്കുള്ള ചട്ടുകമല്ല, ഭരണഘടനാ അവകാശങ്ങളുളള ഇന്ത്യന്‍ പൌരയാണ് ഹാദിയ, മൈ ലോര്‍ഡ്‌!

കേരളീയ പൊതുസമൂഹം ഇസ്ലാമോഫോബിക്കോ? ഹാദിയയില്‍ തെളിയുന്ന ‘മതേതര കേരളം’ എന്ന മിത്ത്

ആതിര (ആയിഷ), ഹാദിയ (അഖില); മതസംഘങ്ങള്‍ പന്താടുകയാണ് ഈ പെണ്‍കുട്ടികളെ

ഹാദിയ: ആര്‍എസ്എസ്, ജമാ അത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ; ഇവരെ നാം എന്തുകൊണ്ട് വിചാരണ ചെയ്യണം

ഇടതു മതേതരരെ സംഘപരിവാർ പാളയത്തില്‍ കെട്ടിയേ അടങ്ങുവെന്ന് ആർക്കാണ് നിർബന്ധം?

ഇതാണ് നമ്മുടെ പുതിയ നടപ്പുരീതി; ഞങ്ങളത്‌ പാലിക്കാന്‍ ഉദ്ദേശിക്കുന്നില്ല

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍