UPDATES

ട്രെന്‍ഡിങ്ങ്

‘എനിക്ക് മുസ്ലീങ്ങളുടെ വോട്ടും വേണം, പക്ഷേ അവ ഗംഗാജലത്തില്‍ കഴുകിയിട്ട് മതി’

‘ഈ പേര് ഓര്‍ത്തുവച്ചോളൂ, ഒരുപക്ഷേ വരുംവര്‍ഷങ്ങളില്‍ നിങ്ങള്‍ യോഗി ആദിത്യനാഥിനെ കുറിച്ച് കൂടുതല്‍ കേട്ടേക്കാം’- ഇങ്ങനെ പറഞ്ഞാണ് അന്ന് ആ ലേഖനം അവസാനിക്കുന്നത്

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ തെരഞ്ഞെടുത്തതിനെ കുറിച്ച് ഇപ്പോള്‍ ദി ഹിന്ദുവിന്റെ വാഷിംഗ്ടണ്‍ കറസ്‌പോണ്ടന്റായ വര്‍ഗീസ് കെ. ജോര്‍ജ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിന്റെ സ്വതന്ത്ര വിവര്‍ത്തനം.

2004-ലായിരുന്നു ആദ്യമായി ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പ് ഞാന്‍ കവര്‍ ചെയ്യുന്നത്. ‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യമുയര്‍ത്തി ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുകയും തോല്‍ക്കുകയും ചെയ്ത വര്‍ഷമായിരുന്നു അത്. അന്ന് എഴുതിയ ലേഖനങ്ങളിലൊന്ന് ആ സമയത്ത് അധികം ശ്രദ്ധേയനല്ലാതിരുന്ന യോഗി ആദിത്യനാഥിനെ കുറിച്ചായിരുന്നു. ഒരുപക്ഷേ, ഒരു ദേശീയ ദിനപത്രത്തിന്റെ ഒന്നാം പേജില്‍ യോഗി ആദിത്യനാഥ് ആദ്യമായി ഇടംകണ്ടതും അന്നാകാം. ‘ഈ പേര് ഓര്‍ത്തുവച്ചോളൂ, ഒരുപക്ഷേ വരുംവര്‍ഷങ്ങളില്‍ നിങ്ങള്‍ യോഗി ആദിത്യനാഥിനെ കുറിച്ച് കൂടുതല്‍ കേട്ടേക്കാം’- ഇങ്ങനെ പറഞ്ഞാണ് അന്ന് ആ ലേഖനം അവസാനിക്കുന്നത്. ഇന്ന് ഞാന്‍ ആ റിപ്പോര്‍ട്ടിനെ കുറിച്ച് ഓര്‍ത്തു, ഒപ്പം, അന്ന് 32 വയസുണ്ടായിരുന്ന ആദിത്യനാഥുമായുള്ള ആദ്യ കൂടിക്കാഴ്‌യെക്കുറിച്ചും.

ഇതായിരുന്നു ആ റിപ്പോര്‍ട്ട്

ഗോരഖ്പൂര്‍, ഏപ്രില്‍ 20, 2004: രാത്രി പത്തു മണി പിന്നിട്ടിരിക്കുന്നു. പൊതുയോഗങ്ങള്‍ പത്തുമണിക്ക് മുമ്പ് അവസാനിപ്പിക്കണമെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശം എല്‍.കെ അദ്വനി പോലും പാലിക്കപ്പെടേണ്ടതാണ്. എന്നാല്‍ ജനക്കൂട്ടം അവരുടെ താരപ്രചാരകനെ കാത്തിരിക്കുകയാണ്. അതിനിടെ, ജനങ്ങള്‍ക്കിടയില്‍ നിന്ന് ഗോസിപ്പുകള്‍ വസ്തുതകളെന്നവിധം ഉയര്‍ന്നു കേള്‍ക്കാം. ‘സോണിയാ ഗാന്ധി ഒരു ഇന്ത്യന്‍ പൗരയല്ല’- ഒരാള്‍ പറയുന്നു. ‘ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും അവര്‍ പൗരത്വം പുതുക്കാറുണ്ട്….’ അതുമാത്രമല്ല, അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി ഭീകരവാദികളെ സൃഷ്ടിക്കുന്നത് എങ്ങനെയാണ്, അക്ബര്‍ നമ്മുടെ സഹോദരിമാരുടെ മാനംകെടുത്തി എന്നിങ്ങനെ പോകുന്നു ആ ചര്‍ച്ചകള്‍. പേടിക്കേണ്ട, രക്ഷകന്‍ ഇവിടെയുണ്ട്. യോഗി ആദിത്യനാഥ്, ഗോരഖ്പൂരില്‍ നിന്ന് വീണ്ടും ജനവിധി തേടുന്ന 32-കാരനായ ബി.ജെ.പി എം.പി 25 കാറുകളുടെ അകമ്പടിയോടെ ഒരു ടാറ്റാ സഫാരിയില്‍ വന്നിറങ്ങി.

ജയ് ശ്രീറാം വിളികള്‍ കൊണ്ട് അന്തരീക്ഷം മുഖരിതമായി. ആദിത്യനാഥ് തന്റെ കേള്‍വിക്കാരെ നിരാശപ്പെടുത്തിയില്ല. ‘ഹിന്ദുത്വയുടെ പേരില്‍ മാത്രം എനിക്ക് വോട്ടു ചെയ്യൂ, വികസനത്തിന്റെ പേരിലല്ല’- അയാള്‍ തുറന്നടിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രചരണ അജണ്ട ആദിത്യനാഥിന് ബാധികമല്ല എന്നത് വ്യക്തമായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി സംഘപരിവാറിനു പുറത്ത് തന്റേതായ ഒരു ഹിന്ദുത്വ സാമ്രാജ്യം ഉണ്ടാക്കിയെടുക്കാന്‍ ആദിത്യനാഥ് ശ്രമിക്കുകയായിരുന്നു എന്നു വേണം പറയാന്‍. പ്രത്യേകിച്ച് ഗോരഖ്പൂര്‍ ക്ഷേത്രത്തിലെ മഹന്ത് അവൈദ്യനാഥിന്റെ കീഴില്‍ ഉപപുരോഹിതനായി ചുമതലയേറ്റതു മുതല്‍.

ആദിത്യനാഥിന്റെ ഹിന്ദുത്വ യോഗ്യതകള്‍ അനുപമാണ്. അത് അനുയായികള്‍ തെളിയിക്കുന്നുമുണ്ട്. ‘പൂര്‍വാഞ്ചലില്‍ ജീവിക്കണമെങ്കില്‍ നിങ്ങള്‍ യോഗിയെ അനുസരിക്കണം’- അവര്‍ അലറി. ഇതൊട്ടും അതിശയോക്തിയല്ല. പിറ്റേ ദിവസം രാവിലെ ഇന്ത്യന്‍ എക്‌സ്പ്രസുമായി തന്റെ ഓഫീസില്‍ വച്ച് അദ്ദേഹം കൂടിക്കാഴ്ച നടത്തിയപ്പോള്‍ അത് കൂടുതല്‍ വ്യക്തമായി. വൈരക്കടുക്കനും രണ്ട് രുദ്രാക്ഷ മാലയും ധരിച്ച് ഇരുന്ന ആദ്യത്യനാഥ് തന്റെ അജണ്ട വിശദീകരിച്ചു. എന്താണ് മുസ്ലീങ്ങള്‍ക്ക് ചെയ്യാനുള്ളത്- ഞങ്ങള്‍ ചോദിച്ചു. ‘അവരെ ഇവിടെ നിന്ന് ഞങ്ങള്‍ ഓടിക്കില്ല’- അയാള്‍ മറുപടി പറഞ്ഞു. ‘അവര്‍ക്കിവിടെ ജീവിക്കാം. പക്ഷേ അവര്‍ മുഖ്യധാരയുടെ ഭാഗമാകണം’. അയാള്‍ കൂടുതല്‍ വിശദീകരിച്ചില്ല. ഒന്നും വിട്ടുപറഞ്ഞുമില്ല.

ആദിത്യനാഥിന് താന്‍ പറയുന്നത് ചെയ്യാനുള്ള മസില്‍പവറുമുണ്ട്. അയാള്‍ രൂപീകരിച്ച സാംസ്‌കാരിക സംഘടനന ഹിന്ദു യുവ വാഹിനി ആ മേഖലയിലെ എട്ടു മണ്ഡലങ്ങളിലും നിര്‍ണായക സാന്നിധ്യമാണ്. ബ്ലോക്ക് തലത്തില്‍ ഇതിനകം തന്നെ രണ്ടു ഡസനോളം ഹിന്ദു സംഗമങ്ങള്‍ സംഘടിപ്പിച്ചു കഴിഞ്ഞ ഈ സംഘടനയുടെ പ്രചാരം ‘ഹിന്ദു ഉണരുന്നു’ എന്ന വാക്കുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യാപിക്കുകയും ചെയ്യുന്നു. പാന്‍ ചവയ്ക്കുന്ന ഒരു മുസ്ലീമിന്റെ തുപ്പല്‍ ഹിന്ദുവിന്റെ മേല്‍ തെറിച്ചാല്‍ അതിന് പകരം ചോദിക്കാന്‍ അവിടെ ഹിന്ദു യുവ വാഹിനയുണ്ട്. ഒരു ഹിന്ദു സ്ത്രീയെ മുസ്ലീം ബലാത്സംഗം ചെയ്തതായി ആരോപണം വന്നാല്‍, കൃഷിക്കളത്തില്‍ ഉപയോഗിക്കുന്ന ഒരു കാളയെ ഒരു മുസ്ലീം കര്‍ഷകന്‍ അടിച്ചാല്‍, ഹിന്ദു അഭിമാനം സംരക്ഷിക്കാന്‍ അവിടെ എത്തുന്നത് ഹിന്ദു യുവ വാഹിനിയാണ്.

ഗോധ്ര സംഭവത്തിനു തൊട്ടു പിന്നാലെ ഒരു വലിയ ആള്‍ക്കുട്ടത്തോട് ആദിത്യനാഥ് പ്രഖ്യാപിച്ചു: ‘ഞാന്‍ മോദിജിയോട് സംസാരിച്ചു. നമ്മുടെ ഭാഗത്ത് വീഴുന്ന ഓരോ വിക്കറ്റിനും പകരം 10 വിക്കറ്റെടുക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ വീടുകളില്‍ കാവിക്കൊടി ഉയര്‍ത്തുക. നിങ്ങളുടെ അയല്‍പ്പക്കത്ത് എത്ര മുസ്ലീങ്ങളുണ്ടെന്ന് കണക്കെടുക്കുക. ചിലപ്പോള്‍ നമുക്ക് ചിലത് ചെയ്യേണ്ടി വന്നേക്കും.’

തെരഞ്ഞെടുപ്പ് അടുത്തതോടെ ആദിത്യനാഥ് സ്വരം കുറച്ച് മയപ്പെടുത്തി. ‘എനിക്ക് മുസ്ലീം വോട്ടുകളും വേണം. പക്ഷേ, ആദ്യം അവ ഗംഗാജലത്തില്‍ കഴുകണം’.

തന്റെ തെരഞ്ഞെടുപ്പ് ഓഫീസിലേക്കും മഹന്ത് അവൈദ്യനാഥിന്റെ മുറിയിലേക്കും ആദിത്യനാഥ് സഞ്ചരിക്കുന്നതിനിടെ പഞ്ചസാരയും ഉപ്പും ചേര്‍ത്ത തൈര് സന്ദര്‍ശകര്‍ക്ക് നല്‍കുന്നുണ്ട്. അതിനിടെ അയാള്‍ ചോദ്യങ്ങളെ നേരിട്ടു. എന്തുകൊണ്ടാണ് ബി.ജെ.പി വികസനത്തെപ്പറ്റി പറയുമ്പോള്‍ അയാള്‍ ഹിന്ദുത്വയെക്കുറിച്ച് സംസാരിക്കുന്നത്? ഞങ്ങള്‍ ചോദിച്ചു. ‘നിങ്ങള്‍ക്ക് തെറ്റിപ്പോയി. എന്‍.ഡി.എ പോലും ഹിന്ദുത്വ സ്വീകരിച്ചിട്ടുണ്ട്…’ ആര്‍.എസ്.എസുമായുള്ള ബന്ധം? ‘അവരുടെ പിന്തുണ ഞങ്ങള്‍ക്ക് കിട്ടുന്നുണ്ട്’. ഔദ്യോഗിക പിന്തുയുണ്ട് എന്നതു വ്യക്തം. അതുകൊണ്ടാണ് ആദിത്യനാഥ് ഭരിക്കുന്ന ക്ഷേത്രത്തില്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും ഉപപ്രധാനമന്ത്രി എല്‍.കെ അദ്വാനിയും മുന്‍കൂട്ടി തീരുമാനിക്കാതെ സന്ദര്‍ശനം നടത്തിയത്. ഈ പേര് ഓര്‍ത്തുവച്ചുകൊള്ളൂ. യോഗി ആദിത്യനാഥിനെക്കുറിച്ച് വരും വര്‍ഷങ്ങളിലും നിങ്ങള്‍ കൂടുതല്‍ കേട്ടേക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍