UPDATES

യെമനില്‍ പോരാട്ടം ശക്തം; ആശങ്കയോടെ മലയാളികള്‍

അഴിമുഖം പ്രതിനിധി

യെമനില്‍ വിമതര്‍ക്കെതിരെയുള്ള പോരാട്ടം ശക്തമായി. കഴിഞ്ഞ നാല് മണിക്കൂറായി പോരാട്ടം രൂക്ഷമായി തുടരുകയാണ്. നാല് ദിവസമായി വിമതര്‍ക്കെതിരെ വ്യോമാക്രമണം നടത്തുകയാണ് സൈന്യം. കരയുദ്ധത്തിനുള്ള ആലോചനയും നടക്കുന്നുണ്ട്. 100 പോര്‍വിമാനങ്ങളും ഒന്നരലക്ഷം സൈനികരെയുമാണ് സൗദി അറേബ്യ മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്. പ്രതിരോധമന്ത്രി അമീര്‍ മുഹമ്മദ് ബിന്‍ സുല്‍ത്താനാണ് സൈനികനടപടിക്ക് നേതൃത്വം നല്‍കുന്നത്. വ്യോമാക്രമണത്തിൽ ഇതുവരെ 61 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

ആക്രമണം ശക്തമായി തുടരുന്നതിനിടെ ഭീതിയോടെ കഴിയുകയാണ് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍. പലരുടേയും താമസസ്ഥലത്തിനടുത്തുവരെ ബോംബുകള്‍ വീണ് പൊട്ടുന്നതായും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും അവര്‍ തങ്ങളുടെ വീടുകളിലേക്ക് വിളിച്ചപേക്ഷിച്ചു. ആക്രമണം തുടരുകയും പല രാജ്യങ്ങളും അവരുടെ ആളുകളെ രക്ഷപ്പെടുത്തി നാട്ടിലേക്കെത്തിക്കാന്‍ ശ്രമിക്കുമ്പോഴും ഇന്ത്യന്‍ എംബസി വളരെ നിഷ്‌ക്രിയമായിരിക്കുന്നതായും അവിടെ നിന്നുള്ളവര്‍ പരാതിപ്പെടുന്നു. വിളിച്ചാല്‍ ഫോണുപോലും എടുക്കാത്ത അവസ്ഥയാണെന്നും മലയാളികള്‍ അറിയിച്ചു.

അതെസമയം യെമനില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി കെസി ജോസഫ് പറഞ്ഞു. യെമനിലെ വിമാനത്താവളങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാലാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ സാധിക്കാത്തത്. യെമനിലെ പ്രധാന വിമാനത്താവളമായ സനായിലെ റണ്‍വേ ഇപ്പോള്‍ പുനരുദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍, സൗദി അറേബ്യയുടെ ക്ലിയറന്‍സ് ഇല്ലാതെ അവിടെ വിമാനങ്ങള്‍ ഇറക്കാനും പുറപ്പെടാനും പറ്റില്ല. ഇതേത്തുടര്‍ന്നു കേന്ദ്രസര്‍ക്കാര്‍ സൗദി സര്‍ക്കാരുമായി ബന്ധപ്പെട്ടു വരികയാണെന്നും മന്തി പറഞ്ഞു.

യെമനില്‍ 4000 ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. അതില്‍ 3000ത്തോളം പേര്‍ മലയാളികളാണ്. കൂടുതല്‍ പേരും നഴ്‌സിംഗ് ജോലി ചെയ്യുന്നവരാണ്. രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് സര്‍ക്കാര്‍ വാചാലമാകുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് അവിടെ ജോലി നോക്കുന്നവര്‍ പറയുന്നു. എന്നാല്‍ പാക്കിസ്ഥാനില്‍ നിന്നുള്ളവരെ പാക് സര്‍ക്കാര്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി ഇവര്‍ പറയുന്നു. പാസ്‌പോര്‍ട്ടും മറ്റ് സര്‍ട്ടിഫിക്കറ്റുകളും എംപ്ലോയറുടെ പക്കലായതിനാല്‍ അത് മടക്കി കിട്ടാതെ പോരാനുമാകില്ല. ചില സ്ഥാപനങ്ങള്‍ ബോണ്ട് ചോദിക്കുന്നതും ഇവര്‍ക്ക് മടങ്ങാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍