UPDATES

ഗോവധനിരോധനം രാജ്യവ്യാപകമാക്കണം, വനിതാ സംവരണം വേണ്ട; ആദിത്യനാഥ് ഉന്നയിച്ചിരുന്ന ചില ആവശ്യങ്ങള്‍

2014ല്‍ ബിജെപി അധികാരത്തിലെത്തിയതിന് ശേഷം മതസംബന്ധമായ വിഷയങ്ങളില്‍ ആദിത്യനാഥ് നിരവധി സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചു

പാര്‍ലമെന്റെറിയന്‍ എന്ന നിലയില്‍ 18 വര്‍ഷമായി ലോക്‌സഭയില്‍ ഉള്ള ആളാണ് ഉത്തര്‍പ്രദേശിലെ പുതിയ മുഖ്യമന്തിയായ യോഗി ആദിത്യനാഥ്. ആ കാലഘട്ടത്തിനിടയില്‍ നിരവധി ചര്‍ച്ചകളില്‍ പങ്കാളിയായ അദ്ദേഹം, ഹിന്ദു ദേശീയവാദം എന്ന ആശയത്തെ തള്ളിക്കയറ്റാനും ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലീങ്ങളെ പ്രാന്തവല്‍ക്കരിക്കാനും ഉദ്ദേശിച്ചുള്ള ചോദ്യങ്ങള്‍ മന്ത്രിമാരോട് ഉന്നയിക്കുകയും വിഷയവുമായി ബന്ധപ്പെട്ട അനേകം പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

2014ല്‍ ബിജെപി അധികാരത്തിലെത്തിയതിന് ശേഷം മതസംബന്ധമായ വിഷയങ്ങളില്‍ ആദിത്യനാഥ് നിരവധി സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുകയും ചെയ്തു. ഭാഗ്യത്തിന് അതൊന്നും നിയമമായില്ല.

പാര്‍ലമെന്റില്‍ ഉണ്ടായിരുന്ന വര്‍ഷങ്ങളില്‍ അദ്ദേഹം കൊണ്ടുവന്ന വിഘടനപരമായ ആശയങ്ങളില്‍ ചിലത്:

1. പ്രേരണയുടെയോ സമ്മര്‍ദത്തിന്റെയോ അടിസ്ഥാനത്തില്‍ നടക്കുന്ന മതപരിവര്‍ത്തനം നിരോധിക്കണം എന്ന് ആവശ്യം ഭരണഘടനയുടെ 25എ വകുപ്പില്‍ ഉള്‍ക്കൊള്ളിക്കണം എന്ന് നിര്‍ദ്ദേശിക്കുന്ന ഭരണഘടന (ഭേദഗതി) ബില്ല് 2015ല്‍ അദ്ദേഹം അവതരിപ്പിച്ചു.

2. ഇന്ത്യ എന്നതിന് പകരം ഹിന്ദുസ്ഥാന്‍ എന്ന് ആക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭരണഘടനയുടെ ഒന്നാം വകുപ്പ് ഭേദഗതി ചെയ്യണം എന്ന് നിര്‍ദ്ദേശിച്ചു.

3. മിക്കവാറും എല്ലാ പ്രസംഗത്തിലും ഗോവധം ദേശീയമായി നിരോധിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 1998നും 2009നും ഇടയില്‍ നാല് സ്വകാര്യ ബില്ലുകളാണ് ഇക്കാര്യവുമായി ബന്ധപ്പെട്ട് അദ്ദേഹം അവതരിപ്പിച്ചത്.

4. ഏകീകൃത സിവില്‍ കോഡ് വേണം എന്ന് ആവശ്യപ്പെട്ട് 1999നും 2009നും ഇടയില്‍ അഞ്ച് ബില്ലുകള്‍ അവതരിപ്പിച്ചു.

5. കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുപിഎ അധികാരത്തിലിരുന്ന കഴിഞ്ഞ ലോക്‌സഭയില്‍ ഉത്തര്‍പ്രദേശില്‍ നിന്നും അടര്‍ത്തിമാറ്റി പൂര്‍വാഞ്ചല്‍ സംസ്ഥാനം രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിന്റെ കിഴക്കന്‍ഭാഗമാണ് യോഗി ആദിത്യനാഥിന്റെ ശക്തി കേന്ദ്രം.

6. 2010ല്‍ വനിത സംവരണ ബില്ലിനെതിരെ ബിജെപിയില്‍ ഉയര്‍ന്ന പ്രതിഷേധത്തെ നയിച്ചത് യോഗി ആദിത്യനാഥായിരുന്നു. മഹത്തായ പുരുഷന്മാരെ സൃഷ്ടിക്കലാണ് സ്ത്രീകളുടെ പ്രാഥമിക കര്‍ത്തവ്യം എന്ന് രൂഢമൂലമായി വിചാരിക്കുന്ന ഒരാളാണ് അദ്ദേഹം. അതുകൊണ്ട് തന്നെ സ്ത്രീകളുടെ ഊര്‍ജ്ജം വിനാശകരമാകുന്നതിന് മുമ്പ് അവര്‍ നിയന്ത്രക്കപ്പെടേണ്ടവരാണ് എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് വനിത സംവരണ നയത്തെക്കുറിച്ചുള്ള പാര്‍ട്ടി നിലപാടിനെതിരെ പോലും സഞ്ചരിക്കാന്‍ യോഗി ആദിത്യനാഥ് മടിച്ചില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍