UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യെമനിലെ നിഴൽ യുദ്ധം പാക്കിസ്ഥാന് പ്രതിസന്ധിയാകുമോ?

Avatar

ജോയ് സി റാഫേൽ

പശ്ചിമേഷ്യൻ യുദ്ധങ്ങളുടെ പുതിയ വേദി ആയി മാറിയിരിക്കുകയാണ് യെമൻ. കുറച്ചു  മാസങ്ങൾക്കു മുമ്പു വരെ യെമൻ ഇത്തരത്തിലൊരു കുരുതിക്കളമാകുമെന്നു ഒരു ദുസ്വപ്ന സാധ്യതയായിപ്പോലും ആരും കണ്ടിരുന്നതല്ല. ഇന്നു കാര്യങ്ങളൊക്കെ ആകെ മാറി. ഇപ്പോൾ യെമൻ ലോകത്തെ ഏറ്റവും അപകടം പിടിച്ച മേഖലയാണ്. ഇവിടെ പൊലിയുന്ന ജീവനുകൾക്കോ ഉണ്ടാകുന്ന മറ്റു നഷ്ടങ്ങൾക്കോ കണക്കില്ല.  25 ദശലക്ഷത്തോളം വരുന്ന ജീവിതങ്ങൾ കൊടും പട്ടിണിയിലേക്കും ദാരിദ്രത്തിലേക്കും തള്ളിവിടപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും ധാരാളം അത്യാഹിതങ്ങൾക്കു സാക്ഷിയാകേണ്ടി വന്നേക്കാം.. ആവശ്യം വരുന്ന ഭക്ഷ്യവസ്തുക്കളുടെ 80 ശതമാനവും ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലാണ് യെമനിപ്പോൾ. ടൂത്ത് പേസ്റ്റിനും ആണിക്കും വരെ ഇറക്കുമതിയെ ആശ്രയിക്കേണ്ട ഗതികേട്.എണ്ണയാൽ സമ്പന്നമായ അയൽക്കാരുടെ കനിവൊന്നു മാത്രമാണ് യമനിന്നു തുണയായുള്ളത്. ജോലിയോ കിടക്കാൻ മര്യാദയ്ക്ക് ഒരു വീടോ പോലുമില്ലാത്തവരാണ് യമനിലെ ജനങ്ങൾ. മേൽക്കൂരയായി അവർക്കു മുകളിലുള്ളത് ആകാശം മാത്രം 

ഇവിടെ സുന്നി ഭരണകൂടവും ഷിയാ വിമതരും തമ്മിലാണ് പോരാട്ടം നടക്കുന്നതെന്നു പ്രത്യക്ഷത്തിൽ തോന്നാം. എന്നാൽ അവർ മേഖലയിലെ രണ്ടു പ്രബല രാഷ്ട്രീയ മത സാമ്പത്തിക ശക്തികളായ സൗദി അറേബ്യയ്ക്കും ഇറാനും വേണ്ടി നിഴൽ യുദ്ധം നടത്തുന്നവരാണെന്നുള്ളതാണ് യാഥാർഥ്യം. സുന്നി ഭരണകൂടത്തിനു സൗദി പിന്തുണ നൽകുമ്പോൾ ഹൂതികൾക്കു പിന്നിലുള്ളത് ഇറാനാണ്. സാധാരണയായി ഇത്തരം സന്ദർഭങ്ങളിൽ കയറി ഇടപെടാറുള്ള അവസരവാദികളായ അമേരിക്ക ഇത്തവണ പക്ഷേ തങ്ങളുടെ സഖ്യ കക്ഷികളായ സൗദി അറേബ്യയെ പിന്തുണച്ച് അവർക്ക് ആവശ്യമുള്ള സാങ്കതിക സഹായങ്ങളും, ആസൂത്രണത്തിനുള്ള ഉപദേശങ്ങളും മാത്രം നൽകി യുദ്ധ രംഗത്തു നിന്നും അകന്നു നിൽക്കുകയാണ്. ഇറാനെ ഈ സന്ദർഭത്തിൽ ചൊടിപ്പിക്കാൻ ഒബാമ മടിക്കുന്നു. ഇറാനുമായുള്ള ആണവ നിർവ്യാപന കരാർ എങ്ങനെയും യാഥാർഥ്യമാക്കി അതിനെ തന്റെ പ്രസിഡന്റ് പഥത്തിലെ മറ്റൊരു പൊൻതൂവലായിച്ചേർക്കണമെന്നുള്ളതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വലിയ ആഗ്രഹം.

യെമനെ വേദിയാക്കി സൗദിയും ഇറാനും ഇപ്പോൾ നടത്തുന്ന നിഴൽ യുദ്ധം പതിറ്റാണ്ടുകൾ പഴക്കമുള്ള അവരുടെ പ്രാദേശിക പകയുടെ പരിഷ്‌ക്കരിച്ച പതിപ്പാണെന്നു പറയാം. ഇസ്ലാമിക ലോകത്ത് സൗദി അറേബ്യയ്ക്കുള്ള നേതൃത്വ പദവിയെ ഇറാൻ ഒരിക്കലും നേരിട്ടു ചോദ്യം ചെയ്തിട്ടില്ലെന്നത് ശരിയാണ്. എന്നാൽ മറ്റു പല വഴിക്കും അവർ തങ്ങളുടെ നീരസം പ്രകടിപ്പിച്ചിരുന്നു. 1987 ജൂലൈ 3-ന് ഇറാനിൽ നിന്നെത്തിയ ഹജ്ജ്  സംഘം മക്കയിൽ വച്ച്  നടത്തിയ പ്രതിഷേധ പ്രകടനം അത്തരത്തിലുള്ള ഒന്നായിരുന്നു. ഇസ്ലാമിന്റെ ശത്രുക്കൾക്കെതിരെയുള്ള (അതിൽ  യു.എസ്സും ഇസ്രയേലുമൊക്കെ ഉൾപ്പെട്ടിരുന്നു) പ്രതിക്ഷേധമെന്ന പേരിൽ വമ്പനൊരു ജാഥയാണ് അവരന്നവിടെ സംഘടിപ്പിച്ചത്. കനത്ത സുരക്ഷാ ക്രമീകരണത്തോടെ തുടങ്ങിയ പ്രകടനം പക്ഷേ സൗദി പോലീസിന്റെ ഇറാൻ സംഘത്തിനു നേർക്കുള്ള വെടി വെയ്പ്പിൽ കലാശിക്കുകയാണ് ഉണ്ടായത്. യൂദ്ധം തന്നെയായി മാറിയ ആ സാഹചര്യത്തിൽ 300-ഓളം വരുന്ന ഇറാനികൾക്കും 150-ഓളം മറ്റുള്ളവർക്കും ജീവൻ നഷ്ടമായി. അതിൽ 100-ഓളം പേർ സൗദി സുരക്ഷാ സേനയിലെ അംഗങ്ങൾ തന്നെയായിരുന്നു.

എന്നാൽ കാലം ചെല്ലുന്തോറും കൂടിക്കൊണ്ടേയിരിക്കുന്ന സൗദി-ഇറാൻ ബന്ധത്തിലെ ഉലച്ചിലിനു വിത്തു പാകിയ സംഭവമൊന്നുമല്ല 1987-ലെ വെടിവെയ്പ്പ്. അതിന് അതിലും നീണ്ട ചരിത്രമുണ്ട്. ഇറാനും സൗദിയും തമ്മിലുള്ള പ്രശ്‌നങ്ങൾ തുടങ്ങുന്നത് യഥാർഥത്തിൽ വഹാബിസത്തിന്റെ പിതാവായ മുഹമ്മദ് അബ്ദുൾ വഹാബിന്റെ കാലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഹിജാസിലേയും  ജിദ്ദ സമീപ പ്രദേശങ്ങളിലേയും  വിവിധ  ഷിയ കബറിടങ്ങൾ നശിപ്പിക്കാൻ തുടങ്ങിയപ്പോഴാണ്. സൗദി രാജ ഭരണകൂടത്തിന്റെ സ്ഥാപകനായ അബ്ദുൾ അസീസ് അൽ സൗദിന്റെ കാലത്തും ഇത്തരം പ്രവർത്തികൾ നിർബാധം തുടർന്നു, ഷിയ വിഭാഗക്കാർ വളരെ ആരാധനയോടെ കാണുന്ന അൽബാഗി സ്മാരകത്തിന്റെ ചില ഭാഗങ്ങൾ തകർത്തു കളയാൻ വരെ 1925-ൽ രാജാവ് ഉത്തരവിടുകയുണ്ടായി.ഇത് ഇറാനിൽ സൗദിക്കെതിരായ അമർഷം ആളിക്കത്തിച്ചു. അബ്ദുൾ അസീസ് രാജാവിനെ പുറത്താക്കണമെന്നാണ് അന്ന് ഇറാൻ ഭരണകൂടം ആവശ്യപ്പെട്ടത്. സൗദിയിൽ ചെന്നു ഹജ്ജ്  നിർവ്വഹിക്കുന്നതിനു ജനങ്ങൾക്കു കുറച്ചു കാലം വിലക്കേർപ്പെടുത്തുക വരെ ചെയ്തു ഇറാൻ ഭരണകുടം.  1927-ലായിരുന്നു ഇത് ഇറാനിൽ നിന്നെത്തിയ ഒരു ഹജ്ജ് തീർഥാടകനെ സൗദികൾ തലയറുത്തു കൊന്ന സംഭവവും കുറേ കഴിഞ്ഞപ്പോഴുണ്ടായി. ഇതേത്തുടർന്നും ഇറാനിൽ ധാരാളം പ്രതിഷേധങ്ങളുണ്ടായി. 1948 വരെ ഇറാൻ വീണ്ടും തങ്ങളുടെ ജനങ്ങളെ ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും തടഞ്ഞു.

കുറച്ചു വർഷങ്ങൾക്കു ശേഷം ഇറാൻ സംഘം ആയത്തുള്ള ഖുമേനിയുടെ കാർമികത്വത്തിൽ ഹജ്ജ് തീർത്ഥാടനം പുനരാരംഭിച്ചപ്പോൾ അവർ കൂടുതൽ തീവ്രമായ ഇടപെടലുകൾ നടത്തുന്നതാണ് കണ്ടത്. ഹജ്ജ് കർമ്മങ്ങൾ നിർവ്വഹിക്കുന്നതിനൊപ്പം തങ്ങളുടെ രാഷ്ട്രീയ സന്ദേശങ്ങൾ വിളംബരം ചെയ്യാനും ഷിയ വിശ്വാസികളായ സംഘാംഗങ്ങളോട് ആയത്തുള്ള ആവശ്യപ്പെട്ടു. എന്നാൽ ആ സന്ദേശങ്ങളൊന്നും തന്നെ രാജ കുടുംബത്തേയോ, ഭരണത്തേയോ ബാധിക്കാൻ പോന്ന ഭീഷണികളായി സൗദി ഉദ്യോഗസ്ഥർ കണക്കാക്കിയില്ല. അതിനാൽ തന്നെ അതെല്ലാം അവർ ക്ഷമിച്ചു. ഇറാന്റെ വളർന്നു വന്ന തീവ്രത 1987-ലെ പ്രകടനത്തിലേക്കും തുടർന്നു നടന്ന അനഭിലഷണീയ സംഭവങ്ങളിലേക്കുമാണ് ആത്യന്തികമായി നയിച്ചത്. ഇറാൻ സംഘത്തിനു നേരെ അന്നു നടന്ന വെടിവെയ്പ്പും കൂട്ടക്കുരുതിയും കാര്യങ്ങൾ ഇനി ഒരിക്കലും നേരെയാവില്ലെന്ന് ഉറപ്പിച്ചു. സമയാസമയങ്ങളിൽ സമാധാന ചർച്ചകൾ മുറയ്ക്കു നടക്കുന്നുണ്ടെങ്കിലും സമാധാനത്തിനുള്ള മാർഗ്ഗങ്ങൾ പ്രഖ്യാപനത്തിൽ നിന്നും പ്രായോഗികതയിൽ എത്താതെ പോകുന്നു. 

ഇറാഖിനേയാണ് രണ്ടു രാജ്യങ്ങളും തങ്ങളുടെ ബല പരീക്ഷണത്തിനുള്ള ആദ്യ  വേദിയാക്കിയത്. സദ്ദാമിന്റെ കാലത്തിനു ശേഷം ഇറാഖ് കണ്ട രണ്ടു പ്രധാനമന്ത്രിമാർ ആയിരുന്നു നൂറി അൽ മാലിക്കും ഹൈദർ അൽ അബാദിയും. രണ്ടു പേരും ഇറാൻ പിന്തുണയുള്ള ഷിയ പ്രതിനിധികളായിരുന്നു. സൗദിയാകട്ടെ അവിടങ്ങളിലെ സുന്നി തീവ്ര വിഭാഗങ്ങളെ  ഇറാൻ പിന്തുണയുള്ള ഭരണകൂടത്തിനെതിരെ ഉപയോഗിക്കുകയും ചെയ്തു.  സുന്നി-ഷിയ പോരാട്ടങ്ങൾക്കുള്ള മറ്റൊരു രംഗവേദി ആയിരുന്നു സിറിയ  എന്നാൽ ഈ രണ്ടു രാജ്യങ്ങളിലും ഇറാനും സൗദിയും തമ്മിലുള്ള പോര് പരിമിതമായ രീതിയിലായിരുന്നുവെന്നു പറയാം. യമനാണ് ഇറാൻ സൗദി നിഴൽ യുദ്ധത്തിന്റെ ഏറ്റവും വലിയ വേദിയായി മാറിയിരിക്കുന്നത്. സുന്നി മുന്നണികളെ സൗദി നയിക്കുമ്പോൾ അബ്ദുൾ മൻസൂർ അൽ ഹാദിയുടെ സുന്നി ഭരണകൂടത്തെ മറിച്ചിട്ട ഷിയാ വിശ്വാസികളായ ഹൂതി വിമതരെ ഇറാൻ പിന്തുണയ്ക്കുന്നു. ആദ്യം സനായിൽ നിന്നും ഏദനിലേക്കു പലായനം ചെയ്ത ഹാദി പിന്നീട് ഹൂതികളുടെ പിടിയിലാകുമെന്നു ഭയന്നു രാജ്യം തന്നെ ഉപേക്ഷിച്ചു പോകുകയാണുണ്ടായത്.

അകമഴിഞ്ഞ പൂർണ്ണ പിന്തുണയാണ് തങ്ങൾക്കു വേണ്ടി നിഴൽ യുദ്ധം നടത്തുന്ന തങ്ങളുടെ പ്രതിനിധികൾക്ക് ഇറാനും സൗദിയും നൽകി വരുന്നത്. സൗദി യെമനിൽ നടത്തുന്ന നിലയ്ക്കാത്ത തലങ്ങും വിലങ്ങുമുള്ള ബോംബ് വർഷം നിരവധി സാധാരണക്കാരെയും ബലിയാടാക്കിക്കൊണ്ടിരിക്കുമ്പോൾ കയ്യും കണക്കുമില്ലാത്ത ആയുധ സഹായമാണ് ഹൂതി വിമതർക്ക് ഇറാൻ നൽകുന്നത്. ഈ മാസമാദ്യം 200 ടണ്ണോളം ആയുധങ്ങൾ ഇറാൻ യമൻ തുറമുഖത്ത് ഇറക്കിയതായി  വാർത്തകളുണ്ടായിരുന്നു. ആയുധമിറക്കുന്ന സമയത്ത് രണ്ട് ഇറാൻ കപ്പലുകൾ കടൽക്കൊള്ളക്കാരെ നിരീക്ഷിക്കാനെന്ന ഭാവത്തിൽ യെമൻ തീരത്ത് റോന്തു ചുറ്റിക്കൊണ്ടിരുന്നതായും വാർത്തകളിൽ പറയുന്നു.

ഹൂതികളെ പിന്തുണയ്ക്കുന്നതിന് ഇറാന് ധാരാളം കാരണങ്ങളുണ്ട്. ഹൂതികൾ ഷിയാ വിഭാഗത്തിലെ  തന്നെ ഒരു ഭാഗമാണെന്ന മതപരമായ കാരണം തന്നെ അതിൽ പ്രധാനം. ഹൂതികളും യെമനിലെ കേന്ദ്ര ഭരണകൂടവും തമ്മിലുള്ള പ്രശ്‌നങ്ങൾക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1990-ൽ രണ്ടു വിഭാഗങ്ങളും തമ്മിൽ തീവ്രമായ പോരാട്ടം നടന്നിരുന്നു. ഈയടുത്ത്, പുറത്താക്കപ്പെട്ട പ്രസിഡന്റ് അലി അബ്ദുള്ള സാലിഹിന്റെ  പിന്തുണ ലഭിച്ചതോടെ ഹൂതികൾക്ക് വല്ലാത്തൊരു ധൈര്യമാണ് കൈവന്നിരിക്കുന്നത്. ഹൂതികൾ പിന്തുടരുന്ന ഷിയാ വിശ്വാസത്തിന്റെ ഭാഗം തന്നെയായ സാലിഹ് പക്ഷേ ഭരണത്തിലിരുന്നപ്പോൾ ഹൂതികളുടെ കടുത്ത ശത്രുവായിരുന്നു. അനേകം സൈനിക നീക്കങ്ങളാണ് അന്നദ്ദേഹം ഹൂതികൾക്കെതിരെ നടത്തിയത്. സാലിഹ് അത്തരത്തിൽ നടത്തിയ സൈനിക നീക്കങ്ങളിലൊന്നിൽ 11 വർഷം മുമ്പ് പ്രബലനായ ഷിയാ ആത്മീയാചാര്യനും ഹൂതി പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ ഹൂസൈൻ അൽ ഹൂതി കൊല്ലപ്പെടുക പോലുമുണ്ടായി. അനവധി സംഘർഷങ്ങൾക്കു ശേഷം 2013 ജൂണിൽ മാത്രമാണ് അദ്ദേഹത്തിന്റെ മൃതദേഹം കബറടക്കാൻ കഴിഞ്ഞത്.ഹുസൈൻ അൽ ഹൂതിയെ കബറടക്കിയിരിക്കുന്ന സനയുടെ വടക്കു ഭാഗത്തുള്ള  മല നിരകളാൽ സമ്പന്നമായ മക്കൻ പ്രദേശം തന്നെയായിരുന്നു കൂടുതൽ കരുത്തുറ്റൊരു പുതിയ വിശ്വാസ സമൂഹത്തെ വാർത്തെടുക്കുന്തിനായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ പ്രധാന പ്രവൃത്തി പഥം. ഇപ്പോൾ ഹൂതികളെ പിന്തുണയ്ക്കുന്ന സാലിഹിലൂടെ  വേഗതതിൽ മാറി മറഞ്ഞു കൊണ്ടിരിക്കുന്ന, ശത്രുക്കൾക്കോ, മിത്രങ്ങൾക്കോ സ്ഥിരതയില്ലാത്ത പശ്ചിമേഷ്യയുടെ ചിത്രമാണ് പകർന്നു കിട്ടുന്നത്. 

യെമനിൽ സൗദി തനിച്ചല്ല. ‘’പ്രശ്‌ന പരിഹാര പ്രഹരം’’ (ഉലരശ്‌ല ടീേൃാ) എന്നു പേരിട്ടിരിക്കുന്ന സഖ്യത്തിൽ ഒമ്പത് സുന്നി അറബ് രാജ്യങ്ങളുടെ  പിന്തുണയാണ് അവർക്കുള്ളത്.  അതിൽ അറബ് ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ ഈജിപ്തുണ്ട്, സൗദിയുടെ ചിരകാല സുഹൃത്തായ പാക്കിസ്ഥാനുണ്ട്. വലിയ രീതിയിലുള്ള സൈനിക സഹായമാണ് സൗദി ഇപ്പോൾ പാക്കിസ്ഥാനോട് ചോദിക്കുന്നത്. വർഷങ്ങളായി തുടരുന്ന സൗദി-പാക് സൈനിക ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് സൗദി ഇപ്പോൾ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 1969-ൽ ദക്ഷിണ യെമനിൽ നിന്നുള്ളൊരു കടന്നാക്രമണത്തെ ചെറുത്തു തോൽപ്പിച്ചത് സൗദിയും പാക്കിസ്ഥാനും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലൂടെയായിരുന്നു. അന്ന് ദക്ഷിണ യെമൻ കമ്യൂണിസ്റ്റ് ഭരണമുള്ള ഒരു സ്വതന്ത്ര രാജ്യമായിരുന്നു, ഏദനായിരുന്നു അതിന്റെ തലസ്ഥാനം. അതിനും മുമ്പ് അതൊരു ബ്രീട്ടീഷ് കോളനിയുമായിരുന്നു.

സൗദിക്ക് സൈനിക സഹായങ്ങൾ മുമ്പും പാക്കിസ്ഥാൻ ചെയ്തിട്ടുണ്ട്. 1970-ൽ സൗദിയുടെ ആവശ്യപ്രകാരം പതിനയ്യായിരം പാക് സൈനികരാണ് സൗദിയുടെ വടക്കു ഭാഗത്തുള്ള ഹാഫിർ അൽ ബാത്തിനിൽ വിന്യസിക്കപ്പെട്ടത്. ഗൾഫ് യുദ്ധ സമയത്തും പാക്കിസ്ഥാൻ തങ്ങളുടെ സൈന്യത്തെ അയച്ചുകൊണ്ട് സൗദിയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയുണ്ടായി. അഫ്ഗാനിസ്ഥാൻ സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലായിരുന്ന സമയത്ത് താലിബാൻ മുഖേന കോടിക്കണക്കിനു ഡോളറാണ് സൗദി പാക്കിസ്ഥാനു നൽകിയത്. ഇക്കഴിഞ്ഞ വർഷവും സൗദി പാക്കിസ്ഥാന്റെ ചില കടങ്ങൾ തീർക്കുന്നതിനും അടിസ്ഥാന വികസന പദ്ധതികൾക്കുമായി 1.5 ബില്ല്യണ്‍ ഡോളറിന്റെ സഹായം അനുവദിച്ചിരുന്നു. ആത്യാവശ്യമാണെന്നു കണ്ടാൽ സൗദിക്കു ആണവായുധം നൽകാൻ വരെ പാക്കിസ്ഥാനുമായി ധാരണയുണ്ടെന്നു പറഞ്ഞു കേൾക്കുന്നു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്രയും ശക്തമാണ്.

ഇത്തവണ എന്തായാലും സൈന്യത്തെ അയച്ചു കൊടുക്കുന്ന കാര്യത്തിൽ പാക്കിസ്ഥാൻ ഒരു അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. തങ്ങൾക്കു സുന്നി സൈനികരെ മാത്രം മതിയെന്നു സൗദി പറഞ്ഞിരിക്കുന്നതാണ് പ്രശ്‌നം. ഷിയ വിശ്വാസിയായ ഒരാൾ പോലും തങ്ങളുടെ സൈന്യത്തിലുണ്ടാവരുതെന്നു അവർക്കു നിർബന്ധമുണ്ട്. വ്യക്തിപരമായി തന്നെ സൗദിയോട് ഏറെ കടപ്പാടുള്ള പ്രധാനമന്ത്രി നവാസ് ഷരീഫും ഭരണകൂടം മൊത്തത്തിലും പുതിയ സാഹചര്യത്തിൽ തീർത്തും വിഷമ വൃത്തത്തിലാണ്.1999-ൽ പട്ടാള അട്ടിമറിയിലൂടെ ജനറൽ പർവേസ് മുഷറഫ് പുറത്താക്കിയപ്പോൾ ഒരുപാട് കാലം നവാസ് ഷരീഫിന് അഭയമായത് സൗദിയാണ്. നവാസ് മാത്രമല്ല, ഷിയ ഉൾ ഹഖ്, ബേനസീർ ഭൂട്ടോ, മുഷറഫ് തുടങ്ങി എല്ലാ പാക്കിസ്ഥാൻ നേതാക്കളും കാര്യമായ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമ്പോൾ ആദ്യം വിമാനം കയറുന്നത് ജിദ്ദയിലേക്കോ, റിയാദിലേക്കോ ആയിരിക്കും. അപ്പോഴൊക്കെ സൗദി സഹായിക്കാറുമുണ്ട്. ഇതിനൊക്കെ പുറമേയാണ് ആവശ്യം വരുമ്പോഴൊക്കെ സൗദി പാക്കിസ്ഥാനു നൽകിയിട്ടുള്ള ധന സഹായം.

ഇതൊക്കെ പരിഗണിക്കുമ്പോൾ പാക്കിസ്ഥാനു സ്വാഭാവികമായും യെമൻ പ്രശ്‌നത്തിൽ സൗദി അറേബ്യ നയിക്കുന്ന സുന്നി രാജ്യങ്ങളുടെ പക്ഷത്തു നിന്നു പൊരുതേണ്ടി വരും. പക്ഷേ അങ്ങനെ വന്നാൽ തങ്ങളുമായി നീണ്ട അതിർത്തി പങ്കിടുന്ന ഇറാനെ എങ്ങനെ കൈകാര്യം ചെയ്യുമെന്നുള്ളതാണ് പാക്കിസ്ഥാനു മുന്നിലുള്ള ഏറ്റവും വലിയ പ്രതിസന്ധി. പാക്കിസ്ഥാൻ സന്ദർശന വേളയിൽ ഇറാൻ വിദേശകാര്യ മന്ത്രി ജാവേദ് സാരിഫ് സൗദിയുടെ അഭ്യർത്ഥനയെ തള്ളിക്കളയാൻ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. യമനിലെ പ്രതിസന്ധി പരിഹരിക്കാനായി പാക്കിസ്ഥാനും ഇറാനും സഹകരിച്ചു പ്രവർത്തിക്കണമെന്നതാണ് സാരിഫിന്റെ നിലപാട്. പ്രശ്‌നം പരിഹരിക്കുന്നതിനായി നാലു ഘട്ടങ്ങളിലായി നടപ്പിലാക്കേണ്ട പദ്ധതിയാണ് അദ്ദേഹത്തിന്റെ മനസ്സിലുള്ളത്. വെടി നിർത്തൽ പ്രാബല്യത്തിലാക്കുക, യെമന് മാനുഷിക പരിഗണകൾ വച്ചുള്ള എല്ലാ സഹായങ്ങളും ലഭ്യമാക്കുക, വിശാലമായ തലത്തിൽ എല്ലാവരേയും ഉൾക്കൊണ്ടുള്ള ചർച്ചകൾ നടത്തുക, അവസാനം അതിന്റെ അടിസ്ഥാനത്തിൽ എല്ലാവരേയും ഉൾക്കൊണ്ടുള്ള ഗവണ്‍മെന്റ് രൂപീകരിക്കുക എന്നതാണ് അദ്ദേഹം വിഭാവനം ചെയ്യുന്ന പദ്ധതി.  അറേബ്യൻ ഉപദ്വീപിലെ സുരക്ഷ സംബന്ധിച്ച ചർച്ചകളിൽ പങ്കെടുക്കാനായി നവാസ് ഷരീഫ് ഇറാനെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ സൗദിയുടെ സഹായാഭ്യർത്ഥനയെ സംബന്ധിച്ച് ദിവസങ്ങൾ നീണ്ട ചർച്ചയാണ് പാക്കിസ്ഥാൻ പാർലമെന്റിൽ നടന്നത്. അപ്രതീക്ഷിതമായി പാക്കിസ്ഥാൻ പ്രശ്‌നത്തിലിപ്പോൾ ഇടപെടേണ്ടതില്ലെന്നാണ് പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. പ്രശ്‌നങ്ങൾ അവസാനിപ്പിക്കാൻ പാക്കിസ്ഥാൻ  മധ്യസ്ഥത വഹിക്കുകയാണ് വേണ്ടതെന്ന അവരുടെ അഭിപ്രായത്തോട് നവാസ് ഷരീഫിനും എതിർപ്പൊന്നുമുണ്ടായില്ല. അങ്ങനെ നാലു ദിവസത്തെ ചർച്ചയ്ക്കു ശേഷം സൗദിയുടെ  അഭ്യർത്ഥന നിരാകരിക്കാനുള്ളതായിരുന്നു പാക്കിസ്ഥാൻ പാർലമെന്റ് എടുത്ത തീരുമാനം. 

എന്തായാലും ഈ സന്ദർഭത്തിൽ മധ്യസ്ഥതയ്‌ക്കൊന്നും യാതൊരു പ്രസക്തിയുമില്ലന്നുള്ളതാണ് യാതാർഥ്യം. രണ്ടു വിഭാഗങ്ങളും തീവ്ര യുദ്ധത്തിൽ മുറുകിയിരിക്കുകയാണ്. അത് ഇപ്പോഴൊന്നും അവസാനിക്കാനുള്ള സാധ്യതയും കാണുന്നില്ല. സിറിയേയും ഇറാഖിനേയും അനുസ്മരിപ്പിച്ചു കൊണ്ട് യെമനിലെ സംഘർഷവും ഒരുപാടു കാലം നീണ്ടു പോയാലും അതിൽ അത്ഭുതപ്പെടാനൊന്നുമില്ല. എണ്ണവിലയിടിവിനൊപ്പം യുദ്ധവും നീണ്ടാൽ സൗദിയുടെ പണപ്പെട്ടി കാലിയാവാൻ അധികം കാലമെടുക്കില്ല. ജനങ്ങളുടെ എതിർപ്പൊക്കെയുണ്ടെങ്കിലും ഇപ്പോഴോ പിന്നീടോ ആയി പാക്കിസ്ഥാനും യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ടേക്കാം. ഭരണത്തിനും സൈന്യത്തിനും നേതൃത്വം നൽകുന്ന നവാസ് ഷരീഫ് അടിസ്ഥാനപരമായി സൗദിയെ പിന്തുണയ്ക്കുന്നയാളാണ്. അതൊരുപക്ഷേ പശ്ചിമേഷ്യയും കടന്ന് മറ്റ് ഭാഗങ്ങളിലെല്ലാമുള്ള സുന്നി- ഷിയ വിഭാഗങ്ങൾ പരസ്പരം പടവെട്ടുന്ന ഭീതിതമായൊരു ഭൂമികയിലേക്കായിരിക്കും ലോകത്തെ പിന്നീട് നയിക്കുക.

(മുതിർന്ന പത്രപ്രവർത്തകനായ ജോയ്.സി റാഫേൽ, മുത്തവാസ്-സൌദി അറേബ്യാസ് ഡ്രഡഡ് റിലിജിയസ് പൊലീസ്, സ്ലേവ്സ് ഓഫ് സൌദിസ്, മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച സൌദികളുടെ അടിമകൾ തുടങ്ങിയ കൃതികളും രചിച്ചിട്ടുണ്ട് )

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍