UPDATES

Avatar

കാഴ്ചപ്പാട്

എ എസ് അജിത്കുമാര്‍

ന്യൂസ് അപ്ഡേറ്റ്സ്

പാട്ടും ശരീരവും യേശുദാസും

കെ ജെ യേശുദാസിന് രണ്ടു സ്വരങ്ങളുണ്ട്. പാടുമ്പോഴുള്ള ഒന്നും സംസാരിക്കുമ്പോഴുള്ള ഒന്നും. ഈ വ്യത്യാസം സ്വരത്തില്‍ മാത്രം ഒതുങ്ങുന്നില്ല; ‘യേശുദാസ്’ എന്ന വ്യക്തിത്വം പ്രകടമാക്കപെടുന്ന രീതിയിലും വ്യത്യാസങ്ങളുണ്ട്. ഈ വ്യത്യാസങ്ങളെ ശ്രദ്ധിച്ചാല്‍ പല ‘വൈരുദ്ധ്യങ്ങളെ’ എങ്ങനെയാണ് യേശുദാസും ആരാധകരും ഒന്നിച്ചു കൊണ്ടുപോകുന്നത് എന്ന് മനസിലാക്കാം.

 

‘വിരുദ്ധങ്ങളാ’യി നിര്‍വചിക്കപെട്ടിട്ടുള്ള പല ഘടകങ്ങളും ചേര്‍ന്ന് പോകുന്ന ഒന്നാണ് യേശുദാസ് എന്ന ഗായകനും വ്യക്തിത്വവും. സിനിമാപാട്ടും ‘ശാസ്ത്രീയ സംഗീത’വും പാടുന്ന ആള്‍ എന്നത് ശ്രദ്ധിക്കേണ്ട ഒന്നാണ്. മലയാള സിനിമാ പാട്ട് ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒന്നായിരുന്നു യേശുദാസ്. ഒട്ടേറെ ശൈലിയിലും വിഷയങ്ങളിലും അദ്ദേഹം പാടിയിട്ടുണ്ട്. എന്നാല്‍ ജനപ്രിയമായ ഈ ഗാനങ്ങളുള്ളപ്പോഴും യേശുദാസ് ‘ശുദ്ധ’ സംഗീതത്തിന്റെയും ആധികാരികതയുടെയും രൂപമാകുന്നത് ‘ശാസ്ത്രീയ സംഗീത’ത്തിലൂടെയാണ്. സിനിമാപാട്ടുകളില്‍ തന്നെ മലയാള സിനിമയില്‍ ‘ശുദ്ധ സംഗീത’ത്തിന്റെ വീണ്ടെടുക്കല്‍ നടക്കുമ്പോള്‍ യേശുദാസ് ആണ് ഉപയോഗപ്പെടുത്തപ്പെടുന്നത്. ഹിസ് ഹൈനെസ് അബ്ദുള്ളയും സര്‍ഗ്ഗവുമൊക്കെ ഉണ്ടാകുന്നത് അങ്ങനെയാണ്. എന്നാല്‍ ശാസ്ത്രീയ സംഗീതത്തിലെ പാരമ്പര്യവാദികള്‍ യേശുദാസിനെ അംഗീകരിക്കാന്‍ മടിക്കുന്നത് സിനിമാപാട്ട് പാടുന്ന ആള്‍ എന്ന നിലയിലാണ്. ഇത്തരം വൈരുദ്ധ്യങ്ങളെ വളരെ വിദഗ്ദ്ധമായാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. സംസാരിക്കുന്ന യേശുദാസ് ഈ വൈരുദ്ധ്യങ്ങളെ കൈകാര്യം ചെയ്യുന്ന ഒരു പൊതുയിടത്തെ ഒരു രൂപമാണ്.

പൊതുവേദികളില്‍ യേശുദാസിന്റെ പ്രസംഗത്തിന് കിട്ടുന്ന ആധികാരികത സാംസ്‌കാരികമായി നിര്‍മിക്കപെട്ട ഒന്നാണ്. സിനിമാപാട്ടിലൂടെയുള്ള ജനകീയതയുടെ ഒപ്പം വളരെ കാലങ്ങളായി അദ്ദേഹം തന്നെ സൃഷ്ടിച്ചെടുത്ത ‘മതേതര’മായ ഒരു ബിംബം എല്ലാമുണ്ടെങ്കിലും ‘ശുദ്ധ’ സംഗീതത്തിന്റെ വക്താവ് എന്ന നിലയിലാണ് ഒരു അധികാരം ഈ വേദികളില്‍ നിലനിര്‍ത്തപ്പെടുന്നത് എന്ന് തോന്നുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കപ്പെടാത്തത്തിന്റെ ഇങ്ങേ തലയ്ക്കല്‍ വളരെ സവര്‍ണ്ണമായ ഒരു ഹിന്ദു വ്യക്തിത്വം പ്രകടമാക്കുകയും ചെയ്യുന്നുണ്ട് ഇദ്ദേഹം. ഇങ്ങനയുള്ള ഒരാളെ എന്ത് കൊണ്ട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നില്ല എന്ന് തോന്നിപ്പിക്കും വിധം ഒരു വ്യക്തിത്വം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ‘അയ്യപ്പദാസ്’ എന്ന് വിളിക്കപ്പെടുന്ന രീതിയില്‍ ശബരിമല ദര്‍ശനം ഗുരുവായൂറിലെ നിഷേധത്തിന് എതിരായി ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കേരളത്തിലെ സാംസ്‌കാരിക രംഗത്ത് സംഗീതജ്ഞര്‍ അംഗീകരിക്കപെടാന്‍ ഈ ഒരു ‘ഹിന്ദു’ പൊതുബോധത്തിന്റെ സമ്മര്‍ദം നേരിടേണ്ടി വരുന്നുണ്ട് എന്നത് കൂടിയാണ് ഇത് തെളിയിക്കുന്നത്. ജെറി അമല്‍ദേവ് എന്ന സംഗീത സംവിധായകന്‍ ‘ആയിരം കണ്ണുമായി’ എന്ന ഗാനം ഹിറ്റാക്കിയപ്പോള്‍ പള്ളി പാട്ട് പോലെയിരിക്കുന്നു എന്ന് ആക്ഷേപിക്കപെട്ടത് സിനിമാ സംഗീത മേഖലയിലും നിലനില്ക്കുന്ന ഹിന്ദു പൊതു ബോധത്തെ കാണിക്കുന്നു. മലയാളികളുടെ ഇടയിലെ പൊതുഅംഗീകാരം യേശുദാസ് നേടിയെടുത്തത് പാട്ടിലൂടെ മാത്രമല്ല, ഈ പൊതു ഹിന്ദുബോധത്തോട് നീക്കുപോക്ക് നടത്തിയിട്ട് കൂടിയാണ്. ‘ഗുരുവായൂര്‍’ എന്നതിനെ ഒരു പക്ഷെ നിഷേധിക്കപെടുന്ന ഹിന്ദു അഭിജ്ഞാനതയായി പ്രകടിപ്പിക്കാന്‍ രാഷ്ട്രീയമായി ഉപയോഗിക്കുയായിരുന്നിരിക്കണം യേശുദാസ് .

 

പൊതുവേദികളില്‍ വെള്ള ഷര്‍ട്ടും വെളുത്ത മുണ്ടും ധരിച്ചു പ്രത്യക്ഷപെടുന്നതോപ്പം ‘ശുദ്ധ സംഗീത’ത്തെ കുറിച്ചാണ് സംസാരിക്കാറ്. ജനപ്രിയമായതിനാല്‍ സാംസ്‌കാരികമായി ‘താഴ്ന്ന’ സംഗീതമായി നിര്‍വചിക്കപ്പെടാറുള്ള സിനിമാപാട്ടിന്റെ ഭാഗമായി നില്ക്കുമ്പോഴും യേശുദാസ് ശാസ്ത്രീയ സംഗീതത്തിന്റെയും ‘ശുദ്ധ സംഗീത’ത്തിന്റെയും വക്താവായാണ് പ്രത്യക്ഷപ്പെടുന്നത് . പുതിയ സംഗീത പ്രവണതകളെ വിമര്‍ശിക്കുന്നതോടൊപ്പം വളരെ ശ്രദ്ധേയമായ ഒന്ന് ഇദ്ദേഹം ശരീരത്തെ കുറിച്ച് പറയുന്നതാണ്. ശാസ്ത്രീയ സംഗീത വ്യവഹാരങ്ങളില്‍ പാട്ടില്‍ നിന്നും വേര്‍പ്പെടുത്തേണ്ട ഒന്നായാണ് ശരീരത്തെ കാണുന്നത്. ഇത് തന്നെയാണ് ഇദ്ദേഹം ആവര്‍ത്തിക്കുന്നത്. 2011 സെപ്റ്റംബറില്‍ ഒരു പൊതു ചടങ്ങില്‍ റിയാലിറ്റി ഷോയെ വിമര്‍ശിച്ചു കൊണ്ട് യേശുദാസ് ചെയ്ത ഒരു പ്രസംഗത്തില്‍ അദ്ദേഹം ശരീരത്തെ കുറിച്ചുള്ള ഈ പേടി പ്രകടിപ്പിക്കുനുണ്ട്. ഇപ്പോള്‍ ‘workout’ മ്യൂസിക്കിന്റെ ലക്ഷണമാണ് കാണുന്നതെന്നും ‘പാരിജാതം തിരുമിഴി തുറന്നു, താമസമെന്തേ വരുവാന്‍’ എന്നീ ഗാനങ്ങള്‍ ശരീരത്തിന് എക്സര്‍സൈസ് ചെയ്യാനുള്ള പാട്ടുകളല്ല’ എന്നും. ‘ഇപ്പോള്‍ പാട്ടുകള്‍ക്ക് ശ്രുതിയും താളവുമൊന്നും വേണ്ട എന്നും’ അദ്ദേഹം ആ പ്രസംഗത്തില്‍ പറയുന്നുണ്ട്.

 

ഈ രീതിയില്‍ ശരീരത്തെയും ശാരീരത്തെയും വേര്‍തിരിക്കുന്ന ഒരു ‘ശാസ്ത്രീയ സംഗീത’ യുക്തിയാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്. ശാസ്ത്രീയ സംഗീത വ്യവഹാരങ്ങളില്‍ ശരീരം ആശങ്കയുളവാക്കുന്ന ഒന്നാണ്. അവയെ നിയന്ത്രിക്കേണ്ടതായാണ് അതിന്റെ വക്താക്കള്‍ പറയാറുള്ളത്. പാടുമ്പോള്‍ പോലും അധികം ശാരീരിക പ്രകടനങ്ങള്‍ പാടില്ല എന്ന് ‘ദക്ഷിണേന്ത്യന്‍ സംഗീതം’ എന്ന പാഠപുസ്തകത്തില്‍ പറയുന്നുണ്ട്. എന്നാല്‍ കീഴാള സംഗീത ശീലങ്ങളില്‍ ശരീരവും പാട്ടും കൊട്ടുമൊക്കെ തമ്മില്‍ അത്തരം വിഭജനമില്ല. ശരീരം നിയന്തിക്കപ്പെടേണ്ടതായി കാണുന്നില്ല. ദലിത് പാട്ടുകാരിയായ പ്രസീത താന്‍ പാട്ട് പാടുന്ന വേദികളില്‍ കാണികളോട് ചാടി തുള്ളാന്‍ ആഹ്വാനം ചെയ്യുന്നതോടൊപ്പം സദസിലിറങ്ങി അവരെ കൊണ്ട് നൃത്തം ചെയ്യിപ്പിക്കാറുമുണ്ട്. ആധുനിക വേഷങ്ങള്‍ അണിഞ്ഞു കൊണ്ട് എന്ത് കൊണ്ട് നാടന്‍പാട്ടുകള്‍ പാടിക്കൂടാ എന്ന് പ്രസീത ചോദിക്കുന്നു. ശാസ്ത്രീയ സംഗീതത്തിന്റെ ‘ശരീര പേടി’ക്ക് ജാതിയുമായി ബന്ധപെട്ട ചരിത്രമുണ്ട്.

 

സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ കുറിച്ചുള്ള പമര്‍ശം യേശുദാസിന്റെ ഈ ‘ശ്രേഷ്ഠ’ സംഗീത വ്യവഹാരവുമായി ബന്ധപ്പെട്ടതും ശരീരത്തെ കുറിച്ചുള്ള ആശങ്കയില്‍ നിന്നും വന്നതുമാണ് എന്ന് തോന്നുന്നു. ജീന്‍സ് എന്ന ഒരു വേഷത്തെ കുറിച്ച് എന്നതിനെക്കാളും സ്ത്രീ ശരീരത്തെ കുറിച്ചാണ് യേശുദാസ് പറഞ്ഞിരിക്കുന്നത്. സ്ത്രീകള്‍ പ്രകോപനപരമായി വസ്ത്രം ധരിച്ച് ആണുങ്ങളെ അവരെ ലൈംഗികമായി ആക്രമിക്കാന്‍ പ്രേരിപ്പിക്കരുത് എന്ന ഒരു യുക്തിയാണ് അതിലുള്ളത്. ബാലാത്സംഗത്തെ ന്യായീകരിക്കുന്ന ഒരു വാദം. ഇത് ഇടയിക്കിടെ പോലീസുദ്യോഗസ്ഥരും മറ്റു അധികാരികളും സാംസ്‌കാരികമായി അധികാരമുള്ളവരും ആവര്‍ത്തിക്കാറുള്ള ഒന്നാണ്. യേശുദാസ് തന്റെ സാംസ്‌കാരികമായ അധികാരത്തില്‍ നിന്നാണ് ഇത് പറയുന്നത്. ആ അധികാരം സവര്‍ണ്ണമായ ഒരു സാംസ്‌കാരിക ബോധത്തോട് നീക്കുപോക്ക് നടത്തിക്കൊണ്ട് യേശുദാസ് സൃഷ്ടിച്ച ഒന്നാണ്. അദ്ദേഹത്തിന്റെ ‘യഥാര്‍ത്ഥ’ അഭിജ്ഞാനതയായി മനസിലാക്കപ്പെടുന്ന കീഴാള ക്രിസ്ത്യാനി എന്നത് ഇവിടെ അപ്രസക്തമാണ്. അദ്ദേഹം സംസ്കാരികമായി അംഗീകരിക്ക്‌പെടുന്നത് അതിന്റെ പേരിലല്ലല്ലോ. 

ബെസ്റ്റ് ഓഫ് അഴിമുഖം 

ശങ്കരാഭരണത്തിന്റെ പേടികള്‍
വരികളും സംഗീതവും
പാട്ടിലെ ഭൂതകാലങ്ങൾ
ശാസ്ത്രീയനൃത്തം ശരീരത്തെ തുറന്നു വിടുമ്പോള്‍
ആണെഴുത്തിന്റെ അരാഷ്ട്രീയ കിടപ്പറകള്‍

മലയാള സിനിമാ മേഖലയിലെ ജാതിയുടെ സങ്കീര്‍ണ്ണത ശ്രദ്ധിച്ചാല്‍ ഇത് മനസിലാകും. ജാസി ഗിഫ്റ്റ്, കലാഭവന്‍ മണി എന്നിവരുടെ അനുഭവങ്ങള്‍ വ്യത്യസ്തമാണ്. കലാഭവന്‍മണി ‘നാടന്‍ പാട്ടി’ന്റെ ആളായി അംഗീകരിക്കപെടുമ്പോള്‍ ജാസി ഗിഫ്റ്റിന്റെ പാശ്ചാത്യ സംഗീത മേഖലയുമായുള്ള ബന്ധവും അദ്ദേഹത്തിന്റെ സംഗീതത്തിലെ കലര്‍പ്പും പെട്ടന്ന് അംഗീകരിക്കാന്‍ വിമര്‍ശകര്‍ക്ക് മടിയാണ്. അവര്‍ രണ്ടു പേരുടെയും സംഗീതവുമായി ബന്ധപെട്ടു ജാതി പ്രകടമാവുന്ന പോലെയല്ല യേശുദാസിന്റെ കാര്യത്തില്‍. ‘ശാസ്ത്രീയ സംഗീതം ‘ ‘ശുദ്ധ സംഗീതം’ എന്നത് ഈ സ്വന്തം ജാതി അഭിജ്ഞാനതയെ മറികടക്കാനും സാംസ്‌കാരികമായ അധികാരം നേടിയെടുക്കാനും യേശുദാസിനെ സഹായിച്ചിട്ടുണ്ട്. നേരത്തെ സൂചിപ്പിക്കാന്‍ ശ്രമിച്ച പോലെ അദ്ദേഹത്തിന്റെ സംസാരിക്കുമ്പോഴുള്ള സ്വരം സംഗീത മേഖലയിലെ സ്വന്തം വൈരുധ്യങ്ങളെ പരിഹരിക്കാനുള്ള ശ്രമം കൂടിയാണ്. ഈ സ്വരം മിക്കപ്പോഴും ഒരു സവര്‍ണ ആണധികാര മൂല്യത്തെ ആണ് പ്രകടമാക്കുന്നതും. 74 വയസുള്ള യേശുദാസ് ഇത്രയും സ്ത്രീ വിരുദ്ധധമായ പരാമര്‍ശം നടത്തുമ്പോള്‍ സംഗീതകോളേജിലെ സദസില്‍ ഇത് കേട്ടിരുന്ന ചെറുപ്പക്കാരായ ആണുങ്ങള്‍ കൈയടിച്ചുവെന്നത് സംഗീത സ്ഥാപനങ്ങളില്‍ തന്നെ നിലനില്ക്കുന്ന ഈ സവര്‍ണ്ണ ആണധികാര വ്യവഹാരത്തെ വ്യക്തമാക്കുന്നുണ്ട്. അത് ശുദ്ധ സംഗീതബോധവുമായി ബന്ധപ്പെട്ടതാണ് എന്നാണ് എനിക്ക് തോന്നുന്നത്.

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍