UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുന്നികളോ ഹൂതികളോ കാണുന്നില്ല യമനികളുടെ ദുരിതം

Avatar

അലി അല്‍-മുജാഹെദ്, ഹ്യൂഗ് നെയ്‌ലര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അഞ്ചു ദിവസമായി സനായിലെ ഒരു പെട്രോള്‍ പമ്പിനു മുന്നില്‍ ഇന്ധനം വാങ്ങാനായി കാത്തു നില്‍ക്കുകയായിരുന്നു ഹമൂദ് അല്‍ ഹസാരി. പക്ഷേ അവസാനം അദ്ദേഹത്തിനു ജീവനും കയ്യില്‍ പിടിച്ച് തിരിച്ച് ഓടേണ്ട അവസ്ഥയാണ് ഉണ്ടായത്. പലതും സഹിച്ച് നീണ്ട ക്യൂവില്‍ ദിവസങ്ങളായി നില്‍പ്പ് തുടരുന്ന ജനങ്ങളെ അവഗണിച്ച് അപ്പോള്‍ ടൊയോട്ടയിലെത്തിയ കുറച്ചു സൈനികര്‍ പമ്പിനുള്ളിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചപ്പോള്‍ സംഘര്‍ഷമുണ്ടായി. അവര്‍ വെടിയുതിര്‍ത്ത് ജനങ്ങളെ വിരട്ടിയപ്പോള്‍ ഹസാരിയെ പോലെ നിരവധി പേര്‍ മരണത്തെ മുഖാമുഖം കണ്ടു.

”പെട്രോള്‍ വാങ്ങിയെടുക്കാനുള്ള ശ്രമത്തിനിടയ്ക്ക് പോലും ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്ന സ്ഥിതിയാണ് ഇപ്പോള്‍ ഞങ്ങള്‍ യമന്‍കാര്‍ക്കുള്ളത്.” ഹസാരി പറയുന്നു. സനായില്‍ താമസിക്കുന്നൊരു മിനി ബസ് ഡ്രൈവറാണ് അദ്ദേഹം. ”അവര്‍ അവിടെ നിന്നിരുന്ന മറ്റു വണ്ടിക്കാര്‍ക്കു നേരെയും വെടി വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ജീവനും കൊണ്ട് രക്ഷപ്പെടുകയല്ലാതെ എനിക്കു വേറെ വഴിയില്ലായിരുന്നു”. ഹസാരി പമ്പിലെ അനുഭവം വിവരിക്കുകയായിരുന്നു. 

സൗദി സൈന്യവും ഹൂതി വിമതരും തമ്മിലുള്ള പോരാട്ടം കനത്തതോടെ യെമനില്‍ ഇന്ധന ക്ഷാമവും ഭക്ഷ്യ ക്ഷാമവും രൂക്ഷമായി. കടയില്‍ ചെന്നു സാധനങ്ങള്‍ വാങ്ങുന്നതിനോ, പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനോ, നിരന്തരം വന്നു പതിക്കുന്ന ബോംബുകളില്‍ നിന്നും രക്ഷ തേടി സ്ഥലം വിട്ടു പോകുന്നതിനോ പോലും കഴിയാത്ത നിസ്സഹായ അവസ്ഥയിലാണ് ജനങ്ങള്‍. തുടരുന്ന ബോംബിങ്ങില്‍ ഇതിനകം നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. 

ഇന്ധനവും മറ്റു വസ്തുക്കളും വഹിച്ചു വരുന്ന കപ്പലുകള്‍ക്ക് യമന്‍ തുറമുഖത്ത് അടുക്കാന്‍ കഴിയുന്നില്ല. സൗദിയുടെ നേതൃത്വത്തിലുള്ള സംഘം അവയെ കടലില്‍ വച്ചു തടയുകയാണ്. ഐക്യരാഷ്ട്ര സംഘടനയ്ക്കും സഹായമെത്തിക്കുന്ന മറ്റു സന്നദ്ധ സംഘടനകള്‍ക്കും ഇതു സംമ്പന്ധിച്ച് പരാതിയുണ്ട്.

കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി സൗദി സഖ്യ മുന്നണി തുടര്‍ന്ന വ്യോമാക്രമണത്തില്‍ യെമന്റെ സ്വന്തം ഇന്ധന സംവിധാനങ്ങള്‍ തകരാറിലായതും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. പാലങ്ങളും റോഡുകളും തകര്‍ന്നു കിടക്കുകയാണ്. കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന ചിലവും അതിനു പുറമെ ഉണ്ടാകാനിടയുള്ള ആക്രമണ സാധ്യതയും കണക്കിലെടുത്ത്, ഇന്ധനവും മറ്റു ഭക്ഷ്യ വസ്തുക്കളുമൊക്കെ എത്തിക്കാന്‍ ട്രക്കുകാരും തയ്യാറാകുന്നുമില്ല.

ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ തുടങ്ങുന്നതിനു മുമ്പു തന്നെ കടുത്ത ദാരിദ്രത്തിന്റെ പിടിയിലായിരുന്നു അറേബ്യന്‍ ഉപദ്വീപായ യെമന്‍. യുദ്ധത്തിനൊപ്പം രൂക്ഷമായ ക്ഷാമം അവിടെ ഗുരുതരമായ മാനുഷിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. യെമനിലെ സര്‍ക്കാരും വിമതരായ ഹൂതികളും തമ്മിലാരംഭിച്ച സംഘര്‍ഷത്തില്‍ നിലവിലെ യെമന്‍ പ്രസിഡന്റ് പുറത്താക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തെ പിന്തുണച്ച് സൗദി രംഗത്തെത്തുകയായിരുന്നു. ഹൂതികളുടെ മുന്നേറ്റത്തെ ചെറുക്കാനെന്ന പേരില്‍ ഇപ്പോള്‍ സൗദിയും സഖ്യ മുന്നണിയും യെമനില്‍ വ്യോമാക്രമണങ്ങള്‍ നടത്തുകയും ചെയ്തു.

”ഇപ്പോഴത്തെ ഇന്ധന ക്ഷാമം യെമനെ ഒരു വലിയ മാനുഷിക ദുരന്തത്തിലേക്ക് തന്നെയായിരിക്കും നയിക്കുന്നത്”. യെമനിലെ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിശകലന വിദഗ്ധന്‍ ഏപ്രില്‍ ലോങ്‌ലീ ആലി അഭിപ്രായപ്പെടുന്നു.

എണ്ണ കയറ്റുമതി ചെയ്യുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളെ വച്ചു നോക്കുമ്പോള്‍ അതില്‍ വളരെ ചെറിയൊരു അളവുമാത്രമാണ് ദരിദ്രമായ യെമന്റെ സംഭാവന, അതു തന്നെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കുറഞ്ഞു വരികയാണ്. ഇന്ധനത്തിനായി ഇറക്കുമതിയെ മാത്രം ആശ്രയിക്കേണ്ട ഗതികേടിലാണ് ഇന്ന് രാജ്യം. മാസാമാസം മൂന്നു ലക്ഷം ടണ്‍ ഇന്ധനം ഇറക്കുമതി ചെയ്യുന്ന അവസ്ഥ.

അമീര്‍ അഹമ്മദ് കര്‍സാനി സനായിലെ ഒരു മാനസിക ചികിത്സാ കേന്ദ്രത്തിലെ ഡോക്ടറാണ് ഇന്ധനക്ഷാമം മൂലം അദ്ദേഹത്തിനോ സഹപ്രവര്‍ത്തകര്‍ക്കോ ഇപ്പോള്‍ ആശുപത്രിയില്‍ പോകാന്‍ കഴിയുന്നില്ല. അദ്ദേഹത്തിന്റെ കാറില്‍ പെട്രോള്‍ തീര്‍ന്നിട്ട് ദിവസങ്ങളായി. ടാക്‌സി പിടിച്ചു പോകാമെന്നു വച്ചാല്‍ അവര്‍ നിലവിലെ ചാര്‍ജ്ജിന്റെ 3 ഇരട്ടിയാണ് ഈടാക്കുന്നത്. ഡോക്ടര്‍ പറഞ്ഞു.

ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട ഡീസല്‍ ലഭിക്കാനും ഏറെ ബുദ്ധിമുട്ടാണ്. യുദ്ധം തുടങ്ങി രാജ്യത്തെങ്ങും വൈദ്യുതി തടസ്സപ്പെട്ടതോടു കൂടി ജനറേറ്ററിന്റെ ഉപയോഗം ഒഴിച്ചു കൂടാനാവാത്തതായിരിക്കുകയാണ്. രാജ്യത്തെമ്പാടും വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. തലസ്ഥാനമായ സനായിലും തുറമുഖ നഗരമായ ഏദനിലുമൊന്നും വൈദ്യുതിയില്ല.

” എക്‌സറേയും മറ്റു ഉപകരണങ്ങളുമൊക്കെ വല്ലപ്പോഴുമേ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നുള്ളു. വെടിയുണ്ടയേറ്റു വന്ന ആളെ പോലും മറ്റൊരാശുപത്രിയിലേക്ക് പറഞ്ഞയക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ ഗുരുതരമായ രീതിയിലുള്ള ബ്ലീഡിംഗ് തടഞ്ഞു നിര്‍ത്താന്‍ സാധിച്ചെങ്കിലും മറ്റുപകരണങ്ങളൊക്കെ പ്രവര്‍ത്തിപ്പിച്ച് ചികിത്സിക്കാനുള്ള വൈദ്യുതി ഇല്ലായിരുന്നു തന്റെ ആശുപത്രിയില്‍ വച്ച് കര്‍സാനി പറഞ്ഞു.

സാധാരണഗതിയില്‍ ആളുകള്‍ തിങ്ങി നിറഞ്ഞ് ആകെ ബഹളമയമായി കാണപ്പെടുന്ന സനായിലെ തെരുവുകളിലിന്ന് ഭയപ്പെടുന്ന തരത്തിലുള്ള മൂകത പടര്‍ന്നിരിക്കുന്നു. അവിടുത്തെ തിരക്കേറിയ കച്ചവട കേന്ദ്രങ്ങള്‍ പോലും തീര്‍ത്തും വിജനമായിരിക്കുന്നു. വലിയ ഷോപ്പിംഗ് കേന്ദ്രമായ ജമാല്‍ സ്ട്രീറ്റിലൂടെ ആരെയും ഇടിക്കാതെ വണ്ടിയോടിച്ചു പോകുകയെന്നത് മോട്ടോര്‍ ബൈക്കുകാരെ സംബന്ധിച്ച് വലിയൊരു തലവേദന തന്നെയായിരുന്നു. ഇന്നീ നഗരത്തിലെ വണ്ടികളില്‍ മിക്കതും വീടുകളില്‍ വെറുതെ നിര്‍ത്തിയിട്ടിരിക്കുകയായിരിക്കും. അല്ലെങ്കില്‍ ഏതെങ്കിലും പമ്പിനു പുറത്ത് ഇന്ധനം നിറയ്ക്കാനുള്ള ദിവസങ്ങള്‍ നീണ്ട ക്യൂവിലായിരിക്കും .

ഏദനില്‍ ഹൂതികളും പ്രാദേശിക തീവ്ര വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷവും മൂര്‍ഛിക്കുകയാണ്. അവിടെ ഇന്ധനത്തിനും ഭക്ഷണത്തിനും വെള്ളത്തിനും വരെ ക്ഷാമമാണ്. അത് ഇനിയും രൂക്ഷമാകുമെന്നു പ്രദേശവാസികള്‍ ഭയപ്പെടുന്നു.

” സൗദി മുന്നണിയുടെ കപ്പലുകള്‍, എണ്ണ ടാങ്കറുകള്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുകയാണ്.” ഹൂതി പൊളിറ്റ് ബ്യൂറോ അംഗമായ മുഹമ്മദ് അല്‍ ബുക്കൈദി പറയുന്നു, ഇത്തരം നടപടികളാണ് യെമനിലെ ജനങ്ങളുടെ ജീവിതം വീണ്ടും ദുഷ്‌ക്കരമാക്കുന്നത്. സൗദി വ്യോമാക്രമണത്തില്‍ യെമനിലെ ഏണ്ണ സംഭരണശാലകളും ഇന്ധന നിലയങ്ങളുമൊക്കെ നശിപ്പിക്കപ്പെട്ട കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൈനിക നീക്കങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന സൗദി ബ്രിഗേഡിയര്‍ ജന. അഹമ്മദ് അഷറഫ് അയച്ച ഈ-മെയിലില്‍ നിന്നും യെമന് ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചു. ഭക്ഷണം കൊണ്ടു വരുന്ന ചില കപ്പലുകള്‍ക്ക് അനുമതി നല്‍കുന്ന കാര്യം സൗദി സൈന്യം പരിഗണിക്കുന്നുണ്ടെന്നു ഈ-മെയില്‍ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ഇന്ധനം കൊണ്ടു വരുന്നതു സംബന്ധിച്ച കാര്യങ്ങളൊന്നും അതില്‍ പറഞ്ഞിട്ടില്ല. അനുമതിക്കായി അപേക്ഷ നല്‍കിയാല്‍ സന്നദ്ധ സംഘടന പ്രവര്‍ത്തകരെ സഹായമെത്തിക്കാന്‍ അനുവദിക്കുമെന്നു സൗദി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ഹൂതികള്‍ക്ക് ആയുധങ്ങളുമായി വരുന്ന കപ്പലുകള്‍ യമന്‍ തീരത്തെത്താതെ തടുക്കുന്നതിനും അവയെ നിരീക്ഷിക്കുന്നതിനുമായാണ് സൗദിയുടെ യുദ്ധകപ്പലുകള്‍ അവിടെ നിരീക്ഷണത്തിലേര്‍പ്പെട്ടിരിക്കുന്നതെന്നു യു.എസിലെ സൗദി അംബാസിഡര്‍ ആയ അദല്‍ അല്‍ ജുബൈര്‍ പറയുന്നു. 

”യെമനിലേക്ക് വരുന്നതോ യെമനില്‍ നിന്നു പോകുന്നതോ ആയ എന്തും പരിശോധനകള്‍ക്ക് വിധേയമായന്നു ഉറപ്പാക്കേണ്ടതുണ്ട്. കള്ളക്കടത്തു തടയാന്‍ അത് അത്യാവശ്യമാണ്”. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം നയം വ്യക്തമാക്കി. 

യു.എന്‍ എനിന്റെ ഏകദേശ കണക്കനുസരിച്ച് ആക്രമണങ്ങളെ തുടര്‍ന്നു യെമനില്‍ ഇതു വരെയായി വീടു നഷ്ടപ്പെട്ടവര്‍ 1,20,000 ത്തോളം വരും. യമനില്‍ നിന്നു രക്ഷപ്പെട്ടു പോകാന്‍ ആഗ്രഹിക്കുന്നവരും അനവധിയാണ്. വണ്ടിയോടിക്കാനുള്ള ഇന്ധനമില്ലാത്തതു കൊണ്ടു മാത്രം അവരവിടെ കുടുങ്ങിക്കിടക്കുകയാണ്. യു.എനിന്റെ അഭയാര്‍ത്ഥി സംഘടനയായ യു.എന്‍. എച്ച്..സി.ആറിന്റെ വക്താവ് എരീനാ റമ്മി പറഞ്ഞു. 

ഇന്ധനക്ഷാമം യു.എന്നിന്റെ രക്ഷ പ്രവര്‍ത്തനത്തേയും കാര്യമായി ബാധിക്കുന്നുണ്ട്. വീടു നഷ്ടപ്പെട്ടും, ഭയം മൂലം ഉപേക്ഷിച്ചും സ്‌ക്കൂളുകളിലും ആശുപത്രികളിലുമായി തിങ്ങി നിറഞ്ഞിരിക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് യഥാ സമയം സഹായമെത്തിക്കാന്‍ യു.എന്‍ പ്രവര്‍ത്തകര്‍ക്ക് ആവുന്നില്ല. ”ഇന്ധനക്ഷാമം ചില പ്രദേശങ്ങളിലെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്”. എരീന പറയുന്നു.

തൗഫീക് അല്‍ റൗമിയുടെ സനായിലെ സൂപ്പര്‍ മാര്‍ക്കറ്റിലേക്കു സാധനങ്ങളുമായി എത്തുന്ന ട്രക്ക് ഇപ്പോള്‍ വല്ലപ്പോഴും ദിവസങ്ങളില്‍ മാത്രമാണ് വരുന്നത്. സാധനങ്ങളുടെ കടത്തു കൂലി വല്ലാതെ കൂടിയിരിക്കുകയാണ്. ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെ എല്ലാം പരിമിതമായ അളവിലേ ലഭിക്കുന്നുള്ളൂ. അതിനു തന്നെ ഭീമമായ കടത്തു കൂലി ഉള്‍പ്പെടെ നല്ലൊരു തുക ചിലവാകും. ഈയൊരു സാഹചര്യത്തില്‍ കടയിലേക്ക് സാധനങ്ങള്‍ വാങ്ങി വയ്ക്കുകയെന്നത് തൗഫീക്കിനെ പോലുള്ളവരെ സംബന്ധിച്ച് താങ്ങാനാകാത്ത ചിലവുള്ള സംഗതിയാകുന്നു. ഡീസല്‍ ലഭ്യമല്ലാത്തതുകൊണ്ട് ജനറേറ്റര്‍ ഉപയോഗിച്ച് ഫ്രീസര്‍ പ്രവര്‍ത്തിപ്പിക്കാനും അദ്ദേഹത്തിനാവുന്നില്ല. സാഹചര്യം നേരിടാനായി സാധനങ്ങള്‍ക്ക് 20 മുതല്‍ 100 ശതമാനം വരെ വില കൂട്ടുകയാണ് അദ്ദേഹം ചെയ്തത്. 

”ഫ്രിഡ്ജ് ഇല്ലാത്ത കാരണം മീന്‍ മുട്ട തുടങ്ങി ഐസ്‌ക്രീം അടക്കം തണുപ്പില്‍ സൂക്ഷിക്കേണ്ട സകല സാധനങ്ങളും വാങ്ങിക്കുന്നത് ഞാന്‍ നിര്‍ത്തി. സാധനങ്ങള്‍ കടം കൊടുക്കുന്ന രീതിയും ഉപേക്ഷിച്ചു. ആള്‍ക്കാരോട് ആദ്യം തന്നെ പണം തരാനാവശ്യപ്പെടുകയാണിപ്പോള്‍”. തൗഫീക്ക് പറഞ്ഞു. 

തൗഫീക്ക് ഏര്‍പ്പെടുത്തിയ മാറ്റങ്ങള്‍ വാലിദ് മുഹമ്മദിനെപ്പോലുള്ള ഒട്ടനവധി യമനികളെ സംബന്ധിച്ച് ശരിക്കും കൂനിന്‍മേല്‍ കുരുവാണ്. വാലിദ് പണിയെടുത്തിരുന്ന ഗവണ്‍മെന്റ് ഏജന്‍സി ഇക്കഴിഞ്ഞ മാര്‍ച്ച് അവസാനത്തോടെ പൂട്ടി. പണത്തിനിനി എന്തു ചെയ്യണമെന്നറിയില്ല. തന്റെ ചെറിയ രണ്ടു കുട്ടികളോടൊപ്പം വീട്ടില്‍ തന്നെ കഴിയുകയാണ് അദ്ദേഹം. 

”ഈ യുദ്ധം കാരണം എനിക്കെന്റെ പണി പോയി. പണം ഉണ്ടാക്കാന്‍ വഴിയില്ല. ഇപ്പോ എനിക്കെന്റെ വണ്ടി ഓടിക്കാന്‍ പോലും കഴിയുന്നില്ല. വണ്ടി ഓടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എനിക്കെങ്ങനെ എന്റെ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ സാധിക്കും?”. അദ്ദേഹം ചോദിക്കുന്നു.

ഇനിയിപ്പോള്‍ ഇന്ധനം ഉണ്ടെങ്കില്‍ തന്നെ അത് വാങ്ങാന്‍ കഴിയുമോ എന്ന കാര്യം അദ്ദേഹത്തിനു സംശയമാണ്. കരിഞ്ചന്തയില്‍ ഒരു ഗ്യാലന്‍ (4.5 ലിറ്റര്‍) ഇന്ധനത്തിനു 14 ഡോളര്‍ വരെ വിലയുണ്ട്. യുദ്ധം തുടങ്ങുന്നതിനു മുമ്പുണ്ടായിരുന്നതിന്റെ 5 ഇരട്ടി.

സനാ വിജനമായതോടെ ഹസാരിയെ പോലുള്ള മിനി ബസ് ഡ്രൈവര്‍മാര്‍ക്കും കാര്യമായ പണിയില്ലാതെയായി. എന്നാല്‍ നാലു കുട്ടികളുടെ അച്ഛനായ ഹസാരിക്ക് വെടിയുണ്ടകളെ നേരിട്ടാണെങ്കിലും ഇന്ധനം സംഘടിപ്പിക്കാതെ വഴിയില്ല. ”ഞങ്ങള്‍ തീര്‍ത്തും ദുരിതത്തിലാണ്.” മറ്റൊരു പമ്പിലെ അവസാനമില്ലാതെ നീളുന്ന ക്യൂവില്‍ നിന്നു കൊണ്ട് ഹസാരി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍