UPDATES

പേഴ്സണൽ സ്പേസ് മാനിക്കാനറിയാത്ത നമ്മളും നമ്മെ സദാചാരം പഠിപ്പിക്കുന്ന സെലിബ്രിറ്റികളും

ലോക വ്യാപകമായി ജെൻഡർ ഇക്വാലിറ്റിക്കും സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക ഉന്നതിക്കും വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുമ്പോഴാണ് സ്ത്രീകളെ അദ്ദേഹം രണ്ടു ദശാബ്‌ദം പിന്നിലേക്ക് നടത്താൻ ശ്രമിക്കുന്നത്.

The history of men’s opposition to women’s emancipation is more interesting perhaps than the story of that emancipation itself – Virginia Woolf, A Room of One’s Own.

1928-ല്‍ വിര്‍ജീനിയ വൂള്‍ഫിന്റെ പ്രസംഗ പരമ്പരയിലെ പ്രശസ്തമായ വാക്കുകളാണിത്. സ്ത്രീയുടെ അതിജീവനത്തിന്റെ പാത ഈ 2017-ലും കഠിനമായതു തന്നെ എന്ന് ഓർമ്മപ്പെടുത്തുന്നു ഓരോ ദിവസവും.

സ്ത്രീ ആക്രമിക്കപ്പെടുപ്പോൾ, അവൾ അവളുടെ അഭിപ്രായം തുറന്നു പറയുമ്പോൾ, അവൾ സമൂഹത്തിൽ തനിക്കവകാശപ്പെട്ടയിടം ഉറപ്പിക്കാൻ ശ്രമിക്കുമ്പോൾ, ലോക പുരോഗതിക്കനുസരിച്ചു മുന്നോട്ടു നടക്കാൻ ശ്രമിക്കുമ്പോൾ, അവളുടെ സ്വാതന്ത്ര്യത്തെ വിലങ്ങിടുന്ന പുരുഷ നിയന്ത്രിതമായ ഒരു സമൂഹം അവൾക്ക് ചുറ്റും വിധിവാചകങ്ങളുമായി നിരക്കുന്നു. പെൺകുട്ടികൾ കൂട്ടത്തോടെ ആക്രമിക്കപ്പെടുമ്പോൾ ഭരണകൂടം പറയുന്നു; കുഴപ്പം രാത്രിയിൽ പുറത്തിറങ്ങാൻ തയ്യാറായ നിങ്ങളുടെ തീരുമാനത്തിന്റേതാണ്, നിങ്ങളുടെ വസ്ത്രധാരണത്തിന്റേതാണ്.

പെൺകുട്ടികളുടെ ‘അച്ചടക്കരാഹിത്യ’ത്തെക്കുറിച്ച് പ്രശസ്തർക്കും വേവലാതിയാണ്. കഴിഞ്ഞ ദിവസം ഗായകന്‍ യേശുദാസിന്റേതായി കലാകൗമുദിയിൽ വന്ന ഒരു അഭിമുഖത്തിൽ അദ്ദേഹം ഇന്നത്തെ കാലത്തെ പെൺകുട്ടികളുടെ ‘അടക്കവും ഒതുക്കവും ഇല്ലായ്മ’യെക്കുറിച്ച് വ്യാകുലപ്പെടുന്നുണ്ട്.

അദ്ദേഹത്തിന്റെ വാക്കുകൾ: “80 കൾക്ക് മുൻപ് ഒരു പെൺകുട്ടി വന്ന്‍ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കാറില്ല. അതായിരുന്നു അടക്കവും ഒതുക്കവും. ഇത് കുറ്റപ്പെടുത്തലല്ല. ‘ഇതെന്റെ ഭാര്യ, മകൾ’ എന്ന് ഒരാൾ പരിചയപ്പെടുത്തിയാൽ തന്നെയും അവർ അകലം പാലിക്കുമായിരുന്നു. ഇന്നങ്ങനെയല്ല, സെൽഫി വന്നതോടെ തൊട്ടുരുമ്മി നിന്ന് ഫോട്ടോഎടുക്കണം. അത് പറ്റില്ലെന്ന് ആണിനെയും പെണ്ണിനെയും ഞാന്‍ വിലക്കി. ഒപ്പം നിന്ന്‍ ഫോട്ടോ എടുക്കുന്നതില്‍ വിരോധമില്ല. ദേഹത്തുരസിയുള്ള സെല്‍ഫി വേണ്ട”

കലാകൗമുദി അഭിമുഖത്തില്‍ നിന്ന്‍

അദ്ദേഹത്തിന്റെ ഈ അഭിപ്രായത്തെ കേവലം തലമുതിർന്ന ഒരു വന്ദ്യവയോധികന്റെ അഭിപ്രായമായി തള്ളിക്കളയാൻ കഴിയുന്നില്ല. നമുക്കെന്നെ പോലെ തന്നെ അദ്ദേഹത്തിനും സ്വന്തം അഭിപ്രായം പറയാനുള്ള അവകാശമുണ്ട് എന്ന് സമ്മതിക്കുമ്പോൾ തന്നെയും അദ്ദേഹത്തിന്റെ ശ്രമം ആധുനിക കാലത്തെ സ്ത്രീ എങ്ങനെയാവണം എന്ന ഒരു അളവുകോൽ മുന്നോട്ട് വയ്ക്കാനാണ്. ഇത് ആദ്യമായല്ല ‘ഉത്തമ സ്ത്രീകൾ’ എങ്ങനെയാവണം എന്നതിനെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്രകടനം നടത്തുന്നത്. മുൻപൊരിക്കൽ സ്ത്രീകൾ ജീൻസ് ധരിക്കുന്നത് കേരള സംസ്കാരത്തിന് ചേർന്നതല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ.

80-കളിലെ സദാചാരവും ഇന്നത്തെ ദുരാചാരവും
80-കളിൽ അടങ്ങി ഒതുങ്ങി നിന്ന ‘സദാചാര പെണ്മണി’കളായിരുന്നു കേരളത്തിലുണ്ടായിരുന്നതെന്നും, ഭാര്യയോ മകളോ ആയി പരിചയപെടുത്തലിനു ശേഷവും അവർ ഒതുങ്ങി മാറി നിന്നിരുന്നുവെന്നും (കതകിനു പിറകിൽ എന്ന് പ്രത്യക്ഷത്തിൽ പറഞ്ഞില്ല) അതുപോലെ ‘പുരുഷന്റെ ഉത്തമ ഭാര്യ, മകൾ, സഹോദരി സങ്കല്‍പ്പത്തിൽ ഒതുങ്ങി നിൽക്കേണ്ടവളാണ് ഉത്തമയായ സ്ത്രീ’ എന്നും അരക്കിട്ടുറപ്പിക്കാൻ ശ്രമിക്കുന്ന പേട്രിയാർക്കൽ ചിന്താഗതി തന്നെയാണ് അദ്ദേഹം ഇക്കുറിയും നമുക്ക് മുന്നില്‍ വെയ്ക്കുന്നത്.

അദ്ദേഹം പക്ഷേ, മന:പൂർവ്വം മറന്നു പോകുന്ന ഒന്നുണ്ട്. നമ്മുടെ പെൺകുട്ടികൾക്ക് അടുക്കളപ്പുറത്തു നിന്നും അരങ്ങത്തേയ്ക്ക് വരാൻ താണ്ടേണ്ടി വന്ന ദൂരം. അതിനവർക്കു കൊടുക്കേണ്ടി വന്ന / ഇന്നും കൊടുക്കേണ്ടി വരുന്ന വലിയ വില.

ലോക വ്യാപകമായി ജെൻഡർ ഇക്വാലിറ്റിക്കും സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക ഉന്നതിക്കും വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുമ്പോഴാണ് സ്ത്രീകളെ അദ്ദേഹം രണ്ടു ദശാബ്‌ദം പിന്നിലേക്ക് നടത്താൻ ശ്രമിക്കുന്നത്. ഇത് ഒരു വ്യക്തിയുടെമാത്രം അഭിപ്രായമല്ല. നമ്മുടെ നാട്ടിൽ ഒരുപാടു പേര് ‘പൂമുഖവാതില്‍ക്കൽ സ്നേഹം തുളുമ്പുന്ന പൂന്തിങ്കൾ’ മാത്രമായ സ്ത്രീ സങ്കല്‍പ്പം പുലർത്തുന്നുണ്ട്.

വി.ടി ഭട്ടതിരിപ്പാട്, അയ്യങ്കാളി, ശ്രീനാരായണ ഗുരുവിൽ തുടരുന്ന ഒരു വലിയ നിര, അതിനു പിന്നാലെ എന്റെ പരിമിതമായ അറിവു ശരിയാണെങ്കിൽ ശ്രീ യേശുദാസ് കൂടി ഭാഗമായിരുന്ന Kerala People’s Arts Club (KPAC) ഉൾപ്പെടെയുള്ളവർ ശ്രമിച്ചത് സ്ത്രീകളെ ഇത്തരം ഒതുങ്ങി നിൽക്കലുകളിൽ നിന്ന് മോചിപ്പിച്ച് സ്വന്തമായി ഒരു ഇടം സമൂഹത്തിൽ നല്‍കാനാണ്. കേരളത്തിന്റെ യഥാർത്ഥ നവോഥാനം സ്ത്രീകളുടെ സാമൂഹികവും സാംസ്കാരികവുമായ ഉന്നമനം കൂടിയാണ് എന്ന് തിരിച്ചറിഞ്ഞ് അതിനു വേണ്ടി പരിശ്രമിച്ച ഇത്തരം വ്യക്തികളും പ്രസ്ഥാനങ്ങളൂം കേരള ചരിത്രത്തിൽ അനവധിയാണ്.

യേശുദാസ് പറഞ്ഞതുപോലെ ഒരു സ്ത്രീയെ പരിചയപ്പെടുത്തുന്ന ഭർത്താവിന്റെയും അച്ഛന്റെയും നിഴലിൽ നിന്ന് മാറി ഞാൻ ഇന്നയാളാണ്, എന്റെ കൈയിൽ ഈ ക്യാമറയുണ്ട്, പേനയുണ്ട്, പേപ്പറുണ്ട്, ഒരു വാഹനത്തിന്റെ വളയമുണ്ട്, സ്വന്തന്ത്ര ചിന്തയുണ്ട് എന്ന് ഒരു പെൺകുട്ടി ആത്മവിശ്വാസത്തോടെ പറഞ്ഞോ പറയാതെയോ സമൂഹത്തിൽ അവളുടെ സാന്നിധ്യം അറിയിക്കുന്നുവെങ്കിൽ അത് ഒരു ചരിത്ര നേട്ടം കൂടിയാണ്.

Jane Austen-ന്റ്റെ Persuasion എന്ന നോവലില്‍ പ്രശസ്തമായ ഒരു വാചകമുണ്ട്: “I hate to hear you talk about all women as if they were fine ladies instead of rational creatures” എന്ന്. നമ്മുടെ സമൂഹത്തിനാവശ്യം ചിന്താശക്തിയും വിവേകവും ആർജ്ജവമുളള പെൺകുട്ടികളെയാണ്, അവരാണ് ഉത്തമ മാതൃകകൾ, അല്ലാതെ ആരുടെയൊക്കെയോ നിഴലുകളിൽ ഒളിച്ചു നിൽക്കുന്നവരല്ല.

എന്നാൽ അദ്ദേഹത്തിന്റെ അഭിപ്രായം ‘സ്വന്തം പേഴ്സണൽ സ്പേസ് സംരക്ഷിക്കുന്നതി’നെക്കുറിച്ച് മാത്രമായിരുന്നു എങ്കിൽ തീർച്ചയായും ആ ആശയം സംരക്ഷിക്കപ്പെടേണ്ടതു തന്നെയായിരുന്നു. കാരണം നമ്മൾ പലപ്പോഴും മറക്കുന്ന ഒന്നാണ് ഓരോരുത്തര്‍ക്കും അവരവരുടേതായ പേഴ്സണൽ സ്പേസ് ഉണ്ട് എന്നത്.

പേഴ്സണൽ സ്പേസ് മാനിക്കപ്പെടേണ്ടതുണ്ട്
നമുക്കു ചുറ്റും ഒരു അതിർവരമ്പുണ്ട്. അതുപോലെ മറ്റ് ഏതൊരാൾക്കു ചുറ്റും സമാനമായതും സ്വകാര്യമായതുമായ ഒരു അതിർ വരമ്പുണ്ട്.

അവരുടെ സ്വകാര്യത (privacy) ആ അതിർവരമ്പിനുള്ളിലാണ്. അതിൽ പലരുടെയും നിയന്ത്രണ രേഖ/ചുറ്റുമതിൽ/aura പല തരത്തിലായിരിക്കും. നാം ഒരു സാമൂഹിക ജീവിയായി സമൂഹത്തിൽ ഇടപെടുമ്പോഴും ആ നിയന്ത്രണരേഖ നമ്മുടെയെല്ലാം ചുറ്റിനുമുണ്ട്.

ചിലരെ നമ്മൾ ആ ആ വേലിക്കെട്ട് കടന്ന്‍ നമ്മളിലേക്ക് വരാൻ അനുവദിക്കുന്നു. ചിലരിലേക്ക് ചെല്ലാൻ നമുക്ക് പ്രത്യക്ഷമോ പരോക്ഷമോ ആയ ക്ഷണം ലഭിക്കുന്നു (either by word or conduct); അപ്പോൾ മാത്രമാണ്/ മാത്രമാവണം നമ്മൾ അവരുടെ സ്വകാര്യതയിലേക്ക് കടന്നു ചെല്ലേണ്ടത്. ഇവിടെ ഏറ്റവും പ്രധാനമായത് അവരുടെ സമ്മതം (consent) ആണ്.

എന്നാൽ നമ്മൾ ചെയ്യുന്നതോ?

നോട്ടങ്ങളായി (ഒളിഞ്ഞും തെളിഞ്ഞും), വാക്കുകളായി, ചോദ്യങ്ങളായി, പിന്നെ ശാരീരികമായിത്തന്നെ മറ്റുള്ളവരുടെ അതിർവരമ്പുകളെ അവരുടെ അനുവാദമില്ലാതെ ലംഘിക്കുന്നു. ഇത് എന്റെ സ്വകാര്യയിടമാണ് എന്ന് ഒരാൾ പറഞ്ഞാൽ, എന്നോട് ക്ഷമിക്കൂ എന്ന് പറയാനുള്ള സാമാന്യ മര്യാദപോലും കാണിക്കാതെ അങ്ങനെ പറഞ്ഞവരെ അഹങ്കാരികളായും തെമ്മാടികളായും മുദ്രകുത്തുന്നു. ഇതിന് ഒരുപാട് ഉദാഹരണങ്ങൾ നമുക്കു ചുറ്റും കാണാം.

യേശുദാസ് പറഞ്ഞ സെൽഫി അല്ലെങ്കിൽ ഫോട്ടോഗ്രഫി തീർച്ചയായും മറ്റൊരുവന്റെ സ്വകാര്യതയിലേയ്ക്ക് അനുവാദമില്ലാതെ കടന്നു കയറുന്നതിന്റെ ഒരു നല്ല ഉദാഹരണമാണ്.

സെൽഫി ഫോട്ടോഗ്രഫിയുടെ സാങ്കേതികത അറിയാവുന്നവർക്കറിയാം, പലപ്പോഴും അതൊരു ക്ലോസ്ഡ് സർക്കിൾ ഫോട്ടോഗ്രാഫിയാണ്. അത് ചിലപ്പോഴെങ്കിലും ചിലർക്ക് അവരുടെ പേഴ്സണൽ സ്പേസിലേക്ക് മറ്റുള്ളവർ വരുന്നതായി തോന്നാം. എന്റെ ഒന്ന് രണ്ടു സുഹൃത്തുക്കൾ പറഞ്ഞ അനുഭവങ്ങൾ പറയാം.

ഒന്നാമത്തെയാൾ ഒരു സെലിബ്രിറ്റിയാണ്. ഒരു കലാകാരൻ എന്നതിന് അപ്പുറം തനിക്കും തന്റെ ഭാര്യക്കും കുഞ്ഞിനും ഒരു വ്യക്തിജീവിതമുണ്ടെന്നു മനസിലാകുന്ന, അവർക്ക് ആ ജീവിതം കൊടുക്കാൻ ശ്രമിക്കുന്ന ഒരാൾ. എന്നാൽ അദ്ദേഹം കുറച്ചു നാളുകൾക്കുമുൻപ് ഉണ്ടായ ഒരു അനുഭവം പറഞ്ഞു. അവര് പുറത്ത് ഒരിടത്തു ഭക്ഷണം കഴിക്കാൻ പോയപ്പോൾ കുഞ്ഞു മകൾക്ക് പെട്ടെന്ന് ഒരസ്വസ്ഥ. അതുകൊണ്ടു വേഗം കുഞ്ഞിനേയും കൊണ്ട് പുറത്തു കടക്കാൻ ശ്രമിക്കുമ്പോൾ കുറച്ചുപേർ സെൽഫി ആവശ്യവുമായി അടുത്തുകൂടുന്നു. അദ്ദേഹം പറയുന്നുണ്ട്. അത്യാവശ്യമായി പുറത്തു പോകുകയാണ്, എന്നാൽ അവർക്ക് അദ്ദേഹത്തിന്റെ അസ്വസ്ഥത ജാഡയായാണ് തോന്നിയത്. തിരിച്ചു ഭാര്യയുടെ അടുത്തെത്തിയപ്പോൾ അദ്ദേഹം കണ്ടു; അവരുടെ കണ്ണ് നിറഞ്ഞൊഴുകുന്നു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: ‘I felt pity about existence’. കലാകാരനായിപ്പോയതു കൊണ്ട് പൊതു ഇടങ്ങളിൽ അച്ഛൻ, ഭർത്താവ്, സുഹൃത്ത് എന്ന ഇടങ്ങൾ നിഷേധിക്കപ്പെടുന്ന മനുഷ്യർ.

രണ്ടാമത്തെ അനുഭവം പറഞ്ഞത് ഒരു സ്ത്രീ സുഹൃത്താണ്. പരിചയമുള്ള ആളുകളുടെ (പരിചയവും അടുപ്പവും രണ്ടാണ് എന്ന് അറിയാല്ലോ) ഒരു ഓൺലൈൻ കൂട്ടായ്മ; അവരുടെ ഒരു കൂടിച്ചേരൽ. ഒടുവിൽ ഇപ്പോഴത്തെ മാമൂലായ സെൽഫി എടുക്കൽ ചടങ്ങ്. അവിടെയുള്ള ഒരു പുരുഷപ്രജയാണ് ക്യാമറാമാൻ, സെൽഫിക്കുള്ളിൽ ഈ പെൺകുട്ടിയെ ഒതുക്കാനുള്ള ശ്രമത്തിൽ ആ പുരുഷസുഹൃത്ത് ഒതുക്കാൻ ശ്രമിച്ചത് മറ്റു ചിലതായിരുന്നു എന്ന് ഏറെ സങ്കടത്തോടെ ആ പെൺകുട്ടി പറഞ്ഞു. ഇവിടെയെല്ലാം കടന്നു കയറ്റം നമ്മുടെ സ്വകാര്യതയിലേക്കാണ്, നമ്മുടെ അനുവാദമില്ലാതെ തന്നെ.

വിദേശത്തൊക്കെ നമ്മൾ ഒരു പരിപാടിക്കു പോകുമ്പോൾ ക്യാമറ കയ്യിലുള്ള ഫോട്ടോഗ്രാഫർ നമ്മുടെ അടുത്ത് വരും; എന്നിട്ടു ചോദിക്കും, ഞാൻ ഫോട്ടോ എടുക്കുകയാണ്; നിങ്ങളുടെ ഫോട്ടോ എടുക്കുന്നതിൽ നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടോ? ഉണ്ടെന്നു പറഞ്ഞാല്‍ അദ്ദേഹം നമുക്കൊരു സ്റ്റിക്കർ തരും; അത് നമുക്ക് നമ്മുടെ പുറത്ത് ഒട്ടിക്കാം. പിന്നെ ഫോട്ടോ എടുക്കുമ്പോൾ അദ്ദേഹം അത്തരം സ്റ്റിക്കർ ഉള്ളവരെ ഒഴിവാക്കിയാവും ഫോട്ടോ എടുക്കുക. ഇനി പബ്ലിക് സ്പേസിൽ ആണെങ്കിൽപ്പോലും ഒരാളുടെ ചിത്രം അയാളെ തിരിച്ചറിയുന്ന രീതിയിൽ പതിഞ്ഞാൽ മിക്കവരും അത് ഡിസ്‌പ്ലെയിൽ കാണിച്ചു കൊടുത്ത്, നിങ്ങളുടെ ഇങ്ങനെ ഒരു ചിത്രം ഞാൻ എടുത്തിട്ടുണ്ട് എന്ന് പറയാനുള്ള സാമാന്യ മര്യാദ കാണിക്കും. നമുക്ക് എതിർപ്പുണ്ടെങ്കിൽ അവർ അവിടെ വെച്ചു തന്നെ അത് ഡിലീറ്റ് ചെയ്യുകയും ചെയ്യും.

എന്നാൽ ഇവിടെ സ്ട്രീറ്റ് ഫോട്ടോഗ്രാഫി നിയമങ്ങളെ കുറിച്ച് നമ്മൾ ഇനിയും കുറെയേറെ aware ആകേണ്ടതുണ്ട്. പൊതുവിൽ ഇന്ത്യയിൽ സ്ട്രീറ്റ് ഫോട്ടോഗ്രാഫി, നിരോധനം ഇല്ലാത്ത ഇടങ്ങളിൽ അനുവദനീയമാണ്. ഇവിടെ പൊതു ഇടം, ഒബ്ജക്ഷൻസ് ഇല്ലാത്ത ഇടം എന്നത് രണ്ടും വളരെ പ്രാധാന്യമർഹിക്കുന്നതാണ്. നമ്മൾ ഒരു identifiable ഒബ്ജക്റ്റിന്റെ ഫോട്ടോ എടുത്ത് ആ ഒബ്ജക്റ്റിനെ ഏതെങ്കിലും തരത്തിൽ മോശമായി ബാധിക്കുന്ന രീതിയിൽ പ്രചരിപ്പിക്കാൻ ഇടയാകരുത് എന്ന് വ്യാഖ്യാനങ്ങൾ ഉണ്ട്.

ഡ്രോൺ ഫോട്ടോഗ്രാഫി പോലെയുള്ള ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഫോട്ടോഗ്രാഫിക്ക് നിയന്ത്രണങ്ങൾ ഉള്ളപ്പോൾ പോലും, നമ്മുടെ നാട്ടിൽ യാതൊരു നിയന്ത്രണവുമില്ലാതെ അത് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി വരുന്നു എന്നതും ചിന്തനീയമാണ്. ഇന്ന് വലിയ ടെലിഫോട്ടോസൂം ലെന്‍സും ഒക്കെ ആർക്കും പ്രാപ്യമാകുന്ന ഒരവസരത്തിൽ നമ്മുടെ കണ്ണുകൾ കൊണ്ട് മാത്രമല്ല കൈയിലിരിക്കുന്ന ഉപകരണങ്ങൾ കൊണ്ടും മറ്റുള്ളവരുടെ സ്വകാര്യത ഹനിക്കാൻ പാടില്ല എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

കുട്ടികളുടെ സ്വകാര്യത
വിദേശങ്ങളിലെ സ്കൂളുകളിൽ കുട്ടികളുടെ ഫോട്ടോ എടുക്കുന്നതിൽ നമുക്ക് ഒബ്ജക്ഷൻ ഉണ്ടോ എന്ന് പ്രത്യേകം ചോദിക്കും. പിന്നെ നമ്മുടെ ഒരു കൺസെന്റ് ഫോം അവര്‍ ഒപ്പിട്ടു വാങ്ങിക്കും. നമ്മുടെ കുട്ടിയുടെ ഫോട്ടോ സ്കൂളുകാര് എടുക്കുന്നതിൽ താത്പ്പര്യമില്ലെങ്കിൽ നമുക്കത് പറയാം. നമ്മൾ കൺസെന്റ് കൊടുത്താലും അവര്‍ കുട്ടിയുടെ ഫോട്ടോ എവിടെയെങ്കിലും പബ്ലീഷ് ചെയ്താൽ അത് നമ്മെ അറിയിക്കും.

എന്നാൽ ഈ സ്കൂൾ വര്‍ഷം തുടക്കത്തിലാണ് കേരളത്തില്‍ ഒരു സ്കൂൾ ടീച്ചർ കുറെ കുട്ടികളുടെ ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ ഇട്ടതും അതിനെ ചോദ്യം ചെയ്ത ആളുകളെ മോറൽ പോലീസ് എന്നു വിളിച്ച് ഇവിടെ പലരും അധിക്ഷേപിച്ചതും. ഇവിടെ കുട്ടികൾക്കും സ്വകാര്യതയുണ്ട് എന്നത് നമ്മളെ സംബന്ധിച്ച് ഒരു വലിയ കോമഡി കേൾക്കുന്നത് പോലെയാണ്. എന്റെ ചെറിയ കുഞ്ഞിന്റെ ഫോട്ടോ ഞാൻ ഏതൊരു ഓൺലൈൻ മീഡിയത്തിൽ ഷെയർ ചെയ്യും മുൻപ് ഒന്ന് ആലോചിക്കും. നാളെയൊരിക്കൽ അതവന്റെ സ്വകാര്യതയിലേക്കുള്ള ഒരു കടന്നു കയറ്റമായി അവനു തോന്നുമോ എന്ന്‍.

അപ്പോൾ തീർച്ചയായും ശ്രീ യേശുദാസ് സാറിന് ഒരാൾ ഒരു കൊച്ചു ക്യാമറയുമായി അദ്ദേഹത്തിന്റെ സ്വകാര്യതയിലേക്കു കടന്നു കയറാൻ ശ്രമിച്ചാൽ അതിനോട് ‘അരുത്’ (Right to say NO) എന്ന് പറയാനുള്ള അധികാര/ അവകാശമുണ്ട്. ഇത് പറയുമ്പോഴും ആ മൂന്ന് വാചകങ്ങൾ കൂട്ടി വായിക്കുമ്പോൾ അദ്ദേഹം പ്രകടിപ്പിച്ച സദാചാരവ്യാകുലതകളോട് വിയോജിക്കാതെ വയ്യ. ഒപ്പം അദ്ദേഹത്തോട് പറയാനുള്ളത്, മറ്റുള്ളവരുടെ ചിന്തയും നിലപാടുകളും ഒരു പേഴ്സണൽ സ്പേസിന്റെ ഭാഗമാണ്; അപ്പോൾ ചില അഭിപ്രായ പ്രകടനങ്ങൾ കൊണ്ടും / നല്ല നടപ്പിനായുള്ള ആഹ്വാനങ്ങൾ കൊണ്ടും മറ്റൊരുവന്റെ/ ഒരുവളുടെ സ്വകാര്യതയെ, സ്വതന്ത്ര ചിന്തയെ ഹനിക്കാം എന്നുള്ളത് അനുവദനീയമല്ല എന്നതാണ്. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും, സ്ത്രീക്ക് അവളുടെ പേഴ്സണൽ സ്പേസിലേക്ക് മറ്റുള്ളവരുടെ കടന്നു കയറ്റമുണ്ടാകുന്നത് മറ്റുള്ളവർ അവർക്കു നൽകുന്ന ഇത്തരം ‘മോറൽ ക്ലാസു’കളിലൂടെയുമാണ്.

Austen കുറിച്ചത് പോലെ സമൂഹം സ്ത്രീക്ക് കല്‍പ്പിച്ചു നൽകിയ ‘ഫൈൻ ലേഡി ഇമേജി’ൽ നിന്ന്‍, യേശുദാസിനെപ്പോലെയുള്ളവർ ആഗ്രഹിക്കുന്ന, മറ്റുള്ളവരുടെ കെയർ ഓഫിൽ അറിയപ്പെടുന്ന മകൾ, ഭാര്യ, പെങ്ങൾ എന്ന ലേബലുകളിൽ നിന്നൊക്കെ ഇറങ്ങി വന്ന്‍ സ്വന്തം സ്വത്വം കണ്ടെത്താൻ ഒരു സ്ത്രീ ശ്രമിക്കുന്നുവെങ്കിൽ, ആ സ്ത്രീ മറ്റൊരുവന്റെ സ്വാതന്ത്ര്യത്തെ അംഗീകരിച്ചുകൊണ്ട് അതിനെ ഹനിക്കാതെ അവളുടെ സാമൂഹ്യ ഇടങ്ങളിൽ പുരോഗമനപരമായ ഇടപെടലുകൾ നടത്തുന്നുവെങ്കിൽ, സെൽഫികൾ എടുക്കുന്നുവെങ്കിൽ അവളെ അതിന് അനുവദിക്കുകയാണ് വേണ്ടത്, അഭിപ്രായങ്ങൾ കൊണ്ട് അടിച്ചമർത്തുകയല്ല.

(നിയമത്തിലും (എം ജി യൂണിവേഴ്‌സിറ്റി) ക്രിമിനോളജിയിലും (സ്വാന്‍സി യൂണിവേഴ്‌സിറ്റി, യു കെ) ബിരുദാനന്തര ബിരുദം. ഇപ്പോള്‍ വെയില്‍സില്‍ താമസിക്കുന്നു. സ്വാന്‍സി യൂണിവേഴ്‌സിറ്റിയില്‍ റിസര്‍ച്ച് അസോസിയേറ്റായും ഗാര്‍ഹിക പീഡന ഇരകള്‍ക്ക് വേണ്ടിയും സ്ത്രീകള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന Llanelli Womens  Aid ട്രസ്റ്റിയായും ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്).

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

ദീപ പ്രവീണ്‍

ദീപ പ്രവീണ്‍

നിയമത്തിലും (എം ജി യൂണിവേഴ്സിറ്റി) ക്രിമിനോളജിയിലും (സ്വാൻസി യൂണിവേഴ്സിറ്റി,യു കെ) ബിരുദാനന്തര ബിരുദം. ഇപ്പോൾ വെയില്‍സില്‍ താമസിക്കുന്നു. സ്വാൻസി യൂണിവേഴ്‌സിറ്റിയിൽ റിസർച്ച് അസോസിയേറ്റായും, ഗാര്‍ഹിക പീഡന ഇരകള്‍ക്ക് വേണ്ടിയും സ്ത്രീകള്‍ക്കുമായി പ്രവർത്തിക്കുന്ന Llanelli Womens Aid- ട്രസ്റ്റീ ആയും ഡയറക്ടർ ബോർഡ് മെമ്പർ ആയും പ്രവർത്തിച്ചിട്ടുണ്ട്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍