UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൌദിക്ക് വമ്പു കാട്ടാൻ യെമന്റെ മണ്ണ്

Avatar

ബ്രയാൻ മർഫി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇവിടെ യുദ്ധത്തിന്റെ പൊടിപടലങ്ങൾ നിങ്ങളുടെ കാഴ്ചയെ മറയ്ക്കുന്നില്ല. മറിച്ച്, സൗദി അറേബ്യയുടെ പുതിയ സൈനിക വമ്പ് ഉയർത്തിക്കാട്ടുന്ന രീതിയിൽ നിർമ്മിച്ചെടുത്ത തിളക്കമുള്ള കാഴ്ചകളാണുള്ളത്.

കഴിഞ്ഞയാഴ്ച യെമനിലേക്ക് സൗദിയുടെ നേതൃത്വത്തിൽ വ്യോമാക്രമണം ആരംഭിച്ചതിന് ശേഷമുള്ള എല്ലാ വൈകുന്നേരങ്ങളിലും, റിയാദിലെ പ്രതിരോധ മന്ത്രാലയത്തിന്റെ കോട്ട സമാനമായ കെട്ടിടം മാധ്യമ പ്രവർത്തകർക്ക് തുറന്ന് കൊടുക്കും. അവിടെ അവർ യുദ്ധമുഖത്ത് നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങളെ കുറിച്ചുള്ള വിശദീകരണം കേൾക്കുകയും വിമതരുടേതെന്ന് സംശയിക്കുന്ന കെട്ടിടങ്ങൾക്കും പട്ടാള മുന്നേറ്റങ്ങൾക്കും നേരെ യുദ്ധ വിമാനങ്ങൾ മിസൈലുകൾ വർഷിക്കുന്നതിന്റെ കറുപ്പിലും വെളുപ്പിലുമുള്ള ദൃശ്യങ്ങൾ കാണുകയും ഒടുവിൽ ചില ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യും. ഏതെങ്കിലും തരത്തിലുള്ള യുദ്ധങ്ങൾ റിപ്പോർട്ട് ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നല്ല നിലവാരമുള്ള ഒരു സംവിധാനം.

പക്ഷെ ഇതോടൊപ്പം തങ്ങളുടേതായ ചില ഉദ്ദേശങ്ങളും ആത്മാഭിമാനവും പ്രദർശിപ്പിക്കാനും സൗദികൾ ശ്രദ്ധിക്കുന്നു. പ്രത്യേകിച്ചും അമേരിക്കയും സുരക്ഷ കരാറുകളിൽ നിന്നും അതിവേഗം മോചിതമാവുകയും പ്രാദേശിക പ്രശ്നങ്ങളെ സ്വന്തം നിലയിൽ തന്നെ കൈകാര്യം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം നല്ലൊരു പരിശീലനമായി ഈ സന്ദർഭത്തെ അവർ ഉപയോഗിക്കുന്നു.

കാര്യങ്ങളിലെ പൂർണ നിയന്ത്രണം സൗദിക്കാണെന്നതിൽ ഇവിടുത്തെ കാഴ്ചകൾ യാതൊരു സംശയങ്ങൾക്കും ഇടം നൽകുന്നില്ല. സൗദി സായുധവിഭാഗങ്ങളുടെ ദൃശ്യങ്ങളോടും പുതിയ സൗദി ഏകാധിപതി, സൽമാൻ രാജാവിന്റെ ഗംഭീരപുരുഷ ശബ്ദത്തോടും കൂടിയ 30 സെക്കന്റ് നീണ്ടുനിൽക്കുന്ന ഒരു വീഡിയോ ചിത്രം പ്രദർശിപ്പിച്ചുകൊണ്ടാണ് പത്ര സമ്മേളനം ആരംഭിക്കുക. ‘ഇതെന്റെ ജനങ്ങളെ സംബന്ധിച്ച വിഷയമാണ്,’ അദ്ദേഹം പറയുന്നു. ‘അവരിലൊരാളെ പോലും തൊടാൻ നിങ്ങൾക്കാവില്ല.’

രാജ്യത്തെ പ്രസിഡന്റിനെ തുരത്തുകയും, സൗദിയും അതിന്റെ സഖ്യകക്ഷികളും ഭയക്കുന്നത് പോലെ ഷിയ ശക്തിയായ ഇറാന്റെ സ്വാധീനം വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്ന യെമനിലെ ഷിയ വിമതർക്കെതിരെയുള്ള സൗദിയുടെ ആക്രമണങ്ങളെ പിന്തുണയ്ക്കുന്ന മിക്ക അറബ് സഖ്യ കക്ഷികളുടെയും വക്താവ് എന്ന വിശേഷിപ്പിക്കാവുന്ന ഉദ്യോഗസ്ഥന്റെ രംഗപ്രവേശമാണ് പിന്നീട് സംഭവിക്കുന്നത്.

ഗൾഫ് അറബ് സഖ്യകക്ഷികളുടെയും ഈജിപ്ത് ഉൾപ്പെടെ സൗദിയെ സഹായിക്കുന്ന മറ്റ് രാജ്യങ്ങളുടെയും പതാകകൾ പാറുന്ന വേദിയിൽ ബ്രിഗേഡിയർ ജനറൽ അഹമ്മദ് അസേരി നിൽക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ മുന്നിലുള്ള മേശപ്പുറത്ത് അതിവൈദഗ്ധ്യത്തോടെ നിർമ്മിക്കപ്പെട്ട സൗദി സൈനിക ശക്തിയുടെ മാതൃകകളാണ് നിരത്തിയിരിക്കുന്നത്: യുദ്ധവിമാനങ്ങൾ, ആക്രമണകാരികളായ ഹെലിക്കോപ്ടറുകൾ, ടാങ്കുകൾ, സായുധ വ്യക്തിഗത വാഹനങ്ങൾ തുടങ്ങിയവയുടെ മാതൃകകൾ. സൗദി ആയുധങ്ങളിൽ അധികം വാങ്ങിയിരിക്കുന്നത് യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നാണ്. പക്ഷെ പേർഷ്യൻ ഗൾഫിലെ സൈനിക സ്വയംപര്യാപ്തതയെ കുറിച്ചുള്ള ഈ അപൂർവ പ്രദർശനത്തിൽ യുഎസ് പങ്കാളിത്തത്തിന്റെ യാതൊരു പ്രത്യക്ഷ സൂചനകളുമില്ല.

പകരം സൗദിയുടെ ഭാഷ്യം അറബ് ലോകത്തെമ്പാടും വെള്ളിവെളിച്ചത്തിൽ നിറുത്തുക എന്ന ഒരു ലക്ഷ്യം കൂടി ഈ വാർത്ത സമ്മേളനങ്ങൾ നിറവേറ്റുന്നുണ്ട്. പ്രത്യേകിച്ചും സൗദിയുടെ ഉടമസ്ഥതയിലുള്ള അൽ അറേബ്യ പോലെയുള്ള ശക്തമായ ശൃംഖലകൾ വഴി.

കഴിഞ്ഞ ആഴ്ച നടന്ന ഒരു പത്രസമ്മേളനത്തിൽ വച്ച് ഒരു സഹായി, പ്രാദേശിക, വിദേശ പത്രലേഖകരിൽ നിന്നായി ആറോളം ചോദ്യാവലികൾ ശേഖരിച്ചു. എന്നിട്ട് ഒരു ലേഖകനോട് തന്റെ ചോദ്യം ഫ്രഞ്ചിൽ ചോദിക്കാൻ ആവശ്യപ്പെട്ടു. അസേരിയുടെ ബഹുഭാഷ വൈദഗ്ധ്യം പുറംലോകത്തെ അറിയിക്കുക എന്ന വ്യക്തമായ ലക്ഷ്യമായിരുന്നു ഇതിന്റെ പിന്നിൽ.

ഒരു ചോദ്യം ദീർഘമായപ്പോൾ, അത് വെട്ടിക്കുറയ്ക്കാൻ അസീരിയോട് സഹായി ആംഗ്യഭാഷയിൽ ആവശ്യപ്പെട്ടു. ഒട്ടും അയവില്ലാത്ത വിധത്തിൽ കാര്യമാത്രപ്രസക്തമായതും തീർച്ചയായും സംഭ്രമരഹിതവുമായ പ്രക്ഷേപണമാണ് സൗദികൾക്ക് ആവശ്യം.

കഴിഞ്ഞ ചൊവ്വാഴ്ചത്തെ പത്രസമ്മേളനത്തിന് ശേഷം ചില സൗദി പത്രലേഖകർ സഹായിയെ വളഞ്ഞു. എന്തുകൊണ്ടാണ് ചോദ്യങ്ങൾ ഉന്നയിക്കാൻ ചില വിദേശപത്രലേഖകർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതെന്ന് വ്യക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

സഹായിയുടെ മറുപടി ഇങ്ങനെ: പ്രാദേശിക മാധ്യമപ്രവർത്തകരുടെ ചില ചോദ്യങ്ങൾ അസംഗതമാണ്. നമുക്ക് മുന്നോട്ട് നീങ്ങേണ്ടിയിരിക്കുന്നു. അത്തരം പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കാൻ പ്രാപ്തരായ ചില കാഴ്ചക്കാർ നാട്ടിൽ തന്നെയുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍