UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആരാണ് ഹൂതികൾ?; യെമൻ പ്രതിസന്ധിയെക്കുറിച്ച് അറിയേണ്ട 5 കാര്യങ്ങള്‍

Avatar

ടീം അഴിമുഖം

1) ആരാണ് ഹൂതികൾ?
തലസ്ഥാനമായ സനയിലേക്ക് ആക്രമിച്ചു കയറിയ ഹൂതികൾ ഒരു സുപ്രഭാതത്തിൽ വന്നവരല്ല. രാജ്യത്ത് വര്‍ഷങ്ങളായി പോരാടുകയാണവർ. സനായുടെ വലിയൊരു പ്രദേശം കയ്യടക്കും മുമ്പ് ദേശീയ സേനയുമായി നിരവധി ദിവസങ്ങൾ നീണ്ട പോരാട്ടവും അവർ നടത്തി. 2011-നു ശേഷമാണ് അവർ ഈ ശക്തി കൈവരിച്ചത്.

ഹുസൈൻ അൽ-ഹൂതി എന്ന നേതാവിന്റെ പേരിൽ നിന്നാണ് ഹൂതികൾ ആ പേര് സ്വീകരിക്കുന്നത്. ഇയാൾ സ്ഥാപിച്ച സംഘമാണ് പിന്നീട് 1990-കളുടെ പകുതിയോടെ ഹൂതികളായി രൂപാന്തരം   പ്രാപിച്ചത്. പക്ഷേ അവരുയര്‍ത്തുന്ന വിഭാഗീയവും രാഷ്ട്രീയവുമായ പ്രശ്നങ്ങളെ സമീപിക്കുന്നതിലൂടെയാകും അവരെ  മനസിലാക്കാനെളുപ്പം. ഒരു യെമൻ ഷിയാ വിഭാഗമായ സയിദി   എന്നറിയപ്പെടുന്ന ഒരു ഇസ്ളാമിക ശാഖയാണ് ഹൂതികൾ. സുന്നി  ഭൂരിപക്ഷ യെമനിൽ സയിദികൾ ന്യൂനപക്ഷമാണ്. സയിദികളെ അടിച്ചമര്‍ത്തുന്നതിനോടുള്ള ചെറുത്തുനില്‍പ്പായാണ് ഹൂതി മുന്നേറ്റം സായുധവത്കരിക്കപ്പെട്ടത്.

2) ഹൂതികളുടെ പോരാട്ടം ഒരു സമീപകാല പ്രതിഭാസമാണോ?
അല്ല. 2004 മുതൽ പലപ്പോഴായി ഹൂതികൾ സര്‍ക്കാരുമായി ഏറ്റുമുട്ടുകയാണ്. നീണ്ട 20 കൊല്ലക്കാലം യെമൻ അടക്കിഭരിച്ച ഏകാധിപതി പ്രസിഡണ്ട് അലി അബ്ദുല്ല സലേക്കെതിരെ 2011-ൽ ഉയര്‍ന്നുവന്ന അറബ് വസന്ത മുന്നേറ്റങ്ങളെ ഹൂതികൾ വലിയതോതിൽ പിന്തുണച്ചു. എന്നാൽ 2011-ൽ അമേരിക്കയുടെ പിന്തുണയുള്ള ധാരണയുടെ ഭാഗമായി സലേയെ മാറ്റി ഹാദിയെ ഭരണമേല്‍പ്പിച്ചതും (തെരഞ്ഞെടുപ്പ് നടത്തും വരെയുള്ള ഒരു പരിവര്‍ത്തന സര്‍ക്കാരിനെയാണ് ഹാദി നയിക്കുന്നത്) ഹൂതികളെ സംതൃപ്തരാക്കിയില്ല. ഈ സര്‍ക്കാരിൽ ഹൂതികള്‍ക്ക് ഒരു പ്രാതിനിധ്യവും കിട്ടിയില്ല. അതുകൊണ്ടുതന്നെ തങ്ങള്‍ക്കെതിരെ യുദ്ധം ചെയ്ത പഴയ സര്‍ക്കാരിൽ നിന്നും വിഭിന്നമല്ല പുതിയ സര്‍ക്കാരെന്നും അവർ കണക്കുകൂട്ടി. മറ്റൊരു തരത്തിൽ പറഞ്ഞാൽ വിശ്വസിക്കാൻ കൊള്ളാത്ത സംവിധാനം. ഹൂതി കലാപം തുടര്‍ന്നു-ഒടുവിൽ പ്രസിഡന്റിന്റെ കൊട്ടാരം കയ്യടക്കും വരെ.

3) പോരാട്ടം പരക്കാനും പിന്തുണ നേടിയെടുക്കാനും കാരണങ്ങളെന്തായിരുന്നു?
മറ്റ് പല വിമതരെയും പോലെ ഹൂതികൾ യെമൻ സര്‍ക്കാരിനെ അട്ടിമറിക്കാനോ, യെമനിൽ നിന്നും വിട്ടുപോകാനോ ആഗ്രഹിക്കുന്നില്ല. സനായിലെ സൈനിക ദൌത്യത്തിന് അടിയന്തിരമായി മൂന്നു ലക്ഷ്യങ്ങളാണുള്ളത്. ഒന്ന്, ഉയര്‍ന്ന സര്‍ക്കാർ പദവികളിൽ ഹൂതികളെയോ ഹൂതി അനുഭാവികളെയോ പ്രതിഷ്ഠിക്കാൻ അവർ ആഗ്രഹിക്കുന്നു. രണ്ട്, വടക്കൻ യെമനിലെ ഹൂതി മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഇന്ധന വിലയിളവ് വെട്ടിക്കുറച്ച നടപടി റദ്ദാക്കണം. മൂന്നാമതായി, ഇപ്പോൾ കരട് രൂപപ്പെട്ട യെമൻ ഭരണഘടന, അന്തിമ രൂപത്തിലാകുമ്പോൾ തങ്ങളുടെ താത്പര്യങ്ങൾ കൂടി പ്രതിഫലിക്കണമെന്നും ഹൂതികൾ ആഗ്രഹിക്കുന്നു.

4) എങ്ങനെയാണ് അന്തരീക്ഷം വഷളായത്?
യെമൻ സര്‍ക്കാർ സുന്നി ആധിപത്യ സര്‍ക്കാർ മാത്രമല്ല, അമ്പരപ്പിക്കും വിധം ദുര്‍ബ്ബലവും സ്വാധീനരഹിതവുമാണത്. ദാരിദ്ര്യ നിരക്ക് 2012-ൽ 54.5 ശതമാനത്തിലെത്തി. 45% യെമനികളും വേണ്ടത്ര ഭക്ഷണം ലഭിക്കാൻ കഷ്ടപ്പെടുന്നവരാണ്. Transparency International പറയുന്നത് ലോകത്തെ ഏറ്റവും അഴിമതിക്കാരായ രാജ്യങ്ങളിൽ യെമൻ 10-ആം സ്ഥാനത്താണെന്നാണ്. അരക്ഷിതാവസ്ഥയും ദുര്‍ബ്ബലമായ ഭരണവും മൂലം രാജ്യത്ത് നിരവധി തീവ്രവാദി സംഘങ്ങൾ ഉടലെടുത്തിരിക്കുന്നു. സൈന്യത്തിലെ പലരും സര്‍ക്കാരിനോടെന്നതിനെക്കാൾ ഇത്തരം സേനകളോടാണ് കൂറ് പുലര്‍ത്തുന്നത്.

സുരക്ഷാപ്രശ്നങ്ങൾ പരിഹരിക്കാനുള്ള സര്‍ക്കാർ ശ്രമങ്ങൾ ഹൂതി മുന്നേറ്റത്തെ ആളിക്കത്തിച്ചതെയുള്ളൂ. മാര്‍ച്ച് 2013 മുതൽ ജനുവരി 2014 വരെ, സംഘര്‍ഷം അവസാനിപ്പിക്കാനും എല്ലാവരെയും തൃപ്തിപ്പെടുത്തുന്നതുമായ ഒരു സര്‍ക്കാരുണ്ടാക്കാനായി യെമൻ സര്‍ക്കാർ ദേശീയ സംഭാഷണ സമിതി വിളിച്ചുകൂട്ടി. പക്ഷേ അതിൽ ഹൂതികളുടെ പ്രാതിനിധ്യം നാമമാത്രമായിരുന്നു. സര്‍ക്കാരിന്റെ ഒരു ഏച്ചുകെട്ടലായി മാറി അത്.

“NDC തങ്ങള്‍ക്കിഷ്ടമുള്ള ഹൂതി മധ്യസ്ഥരെ തെരഞ്ഞെടുക്കാതിരിക്കുകയും പകരം യഥാര്‍ത്ഥ ജനാധിപത്യ, സമാധാന പരിഹാരത്തിനായി ശ്രമിക്കുകയും ചെയ്തിരുന്നെങ്കിൽ ഇന്നതെ കലാപം ദുര്‍ബ്ബലമായിരുന്നേനെ,” ഫോറിൻ അഫയേഴ്സിൽ യെമൻ നിരീക്ഷക ഫാരിയ അൽ-മുസ്ലിമി എഴുതുന്നു.

2014 പകുതിയോടെ ഇന്ധന വിലയിളവ് വെട്ടിക്കുറച്ചതിനെതിരെ നിലവിലെ സര്‍ക്കാരിനെതിരായി ഹൂതികൾ പ്രതികരിച്ചു തുടങ്ങി. പ്രതിഷേധം പോരാട്ടമാവുകയും, സെപ്റ്റംബർ 18-ഓടെ സനായിലെത്തുകയും ചെയ്തു.

യെമൻ സേനയെ തോല്‍പ്പിച്ച ഹൂതികൾ സുന്നി സായുധ സംഘങ്ങളുമായി ബന്ധമുള്ള സൈനികോദ്യഗസ്ഥരെ വധിക്കുകയും ചെയ്തു. ചില സേനാവിഭാഗങ്ങൾ കൂറുമാറി. സെപ്റ്റംബർ മുതൽ ഹൂതികൾ സനായിൽ പിടിമുറുക്കി.

ഏറ്റവും പുതിയ മുന്നേറ്റത്തോടെ ഹൂതികൾ സനായിലെ സര്‍ക്കാർ സേനയെ പരാജയപ്പെടുത്തി. ഭരണഘടന നയങ്ങളും സര്‍ക്കാർ പരിഷ്കാരങ്ങളും നടപ്പാക്കാൻ സരക്കാരിനുമേൽ സമ്മര്‍ദം ചെലുത്താനാണ് സൈനിക നടപടിയെന്ന് ഹൂതി നേതാവ് അബ്ദെൽ മാലികി അൽ-ഹൂതി പറയുന്നു. ഹാദിയെ പുറത്താക്കാൻ ഉദ്ദേശമില്ലെന്ന് പറഞ്ഞ അൽ-ഹൂതി, ഹാദി തങ്ങളുടെ ആവശ്യങ്ങള്‍ക്ക്  വഴങ്ങുന്നില്ലെങ്കിൽ ആവശ്യമായ എല്ലാ നടപടികളും എടുക്കുമെന്നും കൂട്ടിച്ചേര്‍ക്കുന്നു.

5) യെമനിലെ ഏക വിമത വിഭാഗം ഹൂതികളാണോ?
അല്ല. തെക്കൻ യെമനിൽ തീര്‍ത്തൂം വേറിട്ട സുന്നി ഇസ്ളാമിക വിമതരുമുണ്ട്. അറേബ്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ക്വെയ്ദ എന്ന എ‌ക്യൂഎപി  ആണ് ഇവിടെ ശക്തം. എ‌ക്യൂ‌എ‌പി-യുടെ ശാഖയോ അല്ലെങ്കിൽ അതിനോടു യോജിച്ച് നില്‍ക്കുന്നതോ ആയ അന്‍സർ അൽ-ശരിയാ എന്ന സംഘവുമുണ്ട്.

ദുര്‍ബ്ബലമായ യെമൻ സര്‍ക്കാരും വിശാലമായ ദേശീയ അരക്ഷിതാവസ്ഥയും എ‌ ക്യൂ എ പി ഇവിടെ സ്വാധീനമുണ്ടാക്കാൻ ഇടവരുത്തി. സര്‍ക്കാർ സേനയുടെ ആക്രമണവും യു എസ് ബോംബാക്രമണവും തെക്കൻ യെമനിലെ വന്‍തോതിൽ ജനാവാസമുള്ള പ്രദേശങ്ങളിൽ നിന്നും ഇവരെ പിന്തിരിപ്പിച്ചിട്ടുണ്ടെങ്കിലും മേഖലയിലെ നിരവധി ഗ്രാമപ്രദേശങ്ങളിൽ സംഘം ഇപ്പൊഴും നിയന്ത്രണം കയ്യാളുന്നു.

യു എസിനെതിരെ രാഷ്ട്രാന്തരീയ ആക്രമണം നടത്താൻ ഏറ്റവും സാധ്യതയുള്ള സംഘം എന്നാണ് എ‌ ക്യൂ എ പി-യെ യു എസ് ദേശീയ ഭീകരവിരുദ്ധ കേന്ദ്രം വിശേഷിപ്പിക്കുന്നത്.

രണ്ട് വിമത കലാപങ്ങൾക്കും പരസ്പരം ബന്ധമൊന്നുമില്ല. എന്നാൽ ഇവയെ നേരിടാനുള്ള യെമൻ സര്‍ക്കാരിന്റെ ശേഷിക്കുറവ് ഇരുകൂട്ടര്‍ക്കും തടസങ്ങളില്ലാതെ വളരാൻ സഹായിക്കുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍