UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യെമന്‍: പശ്ചിമേഷ്യയിലെ ശീതസമരം ചൂടുപിടിക്കുമ്പോള്‍

Avatar

യോച്ചി ഡ്രിയാസെന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇറാന്‍ പിന്തുണയുള്ള പോരാളികളെ നേരിടാന്‍ സൗദി അറേബ്യയുടെ പോര്‍ വിമാനങ്ങള്‍ യെമനിലേക്ക് ഇരമ്പിയെത്തി ആക്രമണം നടത്തുന്നു. ഇറാനില്‍ സൗദി അറേബ്യ പണവും പോരാളികളും നല്‍കി പിന്തുണ നല്‍കുന്ന സുന്നി സംഘങ്ങള്‍ക്കെതിരായി ഇറാന്‍ പരിശീലനവും ആയുധങ്ങളും നല്‍കുന്ന സേന പോരാടുന്നു. ആയിരക്കണക്കിന് മൈലുകള്‍ക്കകലെ ഒബാമ ഭരണകൂടം പുതിയ പ്രതിസന്ധിയുമായി തപ്പിത്തടയുകയാണ്: പശ്ചിമേഷ്യയിലെ ഏറ്റവും നീണ്ട ശീത സമരം ചൂട് പിടിക്കാന്‍ തുടങ്ങുകയാണ്.

ഇസ്ലാമിക ലോകത്തെ സുന്നി, ഷിയാ നേതാക്കളായ സൗദി അറേബ്യയും ഇറാനും എതിരാളിയെ ഒതുക്കി തങ്ങളുടെ മേല്‍ക്കോയ്മ സ്ഥാപിക്കാനായി ദശാബ്ദങ്ങളായി മേഖലയിലുള്ള തങ്ങളുടെ സഖ്യ കക്ഷികള്‍ക്ക് ആയുധങ്ങളും പണവും നല്‍കിക്കൊണ്ടേയിരിക്കുന്നു. മറയ്ക്കുപിന്നില്‍ പിരിമുറുക്കം നിറഞ്ഞ നിഴല്‍യുദ്ധം അവര്‍ നടത്തവെ, നേരിട്ടു പോരാടുന്നതും മരിക്കുന്നതും അവരുടെ പ്രതിപുരുഷന്മാരാണ്. പക്ഷേ ഇപ്പോള്‍ യെമനില്‍ നേരിട്ടിടപ്പെട്ട റിയാദിന്റെ നടപടി ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള മുഖാമുഖമുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചേക്കാം.

സൗദിയുടെ അടുപ്പക്കാരനായ യെമന്‍ പ്രസിഡന്റ് അബദ് റബ്ബോ മന്‍സൂര്‍ ഹാദിയെ ഹൂതി വിമതര്‍ പുറത്താക്കിയതോടെയാണ് സൗദിയെ യെമനില്‍ നേരിട്ടിടപെടാന്‍ പ്രേരിപ്പിച്ചത്. ഒരുപടി മുന്നിലായി, യമനില്‍ ഇറാന്‍ ആയുധങ്ങള്‍ സൂക്ഷിക്കുകയും കടല്‍മാര്‍ഗം അയക്കുകയും ചെയ്യുന്നു എന്നു കരുതുന്ന തുറമുഖങ്ങളടക്കമുള്ള ഇറാന്‍ കേന്ദ്രങ്ങളെ സൗദി പോര്‍വിമാനങ്ങള്‍ ആക്രമിക്കുന്നു എന്നാണ് വാര്‍ത്തകള്‍. ഇത് സൗദി ആക്രമണത്തില്‍ ഇറാന്‍കാര്‍ കൊല്ലപ്പെടാന്‍ ഇടയാക്കും.

പശ്ചിമേഷ്യയിലെങ്ങും സൗദിയുടെയും ഇറാന്റേയും പിന്തുണയുള്ള എതിര്‍ വിഭാഗങ്ങള്‍ ഏറ്റുമുട്ടുകയാണ്. സിറിയയില്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിന് ഇറാന്റെ സകല പിന്തുണയുമുണ്ട്. അസദിനെ സഹായിക്കാന്‍ രഹസ്യാന്വേഷണ വിവരങ്ങളും ലബനിനിലെ ഹിസ്‌ബൊള്ള പോരാളികളുടെ സഹായവും ഇറാന്‍ എത്തിക്കുന്നുണ്ട്. അതേസമയം അസദിന്റെ എതിരാളികള്‍ക്ക് ആയുധവും പണവും നല്‍കി കൈയയച്ചു സഹായിക്കുകയാണ് റിയാദ്. പതിനായിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിട്ടും, ലക്ഷങ്ങള്‍ അഭയാര്‍ത്ഥികളായിട്ടും, അലെപ്പോ പോലുള്ള പൗരാണിക നഗരങ്ങള്‍ കല്ലോട് കല്ല് തകര്‍ന്നു വീണിട്ടും ഒരു പക്ഷവും വിജയപരാജയങ്ങളള്‍ക്കരികിലല്ലാതെ, ഈ ഭയാനകമായ ആഭ്യന്തരയുദ്ധം ഇങ്ങനെ തുടരുന്നത് ഈ ബാഹ്യ പിന്തുണ കൊണ്ടാണ്.

ലബനനില്‍ ഇറാന്‍ ഹിസ്ബൊള്ളയെ മേഖലയിലെ ഏറ്റവും ശക്തമായ അര്‍ദ്ധസൈനിക സേനയായി വളര്‍ത്തിയെടുത്തിരിക്കുന്നു. കരുത്തരായ ഇസ്രയേല്‍ സൈന്യത്തെ ഒന്നിലേറെ തവണ പിന്തിരിപ്പിക്കാന്‍ മാത്രം പോന്ന ഒന്ന്. ലബനിനിലെ ഏറ്റവും ശക്തമായ രാഷ്ട്രീയകക്ഷി കൂടിയാണ് അവര്‍. രാജ്യത്തെ ദുര്‍ബലരും പടിഞ്ഞാറന്‍ അനുകൂലികളുമായ സുന്നി മേധാവിത്വത്തിലുള്ള സര്‍ക്കാരിന് മേല്‍ ഏതാണ്ട് ഒരു നിഷേധാധികാരം വരെ അവര്‍ക്കുണ്ട്. ലബനന്‍ സേനയെ ഇറാനെതിരായ ഒരു ശക്തിയായി വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കുന്ന റിയാദ് കഴിഞ്ഞ വര്‍ഷം അവര്‍ക്ക് സകലരുടെയും കണ്ണു തള്ളിപ്പിച്ചുകൊണ്ടു 3 ബില്ല്യണ്‍ ഡോളറിന്റെ സഹായമാണ് പ്രഖ്യാപിച്ചത്. ലബനന്‍ സേനയുടെ വാര്‍ഷികബജറ്റായ 1.7 ബില്ല്യണ്‍ ഡോളറിന്റെ ഇരട്ടിയോളം.

ബെയ്‌റൂത്ത് സേന ഹിസ്‌ബൊള്ളയെ പോലെ സുസജ്ജരും ആയുധശേഷിയുള്ളവരുമല്ല. സൗദി സഹായം ഈ വിടവ് നികത്തും. എന്നാല്‍ തങ്ങളുടെ വകയായും സഹായം പ്രഖ്യാപിച്ചാണ് ഇറാന്‍ ഇതിനോട് പ്രതികരിച്ചത്. ഹിസ്‌ബൊള്ളയ്ക്കും ലഭിക്കും ഇതിലൊരു ഗണ്യമായ പങ്കെന്ന് മാത്രം.

മറ്റൊരിടത്ത് ബഹ്റിനിലെ സര്‍ക്കാര്‍ വിശ്വസിക്കുന്നത് എണ്ണ സമ്പന്നമായ ഈ രാജ്യത്തെ സുന്നി രാജഭരണത്തെ അട്ടിമറിക്കാന്‍ ഇറാന്‍ കരുക്കള്‍ നീക്കുന്നു എന്നാണ്. ഒരു ഷിയാ മുന്നേറ്റം അടിച്ചമര്‍ത്താന്‍ 2011ല്‍ സൗദി അവിടെ സേനയെ വിന്യസിച്ചു.

സമ്പന്നരായ സൗദിക്ക് അമേരിക്കന്‍ നിര്‍മിത അത്യാധുനിക ആയുധങ്ങളും സൈനിക ശക്തിയുമുണ്ട്. എന്നാല്‍ മേഖല നയതന്ത്രജ്ഞര്‍ പറയുന്നത് ഇറാനുമായുള്ള നീണ്ട നാളത്തെ കടുത്ത മത്സരത്തില്‍ തങ്ങള്‍ക്ക് തോല്‍വി പിണയുന്നുണ്ടോ എന്നു സൗദിക്ക് സംശയമുണ്ട് എന്നാണ്. ഇസ്ലാമിക് സ്‌റ്റേറ്റിനെ തോല്‍പ്പിക്കാന്‍ ഇറാന്റെ സാമ്പത്തിക, സൈനിക സഹായത്തെ ആശ്രയിക്കുന്ന ഇറാക്കിലെ ഷിയാ സര്‍ക്കാര്‍ വടക്കന്‍ അതിരില്‍. ഇറാന്‍ പിന്തുണയുള്ള കലാപകാരികള്‍ നിയന്ത്രണം കയ്യാളുന്ന യെമന്‍ തെക്കന്‍ അതിരില്‍. സൗദി നേതൃത്വത്തിന് ആശങ്കകളുണ്ട്.

ഇറാനുമായി ഒബാമ ഭരണകൂടം നടത്തുന്ന ആണവ ചര്‍ച്ചകളിലും സൗദിക്ക് കടുത്ത അസംതൃപ്തിയാണുള്ളത്. ഇറാന്റെ ആണവ പദ്ധതികളെ സ്പര്‍ശിക്കാതെയും, പടിഞ്ഞാറന്‍ നിയന്ത്രണങ്ങളില്‍ അവരുടെ സമ്പദ് രംഗത്തെ തളച്ചിടാതെയുമിരിക്കുന്നത് ചരിത്രപരമായ മണ്ടത്തരമായിരിക്കുമെന്ന് ഇസ്രായേലിനെയും പേര്‍ഷ്യന്‍ ഗള്‍ഫിലെ മറ്റ് രാജഭരണാധികാരികളെയും പോലെ സൗദിയും കരുതുന്നു. സ്വകാര്യ സംഭാഷണങ്ങളില്‍ ഒബാമയോടുള്ള അമര്‍ഷം സൗദി ഭരണാധികാരികള്‍ പ്രകടിപ്പിക്കാറുമുണ്ട്.

ആണവായുധങ്ങളുള്ള ഇറാനെ നേരിടാന്‍ തങ്ങള്‍ സ്വന്തമായി അണുബോംബുണ്ടാക്കും എന്നു സൗദി ഭരണാധികാരികള്‍ പരസ്യമായി പറയുന്നുണ്ട്. തങ്ങളുടെ സുരക്ഷക്കായി ആവശ്യമായ ഏത് നടപടിയും എടുക്കുമെന്നു അമേരിക്കയിലെ സൗദി നയതന്ത്ര പ്രതിനിധി വ്യക്തമാക്കി.

ഈ ഭയത്തിന്റെയും സംഘര്‍ഷത്തിന്റെയും പശ്ചാത്തലത്തിലാണ് യെമനിലെ ഹൂതികള്‍ക്കെതിരായും അതിനുമപ്പുറം ഇറാനെതിരെയും സൗദി അറേബ്യ, സുന്നി അറബ് ശക്തികളെ സഖ്യത്തിലാക്കി വിശാല മുന്നണി സംഘടിപ്പിച്ച് നീണ്ടുനില്‍ക്കുന്നതും ഏറെ ചെലവേറിയതുമായ ഒരു സൈനിക നീക്കം തുടങ്ങിയത്. ഈജിപ്ത് ഏദന്‍ കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകള്‍ അയച്ചുകഴിഞ്ഞു. കെയ്‌റോ കരസേനയെയും അയച്ചേക്കാം. ജോര്‍ദാനടക്കമുള്ള സൗദി അറേബ്യയുടെ അയല്‍ക്കാരെല്ലാം സൈനിക ദൗത്യത്തില്‍ പങ്കാളികളാണ്. കരസേനയെ നല്‍കാമെന്ന് സുഡാനും വാഗ്ദാനം ചെയ്തിട്ടുണ്ട്. യെമന്‍ തലസ്ഥാനമായ സനായില്‍ നിന്നും ഹൂതികള്‍ പുറത്താക്കിയതിനെ തുടര്‍ന്ന് ഒരു ചെറുയാനത്തില്‍ കയറി രക്ഷപ്പെട്ടാണ് യെമന്റെ പ്രസിഡന്റ് റിയാദില്‍ അഭയം പ്രാപിച്ചത്.

Operation Storm of Resolve എന്നു സൗദി അറേബ്യ വലിയ പേരിട്ടു വിളിച്ച സൈനിക ഇടപെടല്‍ തുടങ്ങിയിട്ടും ഇറാന്‍ മിക്കവാറും ശാന്തത പുലര്‍ത്തു കയാണ്. പക്ഷേ ഹൂതികളുമായി ബന്ധമില്ലെന്ന് പറയുന്ന ടെഹ്‌റാന്റെ മുഖംമൂടി കഴിഞ്ഞ ദിവസം പ്രസിഡണ്ട് ഹസന്‍ റൗഹാനി നടത്തിയ പ്രസംഗത്തില്‍ തെല്ലൊന്നു മറനീക്കി. ഇസ്ലാമിക് സ്‌റ്റേറ്റ് പോലുള്ള സുന്നി തീവ്രവാദികളെ വിശാലാടിസ്ഥാനത്തില്‍ ചെറുക്കാനാണ് തങ്ങള്‍ വിമതരെ സഹായിക്കുന്നതെന്ന് റൗഹാനി പറഞ്ഞു. ‘ഇറാഖ്, സിറിയ, ലെബനന്‍, യെമന്‍ എന്നിവിടങ്ങളിലെ ജനങ്ങളെ ഇസ്ലാമിക് സ്‌റ്റേറ്റെന്ന ഭീകരവാദ സംഘത്തിനെതിരായി സഹായിക്കുന്നത് ഇറാന്‍ ഇസ്ലാമിക റിപ്പബ്ലിക് ആണ്.’

പോരാട്ടം മുറുകുന്നതോടെ ഇറാനും സൗദി അറേബ്യക്കും പങ്കുവെക്കാവുന്ന ഒരു പൊതുശത്രു യെമനിലെ അല്‍ക്വെയ്ദയുടെ ശാഖയാണ്. ലോകത്തിലെ തന്നെ ഏറ്റവും മാരകമായ പ്രഹരശേഷിയുള്ള ഭീകരസംഘമാണ് യെമനിലെ അല്‍ക്വയ്ദ ശാഖയായ AQPQ. പാരീസിലെ ഷാര്‍ളി ഹെദ്‌ബോ കൂട്ടക്കൊലയുടെ ഉത്തരവാദിത്തം അവര്‍ ഏറ്റെടുത്തിരുന്നു. സൗദി അറേബ്യയും ഹൂതികളും അവരുടെ ശത്രുക്കളാണ്. ഒക്ടോബറില്‍ സനായില്‍ ഹൂതികള്‍ നടത്തിയ ഒരു ജാഥയില്‍ ഉണ്ടായ AQPQ ചാവേര്‍ സ്‌ഫോടനത്തില്‍ 42 പേരാണ് കൊല്ലപ്പെട്ടത്. മതഭ്രംശരായ ഹൂതികള്‍ക്ക് നേരെ ആക്രമണം ശക്തിപ്പെടുത്തുമെന്ന് കാണിച്ചു ശബ്ദരേഖകളും പുറത്തുവിട്ടിരുന്നു.

എന്നാല്‍ ഇവര്‍ക്കെതിരായ പോരാട്ടത്തിന് സൗദി നേതാക്കള്‍ക്ക് വ്യക്തിപരമായ കാരണങ്ങള്‍ കൂടിയുണ്ട്. 2009ല്‍ ഇന്നതെ ആഭ്യന്തര മന്ത്രി രാജകുമാരന്‍ മൊഹമ്മദ് ബിന്‍ നയെഫിനെ കൊല്ലാന്‍ AQPQ ചാവേര്‍ സ്‌ഫോടനം നടത്തി. തലനാരിഴയ്ക്കാണ് നയെഫ് രക്ഷപ്പെട്ടത്.

സൗദി അറേബ്യയുടെയും ഇറാന്റേയും കാര്യത്തില്‍ ശത്രുവിന്റെ ശത്രു മിത്രമെന്ന പഴഞ്ചൊല്ല് ബാധകമല്ല. ഇരുകൂട്ടരും AQPQവിനെതിരെ പോരാടുമെന്നത് മാത്രമായിരിക്കും അടുത്തകാലത്തേക്ക് യെമനില്‍ നിന്നും കേള്‍ക്കാവുന്ന ഏക നല്ല വാര്‍ത്ത.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍