UPDATES

വായന/സംസ്കാരം

കന്നഡ എഴുത്തുകാരന്‍ യോഗേഷ് മാസ്റ്ററുടെ മുഖത്ത് ഹിന്ദു വര്‍ഗ്ഗീയവാദികള്‍ കരി ഓയില്‍ ഒഴിച്ചു

പുതിയ നോവലായ ‘ദുണ്ടി’യില്‍ ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചു എന്നാരോപണം

കന്നഡ എഴുത്തുകാരന്‍ യോഗേഷ് മാസ്റ്ററുടെ മുഖത്ത് ഹിന്ദു വര്‍ഗ്ഗീയവാദികള്‍ കരി ഓയില്‍ ഒഴിച്ചു.  വിവാദ കന്നഡ നോവല്‍ ദുണ്ടിയില്‍ ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചു എന്നു ആരോപിച്ചാണ് ആക്രമണം. എട്ടോളം വരുന്ന സംഘമാണ് മാസ്റ്ററെ ആക്രമിച്ചത്. ലങ്കേഷ് പത്രിക എന്ന പത്രം സംഘടിപ്പിച്ച ദുണ്ടിയുടെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഡോ. എം എം കല്‍ബുര്‍ഗിക്കും ഡോ. യു ആര്‍ അനന്തമൂര്‍ത്തിക്കും പിന്നാലെ കന്നഡയില്‍ ആക്രമിക്കപ്പെടുന്ന സാഹിത്യകാരനാണ് യോഗേഷ് മാസ്റ്റര്‍.

വിഗ്രഹാരാധനയ്ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാടെടുക്കുകയും അതുവഴി ഹിന്ദു തീവ്രവാദ സംഘടനകളുടെ ഭീഷണിയ്ക്ക് വിധേയനാവുകയും ചെയ്തയാളാണ് എഴുത്തുകാരനും കന്നഡ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും പണ്ഡിതനുമായ ഡോ.എം.എം കല്‍ബുര്‍ഗി. 2015 ആഗസ്ത് 30നു കല്യാണ്‍ നഗറിലുള്ള വീട്ടില്‍ കയറി അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു. 2014ലെ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മൊദി വിജയിക്കുകയാണെങ്കില്‍ രാജ്യം വിട്ടു പോകുമെന്ന് പറഞ്ഞതിനാണ് ഡോ. യു ആര്‍ ആനന്തമൂര്‍ത്തിയെ സംഘപരിവാര്‍ ലക്ഷ്യമിട്ടത്. അദ്ദേഹത്തിന് പാക്കിസ്ഥാനിലേക്ക് പോകാനുള്ള വീസ അയച്ചുകൊടുക്കുമെന്ന് ആക്രോശിച്ച സംഘപരിവാര്‍ അദ്ദേഹത്തിന്റെ മരണം ലഡു വിതരണം ചെയ്തു ആഘോഷിക്കുകയും ചെയ്തു.

തമിഴ്നാട്ടില്‍ എഴുത്തുകാരന്‍ പെരുമാള്‍ മുരുഗനെതിരെയും വലതുപക്ഷ സംഘടനയുടെ വിലക്കുണ്ടായി.  പെരുമാള്‍ മുരുകന്‍ എഴുതിയ ‘മാതൊരുഭാഗന്‍’ എന്ന നോവലിന്റെ അമ്പതോളം കോപ്പികള്‍ തിരുച്ചെങ്കോട് പോലിസ് സ്റ്റേഷന് മുന്നിലിട്ട് സംഘപരിവാര്‍ സംഘടനകള്‍ കത്തിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതിനെ തുടര്‍ന്ന് ‘പെരുമാള്‍ മുരുഗന്‍ എന്ന എഴുത്തുകാരന്‍ മരിച്ചു’ എന്ന് പറഞ്ഞുകൊണ്ടു  സ്വയം എഴുത്തു നിര്‍ത്തുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

മഹാരാഷ്ട്രയില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരായി പ്രവര്‍ത്തിച്ച നരേദ്ര ധബോല്‍ക്കറും കമ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പന്‍സാരയും ഹിന്ദുത്വ തീവ്രവാദികളാല്‍ കൊല്ലപ്പെടുകയായിരുന്നു. ഈ അടുത്തകാലത്ത് നോട്ട് നിരോധനത്തിന് എതിരെ സംസാരിച്ചതിന് ജ്ഞാനപീഠം ജേതാവും പ്രമുഖ മലയാളം എഴുത്തുകാരനുമായ എം ടി വാസുദേവന്‍ നായര്‍ക്കെതിരെയും നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് ചലചിത്ര സംവിധായകന്‍ കമലിനെതിരെയും പ്രത്യക്ഷമായി തന്നെ ബിജെപി രംഗത്ത് എത്തുകയുണ്ടായി.

സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കുന്നവരെ കൊലക്കത്തിക്കിരയാക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന സംഘപരിവാര്‍ തന്ത്രത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് യോഗേഷ് മാസ്റ്റര്‍.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍