UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൌദി അനുകൂലികളെ തടവിലാക്കി ഹൌതികള്‍; യെമനില്‍ സംഘര്‍ഷം കനക്കുന്നു സൌദിയും ഇറാനും യെമനിലെ ചോരയുടെ പങ്കുകാരാകുമ്പോള്‍

Avatar

അലി മുജാഹിദ്, ബ്രിയാന്‍ മര്‍ഫി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

യെമന്റെ തലസ്ഥാനത്തെ ഓഫീസുകളിലേക്കും വീടുകളിലേക്കും ഷിയാ പ്രക്ഷോഭകാരികള്‍ അതിക്രമിച്ചു കയറുകയും, സൗദിയുടെ നേതൃത്വത്തില്‍ ആകാശമാര്‍ഗം നടത്തിയ ആക്രമണങ്ങളെ പിന്തുണക്കുന്നുവെന്ന് സംശയിക്കുന്ന 120ാേളം പ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രമുഖരെയും തടങ്കലിലാക്കുകയും ചെയ്തുവെന്ന് മനുഷ്യാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന സനായില്‍ പറഞ്ഞു.

സൗദിയുടെ നേതൃത്വത്തിലെ ആകാശമാര്‍ഗമുള്ള ആക്രമണം നിര്‍ത്തിവെക്കുകയാണെങ്കില്‍ സമാധാന ചര്‍ച്ചക്ക് തയ്യാറാണെന്ന പ്രക്ഷോഭകാരികളുടെ ഒരു മുതിര്‍ന്ന പ്രതിനിധിയുടെ വാക്കുകള്‍ പുറത്ത് വന്നതിന് ശേഷമാണ് ദ്രുതഗതിയിലുള്ള ഈ നീക്കം ഉണ്ടായിരിക്കുന്നത്. എന്നാല്‍ ചര്‍ച്ചയിലേക്കുള്ള ഏതൊരു നീക്കത്തെയും തടയാന്‍ രാജ്യത്തെ പ്രസിഡന്റിന്റെ തിരിച്ചു വരവിനോടുള്ള എതിര്‍പ്പിന് കഴിയുമായിരുന്നു.

ഹൗതി പ്രക്ഷോഭകാരികള്‍ തലസ്ഥാനമായ സനയുടെ മേല്‍ പിടിമുറുക്കിയിട്ട് മാസങ്ങളായി. ജനവാസപ്രദേശങ്ങളെ ഒഴിവാക്കി, കലാപകാരികള്‍ക്ക് അവശ്യസാധനങ്ങളെത്തിക്കുന്ന സംവിധാനവും വെടിമരുന്ന് ഡിപ്പോകളുമാണ് സൗദി നയിച്ച ആക്രമണങ്ങള്‍ ലക്ഷ്യം വെച്ചിരുന്നത് എന്നതിനാല്‍, തങ്ങളുടെ എതിരാളികളെന്ന് സംശയിക്കുന്നവരെ വേരോടെ ഇല്ലാതാക്കാനുള്ള കൂടുതല്‍ വിപുലമായ നീക്കത്തെയാണ് ഒടുവിലത്തെ തടങ്കല്‍ സൂചിപ്പിക്കുന്നത്.

സനായിലെ നിയമാവകാശ കേന്ദ്രം നല്‍കുന്ന വിവരമനുസരിച്ച് ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡുമായി ബന്ധമുള്ളതും യെമനില്‍ സജീവമായതുമായ സുന്നി സംഘമായ അല്‍ ഇസ്ലായിലെ മുന്‍നിര നേതാക്കന്മാരടക്കം കുറഞ്ഞത് 122 പേരെയെങ്കിലും പ്രക്ഷോഭകാരികള്‍ പിടിച്ചു വച്ചിട്ടുണ്ട്.

അല്‍ മസ്ദര്‍ പത്രത്തിന്റെ സനായിലെ ഡെപ്യൂട്ടി എഡിറ്ററായ അലി അല്‍ഫായ്ക് പറയുന്നത് പ്രക്ഷോഭകാരികളുടെ നിയന്ത്രണത്തിലുള്ള മറ്റിടങ്ങളിലും സമാനമായ രീതിയില്‍ കടന്നാക്രമണങ്ങള്‍ നടന്നിട്ടുണ്ട് എന്നാണ്. എന്നാല്‍ വിവരങ്ങള്‍ സ്ഥിരീകരിക്കാനായിട്ടില്ല.

ഇതിനിടെ ഇസ്ലാഹ് നേതാവ് ഫത്ഹി അലാസാബിനെ ഒരു പള്ളിയില്‍ തടവിലാക്കിയിരിക്കുകയാണെന്ന് സഹോദരന്‍ രജബ് മുഹമ്മദ് അലാസാബ് പറഞ്ഞു. ‘അദ്ദേഹത്തെ വെറുതെ എടുത്തു കൊണ്ടു പോവുകയായിരുന്നു, ഒരു കുറ്റം പോലും ആരോപിക്കാതെ.’ രജബ് മുഹമ്മദ് പറഞ്ഞു. ‘സൗദിയുമായി ചേര്‍ന്നുള്ള യുദ്ധത്തിനെ പിന്തുണച്ചു കൊണ്ടുള്ള ഇസ്ലായുടെ രാഷ്ട്രീയ പ്രസ്താവനയാണ് ഇതിന് പിന്നിലെന്നാണ് തോന്നുന്നത്.’

24 മണിക്കൂറും സൗദി തുടരുന്ന ആകാശമാര്‍ഗവും കടല്‍ മാര്‍ഗവുമുള്ള അക്രമണം നിര്‍ത്തിവെക്കുകയാണെങ്കില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് ഹൗതിയുടെ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞതായി റോയ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണങ്ങളുണ്ടാക്കിയ നഷ്ടങ്ങളാണോ ഇത്തരമൊരു വാഗ്ദാനത്തിന് പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല. യെമനിലെ രണ്ടാമത്തെ വലിയ നഗരമായ ഏദന്റെ നിയന്ത്രണത്തിനായി പോരാട്ടം തുടരുമ്പോഴും ഷിയാ ശക്തികള്‍ പിന്മാറിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അതിര്‍ത്തിയില്‍ സൗദിയുടെ കാലാള്‍ പട്ടാളത്തിനെതിരെ അവര്‍ വെടിയുതിര്‍ക്കുകയും ചെയ്യുകയുണ്ടായി.

പ്രക്ഷോഭകാരികളെ തുരത്തി, കഴിഞ്ഞ മാസം സൗദിയിലേക്ക് ഒളിച്ചോടിയ പ്രസിഡന്റ് ആബേദ് റബ്ബൂ മന്‍സൂര്‍ ഹാദിയെ തിരികെ എത്തിക്കുക എന്നതാണ് സായുധ ഇടപെടലിന്റെ ലക്ഷ്യമെന്ന് സൗദി നേതാക്കന്മാര്‍ പറഞ്ഞിരുന്നു.

ഷിയാ ശക്തിയായ ഇറാന് വലിയ സ്വാധീനമുണ്ടാക്കാന്‍ പ്രക്ഷോഭകാരികള്‍ വഴിയൊരുക്കുമെന്നാണ് സൗദി അറേബ്യയും സഖ്യകക്ഷികളും കരുതുന്നത്. സൗദി അറേബ്യ പിന്തുണക്കുന്ന ശക്തികള്‍ ഒരു വശത്തും ദീര്‍ഘകാലത്തെ രാജഭരണത്തെ എതിര്‍ക്കുന്ന പ്രക്ഷോഭകാരികളും ഘടകങ്ങളും മറുവശത്തും അണിനിരന്ന അധികാര പോരാട്ടമാണ് കലാപത്തില്‍ കലാശിച്ചിരിക്കുന്നത്.

ഉപാധികളില്ലാത്ത ചര്‍ച്ചയാണ് വാഗ്ദാനം ചെയ്യുന്നതെങ്കിലും ഹാദിയുടെ മടങ്ങിവരവിനെ എതിര്‍ക്കുന്ന നിലപാടില്‍ ഹൗതികള്‍ നിലയുറപ്പിച്ചിരിക്കുകയാണെന്നാണ്, ഹാദിയുടെ മുന്‍ ഉപദേഷ്ടാവും പ്രക്ഷോഭകാരിയുമായ സാലേഹ് അല്‍ സമ്മദ് റോയ്‌റ്റേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന് മനസ്സിലാക്കാനാകുന്നത്.

‘ഒരു നിശ്ചിത സമയത്തിനുള്ളില്‍ ആക്രമണങ്ങള്‍ നിര്‍ത്തിവെച്ച് ചര്‍ച്ചക്ക് തയ്യാറാവുക എന്നതല്ലാതെ ഞങ്ങള്‍ക്ക് മറ്റ് ഉപാധികളൊന്നും ഇല്ല.’ സമ്മദ് പറഞ്ഞു. ‘യമനിലെ ജനങ്ങളെ ആക്രമിക്കണമെന്ന് ഉദ്ദേശമില്ലാത്ത ഏതൊരു രാജ്യാന്തര, പ്രാദേശിക വിഭാഗങ്ങള്‍ക്കും ചര്‍ച്ചയെ നിരീക്ഷിക്കാവുന്നതാണ്.’ എന്നാല്‍ ഹാദിയെ വീണ്ടും ഭരണത്തിലെത്തിക്കുന്നതിന് യെമനിലെ ജനത എതിരാണെന്നുകൂടി സമ്മദ് കൂട്ടിച്ചേര്‍ത്തു.

ആര് മദ്ധ്യസ്ഥനായേക്കാം എന്നതിനെക്കുറിച്ചുള്ള സൂചനയൊന്നും സമ്മദ് തന്നിട്ടില്ല. എന്നാല്‍ സൗദിയുടെ പക്ഷം ചേരാത്ത ഏക പേര്‍ഷ്യന്‍ ഗള്‍ഫ് അറബ് രാജ്യമായി, കലാപങ്ങളില്‍ നിന്ന് അയല്‍രാജ്യമായ ഒമാന്‍ വിട്ടു നിന്നിരുന്നു.

ഈജിപ്ത്, പാകിസ്ഥാന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള നൂറിലധികം വിദേശ തൊഴിലാളികളെ വിമാനം വഴിയോ കപ്പല്‍ വഴിയോ അല്ലെങ്കില്‍ കനത്ത പ്രതിരോധത്തിലുള്ള സൗദി അതിര്‍ത്തി കടക്കാനുള്ള അനുമതി നല്‍കിയോ ഒഴിപ്പിക്കുകയാണ്.

രണ്ടാഴ്ചയോളമായുണ്ടായ കലാപത്തില്‍ സാധാരണക്കാരുള്‍പ്പെടെ 500 പേര്‍ കൊല്ലപ്പെട്ടതായും ഏകദേശം 1700ാേളം പേര്‍ക്ക് പരിക്കേറ്റതായും ഐക്യരാഷ്ട്ര സഭ കണക്കാക്കുന്നു. ഭക്ഷണത്തിന്റെയും മരുന്നിന്റെയും മറ്റ് സാധനങ്ങളുടെയും രൂക്ഷമായ ക്ഷാമത്തിനിടയില്‍ യുദ്ധം താത്കാലികമായി നിര്‍ത്തിവെക്കാന്‍ റെഡ്‌ക്രോസിന്റെ രാജ്യാന്തര സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

ദുരിതാശ്വാസത്തിനായുള്ള കപ്പല്‍ അയക്കാന്‍ ആക്രമണങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയില്‍ റഷ്യ നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നു. യെമനിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്ന സഹായ സംഘങ്ങളെ ഏകോപിപ്പിക്കാന്‍ ഒരു പ്രത്യേക സമിതി രൂപീകരിക്കുന്നതിനോട് യോജിക്കുന്നതായി സൗദി സൈന്യത്തിന്റെ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അസ്സേരി പറഞ്ഞു.

ലിസ് സ്ലൈ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

യെമനിലെ കെടുതികൾ മിഡിൽ-ഈസ്റ്റിനെ  അപകടകരമാംവിധം കത്തിപ്പടരുന്ന ഒരു  അഗ്നിബാധയിലേക്കാണ് തള്ളിവിടുന്നത്. അറബ് വസന്തത്തെ തുടർന്നുണ്ടായ കലാപങ്ങൾ അഴിച്ചുവിട്ട കോലാഹലങ്ങളിൽനിന്ന് ഉയർന്നുവരുമെന്ന് വളരെക്കാലമായി ഭയപ്പെട്ട ഒന്നിലേക്ക്.

നാലുവർഷം മുമ്പ് ഒരു യെമനി സർവ്വാധിപതിയെ താഴെയിറക്കാൻ നടന്ന സമാധാനപൂർണ്ണമായ സമരത്തിൽനിന്ന് തുടങ്ങി ആഭ്യന്തരസംഘർഷങ്ങളിലൂടെ പരിണമിച്ച്  ലോകത്തെ മുഖ്യ എണ്ണവിതരണമാർഗ്ഗങ്ങളിലൊന്നിന്റെ മർമ്മസ്ഥാനത്തുകിടക്കുന്ന ഒരു രാജ്യത്തിന്റെ പേരിൽ അയൽ ശത്രുക്കളായ സൗദി അറേബ്യയും ഇറാനും തമ്മിൽ ഒരു തുറന്ന യുദ്ധത്തിന്റെ സന്നാഹങ്ങളൊരുങ്ങുകയാണ്.

ഇറാന്റെ ആണവപദ്ധതി തടയുന്നതിനുള്ള ഒരു കരാറിന്റെ കരടു നിർമ്മിക്കുന്നതിന് ചൊവ്വാഴ്ച്ച എന്ന സമയപരിധിയെ ലക്ഷ്യം വെച്ച് തിടുക്കപ്പെട്ട് യു.എസ്. – ഇറാൻ ചർച്ചകൾ നടക്കുന്ന ഈ അവസരത്തിൽ യെമനിലെ സൗദിയുടെ വ്യോമാക്രമണത്തോട് ഇറാൻ പെട്ടെന്നുതന്നെ സൈനികമായി പ്രതികരിക്കാൻ സാധ്യത ഇല്ലെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. 

ഈ ഏറ്റുമുട്ടൽ പക്ഷേ, കഴിഞ്ഞ നാലുവർഷംകൊണ്ട് മിഡിൽ ഈസ്റ്റിന്റെ വലിയൊരു പ്രദേശത്തെ ഒരു യുദ്ധമേഖലയാക്കി മാറ്റിയ ബഹുമുഖസംഘർഷങ്ങൾക്ക് അപ്രവചനീയതയുടെയും അനിശ്ചിതത്വത്തിന്റെയും ഒരു തലം കൂടി നൽകിയിരിക്കുന്നു.

ഇറാഖിൽ ഇറാന്റെ സൈന്യത്തോടൊപ്പം അണിനിരക്കുന്ന യു.എസ്. അതേസമയം യെമനിൽ അവർക്കെതിരെയാണ് നിൽക്കുന്നത്. യെമനിലെ ആക്രമണത്തിൽ സൗദിക്കൊപ്പം നിൽക്കുന്ന ഈജിപ്തും യുനൈറ്റഡ് അറബ് എമറൈറ്റ്സും, തുർക്കിയും ഖത്തറും പിന്തുണയ്ക്കുന്ന ലിബിയയിൽ ബോംബാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം തുർക്കിയും ഖത്തറും യെമനിലെ സൗദി ആക്രമണത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. മറ്റു രാജ്യങ്ങൾക്കുമേൽ ആസൂത്രിതമായി മുന്നേറാൻ പ്രാദേശികശക്തികൾക്കിടയിൽ നടക്കുന്ന മത്സരങ്ങളാൽ സിറിയൻ സംഘർഷം രൂക്ഷമായിരിക്കുന്നു.

“1960-കൾക്കു ശേഷം — ഒരുപക്ഷേ അതിനും കാലങ്ങൾക്കു മുമ്പുമുതൽ— അറബ് രാഷ്ട്രങ്ങളും വിമതവിഭാഗങ്ങളും ഇത്രയധികം യുദ്ധങ്ങളിൽ ഏർപ്പെട്ട ഒരു ഘട്ടം ഉണ്ടായിട്ടില്ല, ഇവ്വിധത്തിൽ കുഴമറിഞ്ഞ കൂട്ടുകെട്ടുകളോടെ. ഇത് വളരെ ആപത്കരമാണ്” Carnegie Endowment for International Peace-ലെ ഫ്രെഡറിൿ വെഹ്റേ പറയുന്നു.

ഇപ്പൊഴുണ്ടായ ഈ കലാപത്തിന് വഴിതെളിച്ചത് മാസങ്ങൾക്കുമുമ്പ് യെമന്റെ തലസ്ഥാനമായ സനായെ കീഴടക്കിയ ഷിയാ ഹൂതി സൈന്യം തെക്കൻ തുറമുഖനഗരമായ ഏദനിലേക്ക് പിൻവാങ്ങിയ യെമൻ പ്രസിഡന്റ് ആബേദ് റബ്ബോ മൻസൂദ് ഹാദിയുടെ പുതിയ സിരാകേന്ദ്രത്തിലേക്ക് മുന്നേറ്റം നടത്തിയതാണ്.

വ്യാഴാഴ്ച സൗദിയുടെ നേതൃത്വത്തിലുള്ള സൈന്യം ആക്രമണം ആരംഭിച്ചപ്പോൾ ഹാദി സൗദിയുടെ തലസ്ഥാനമായ റിയാദിൽ അഭയംതേടുകയുണ്ടായി. അതോടെ അവശേഷിച്ച ഭൂരിഭാഗം പ്രദേശത്തിന്റെയും നിയന്ത്രണം ഹൂതി കലാപകാരികളുടെ കൈപ്പിടിയിലായ പ്രതീതിയാണ്.

ഈ പ്രദേശത്തെ സുന്നി താല്പര്യങ്ങളുടെ സ്വയംപ്രഖ്യാപിതസംരക്ഷകനായ സൗദി അറേബ്യയ്ക്ക് ഷിയാ ഹൂതികളുടെ മുന്നേറ്റം സുന്നി സഖ്യത്തിനുനേരെയുള്ള ഭീഷണി എന്നതിനെക്കാൾ വലിയ ആശങ്കകളാണ് ഉണ്ടാക്കിയിട്ടുള്ളത്.

“വർഷങ്ങളായി മിഡിൽ ഈസ്റ്റിലുടനീളമുള്ള ഇറാന്റെ അസ്വസ്ഥപ്പെടുത്തുന്ന സാമ്രാജ്യവ്യാപനത്തിന്റെ പരിണതിയായിരുന്നു അത്. ഇറാന്റെയും കൂട്ടാളികളുടെയും വ്യാപനം സുന്നി സ്വാധീനത്തെ ചുരുക്കുന്നതാണ് മിഡിൽ ഈസ്റ്റ് കാണുന്നത്. ഇക്കാര്യത്തിൽ സൗദിയുടെ താല്പര്യത്തെ യു.എസ്. ഉപേക്ഷിച്ചതായി കരുതണം.” ദുബായി ആസ്ഥാനമായ ഗൾഫ് ഗവേഷണകേന്ദ്രത്തിലെ മുസ്തഫ അലാനി പറയുന്നു.

ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള സംഘടന ലെബനനിൽ സ്വാധീനവും നിയന്ത്രണവും  ചെലുത്തുന്നു. സിറിയയിൽ പ്രസിഡന്റ് ബഷർ അൽ-അസദിനെ താങ്ങിനിർത്തുന്നതിൽ ഇറാൻ പിന്തുണയുള്ള സായുധസേനയുടെ പങ്ക് നിർണ്ണായകമാണ്. ഇറാഖിലാകട്ടെ, ഇറാന്റെ പിന്തുണയുള്ള പൗരസേന ഇറാഖി സൈന്യത്തെക്കാൾ കൂടുതൽ ഭൂപ്രദേശത്ത് അധികാരം പ്രയോഗിക്കുന്നു.

“യെമനിലെ ഇടപെടലിലൂടെ സൗദി അറേബ്യ ഇറാന്റെ നിർബ്ബാധമായ വിപുലീകരണത്തെ ഇനിയും സഹിക്കാനില്ലെന്ന സൂചന നൽകുകയാണ്. മിഡിൽ ഈസ്റ്റിലെ തങ്ങളുടെ താല്പര്യങ്ങളെ സംരക്ഷിക്കാൻ യു.എസ്സിനെ കൂട്ടുപിടിക്കില്ലെന്നും.” അലാനി തുടരുന്നു.

“അവർ ലെബനനിൽ തുടങ്ങി, പിന്നെ സിറിയ, ഇറാഖ്, ഇപ്പോൾ യെമൻ. ഇതൊരു തുടർച്ചയാണ്. യെമനിൽ ഇപ്പോൾ നടക്കുന്നത് ഈ തുടർച്ചയെ തടയാനുള്ള ശ്രമങ്ങളാണ്. സൗദിയിൽ ഒരു ഉണർവ് ഉണ്ടായിരിക്കുന്നു. ഒരു പ്രതിരോധതന്ത്രം. യെമൻ അതിന്റെ പരീക്ഷണഭൂമിയാണ്.” ഇത് യെമനെ മാത്രം സംബന്ധിക്കുന്നതല്ല, മിഡിൽ ഈസ്റ്റിലെ അധികാരസന്തുലനത്തിന്റെ തന്നെ മാറ്റത്തെ  കുറിക്കുന്നതാണ് എന്ന് അലാനി കൂട്ടിച്ചേർക്കുന്നു.

ഇറാന്റെ അധികാരവ്യാപനത്തിന് സഹായിക്കുന്ന തരത്തിലുള്ള അമേരിക്കയുടെ ഉദ്യമത്തെ അലാനി കുറ്റപ്പെടുത്തുന്നു. അതാണ് സൗദിയുടെ ആക്രമണത്തിനു കാരണമായത്. “ഇറാന്റെ അണുബോംബ് മാത്രമല്ല പ്രശ്നം, അണുബോംബിനുതുല്യമായ ഇറാന്റെ പെരുമാറ്റവുമാണ്.”  അദ്ദേഹം പറയുന്നു.

സുന്നിഭൂരിപക്ഷമായ യെമന്റെ തെക്കൻ  പ്രദേശത്തുകൂടി  ഇറാനിയൻ പിന്തുണയുള്ള ഷിയ സൈന്യത്തിന്റെ മുന്നേറ്റം  യമനിലെ സുന്നികൾക്കിടയിൽ അൽ-ഖയ്ദയിലേക്കുള്ള പിന്തുണയുടെ ഒരു പ്രവാഹത്തിനു വഴിതെളിക്കും —ഒരു പക്ഷേ, ഐസിസ് എന്നുകൂടി അറിയപ്പെടുന്ന ഇസ്ലാമിൿ സ്റ്റേറ്റിലേക്കും — എന്ന പേടിയാണ് ഈ ഇടപെടലിനു  സൗദി ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്ന മറ്റൊരു കാരണം. അൽ-ഖയ്ദയുടെ ഔദ്യോഗികഘടകമായ അറേബ്യൻ ഉപദ്വീപിലെ അൽ-ഖൈദ രാജ്യത്തിന്റെ ഒരു വലിയ മേഖലയെ ചെറിയ നിയന്ത്രണങ്ങളിൽ കൊണ്ടുവന്നിട്ടുണ്ട്. സനായിലെ ഷിയാ പള്ളികൾക്കുനേരെ കഴിഞ്ഞയാഴ്ച നടന്ന ആക്രമണപരമ്പരയ്ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുത്തുവെന്നത് സുന്നിവിഭാഗങ്ങൾക്ക് അതിൽ ഇടംകിട്ടുന്നതായി തെളിയിക്കുന്നു.

വെള്ളിയാഴ്ച ഈജിപ്തിന്റെ യുദ്ധക്കപ്പലുകൾ യെമൻ തീരത്തേക്ക് തിരിക്കുകയും അറബ് എമറൈറ്റ്സ് യെമനിലെ ബോംബാക്രമണത്തിൽ സൗദി വ്യോമസേനയുമായി ചേരുകയും ചെയ്തതോടെ ഇറാനിൽനിന്നുള്ള രഹസ്യഭീഷണികളെ പ്രതിരോധിക്കാനുള്ള സന്നാഹം കൂടുന്നു.

സൗദി അറേബ്യയ്ക്കകത്ത് 500 കിലോമീറ്റർ ദൂരംവരെ ലക്ഷ്യംവെക്കാവുന്ന മിസൈലുകൾ ഹൂതികൾക്കുണ്ടെന്ന് ഒരു ഇറാനിയൻ പാർലമെന്റ് സാമാജികൻ അർദ്ധ-ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസിനോട് പറയുകയുണ്ടായി. ഈജിപ്ഷ്യൻ യുദ്ധക്കപ്പലുകൾ കടന്നുവരുന്ന ചെങ്കടലിലെ അൽ-മൻദബ് കടലിടുക്കിലേക്കുള്ള പ്രവേശനം തടയാനുള്ള ഒരുക്കത്തിലാണ് ഹൂതികൾ എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായും ഏജൻസി ഉദ്ധരിക്കുന്നു.

പേർഷ്യൻ ഉൾക്കടലിനെ മെഡിറ്റെറേനിയനുമായി സൂയസ് കനാൽ വഴി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഈ ജലമാർഗ്ഗത്തിലൂടെയുള്ള സഞ്ചാരത്തെ തടയുന്ന ഏതൊരു തടസ്സവും നേരിടാൻ യു എസ് പ്രതിജ്ഞാബദ്ധമാണ്.

എന്നാൽ ഇതുവരെയുള്ള ഇറാന്റെ ഭീഷണികൾ വലിയൊരളവിൽ വാചകമടി മാത്രമാണ്. എന്നാൽ യെമനുവേണ്ടി  ഈ മേഖലയിൽ നേടിയ സമഗ്രമായ സ്വാധീനത്തെ പ്രയോഗിക്കാൻ ഇറാൻ തയ്യാറെടുക്കാനിടയുണ്ടെന്ന് വിദഗ്ദർ സംശയിക്കുന്നു. ഇറാഖിലോ സിറിയയിലോ ലെബനനിലോ ചെലവഴിച്ച അത്രയും ശക്തികൂടാതെതന്നെ അവർക്ക് ഇത് സാധിക്കും, മെഡിറ്ററേനിയനിലേക്കും ഇസ്രായേൽ അതിർത്തിയിലേക്കും സഖ്യകക്ഷികളുടെ ഒരു ശൃംഖലവഴി പ്രവേശം സാധ്യമായതിനാൽത്തന്നെ.

“ഇത് തോൽക്കാൻ വിധിക്കപ്പെട്ടതാണ്. കാരണം ഇതെല്ലാം ദൈവത്തിന്റെ നിയമങ്ങളാണ്.” യെമനിലെ സംഘർഷത്തിന്റെ ഫലത്തെ സ്വാധീനിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമത്തെ ആക്ഷേപിച്ചുകൊണ്ട് വെള്ളിയാഴ്ചത്തെ ഒരു നീണ്ട പ്രഭാഷണത്തിൽ ഹിസ്ബുള്ള നേതാവായ ഹസൻ നസറുള്ള പറഞ്ഞു. താൻ ഇറാനുവേണ്ടിയല്ല സംസാരിച്ചതെന്നും പക്ഷേ, ഇറാന്റെയും ഹിസ്ബുള്ളയുടെയും കാഴ്ചപ്പാടുകൾ പൊതുവേ ഒത്തുപോകുന്നതാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കൂടിയാലോചനകളാണ് ആസന്നമായ ഒരു യുദ്ധത്തെക്കാൾ അഭികാമ്യം എന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശം.

“ഇനിയും സമയമുണ്ട്. ഇനിയും പോംവഴിയുണ്ട്. അറബ് രാജ്യങ്ങളേ, യെമനിലെ ജനങ്ങളുടെ ചോരചൊരിച്ചിലിൽ പങ്കുകാരാകുന്നതിനുപകരം ഒരു രാഷ്ട്രീയപരിഹാരത്തിനുള്ള പദ്ധതിക്കുവേണ്ടി ശ്രമിക്കൂ.” അദ്ദേഹം ഉദ്ഘോഷിച്ചു.

ആക്രമണങ്ങൾ ഹൂതി നേതാക്കളെ മുന്നേറ്റം നിർത്തിവെച്ച് ഹാദിയോടൊപ്പം പങ്കാളിത്തമുള്ള ഒരു സർക്കാറിനായുള്ള ചർച്ചകളിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കും എന്നുകൂടി സൗദി ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നു. പൂർണ്ണമായി മാറ്റിനിർത്താനാവില്ലെങ്കിലും ഉടൻ ഒരു കരയുദ്ധത്തിനുള്ള ആലോചനയില്ലെന്നും സൗദി ഉദ്യോഗസ്ഥർ പ്രസ്താവിക്കുകയുണ്ടായി.

പക്ഷേ, നിർബ്ബന്ധബുദ്ധികളായ ഹൂതികൾ കൂടിയാലോചനയിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നതിന്റെ തെളിവുകളൊന്നും തന്നെയില്ല. നിരവധി ജനങ്ങളെ കൊന്നൊടുക്കിയ വ്യോമാക്രമണങ്ങൾ യെമനെ വീണ്ടും ധ്രുവീകരിക്കുകയേ ഉള്ളൂ എന്ന അപകടവുമുണ്ട്.

“ആക്രമണങ്ങൾക്ക് മുന്നേറ്റം തടയാനായില്ലെങ്കിൽ? സൗദികളുടെ   അവസാനത്തെ സാധ്യത തീർച്ചയായും ഒരു കരയുദ്ധമായിരിക്കും. അപ്പോൾ രാഷ്ട്രീയസംഗതി എവിടെ? എങ്ങനെ അതു രൂപപ്പെടും?”  ഇറാഖിലെയും സൗദി അറേബ്യയിലെയും മുൻ ബ്രിട്ടീഷ് സ്ഥാനപതിയും ഇപ്പോൾ മിഡിൽ ഈസ്റ്റിലെ the Institute for International and Strategic Studies-ന്റെ ബഹറിനിലെ എക്സിക്യുട്ടീവ് ഡയറക്ടറുമായ ജോൺ ജെങ്കിൻസ് ചോദിക്കുന്നു.

സ്വിറ്റ്സർലണ്ടിലെ ലുസാനിൽ നടക്കുന്ന ഇറാൻ ആണവചർച്ചകൾ ഒരു ഉടമ്പടിയിലെത്തുന്നത് പരാജയപ്പെടുകയാണെങ്കിൽ അത് അനിശ്ചിതത്വങ്ങളെ കൂട്ടുകയേ ഉള്ളൂ—ഒരുപക്ഷേ, ഇറാനെ ഒരു പ്രതികാരത്തിനുതന്നെ പ്രേരിപ്പിച്ചേക്കാം. കൂടിയാലോചനകൾ കാര്യങ്ങൾ കൈവിട്ടുപോവാതിരിക്കാനുള്ള ഉറപ്പുകളാണ്.” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

“യെമനിൽ ആക്രമണം പരാജയപ്പെടുകയാണെങ്കിൽ അത് തീവ്രവാദികളെ കൂടുതൽ ശക്തരാക്കാനും ഇടയുണ്ട്. ലിബിയയിലെ ഈജിപ്ഷ്യൻ-യു.എ.ഇ. വ്യോമാക്രമണങ്ങൾ ആ രാജ്യത്തെ ആഭ്യന്തരയുദ്ധത്തെ രൂക്ഷവും വിപുലവുമാക്കിയതുപോലെ.” Carnegie Endowment-ലെ വെഹ്റേ പറയുന്നു.

“ഇത് എങ്ങനെ സനായിലെ തങ്ങളുടെ ജനങ്ങളെ സ്വാസ്ഥ്യത്തിലേക്ക് എത്തിക്കുന്നതിനും ഐസിസിനെയും  അൽ-ഖയ്ദയെയും ഒതുക്കുന്നതിനും തക്ക നിർണ്ണായകമായ ഒരു അന്ത്യത്തിലേക്ക് സൌദിക്ക് എത്തിക്കാൻ കഴിയും എന്നതിൽ എനിക്ക് ഉത്കണ്ഠയുണ്ട്. ലിബിയയിൽ വ്യോമാക്രമണങ്ങൾ നിലവിലുണ്ടായിരുന്ന ആഭ്യന്തരയുദ്ധത്തെ ധ്രുവീകരിക്കുകയും ഐസിസിനു വഴി തുറക്കുകയുമായിരുന്നു. യെമനിലും അതുതന്നെ സംഭവിക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു.” അദ്ദേഹം ഉപസംഹരിക്കുന്നു.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍