UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൗദിക്ക് ഇറാക്കിൽ നിന്നും പഠിക്കാനുണ്ട്

Avatar

സിറാജ് ജീലാനി

അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികൾ ദീർഘ കാലമായി നിരന്തരമായ ആക്രമണങ്ങളിലൂടെ കീഴടക്കിയ ഇറാക്കിലെ ചോര ചിന്തുന്ന വാർത്തകളിൽ നിന്നും വിരമിക്കുന്നതിനു മുൻപാണ് ഗൾഫ്‌ പ്രവിശ്യകളിലെ പുതിയ തരം സംഘട്ടനങ്ങൾക്കും യുദ്ധ കാഹളങ്ങൾക്കും കളമൊരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിനു പിന്നിൽ ശക്തമായ ഒരു പാശ്ചാത്യൻ ലക്ഷ്യമുണ്ട് എന്നാണ് നാം മനസ്സിലാക്കേണ്ടത്. കാരണം ഇപ്പോൾ പ്രവിശ്യയിൽ സുസ്ഥിരമായ ഭരണം നടക്കുന്നത് സൗദി- അറേബ്യ, യു. എ. ഇ, ഒമാൻ, യെമൻ, ഇറാൻ തുടങ്ങി വളരെ കുറച്ചു രാജ്യങ്ങളിൽ മാത്രമേ ഉള്ളൂ. അല്ലാത്തിടങ്ങളിലെല്ലാം വ്യത്യസ്ത സായുധ വിപ്ലവങ്ങളുടെ രൂപത്തിലോ മറ്റു ആഭ്യന്തര പ്രശ്നങ്ങളുടെ അകമ്പടിയായോ ഭരണ പ്രക്രിയയെ താറുമാറാക്കിയിട്ടുണ്ട്. സിറിയയും ജോർദാനുമെല്ലാം അതിന്റെ മികച്ച ഉദാഹരണങ്ങളാണ്.

മാത്രവുമല്ല, ഗൾഫ്‌ രാജ്യങ്ങളുടെ ഓരത്ത് കടന്നു കൂടിയ പാശ്ചാത്യ രാജ്യങ്ങളുടെയെല്ലാം പിന്തുണയുള്ള ഇസ്രയേൽ എന്ന രാജ്യത്തിനെതിരെ അറേബ്യൻ രാജ്യങ്ങളെല്ലാം ഒന്നിക്കുക എന്ന സാഹചര്യവും ഇല്ലാതാക്കണം എന്നൊരു ദൗത്യവും ഈ തമ്മിലടിപ്പിക്കലിനു പിന്നിൽ ഉണ്ടാവാം. പ്രവിശ്യയിലെ മുസ്ലിം രാജ്യങ്ങളെല്ലാം ഒരുമിച്ചൊരു തീരുമാനമെടുത്താൽ ഇസ്രയേൽ മാത്രമല്ല അമേരിക്കയും ബ്രിട്ടനുമെല്ലാം തന്നെ കഷ്ടത്തിലാവും. ആയത് കൊണ്ട് തന്നെ എന്തിന്റെയെങ്കിലും പേര് പറഞ്ഞു തമ്മിലടിപ്പിക്കുകയും അതിന്റെ ചോര കുടിക്കുകയും ചെയ്യുകയെന്ന, 1980 മുതൽ 1988 വരെ നടന്ന ഇറാഖ്-ഇറാൻ യുദ്ധത്തിലെടുത്ത തന്ത്രമാണ് പാശ്ചാത്യർ ഈ യുദ്ധത്തിലും നടപ്പിലാക്കാൻ ശ്രമിക്കുന്നത്.

ഇറാഖ്-ഇറാൻ യുദ്ധങ്ങളിലെ അമേരിക്കയുടെ പങ്കിനെ കുറിച്ച് വളരെ വ്യക്തമായ റിപ്പോർട്ടുകൾ പിൽകാലങ്ങളിൽ വന്നിട്ടുണ്ട്. അതുപോലെ തന്നെ അവിടെയുള്ള ജനങ്ങൾ അനുഭവിച്ചിട്ടുമുണ്ട്. അന്ന് അമേരിക്കയുടെ അജണ്ട ഗൾഫ്‌ മേഖലയിലെ സോവിയറ്റ് യൂണിയന്റെ കടന്നു കയറ്റം അവസാനിപ്പിക്കുക എന്നതായിരുന്നു. കാരണം 1958 മുതൽ തന്നെ സോവിയറ്റ് യൂണിയനുമായി ഇറാഖ് സഹവർത്തിത്വം ആരംഭിച്ചിട്ടുണ്ട്. പ്രത്യേകിച്ചും 1972-ലെ സോവിയറ്റ് യൂണിയനുമായി ഇറാഖ് ധാരണയിലെത്തിയ പതിനഞ്ചു വർഷത്തെ പരസ്പര സഹകരണ കരാർ ഇറാഖിന്റെ സൈനിക- സാമ്പത്തിക മേഖലയിലെക്കുള്ള യു എസ് എസ് ആറിന്റെ ഇടപെടലിലേക്ക് നയിക്കുന്നതോടൊപ്പം ഇറാഖ് സോവിയറ്റ് സഖ്യത്തിലേക്ക് നീങ്ങുകയാണോ എന്ന് കൂടി അമേരിക്കയെ ആശങ്കയിലാഴ്ത്തി.

അതുപോലെ തന്നെ ഇറാനിലുമുണ്ടായിരുന്നു കാരണങ്ങൾ. അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ കെന്നത് ആർ ടിമ്മർമാൻ അഭിപ്രായപ്പെട്ടത് 1979-ലെ ഇറാനിയൻ വിപ്ലവത്തോട് കൂടി അറേബ്യൻ പ്രവിശ്യയിലെ ഇറാന്റെ വളർച്ചയെ അമേരിക്ക വളരെ പേടിയോടു കൂടി കണ്ടതിന്റെ അനന്തരഫലമാണ് ഇറാഖ്-ഇറാൻ യുദ്ധം എന്നതാണ്. വാസ്തവത്തിൽ രണ്ടു ലക്ഷ്യവും നേടിയെടുക്കാനുള്ള അമേരിക്കയുടെ രാഷ്ട്രീയ കുതന്ത്രത്തിന്റെ വ്യക്തമായ ഉദാഹരണമായിരുന്നു ആ യുദ്ധം.

പക്ഷെ യുദ്ധം തുടങ്ങിയപ്പോൾ സമവാക്യം മാറിത്തുടങ്ങി. ഇറാഖിനെ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും പിന്തുണച്ചപ്പോൾ സോവിയറ്റ് യൂണിയനടക്കം വളരെ ചുരുക്കം രാജ്യങ്ങളേ ഇറാന്റെ ഭാഗമായുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ദീർഘമായ യുദ്ധം എന്നറിയപ്പെടുന്ന ഇറാഖ്-ഇറാൻ പോരാട്ടത്തിൽ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റിൽ പറത്തി പൂർണമായും അമേരിക്ക പിന്തുണ കൊടുക്കുന്ന ഇറാഖിന്റെ ആധിപത്യം ആയിരുന്നു കണ്ടത്.

ശേഷം നടന്ന സംഭവങ്ങൾ നമുക്കെല്ലാവർക്കുമറിയാം. അന്ന് അമേരിക്കയുടെ പിന്തുണയോട് അറേബ്യൻ പ്രവിശ്യയിലെ ഉറച്ച ശബ്ദമായിരുന്ന സദ്ദാം ഹുസൈനെ ഇറാനെതിരെ നടന്നതടക്കമുള്ള യുദ്ധക്കുറ്റത്തിന്റെ പേരിൽ അമേരിക്ക തന്നെ വധശിക്ഷക്ക് വിധിച്ചു.

സമാനമായ സാഹചര്യങ്ങളാണ് യെമനുമായുള്ള യുദ്ധത്തിലും പ്രകടമാവുന്നത്. പൂർണമായും സൗദി-അറേബ്യ യുടെ നേതൃത്വത്തിലുള്ള സഖ്യം മേൽക്കൈ നേടിയിട്ടുള്ള ഒരു പോരാട്ടമാണ് അവിടെ നടക്കുന്നത്. സൗദി അറേബ്യക്ക് പിന്നിലാണെങ്കിൽ ഇസ്രായേൽ അടക്കമുള്ള പാശ്ചാത്യ- മുതലാളിത്ത കൂട്ടുകെട്ടുകളെല്ലാം ഉണ്ട്. യെമനെ സഹായിക്കാനാണെങ്കിൽ കേവലം ഇറാൻ മാത്രം.

എന്തുകൊണ്ട് ഇറാൻ യെമനെ സഹായിക്കുന്നു എന്ന ചോദ്യം ഉയരുന്നത് ഇവിടെയാണ്‌. 2015 ഏപ്രിൽ 07 ലെ ‘വാഷിംഗ്‌ടൻ പോസ്റ്റിൽ’ ഇഷാൻ തരൂർ എഴുതിയത് പോലെ അത് കേവലം ഷിയാ-സുന്നിപ്രശ്നങ്ങളിലേക്ക് ഒതുക്കേണ്ടതല്ല. കാരണം സൗദി അറേബ്യ എന്ന വഹാബി രാജ്യവുമായി ആശയപരമായി കൂടുതലായൊന്നും സഹകരിക്കാത്ത മറ്റു സുന്നി മേധാവിത്ത രാജ്യങ്ങളെല്ലാം തന്നെ യെമൻ ആക്രമണത്തിന് സഹകരിക്കുന്നുണ്ട്. അത് പോലെ തന്നെ  യെമനിലെ ഹൂതി വിഭാഗക്കാർ വിശ്വസിക്കുന്ന ‘യസീദിയ്യ’ ആശയത്തിൽ നിന്നും വളരെ അകലെയാണ് ഇറാൻ ശിയാക്കൾ.

അങ്ങനെയാകുമ്പോൾ മറ്റു പലതുമാണ് പ്രശ്നം. എന്നുവെച്ചാൽ സൌദിയുടെ നേതൃത്വത്തിലുള്ള സഖ്യം സത്യത്തിൽ ഭയക്കുന്നത് വേറെ ആരെയൊക്കെയോ ആണ്. യെമൻ അതിലേക്കുള്ള വെറും വഴി മാത്രമാണ് എന്ന് കരുതേണ്ടി വരും. അതായത് അവരുടെ ലക്ഷ്യം ഇറാൻ ആണ്. ഇന്ന് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും പറഞ്ഞത് കേൾക്കാത്ത സ്വന്തമായി തീരുമാനങ്ങളെടുക്കുന്ന അറേബ്യൻ പ്രവിശ്യയിലെ ഒരേ ഒരു രാജ്യം ഇറാനാണ്. ഇറാനോട് നേരിട്ട് യുദ്ധം ചെയ്യുക എന്നത് അമേരിക്കയെ സംബന്ധിച്ചു ഇപ്പോൾ പന്തിയുള്ള കാര്യവുമല്ല. അങ്ങനെയാണ് തമ്മിൽ തല്ലിക്കുക എന്ന രാഷ്ട്രീയം ഉയരുന്നത്. ഇതിലൂടെ പ്രവിശ്യയിലെ സാമ്പത്തിക മേധാവിയായ സൗദി അറേബ്യയെയും പാശ്ചാത്യരെ അനുസരിക്കാത്ത ഇറാനെയും ഒരുപോലെ ക്ഷീണിപ്പിക്കാം എന്നവർ കരുതുന്നു. അതുകൊണ്ട് തന്നെ ഇത് കേവലം ഒരു യുദ്ധം കൊണ്ട് തീരുന്നില്ല. ഇറാഖിൽ സംഭവിച്ചത് പോലെ ഒരു കടന്നു കയറ്റം സൗദി അറേബ്യക്ക് നേരെയും ഉണ്ടാവാനുള്ള സാഹചര്യവും കൂടുതലാണ്.

ഈ യുദ്ധങ്ങളിൽ  നിന്നെല്ലാം ഏറ്റവും കൂടുതൽ നേട്ടം കൊയ്യുന്നത് ഇസ്രായേലാണ്. പ്രധാനമായും  ബെഞ്ചമിൻ നെതന്യാഹു വീണ്ടും അധികാരത്തിലേറിയതിനു ശേഷം ഉണ്ടായേക്കാവുന്ന പലസ്തീനിലെ കടന്നു കയറ്റത്തിനെതിരെ സാമ്പത്തികമായും മാനസികമായും സഹായം ചെയ്യുന്ന രാജ്യങ്ങളുടെ മേധാവിത്തം ഇല്ലാതാക്കാൻ അവർ ഏതു വിധേനയും പിന്തുണക്കും. പ്രത്യേകിച്ചും കഴിഞ്ഞ വർഷം ഗാസയിൽ ഇസ്രായേൽ നടത്തിയ കടന്നു കയറ്റത്തിനെതിരെ ‘മനുഷ്യത്വത്തിന് നേരെയുള്ള അപരാധം’ എന്ന് യു കെ യിലെ സൗദി അംബാസഡർ അഭിപ്രായപ്പെട്ടത് ഇസ്രായേലിനെ പേടിപ്പിച്ചിട്ടുണ്ട്. ഏതു ചെറിയ ഐക്യപ്പെടലിനെയും അവർ പരാജയപ്പെടുത്തും. പക്ഷെ അത് തിരിച്ചറിയാൻ ഇറാഖ്-ഇറാൻ യുദ്ധ കാലങ്ങളിൽ സദ്ദാം ഹുസൈനു കഴിയാതിരുന്നത് പോലെ ഇപ്പോൾ സൗദി അറേബ്യക്കും കഴിയുന്നില്ല.

(ബാംഗ്ലൂർ അസിം പ്രേംജി യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ പി ജി വിദ്യാര്‍ഥിയാണ് ലേഖകൻ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യുട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ

https://www.youtube.com/c/AzhimukhamMalayalam

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍