UPDATES

പ്രവാസം

ജീവനോടെ ഇങ്ങെത്തി; ഇനി ഇവിടേം ജീവിക്കേണ്ടേ?

Avatar

പെട്ടെന്നെന്തെങ്കിലും വലിയ ശബ്ദം കേട്ടാല്‍ ഇപ്പോഴും ബോംബു പോട്ടുന്നതോ വെടി ശബ്ദമോ ഒക്കെയേ മനസ്സില്‍ വരൂ. മനസ് പൊരുത്തപ്പെട്ടു തുടങ്ങിയിട്ടില്ല. ശരിക്കൊന്നുറങ്ങാന്‍ കഴിഞ്ഞത് നാട്ടിലെത്തിയപ്പോഴാണ്. യെമനില്‍ നിന്നുള്ള ആദ്യസംഘത്തില്‍ തിരിച്ചെത്തിയ പത്തനംതിട്ട കോഴഞ്ചേരി സ്വദേശികളായ നഴ്സുമാര്‍ സിജിയും സഹോദരി ജെറിനും മനസു തുറക്കുന്നു; യെമനില്‍ തങ്ങള്‍ കടന്നു പോയ ഭീതിദമായ അനുഭവങ്ങളെക്കുറിച്ച്… (തയ്യാറാക്കിയത്: ഉണ്ണികൃഷ്ണന്‍ വി)

അല്‍ നഖിബ് ആശുപത്രിയില്‍ നഴ്സിംഗ് സ്റ്റാഫായിരുന്നു ഞാനും എന്‍റെ സഹോദരി ജെറിനും. ആദ്യമൊന്നും ഞങ്ങള്‍ക്ക് മനസിലായിരുന്നില്ല ഒരു  യുദ്ധത്തിന്റെ നടുക്കാണ് ഞങ്ങളെന്ന്. പതിയെ ആശുപത്രിയില്‍ മുറിവേറ്റവരെ കണ്ടു തുടങ്ങി. ഓരോ ദിവസം കഴിയും തോറും അവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ഇടയ്ക്കെപ്പോഴോ പുറത്തു നിന്ന്‍ വെടിയൊച്ചകളും കേള്‍ക്കാന്‍ തുടങ്ങി. ആശുപത്രിക്ക് വെളിയില്‍ തോക്കുധാരികളെ കാണുകയും ചെയ്തു. പതുക്കെ പതുക്കെ അവരുടെയും അംഗസംഖ്യ വര്‍ദ്ധിച്ചു.

രണ്ടു മൂന്നു ദിവസങ്ങള്‍ക്കകം പുറത്തെ കടകള്‍ എല്ലാം അടച്ചു. അത്യാവശ്യ സാധനങ്ങള്‍ പോലും വാങ്ങാന്‍ പറ്റാത്ത അവസ്ഥ. ആദ്യമൊക്കെ ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നത് കുഴപ്പമില്ല, നിങ്ങള്‍ക്കാവശ്യമായ സുരക്ഷ ഞങ്ങള്‍ തരാം എന്നായിരുന്നു. അന്നു ഞങ്ങള്‍ക്ക് കാര്യത്തിന്റെ ഗൌരവം അറിയില്ലായിരുന്നു. പക്ഷേ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആശുപത്രി അധികൃതര്‍ ഞങ്ങളെ ഹോസ്റ്റലിലേക്ക് മാറ്റി. അപ്പോഴേക്കും അന്തരീക്ഷം വെടിയൊച്ചകളും നിലവിളികളുംകൊണ്ട് നിറഞ്ഞു തുടങ്ങിയിരുന്നു. ഹോസ്റ്റലിന് മുന്‍പില്‍ മൃതദേഹങ്ങള്‍ കണ്ടതും ഞങ്ങളെ പേടിപ്പിച്ചു.

38ലധികം മലയാളികള്‍ ഉണ്ടായിരുന്നു അവിടെ. കുട്ടികള്‍ ഉള്ളവര്‍ വരെ. ആശുപത്രി ഐസിയുവിന്റെ പിന്നില്‍ നിന്ന് ബോംബു പൊട്ടുന്നതിന്റെയും വെടി വയ്ക്കുന്നതിന്റെയും  ശബ്ദം പല പ്രാവശ്യം കേട്ടു. ഡ്യൂട്ടിക്കു ശേഷം റൂമില്‍ വന്നാല്‍ പോലും ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥ. പിന്നീടു പുറത്തു പോലും ഇറങ്ങാന്‍ പറ്റാതായി. ഭക്ഷണം തീര്‍ന്നു, കടകള്‍ എല്ലാം അടച്ചു. ശമ്പളവും കിട്ടിയില്ല. 

നാട്ടില്‍ നിന്നു വിളിച്ചപ്പോള്‍  എംബസിയുടെ നമ്പര്‍ തന്നിട്ട് വിളിക്കാന്‍ പറഞ്ഞു.നാട്ടിലെല്ലാവരും പേടിച്ചിരിക്കുകയായിരുന്നു. എംബസി അധികൃതര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറഞ്ഞു. ഞങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. അപ്പോഴേക്കും സംഗതി വഷളായിക്കഴിഞ്ഞിരുന്നു. എംബസിയുമായി വീണ്ടും ബന്ധപ്പെട്ടു. തുടര്‍ന്ന് നാട്ടിലേക്കുള്ള ഷിപ്പ് ഉടന്‍ എത്തുമെന്ന് അവര്‍ അറിയിച്ചു.

അന്നു ഞങ്ങളില്‍ പത്തു പേര്‍ക്കേ വരാന്‍ പറ്റിയുള്ളൂ. ബാക്കിയുള്ളവര്‍ അടുത്ത തവണയാണ് വന്നത്. പോര്‍ട്ട്‌ വരെ എത്തുന്നതായിരുന്നു അടുത്ത വെല്ലുവിളി. തോക്ക്, ബോംബ്‌, തീ എന്നിവയ്ക്കെല്ലാം ഇടയിലൂടെ ഒരു യാത്ര. എവിടെ നോക്കിയാലും തീയും പുകയും മാത്രം. കാതു പൊത്തി വണ്ടിയിലിരുന്നു. പോര്‍ട്ടില്‍ എങ്ങനെ എത്തി എന്ന് ഞങ്ങള്‍ക്കറിയില്ല. യെദനില്‍ നിന്നും ജിബൂട്ടി വരെ ആ ഷിപ്പില്‍. ആദ്യം പറഞ്ഞത് രജിസ്റ്റര്‍ ചെയ്തവരെയേ കൊണ്ടുപൊകൂ എന്നായിരുന്നെങ്കിലും പിന്നീടു എല്ലാവരെയും കൊണ്ടുപോകാന്‍ എംബസി അധികൃതര്‍ സമ്മതിച്ചു. 

ഷിപ്പില്‍ ജിബൂട്ടി വരെ എത്തി. അവിടെ രാവിലെ മുതല്‍ വൈകിട്ട് വരെ താമസിക്കേണ്ടി വന്നു. ഭക്ഷണവും താമസവും എല്ലാം അവിടെ ഒരുക്കിയിരുന്നു. അവിടെ നിന്ന് മുംബയിലേക്കും അവിടന്ന് കൊച്ചിയിലേക്കും വിമാനത്തില്‍. നാട്ടിലെത്തിയപ്പോഴാണ് ജീവന്‍ വീണത്‌. ഇത്ര വലിയ ഒരു പ്രശ്നത്തിന്റെ നടുക്കായിരുന്നു നമ്മളെന്ന് മനസിലായത് ഇവിടെ വന്ന്‍ വാര്‍ത്തകളൊക്കെ കണ്ടപ്പോഴാണ്.

ഒരു മാസത്തെ ശമ്പളവും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും കിട്ടിയിട്ടില്ല. ഇനിയെവിടെയെങ്കിലും കേറണമെങ്കിലും അതില്ലാതെ പറ്റില്ല. അങ്ങോട്ട്‌ പോയത് ഒന്നര ലക്ഷത്തോളം രൂപ ഇടനിലക്കാരന് കൊടുത്തിട്ടായിരുന്നു. കടം തീര്‍ന്നു എന്നാലും ഇനി മുന്‍പോട്ടു പോകണമെങ്കില്‍ ജോലി വേണം. ഇപ്പോഴത്തെ ഈ അവസ്ഥ മാറിയാല്‍ എന്തെങ്കിലും ചെയ്യണം. ജീവനോടെ ഇങ്ങെത്തി, ഇനി ഇവിടേം ജീവിക്കേണ്ടേ.

(അഴിമുഖം പ്രതിനിധിയാണ് ലേഖകന്‍)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍