UPDATES

യെമനിലേക്ക് സൈന്യം; സൌദിയുടെ ആവശ്യം പാക്കിസ്ഥാൻ തള്ളി

അഴിമുഖം പ്രതിനിധി

യെമനിലേക്ക് സേനയെ അയക്കണമെന്ന സൗദി അറേബ്യയുടെ ആവശ്യം പാക്കിസ്ഥാന്‍ തള്ളി. പാക് പാര്‍ലമെന്റാണ് ഇത് സംബന്ധിച്ച് സൗദി ആവശ്യം തള്ളിയത്. പ്രശ്നത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കാനും സമാധാനപരമായ പരിഹാരത്തിന് നയതന്ത്ര ഇടപെടല്‍ നടത്താനും നിര്‍ദേശിക്കുന്ന പ്രമേയം പാക് പാര്‍ലമെന്റ് ഐകകണ്ഠേന പാസാക്കുകയും ചെയ്തു. ഹൂതി വിമതർക്കെതിരെ വ്യോമാക്രമണം ശക്തമായി തുടരുകയും കരയുദ്ധത്തിന് നീക്കം നടത്തുകയും ചെയ്യുന്ന അറബ് രാഷ്ട്രസഖ്യത്തിന് പാക് നിലപാട് തിരിച്ചടിയാകും.

കരയുദ്ധത്തില്‍ പരിചയമില്ലാത്ത സൗദി സൈനികര്‍ക്ക് പാക് സൈന്യത്തിന്റെ സഹായമില്ലാതെ യമനില്‍ ഇറങ്ങാന്‍ ബുദ്ധിമുട്ടാണ്. ഷിയാ വിഭാഗത്തില്‍പ്പെട്ട ഹൂതികള്‍ക്കെതിരെ രൂക്ഷമായ വ്യോമാക്രമണമാണ് സൗദിയുടെ നേതൃത്വത്തില്‍ സുന്നി അറബ് രാഷ്ട്രസഖ്യം തുടരുന്നത്. എന്നാല്‍, പല മേഖലകളിലും ഹൂതികള്‍ മുന്നേറുകയാണ്. ഇവരെ അമര്‍ച്ചചെയ്യാന്‍ കരയുദ്ധത്തിന് സൗദി സഖ്യം തയ്യാറെടുക്കവേയാണ് പാകിസ്ഥാൻ നിലപാട് വ്യക്തമാക്കിയത്.

സൈനികരെയും യുദ്ധക്കപ്പലുകളെയും വിട്ടുനല്‍കാന്‍ തങ്ങളുടെ ഉറ്റ സഖ്യകക്ഷിയായ സുന്നി ഭരണ പാകിസ്ഥാനോട് സൗദി അഭ്യര്‍ഥിച്ചിരുന്നു. തിങ്കളാഴ്ച മുതല്‍ പാക് പാര്‍ലമെന്റ് ഇക്കാര്യം ചര്‍ച്ചചെയ്യുകയായിരുന്നു. എന്നാല്‍, യമനിലേക്ക് സൈന്യത്തെ അയക്കുന്നതിനെ എംപിമാര്‍ ആരും പിന്തുണച്ചില്ല. ഇതോടെയാണ് നിഷ്പക്ഷ നിലപാട് പ്രഖ്യാപിച്ച് പാക് പാര്‍ലമെന്റ് പ്രമേയം പാസാക്കിയത്.

യമന്‍ അതിര്‍ത്തിയില്‍ സൗദി സൈനികരെ വിന്യസിച്ചിട്ടുണ്ടെങ്കിലും സഖ്യത്തിലെ അറബ് രാജ്യങ്ങളുടെയൊന്നും കരസേനക്ക് യുദ്ധത്തിനിറങ്ങാനുള്ള പരിചയമോ ആത്മവിശ്വാസമോ ഇല്ലാത്തത് തിരിച്ചടിയായിരിക്കുകയാണ്. കരയില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന്റെ അനുഭവപരിചയവും പരിശീലനവും ഈ സൈന്യങ്ങള്‍ക്കില്ലാത്തതാണ് പ്രധാന കാരണം. പാകിസ്ഥാന്റെയും ഈജിപ്തിന്റെയും സൈന്യത്തിന്റെ സഹായമാണ് കരയുദ്ധത്തിന് നിര്‍ണായകമായിരുന്നത്.

അറബ് രാഷ്ട്രങ്ങള്‍ സംയുക്തസേന രൂപീകരിക്കണമെന്ന് നിര്‍ദ്ദേശിച്ച ഈജിപ്തും നേരിട്ടുള്ള കരയുദ്ധത്തിന് ഇതുവരെ ഇറങ്ങിയിട്ടില്ല. പാക് തീരുമാനം ഈജിപ്തിന്റെ നിലപാടിനെയും സ്വാധീനിച്ചേക്കാം. അങ്ങനെ വന്നാൽ ഹൂതികള്‍ക്കെതിരെയുള്ള കരയുദ്ധനീക്കം സൗദിക്ക് എന്നേക്കുമായി ഉപേക്ഷിക്കേണ്ടിവരും.

സനായിലും ഏദനിലും അറബ് സഖ്യം വ്യോമാക്രമണം തുടരുമ്പോഴും പല മേഖലയിലും ഹൂതികള്‍ നിയന്ത്രണം വ്യാപിപ്പിച്ച് കൊണ്ടിരിക്കുകയാണ്. മധ്യ ഏദനില്‍ പ്രവേശിച്ച ഹൂതികള്‍ കിഴക്കന്‍ മേഖലയില്‍ ഒരു പ്രവിശ്യാതലസ്ഥാനവും പിടിച്ചെടുത്തിട്ടുണ്ട്. .

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍