UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യെമൻ വീണ്ടും ഈജിപ്തിന് ‘വിയറ്റ്നാം’ ആകുമോ?

Avatar

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കഴിഞ്ഞ വെള്ളിയാഴ്ച യെമൻ പ്രസിഡന്റ്  ആബേദ് റബ്ബോ മൻസൂർ ഹാദി ഈജിപ്തിന്റെ തീരദേശനഗരമായ ഷർമ് എൽ-ഷെയ്ഖിലേക്ക് സൗദി തലസ്ഥാനമായ റിയാദിൽ നിന്നുള്ള വിമാനത്തിൽ പറന്നിറങ്ങുകയുണ്ടായി. അറബ് ലീഗിന്റെ ഒരു സെഷനിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹത്തിന് ഇപ്പോൾ യെമനെക്കാൾ സുരക്ഷിതമായി തോന്നുന്നത് വിദേശത്താണ്. തന്റെ തന്നെ സഹവർത്തികളായ അയൽരാജ്യങ്ങളിൽ.

കഴിഞ്ഞ വർഷം യെമൻ തലസ്ഥാനമായ സന പിടിച്ചെടുത്ത ഹൂതികൾ ഇപ്പോൾ ഹാദിയും അദ്ദേഹത്തിന്റെ അവശേഷിക്കുന്ന ഭരണകൂടവും താവളമാക്കിയിരിക്കുന്ന തെക്കൻ തീരദേശനഗരമായ ഏദനെ നോട്ടമിട്ടിരിക്കുകയാണ്. തന്നെ പിന്തുടരുന്ന ഹൂതി കലാപകാരികളിൽനിന്നും രക്ഷപ്പെടാൻ ഹാദി നിർബ്ബന്ധിതനാവുകയായിരുന്നു.

ഹൂതികൾക്കുനേരെ സൗദിയുടെ നേതൃത്വത്തിലുള്ള ബോംബാക്രമണം ഒരു ആഭ്യന്തരയുദ്ധത്തിൽ നിന്ന് പ്രാദേശികസംഘർഷത്തിലേക്ക് വളർന്നിരിക്കുന്നു. സൗദിയും സുന്നി അറബ് രാഷ്ട്രങ്ങളും  ഒരു വശത്തും ഇറാനിയൻ പിന്തുണയുള്ള ഹൂതി കലാപകാരികളുടെ നിര മറുവശത്തും. ഈജിപ്ത് ഏദനിലേക്ക് ഏതാനും പോർക്കപ്പലുകളെ അയച്ചുകഴിഞ്ഞു. ഒരു കരയുദ്ധം അനിവാര്യമാണെന്ന് ഈജിപ്ഷ്യൻ ഉദ്യോഗസ്ഥർ ഉറപ്പിക്കുന്നു.

അത് സംഭവിക്കുകയാണെങ്കിൽ, ഈജിപ്ത് പഴയ ദുരനുഭവങ്ങളുടെ ഭൂമിയിലേക്കാണ് ചുവടുവെക്കുന്നത്.


യെമൻ പ്രസിഡന്റ്  ആബേദ് റബ്ബോ മൻസൂർ ഹാദിയും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദൽ ഫത്താഹ് അൽ-സിസ്സിയും 

1960-കളിൽ ഈജിപ്ത് യെമനുമായി ഒരു നീണ്ട കാലുഷ്യത്തിലേക്ക് കടക്കുകയുണ്ടായി. 1962-ൽ, ഒരു മതേതര സ്വേച്ഛാധിപതിയും വിശാല അറബ് ദേശീയതയുടെ വക്താവുമായിരുന്ന അന്നത്തെ ഈജിപ്ഷ്യൻ പ്രസിഡന്റ് ഗമാൽ അബ്ദുൾ നാസർ യെമനിലെ രാജഭരണം അവസാനിപ്പിക്കാൻ സൈനികമേധാവികൾ നേതൃത്വം നല്കുന്ന ഒരു റിപ്പബ്ലിക്കൻ അട്ടിമറിക്ക് പിന്തുണ നൽകിക്കൊണ്ട് യെമനിൽ ഇടപെടാൻ തീരുമാനിച്ചു. ഈജിപ്തിലെ ജീർണ്ണിച്ച നിയമാനുസൃത രാജഭരണത്തെ പുറന്തള്ളിക്കൊണ്ട് നടന്ന ഒരു ഉദ്യോഗസ്ഥ അട്ടിമറി വഴിയാണ് ഒരു പതിറ്റാണ്ടുമുമ്പ് നാസറും അധികാരത്തിൽ വന്നത്. അതിനാൽ അയൽ അറബ് രാജ്യമായ യെമനും ഈജിപ്തിന്റെ മാതൃക പിന്തുടരണമെന്ന് അദ്ദേഹം ആഗ്രഹിക്കുകയായിരുന്നു.

സൗദി അറേബ്യ പക്ഷേ, ഈ സംഭവവികാസങ്ങൾക്ക് എതിരായിരുന്നു. അവർ യെമനിലെ ഇമാം ഭരണത്തെ പ്രത്യവരോധിക്കാൻ ഉറയ്ക്കുകയും രാജസൈന്യത്തിന് കയ്യഴിഞ്ഞ് ആയുധങ്ങളും പണവും നൽകുകയും ചെയ്തു. ഷിയാ  സഈദി വിഭാഗത്തിൽനിന്നുള്ള നിരവധി പേർ അന്ന് ഈ രാജസൈന്യത്തിൽ ഉണ്ടായിരുന്നു. അവര്‍ ഹൂതി കലാപകാരികളുടെ നട്ടെല്ലായിത്തീർന്നു എന്നതാണ് ഒരു വൈരുധ്യം. ഇവരെ അമർച്ച ചെയ്യുന്നതിനാണ് സൗദി ഇന്ന് യുദ്ധം ചെയ്യുന്നത്.

യെമനിലേക്ക് ഈജിപ്ത് അയച്ച പതിനായിരക്കണക്കിനുവരുന്ന സൈനികരുടെ സന്നാഹം യെമനി റിപ്പബ്ലിക്കൻ സൈന്യത്തിന്റെ പ്രതിരോധത്തിനു ചുക്കാൻ പിടിക്കുന്നതിലേക്ക്, ആഭ്യന്തരയുദ്ധത്തിന്റെ നേതൃനിരയിലേക്ക് എത്തിച്ചേർന്നു. തുടർന്നു നടന്നത് ഒരു പതിറ്റാണ്ടോളം നീണ്ട കഠിന സംഘർഷമായിരുന്നു.

ഒരു ചരിത്രകാരന്റെ വിവരണമനുസരിച്ച് യെമൻ ഈജിപ്തുകാർക്ക് ഒരു കടന്നൽക്കൂടു തന്നെയായിരുന്നു. സുസജ്ജരായ രാജസൈന്യത്തെ തോൽപ്പിക്കാൻ അശക്തരായിരുന്നു അവർ. ഏദനിൽ ഒരു കൊളോണിയൽ ബാഹ്യനിയന്ത്രണം നിർത്തിപ്പോരുകയായിരുന്ന സൗദികളും ജോർദ്ദാൻകാരും ബ്രിട്ടീഷുകളും ഒക്കെ രാജപക്ഷത്തിന് സഹായം നൽകി. എന്നാൽ സോവിയറ്റ് യൂണിയന്റെ തന്ത്രപരമായ പിന്തുണയിലായിരുന്നു ഈജിപ്തുകാർ.

പടിഞ്ഞാറൻ മാധ്യമങ്ങൾ ആ സമയം ഈജിപ്തിന്റെ കടന്നുകയറ്റം ഒരു വിദൂര ജീർണ്ണഭൂമിയിലെ ചരിത്ര മണ്ടത്തരമായാണ് ചിത്രീകരിച്ചത്. “നാസർ ശുഷ്കമായ യെമൻ റിപ്പബ്ലിക്കിനുവേണ്ടി പോരാളികളെയും സമ്പാദ്യത്തെയും ധൂർത്തടിക്കുകയായിരുന്നു.” 1964-ൽ ടൈം എഴുതി.

“റൈഫിളും ജുംബിയയും —എല്ലാ യെമനി പുരുഷന്മാരും അരപ്പട്ടയിൽ ധരിക്കുന്ന നീണ്ടുവളഞ്ഞ കഠാര—മാത്രം ആയുധമായുള്ള സമർത്ഥരായ യെമനികൾക്ക് മന്ദഗതിക്കാരായ നൈലിന്റെ താഴ്വരയിലെ കർഷകർ അത്ര നല്ല എതിരാളികളല്ല ഈ ഭൂമിയിൽ” ഓറിയന്റലിസ്റ്റ് മുൻവിധിയോടെ 1963-ലെ ന്യൂ റിപ്പബ്ലിൿ വിവരിക്കുന്നു.

യുദ്ധത്തിനായി നാസർ 70,000 ഈജിപ്ഷ്യൻ പട്ടാളക്കാരെയാണ് യെമനിലേക്ക് അയച്ചത് നാസർ. 1970-ൽ യുദ്ധം അവസാനിച്ചതിനുശേഷം യെമൻ റിപ്പബ്ലിക്കായി തുടർന്നുവെങ്കിലും ഈജിപ്തിന് വലിയ വിലയാണ് കൊടുക്കേണ്ടിവന്നത്: 10,000-ലധികം ഈജിപ്ഷ്യൻ സൈനികർ കൊല്ലപ്പെടുകയും രാജ്യം വൻ യുദ്ധബാധ്യതകളിൽപ്പെടുകയും ചെയ്തു. ‘ഈജിപ്തിന്റെ വിയറ്റ്നാം’ എന്ന് വിളിക്കപ്പെട്ട ഈ സംഘർഷമാണ് 1967-ൽ ഇസ്രയേലുമായി നടന്ന ആറുനാളത്തെ യുദ്ധത്തിൽ ഈജിപ്തിന്റെ ദയനീയമായ തോൽവിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഇപ്പോൾ, ഇത് സൗദികളെക്കാൾ ഈജിപ്തുകാർക്ക് മുന്നറിയിപ്പാകേണ്ട സംഭവമാണ്. “‘Operation Decisive Storm’-ൽ തങ്ങള്‍ പങ്കെടുക്കില്ല എന്ന് കെയ്റോയിലെ നേതൃത്വത്തിന് സൗദി അറേബ്യയോട് പറയാനാവില്ല എന്നുള്ളതിന്റെ ഒരു സൂചന മാത്രമാണ്” ഇന്നത്തെ അവരുടെ പങ്കാളിത്തമെന്ന്  ഒരു ഈജിപ്ഷ്യൻ ബ്ലോഗറായ നെർവാന  മഹ്‌മൂദ് പറയുന്നു. 2013-ൽ ഭരണകൂടത്തിൽനിന്ന് ഇസ്ലാംവാദികളെ പുറത്താക്കിയ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദൽ ഫത്താഹ് അൽ-സിസ്സിയുടെ സർക്കാരിന് ലക്ഷക്കണക്കിന് ഡോളറാണ് സഹായമായി സൗദി നൽകിയിട്ടുള്ളത്.

“ഈ ഓപ്പറേഷൻ യെമനെ സ്ഥിരപ്പെടുത്താനുള്ളതല്ല. ഇത് പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന ഇറാന്റെ  മേൽക്കോയ്മയുടെ മുന്നിൽ സൗദിയുടെ നഷ്ടപ്രതാപത്തെ വീണ്ടെടുക്കാനുള്ളതാണ്.” മഹ്‌മൂദ് പറയുന്നു. പക്ഷേ, സൗദി നയിക്കുന്ന ഈ ആക്രമണം അവരുടെ ആഗ്രഹം പോലെതന്നെ അവരെ സുസ്ഥിതിയിലെത്തിക്കുമെന്നതിന്  ഉറപ്പ് ഒന്നുംതന്നെയില്ല. വൈദേശികരുടെ കടന്നുകയറ്റം അവരുടെ ആസൂത്രണത്തിനനുസരിച്ച് നടക്കുക എന്നത്  വിരളമാണ് യെമന്റെ ചരിത്രത്തിൽത്തന്നെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍