UPDATES

സീതാറാം യെച്ചൂരി

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

സീതാറാം യെച്ചൂരി

മുതലാളിത്തം താനേ തകര്‍ന്നുപോകില്ല; മൂലധന വാഴ്ചയ്ക്ക് നേരെ രാഷ്ട്രീയ ആക്രമണം വേണം

വരാന്‍ പോകുന്ന ദിനങ്ങളില്‍ ലോകത്തെ പല രാജ്യങ്ങളിലേയും രാഷ്ട്രീയ ദിശ നിര്‍ണയിക്കാന്‍ പോകുന്നത് ഈ ജനകീയ അസംതൃപ്തിയെ നയിക്കുന്നതില്‍ ഇടതുപക്ഷ ജനാധിപത്യ ശക്തികളാണോ വലതുപക്ഷ ശക്തികളാണോ രാഷ്ട്രീയ വിജയം കാണുക എന്നതിലായിരിക്കും.

കാള്‍ മാര്‍ക്‌സിന്റെ് 200ാം ജന്മദിനത്തോട് അനുബന്ധിച്ച് 2018 മേയ് അഞ്ചിന് ലണ്ടനിലെ മാര്‍ക്‌സ് മെമ്മോറിയല്‍ ലൈബ്രറി ആന്‍ഡ് വര്‍ക്കേഴ്‌സ് സ്‌കൂള്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ രൂപം:

ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുള്ള മാര്‍ക്‌സിസ്റ്റുകളും മറ്റ് ബുദ്ധിജീവികളും ഈ ലണ്ടന്‍ നഗരത്തിലെ തൊഴിലാളികളുമടക്കമുള്ളവര്‍, കാള്‍ മാര്‍ക്‌സിന്‍റെ ഇരുനൂറാം ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണത്തിന്‍റെ സമാപനത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരുടെ പേരില്‍ ഞാനീ മികച്ച പരിപാടിയുടെ സംഘാടകര്‍ക്ക് എന്‍റെ വിപ്ലവാഭിവാദ്യങ്ങള്‍ നേരുന്നു. ഈ സമാപന സമ്മേളനത്തില്‍ ”മാറ്റത്തിന്‍റെ ശക്തിയെന്ന നിലയില്‍ മാര്‍ക്‌സിസം ഇന്ന്” എന്നാണ് ചര്‍ച്ച ചെയ്യുന്ന വിഷയം. തുടക്കത്തില്‍, വളരെ ചുരുക്കത്തില്‍, ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍, പ്രത്യേകിച്ചും സിപിഐ (എം) എങ്ങനെയാണ് മാര്‍ക്‌സിസത്തെ ഉള്‍ക്കൊണ്ടത് എന്നു ഞാനൊരു രൂപരേഖ തരാന്‍ ശ്രമിക്കാം.

അജണ്ട നടപ്പാക്കിയാല്‍ മാത്രമേ പ്രസക്തി ഇല്ലാതാകൂ എന്നതാണ് മാര്‍ക്‌സിസത്തിന്‍റെ പ്രത്യേകത; ഒരു വര്‍ഗരഹിത കമ്മ്യൂണിസ്റ്റ് സാമൂഹ്യക്രമം സാക്ഷാത്കരിക്കുന്നതിലൂടെയാണ് അത് സാധ്യമാകുക. മുതലാളിത്തത്തിന് കീഴില്‍, മുതലാളിത്തത്തിനെക്കുറിച്ചുള്ള അതിന്‍റെ തിരിച്ചറിവ് മതിയായിരുന്നു അതിനപ്പുറമുള്ള ചരിത്ര സാധ്യതകളെ മനസിലാക്കാനും. അതുകൊണ്ട് മുതലാളിത്തത്തെ മറികടന്നാല്‍ അല്ലാതെ, മുതലാളിത്തത്തിന് കീഴില്‍ മാര്‍ക്‌സിസം അപ്രസക്തമാകുന്നില്ല. മുതലാളിത്താനന്തര കാലത്ത്, സോഷ്യലിസ്റ്റ് നിര്‍മ്മാണത്തിനും കമ്മ്യൂണിസത്തിലേക്കുള്ള പരിവര്‍ത്തനത്തിനും അടിത്തറയായി മാര്‍ക്‌സിസ്റ്റ് തത്ത്വശാസ്ത്രവും ലോകവീക്ഷണവും പ്രവര്‍ത്തിക്കും.

മാര്‍ക്‌സിസം ഒരു അന്തിമ പ്രമാണമല്ല, അതൊരു ‘സൃഷ്ട്യോന്മുഖമായ ശാസ്ത്രമാണ്”. മറ്റ് പലതിനുമൊപ്പം, ”മൂര്‍ത്തമായ സാഹചര്യങ്ങളുടെ മൂര്‍ത്തമായ വിശകലനമാണ്” അത് അടിസ്ഥാനമാക്കുന്നത്. മാര്‍ക്‌സിസം പൊതുവില്‍ ചരിത്രത്തിന്റെയും പ്രത്യേകിച്ചും മുതലാളിത്തത്തിന്റെയും വിശകലനത്തോടുള്ള ഒരു സമീപനമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ്, മാര്‍ക്‌സ് നല്കിയ അടിത്തറയുടെ മുകളിലാണ് നമ്മള്‍ ഇന്നത്തെ സാഹചര്യങ്ങളെ മനസിലാക്കുന്നതിനും അത് നാളേക്ക് നല്‍കുന്ന സാധ്യതകളെ അറിയുന്നതിനും നമ്മുടെ സിദ്ധാന്തത്തെ സമ്പന്നമാക്കിക്കൊണ്ടിരിക്കുന്നത്. ഒരു അടഞ്ഞ സൈദ്ധാന്തിക സംവിധാനം എന്നതേയല്ല എന്നു മാത്രമല്ല, മാര്‍ക്‌സിസം പ്രതിനിധീകരിക്കുന്നത് തുടര്‍ച്ചയായ സൈദ്ധാന്തിക കൂട്ടിച്ചേര്‍ക്കലുകളുടെ പ്രക്രിയയെയാണ്.

ഇതുകൊണ്ടാണ്-‘സൃഷ്ട്യോന്മുഖമായ ശാസ്ത്രം”- മാര്‍ക്‌സിസത്തിന് മാത്രമാണു മനുഷ്യ ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്ന, നിരന്തരമായ മനുഷ്യ-പ്രകൃതി വൈരുദ്ധ്യാത്മകതയുടെ പ്രത്യാഘാതങ്ങളായ പ്രവണതകളെയും വികാസദിശകളെയും തിരിച്ചറിയാനുള്ള ശേഷിയുള്ളൂ എന്നു പറയുന്നത്. ഓരോ ശാസ്ത്രീയ കണ്ടുപിടിത്തവും വികാസവും – ഭൗതികശാസ്ത്രം മുതല്‍ നാനോ ടെക്നോളജി വരെ- വൈരുദ്ധ്യാത്മക ഭൗതികവാദത്തെ സാധൂകരിക്കുന്നു. നമ്മുടെ ജീവിതങ്ങളെ കൃത്രിമ ബുദ്ധി (Artificial Intelligence) കീഴടക്കുമെന്ന ഭീഷണി ഉയരുമ്പോള്‍ അത്തരം സാഹചര്യങ്ങളെ മുന്‍കൂട്ടി കാണാനും അതിനെ നേരിടാന്‍ തയ്യാറാകാനും മാര്‍ക്‌സിസത്തിന് മാത്രമേ കഴിയൂ.

ഇന്നത്തെ ലോകം – സാമ്രാജ്യത്വ ആഗോളീകരണം

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള, ശീതസമര കാലഘട്ടത്തിലൂടെ, ആഗോള മുതലാളിത്തത്തിന്‍റെ സമാധാനപരമായ വികാസം ഭീമമായ മൂലധന സഞ്ചയത്തിന് വഴി തെളിച്ചു. ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയും കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ മുതലാളിത്ത വൃത്തത്തിലേക്ക് പോയതും ഇതിന്‍റെ ആക്കം കൂട്ടി. ഈ ഭീമമായ കുമിഞ്ഞുകൂടല്‍ അന്താരാഷ്ട്ര സാമ്പത്തിക മൂലധനസഞ്ചയത്തെ ഉറപ്പിക്കുന്നതിലും മൂലധന കേന്ദ്രീകരണം കൂടുതല്‍ ഉയര്‍ന്ന തലത്തില്‍ എത്തിക്കുന്നതിലേക്കും തെളിച്ചു.

ആഗോളീകരണത്തിന്‍റെ ഇപ്പോഴത്തെ ഘട്ടം, സാമ്രാജ്യത്വത്തിന്‍റെ ഘട്ടത്തിനുള്ളില്‍, അന്താരാഷ്ട്ര സാമ്പത്തിക മൂലധനം മുന്നില്‍ നില്‍ക്കുന്ന തരത്തില്‍ കൂടുതല്‍ മൂലധന സഞ്ചയത്തിലേക്കാണ് നയിക്കുന്നത്. പരമാവധി ലാഭത്തിനായുള്ള പരക്കം പാച്ചിലില്‍ ഈ അന്താരാഷ്ട്ര സാമ്പത്തിക മൂലധനം ഇന്നിപ്പോള്‍ വ്യാവസായികവും മറ്റ് തരത്തിലുള്ളതുമായ മൂലധന രൂപങ്ങളുമായി കൂടിക്കുഴഞ്ഞിരിക്കുന്നു. മൂലധനസഞ്ചയവും പരമാവധി ലാഭമുണ്ടാക്കലും കൂടുതല്‍ വര്‍ദ്ധിത തലങ്ങളിലാക്കാനുള്ള പൊതുലക്ഷ്യത്തിനെ ഇന്നിപ്പോള്‍ നയിക്കുന്നത് അന്തരാഷ്ട്ര സാമ്പത്തിക മൂലധനമാണ്.

പരമാവധി ലാഭമുണ്ടാക്കുന്നതിനായി അന്താരാഷ്ട്ര സാമ്പത്തിക മൂലധനത്തിന്‍റെ തീട്ടൂരങ്ങള്‍ക്കനുസരിച്ച് നടത്തുന്ന ലോകത്തിന്‍റെ ഈ പുനസംഘടന, നവ-ഉദാരവാദത്തെ (neo-liberalism) നിര്‍വചിക്കുന്നു. ചരക്കുകളുടെയും മൂലധനത്തിന്‍റെയും അതിര്‍ത്തികള്‍ കടന്നുള്ള യാത്രയ്ക്കുള്ള എല്ലാ തടസങ്ങളും നീക്കുന്ന നയങ്ങളുടെ രൂപത്തിലാണ് അത് ആദ്യം പ്രവര്‍ത്തിക്കുന്നത്. കച്ചവട ഉദാരവത്കരണം, ആഭ്യന്തര ഉത്പാദകരെ തകര്‍ക്കുകയും ആഭ്യന്തര അപവ്യവസായവത്കരണത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും; പ്രത്യേകിച്ചും വികസ്വര രാജ്യങ്ങളില്‍. ഉത്പാദനം മറ്റിടങ്ങളിലേക്ക് മാറ്റുന്നതുകൊണ്ടും വ്യാപാര ഇടപാടുകള്‍ തങ്ങളുടെ രാജ്യത്തിന് പുറത്തേക്ക് മാറ്റുന്നതുകൊണ്ടും വികസിത രാജ്യങ്ങളിലും ഇത് സംഭവിക്കാം. മൂലധന ഒഴുക്കിന്‍റെ ഉദാരവത്കരണം മൂലധന സഞ്ചയത്തിനെ വിദേശത്തുള്ള ആഭ്യന്തര ഉത്പാദക ആസ്തികളെ കൈക്കലാക്കാന്‍ ബഹുരാഷ്ട്ര കുത്തകകളെ സഹായിക്കുകയും (ഇന്ത്യയിലെ പൊതു മേഖലയെപ്പോലെ) മൂലധന സഞ്ചയത്തിനെ വലിയ തോതില്‍ വിപുലമാക്കുകയും ചെയ്യുന്നു.

മൂലധന സഞ്ചയത്തിനെ ബലപ്പെടുത്തലിനുള്ള മറ്റ് വഴികള്‍ – സാമ്പത്തിക അച്ചടക്കത്തിന്‍റെ പേരില്‍ സര്‍ക്കാര്‍ ചെലവുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പാടാക്കുന്ന പണച്ചുരുക്ക നയങ്ങള്‍ അടിച്ചേല്‍പ്പിക്കലാണ് (അന്താരാഷ്ട്ര സാമ്പത്തിക മൂലധനത്തിന് ഊഹ ലാഭം പെരുപ്പിക്കാനുള്ള വലിയ തലത്തിലെ പണലഭ്യതയാണ് ഇതുറപ്പാക്കുന്നത്), ഇത് ആഗോള സമ്പദ് വ്യവസ്ഥയിലെ മൊത്ത ആവശ്യത്തിന്‍റെ തോത് താഴ്ത്തി നിര്‍ത്തുന്നതിലേക്ക് നയിക്കും; വികസ്വര രാജ്യങ്ങളിലെ കര്‍ഷകര്‍ക്കെതിരായി കച്ചവടത്തിനനുകൂലമായ മാറ്റം, ആഗോളതലത്തില്‍ത്തന്നെ സാമൂഹ്യ സേവനങ്ങള്‍ നല്‍കുന്നതില്‍ പൊതുമേഖലയെ പിന്നോട്ടു വലിക്കല്‍, പരമാവധി ലാഭമുണ്ടാക്കാനായി അവശ്യ പൊതുസേവനങ്ങളുടെ വലിയ മേഖല സ്വകാര്യവത്കരിക്കുകയും തുറന്നുകൊടുക്കുകയും ചെയ്യല്‍ – വികസ്വര രാജ്യങ്ങളില്‍ ഇത് കൂടുതല്‍ പ്രകടമാണ്; അറിവിന്‍റെ ഉത്പാദനത്തെയും പ്രത്യുത്പാദനത്തെയും നിയന്ത്രിക്കുന്നതിലൂടെ അറിവിന്‍റെ മുകളിലുള്ള കുത്തക നിയന്ത്രണം വന്‍തോതിലുള്ള ലാഭമുണ്ടാക്കുന്നു. അപ്പോള്‍ നിലവിലെ സാമ്രാജ്യത്വത്തിന്റെ ഒരു രീതി എന്നുള്ളത്, പരമാവധി ലാഭമുണ്ടാക്കാനായി ഇതുവരെ ഇല്ലാതിരുന്ന പുതിയ മേഖലകള്‍ നിര്‍ബന്ധപൂര്‍വം തുറക്കുക എന്നതാണ്.

മുതലാളിത്തത്തിന്റെ ചരിത്രത്തിലുടനീളം മൂലധന സഞ്ചയ പ്രക്രിയ രണ്ടു തരത്തിലാണ് നടക്കുന്നത്: ഒന്ന്, മൂലധന വിപുലീകരണത്തിന്റെ (വിനിയോഗം) സാധാരണ ചലനരീതികളിലൂടെ, അതിന്റെ ഉത്പാദന പ്രക്രിയ ഉരുത്തിരിയുന്നതിലൂടെയുമാണ്. മറ്റൊന്ന് ബലപ്രയോഗത്തിലൂടെയും നഗ്‌നമായ കൊള്ളയിലൂടെയുമാണ് (ബലപ്രയോഗത്തിലൂടെയുള്ള വിനിയോഗം), മാര്‍ക്‌സ് ഇതിലെ ക്രൂരതയെ മൂലധനത്തിന്റെ പ്രാകൃത സഞ്ചയ പ്രക്രിയ എന്നു വിളിക്കുന്നു. പ്രാകൃത മൂലധന സഞ്ചയ പ്രക്രിയയെ പലപ്പോഴും തെറ്റായി ഒരു ചരിത്ര വിഭാഗത്തില്‍പ്പെടുത്തി വ്യാഖ്യാനിക്കാറുണ്ട് – പ്രാകൃതം -ആധുനികം. മാര്‍ക്‌സിനും അതുകൊണ്ടുതന്നെ മാര്‍ക്‌സിസ്റ്റുകള്‍ക്കും പ്രാകൃത സഞ്ചയ പ്രക്രിയ എന്നത്, മുതലാളിത്തത്തിന്റെ സാധാരണ ചലനനിയമങ്ങളുടെ ഒപ്പം ചരിത്രപരമായിത്തന്നെ തുടരുന്ന ഒരു വിശകലന വിഭാഗമാണ്. നേരിട്ടുള്ള കോളനിവത്കരണം അടക്കം കഴിഞ്ഞ കാലങ്ങളില്‍ പ്രാകൃത മൂലധന സഞ്ചയം പല രീതിയില്‍ നടന്നിട്ടുണ്ട്. പ്രാകൃത സഞ്ചയ പ്രക്രിയയുടെ രൂക്ഷത ഏത് കാലത്തും, അത്തരം മുതലാളിത്ത നിഷ്ഠൂരതയെ അനുവദിക്കുകയോ തടയുകയോ ചെയ്യുന്ന വര്‍ഗ ശക്തികളുടെ അന്താരാഷ്ട്ര പരസ്പരബന്ധങ്ങളുടെ സന്തുലിതാവസ്ഥയെ നേരിട്ടാശ്രയിച്ചിരിക്കുന്നു. സമകാലിക സാമ്രാജ്യത്വത്തിന്റെ ഈ ഘട്ടത്തില്‍, പ്രാകൃത മൂലധന സഞ്ചയ പ്രക്രിയയുടെ തീക്ഷ്ണത വര്‍ധിക്കുന്നത് ലോക ജനസംഖ്യയിലെ മഹാഭൂരിപക്ഷത്തേയും, വികസ്വര രാജ്യങ്ങളിലും വികസിത രാജ്യങ്ങളിലും ഒരുപോലെ, ആക്രമിക്കുകയാണ്.

നിരന്തരമായ ലാഭ പെരുപ്പത്തിനുവേണ്ടി ഉപയോഗിയ്ക്കുന്ന ഈ ഇരപിടിയന്‍ മുതലാളിത്ത സ്വഭാവമാണ് ആഗോളതലത്തിലും ആഭ്യന്തരമായി ഓരോ രാജ്യത്തും, സാമ്പത്തിക അസമത്വങ്ങള്‍ കൂട്ടുകയും ഒപ്പംതന്നെ ലോകത്താകെയുള്ള തൊഴിലെടുക്കുന്ന മനുഷ്യര്‍ക്കും ദരിദ്രര്‍ക്കും മേല്‍ കൂടുതല്‍ വറുതികള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നത്. നിലവിലെ വ്യവസ്ഥാപരമായ പ്രതിസന്ധികളെ മറികടക്കാനുള്ള ഓരോ ശ്രമവും സ്വാഭാവികമായും കൂടുതല്‍ ആഴത്തിലുള്ള പ്രതിസന്ധിയുടെ പുതിയ ഘട്ടത്തിലേക്കു പോകുന്നു. കാരണം അത് മുതലാളിത്ത വികസനത്തിന്റെ നിയമങ്ങളുടെ സ്വഭാവമാണ്.

നവ-ഉദാരവാദത്തിന്റെ പ്രതിസന്ധി-രാഷ്ട്രീയ വലതുപക്ഷത്തേക്കുള്ള മാറ്റം

ഇപ്പോള്‍, ആഗോള സാമ്പത്തിക മാന്ദ്യത്തിന് ഏതാണ്ട് ഒരു പതിറ്റാണ്ടിന് ശേഷം, നവ-ഉദാരവാദവും പ്രതിസന്ധിയിലാണ്.

നവ-ഉദാരവാദത്തിന്റെ ഉയര്‍ച്ച, ഒരുതരത്തില്‍ യുഎസിലും യുകെയിലും റീഗനും താച്ചറും തുടങ്ങിവെച്ചത്, മഹാഭൂരിപക്ഷം ജനങ്ങളെയും ദുരുതത്തിലേക്ക് തള്ളിയിട്ടുകൊണ്ട് ഒരു ചെറു ന്യൂനപക്ഷം സാമ്പത്തിക വികസനത്തിന്റെയും വളര്‍ച്ചയുടെയും ഗുണഫലങ്ങള്‍ ഏതാണ്ടെല്ലാം കയ്യടക്കുന്ന സാഹചര്യങ്ങളാണ് സൃഷ്ടിച്ചതെന്ന് ഇപ്പോള്‍ വലിയ വിഭാഗം ജനങ്ങള്‍ക്കും, പ്രത്യേകിച്ചും വികസിത മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് വ്യക്തമാകുന്നുണ്ട്. രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള രണ്ടര പതിറ്റാണ്ടില്‍, ആഗോള മുതലാളിത്തം വലിയ വളര്‍ച്ച നേടുകയും മുതലാളിത്തത്തിന്റെ സുവര്‍ണകാലമെന്ന് അറിയപ്പെടുകയും ചെയ്തു. യുഎസ്എയില്‍ 1948-നും 1972-നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ അമേരിക്കന്‍ ജനതയുടെ എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും ജീവിത നിലവാരത്തില്‍ പുരോഗതി അനുഭവപ്പെട്ടു. എന്നാല്‍, 1972-നും 2013-നും ഇടയ്ക്ക് ഏറ്റവും താഴെയുള്ള 10 ശതമാനത്തിന്റെ വരുമാനത്തില്‍ ഇടിവുണ്ടായപ്പോള്‍ ഏറ്റവും മുകളിലുള്ള 10 ശതമാനത്തിന്റെ വരുമാനം വളരെയധികം കൂടി.

പൂസായ മാര്‍ക്സ്

മുഴുവന്‍ സമയ പുരുഷ തൊഴിലാളികളുടെ മീഡിയന്‍ യഥാര്‍ത്ഥ വരുമാനം നാല് പതിറ്റാണ്ടു മുമ്പുണ്ടായിരുന്നതിനേക്കാള്‍ കുറവാണ്. താഴെയുള്ള 90 ശതമാനത്തിന്റെ വരുമാനം കഴിഞ്ഞ 30 വര്‍ഷമായി നിശ്ചലമായി കിടക്കുകയാണ്. ശരാശരിയെടുത്താല്‍, ഉയര്‍ന്ന വരുമാനമുള്ള 25 സമ്പദ് വ്യവസ്ഥകളിലെ 65 മുതല്‍ 70 ശതമാനം വരെയുള്ള കുടുംബങ്ങളില്‍ 2005-നും 2014-നും ഇടയിലുള്ള കാലയളവില്‍ യഥാര്‍ത്ഥ വരുമാനത്തില്‍ സ്തംഭനാവസ്ഥയോ ഇടിവോ ഉണ്ടായിട്ടുണ്ട്. 2000-ല്‍ നടന്ന ഒരു അഭിപ്രായ സര്‍വെ അനുസരിച്ച് വെറും 33% പേരെ തങ്ങളെ തൊഴിലാളി വര്‍ഗം എന്നു വിളിച്ചിരുന്നുള്ളൂ. പക്ഷേ 2015 ആകുമ്പോഴേക്കും ആ കണക്ക് 48 ശതമാനത്തിലെത്തി, ജനസംഖ്യയുടെ പകുതിയോളം. ആഗോളമായി ഈ വലിയ വിഭാഗം ജനതയുടെ ദുരിതവും അസമത്വത്തിന്റെ ഇത്രയും അശ്ലീലമായ തലങ്ങളും വലിയ വിഭാഗം ജനങ്ങളില്‍ അസംതൃപ്തിയുണ്ടാക്കുകയും അവരതിന് രാഷ്ട്രീയ പ്രകടനം ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
നവ-ഉദാരവത്കരണത്തിന്റെ പ്രതിസന്ധി സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ക്കിടയില്‍ ബ്രെക്‌സിറ്റ് പോലുള്ള ഭിന്നതകളിലേക്കും സംഘര്‍ഷങ്ങളിലേക്കും നയിക്കുന്ന പുതിയ വൈരുദ്ധ്യങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. പുതിയ രാഷ്ട്രീയ ശക്തികളുടെ ഉദയവും വളരുന്ന സംഘര്‍ഷങ്ങളും ദിനക്രമമായിരിക്കുന്നു.

ഇപ്പോഴത്തെ കാലം, ലോകത്തിന്റെ പല ഭാഗങ്ങളിലും കൂടുതല്‍ വലതുപക്ഷത്തേക്കുള്ള ചായ്വ് പ്രകടമാണ്. ഇപ്പോഴത്തെ പ്രതിസന്ധിയുടെ മുന്നില്‍, സാമ്രാജ്യത്വം കൂടുതല്‍ അക്രമാസക്തമായ നവ-ഉദാരവാദത്തെ ആഭ്യന്തര, പ്രാദേശിക, മേഖല സംഘര്‍ഷങ്ങളെ മൂര്‍ച്ഛിപ്പിക്കുന്ന ആഗോള വിഭാഗീയ അജണ്ടയുമായി സംയോജിപ്പിച്ചാണ് നേരിടുന്നത്. ആഗോള മേധാവിത്തം ഉറപ്പിക്കാനും സാമ്പത്തിക സ്രോതസുകളുടെ മേലുള്ള നിയന്ത്രണം ഉറപ്പിക്കാനും, പശ്ചിമേഷ്യയിലെ എണ്ണ പോലെ, അത് സൈനിക ഇടപെടലുകള്‍ നടത്തുന്നു. ഇത് വംശീയത, അപര വിദ്വേഷം, കടുത്ത വലതുപക്ഷ നവ ഫാഷിസ്റ്റ് പ്രവണതകള്‍ എന്നിവയെ വളര്‍ത്തുന്നു. യുഎസ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് നേടിയ വിജയം, ബ്രിട്ടനില്‍ ബ്രെക്‌സിറ്റ് വോട്ടെടുപ്പില്‍ ഉണ്ടായ വലതുപക്ഷ കേന്ദ്രീകരണം, ഫ്രാന്‍സില്‍ നാഷണല്‍ ഫ്രണ്ടിന്റെ മേരി ലീ പെന്‍ കൈവരിച്ച തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍, ജര്‍മ്മനിയില്‍ Alternative for Deutschland ഉണ്ടാക്കിയ മുന്നേറ്റം, തീവ്ര വലതുപക്ഷക്കാരായ ഫ്രീഡം പാര്‍ടിയടക്കം ചേര്‍ന്ന് ആസ്ട്രിയയില്‍ മന്ത്രിസഭയുണ്ടാക്കിയത്, യൂറോപ്യന്‍ പാര്‍ലമെന്റ് എം പിമാരില്‍ മൂന്നിലൊന്ന് വലതുപക്ഷ, തീവ്ര വലതുപക്ഷ രാഷ്ട്രീയ കക്ഷികളില്‍ നിന്നാണ് എന്നുള്ളതൊക്കെ ഈ വലതുപക്ഷത്തേക്കുള്ള ചായ്വിന്റെ പ്രതിഫലനമാണ്. ഈ പ്രവണത ഇന്ത്യന്‍ രാഷ്ട്രീയത്തിലും പ്രതിഫലിച്ചിട്ടുണ്ട്.

രൂക്ഷമായ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത്, ജനങ്ങളുടെ വളരുന്ന അസംതൃപ്തിയെ ആര് നയിക്കും എണ്ണ കാര്യത്തില്‍ ഒരു രാഷ്ട്രീയ പോരാട്ടം ഉടലെടുക്കും. രാഷ്ട്രീയ വലതുപക്ഷം ഈ ജനകീയ അസംതൃപ്തിയെ നയിക്കുകയും ഇടതുപക്ഷവും പുരോഗമന ശക്തികളും ഗൗരവമായ ഒരു രാഷ്ട്രീയ ശക്തിയായി വരുന്നില്ല എന്നുറപ്പാക്കുകയും ചെയ്യുന്നു. എന്നാല്‍ ജനകീയ അസംതൃപ്തി മുതലെടുത്ത ഈ വലതുപക്ഷ ശക്തികള്‍ ആദ്യം നടപ്പാക്കുന്നതാകട്ടെ ഈ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച, ജനങ്ങളുടെ മേല്‍ ഭാരം അടിച്ചേല്‍പ്പിച്ച, ജനകീയ അസംതൃപ്തി സൃഷ്ടിച്ച അതേ സാമ്പത്തിക നയങ്ങളാണ്. വരാന്‍ പോകുന്ന ദിനങ്ങളില്‍ ലോകത്തെ പല രാജ്യങ്ങളിലേയും രാഷ്ട്രീയ ദിശ നിര്‍ണയിക്കാന്‍ പോകുന്നത് ഈ ജനകീയ അസംതൃപ്തിയെ നയിക്കുന്നതില്‍ ഇടതുപക്ഷ ജനാധിപത്യ ശക്തികളാണോ വലതുപക്ഷ ശക്തികളാണോ രാഷ്ട്രീയ വിജയം കാണുക എന്നതിലായിരിക്കും. 1920-30-ലെ വലിയ മാന്ദ്യത്തില്‍ ലോകത്തെ കുത്തക മൂലധനത്തിന്‍റെ പിന്തുണയോടെയാണ് ഫാഷിസം ഉയര്‍ന്നുവന്നത്. പ്രതിസന്ധിയുടെ ഫലമായി ജനങ്ങള്‍ക്കിടയില്‍ ഉണ്ടായ അസംതൃപ്തിയെ ഫാഷിസ്റ്റ് ശക്തികള്‍ വിജയകരമായി മുതലെടുത്തു. ഇപ്പോഴത്തെ അവസ്ഥയില്‍, നീണ്ട നാളത്തെ സാമ്പത്തിക പ്രതിസന്ധിക്കെതിരെ ജനങ്ങള്‍ക്കുള്ള അസംതൃപ്തി തീവ്ര വലതുപക്ഷ, നവ-ഫാഷിസ്റ്റ് ശക്തികളുടെ ഉദയത്തിന് ഇന്ധനം പകരുന്നുണ്ട്.

മാര്‍ക്‌സിന്റെ മൂലധനത്തിന് 150 വയസ്

ഇന്നത്തെ ആഗോള മുതലാളിത്ത പ്രതിസന്ധിയുടെ സാഹചര്യങ്ങള്‍ക്കിടയില്‍ ചൂഷണത്തില്‍ നിന്നും മനുഷ്യരാശിക്ക് മോചനം നേടാനുള്ള ഏക മാര്‍ഗം സോഷ്യലിസ്റ്റ് ആശയമാണ്. 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം ആഗോള മുതലാളിത്തം പ്രതിസന്ധിയില്‍ നിന്നും പ്രതിസന്ധിയിലേക്ക് വീണുകൊണ്ടിരിക്കുകയാണ്. ഓരോ പ്രതിസന്ധിയെയും മറികടക്കാനുള്ള ശ്രമങ്ങള്‍ ആഴത്തിലുള്ള മറ്റൊരു പ്രതിസന്ധിയുടെ വിത്തിറക്കലായി മാറുന്നു. ഒരു കാര്യം വളരെ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്- ജനങ്ങള്‍ക്ക് മുകളില്‍ രൂക്ഷമായ മുതലാളിത്ത ചൂഷണത്തിലൂടെ അടിച്ചേല്‍പ്പിച്ച മുമ്പില്ലാത്തവണ്ണമ്മുള്ള സാമ്പത്തിക ഭാരങ്ങളും, വലുതാകുന്ന സാമ്പത്തിക അസമത്വങ്ങളും, ആഗോള ജനതയുടെ മഹാഭൂരിപക്ഷത്തിന്റെ ദരിദ്രവത്കരണവും – മുതലാളിത്തത്തിന്റെ ഇരപിടിയന്‍ സ്വഭാവം കൂടുതല്‍ നഗ്‌നമായ രൂപം കൈവരിച്ചിരിക്കുന്നു. മുതലാളിത്തത്തിനുള്ളില്‍ എത്രയൊക്കെ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നാലും ഇത്തരത്തിലുള്ള ചൂഷണത്തില്‍ നിന്നും മനുഷ്യരാശിയെ മോചിപ്പിക്കാനാവില്ല. സോഷ്യലിസത്തിന്റെ രാഷ്ട്രീയ ബദലിന് മാത്രമേ അതിനു സാധ്യമാവുകയുള്ളൂ. ചൂഷണത്തില്‍ നിന്നും മനുഷ്യമോചനത്തിന് മൂലധനത്തിന്റെ വാഴ്ച്ചയ്ക്ക് മേല്‍ സോഷ്യലിസത്തിന്റെ രാഷ്ട്രീയ ബദല്‍ കൊണ്ടുള്ള ആക്രമണം തീക്ഷ്ണമാക്കിയെ തീരൂ.

ഈ പ്രതിസന്ധിയുടെ തീവ്രത എത്ര വലുതായാലും മുതലാളിത്തം താനേ തകര്‍ന്നുവീഴില്ല. മുതലാളിത്തത്തെ വെല്ലുവിളിക്കാന്‍ ഒരു രാഷ്ട്രീയ ബദല്‍ വികസിക്കാത്തിടത്തോളം കാലം, മനുഷ്യചൂഷണത്തെ കൂടുതല്‍ തീവ്രമാക്കിക്കൊണ്ട് മുതലാളിത്തം നിലനില്ക്കും. അതുകൊണ്ട് സോഷ്യലിസ്റ്റ് രാഷ്ട്രീയ ബദലുകളുടെ ശക്തി ഗണ്യമായ തരത്തില്‍ വര്‍ദ്ധിക്കേണ്ടതുണ്ട്. ലോകത്തെമ്പാടും മുതലാളിത്ത കൊള്ളയുടെ ഇരപിടിയന്‍ സ്വഭാവത്തിനും ഒപ്പമുള്ള സാമ്രാജ്യത്വ മേധാവിത്ത മുഷ്‌ക്കിനുമെതിരെ പ്രതിഷേധങ്ങള്‍ വളരുന്നുണ്ടെങ്കിലും, ഈ ജനകീയ പ്രതിഷേധങ്ങളെല്ലാം പ്രതിരോധാത്മകങ്ങളായി തുടരുന്നു. ഇത്തരം സമരങ്ങള്‍ ഒന്നിച്ചുകൂടി മൂലധനത്തിന്റെ വാഴ്ച്ചയ്ക്ക് നേരെ വര്‍ഗ ആക്രമണം നടത്തുന്ന തലത്തിലേക്ക് എത്തണം.

മുതലാളിത്തത്തെ തൂത്തെറിയേണ്ടതുണ്ട്. അത് നിര്‍ണായകമായി സമൂഹത്തില്‍ തൊഴിലാളി വര്‍ഗത്തിന്റെ നേതൃത്വത്തിലുള്ള ഭൗതിക ശക്തിയെ ശക്തിപ്പെടുന്നതിനെ ആശ്രയിച്ചിരിക്കുന്നു. ജനകീയ സമരങ്ങളിലൂടെ മൂലധന വാഴ്ച്ചയ്ക്ക് നേരെ രാഷ്ട്രീയ ആക്രമണം നടത്താവുന്ന തരത്തിലേക്ക് വര്‍ഗ സമരത്തെ മൂര്‍ച്ഛിപ്പിക്കാനാകും. ഈ ഭൗതിക ശക്തിയെ കെട്ടിപ്പടുക്കലും, അതിന്റെ ശക്തിയും ‘ആത്മനിഷ്ഠ ഘടകമാണ്’. അതിന്റെ ശക്തിപ്പെടുത്തലാണ് നിര്‍ണായക ഘടകം. വസ്തുനിഷ്ഠ ഘടകം- പ്രതിസന്ധിയുടെ മൂര്‍ത്ത സാഹചര്യം- ഒരു വിപ്ലവ മുന്നേറ്റത്തിന് എത്ര അനുകൂലമായിരുന്നാലും, ഈ ‘ആത്മനിഷ്ഠ ഘടകത്തിനെ’ ശക്തിപ്പെടുത്താതെ അതിനെ മൂലധന വാഴ്ചക്കെതിരായ വിപ്ലവാക്രമണമായി പരിവര്‍ത്തിപ്പിക്കാനാകില്ല.

ഓരോ രാജ്യത്തെയും മൂര്‍ത്ത സാഹചര്യങ്ങളുടെ മൂര്‍ത്തമായ വിശകലനത്തിന്റെ അടിസ്ഥാനത്തിലുള്ള വിവിധ ഇടക്കാല മുദ്രാവാക്യങ്ങള്‍, നീക്കങ്ങള്‍, അടവുകള്‍ എന്നിവ വര്‍ഗസമരം മൂര്‍ച്ഛിപ്പിക്കാനും, ‘ആത്മനിഷ്ഠ ഘടകത്തെ’ ശക്തിപ്പെടുത്താനായി ഈ യഥാര്‍ത്ഥ സാഹചര്യങ്ങളുടെ വെല്ലുവിളികള്‍ നേരിടാനും, അങ്ങനെ തങ്ങളുടെ രാജ്യത്തെ വിപ്ലവ പരിവര്‍ത്തനം പ്രക്രിയ മുന്നോട്ട് കൊണ്ടുപോകാനും തൊഴിലാളിവര്‍ഗത്തിന് ഉപയോഗിക്കേണ്ടതായി വരും. ജനങ്ങള്‍ക്കിടയിലെ ശക്തികളിലെ രാഷ്ട്രീയ സന്തുലനം ഇടതുപക്ഷത്തിന് അനുകൂലമായി മാറണം. നവ-ഉദാരവത്കരണത്തിനെതിരെ ഒരു ബദല്‍ നയപരിപാടിയുടെ അടിസ്ഥാനത്തില്‍, ആക്രമണോത്സുകമായ ജനകീയ സമരങ്ങള്‍ അഴിച്ചുവിട്ടെങ്കില്‍ മാത്രമേ ഇത് നടക്കൂ. ഇതിന്റെ അഭാവത്തില്‍, രാഷ്ട്രീയ വലതുപക്ഷമായിരിക്കും തങ്ങള്‍ക്കനുകൂലമായി ഈ ജനകീയ അസംതൃപ്തിയെ ഉറപ്പിക്കുക. ഈ ‘ആത്മനിഷ്ഠ ഘടകത്തെ’ ശക്തിപ്പെടുത്താനും അങ്ങനെ വര്‍ഗസമരത്തെ മൂര്‍ച്ഛിപ്പിക്കാനുമുള്ള പ്രത്യയശാസ്ത്ര അടിത്തറയും സൈദ്ധാന്തിക പിന്തുണയും ഇന്ന് മാര്‍ക്‌സിസത്തിന് മാത്രമേയുള്ളൂ. അതുകൊണ്ട് മുതലാളിത്തത്തെ മറികടക്കാത്തിടത്തോളം കാലം ഇന്നത്തെ വാസ്തവിക ലോകത്തെ മാറ്റുന്നതിനുള്ള ഏക ശക്തിയായി മാര്‍ക്‌സിസം നിലനില്‍ക്കുന്നു, നിലനില്‍ക്കുകയും ചെയ്യും. ഈ ലോകത്തെ കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍, മനുഷ്യരെ മനുഷ്യരും, രാഷ്ട്രങ്ങളെ രാഷ്ട്രങ്ങളും ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാന്‍.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മാര്‍ക്സിനെ ശ്രദ്ധിയ്ക്കുക എന്നത് മാര്‍ക്സിനെ ആദരിക്കുക എന്നതിനേക്കാള്‍ പ്രധാനമാണ്; അമര്‍ത്യാ സെന്‍ എഴുതുന്നു

സീതാറാം യെച്ചൂരി

സീതാറാം യെച്ചൂരി

സിപിഎം ജനറല്‍ സെക്രട്ടറി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍