UPDATES

ട്രെന്‍ഡിങ്ങ്

കേരളം മാറിച്ചിന്തിക്കുന്നതെങ്ങനെ അഥവാ എന്തുകൊണ്ട് ക്യാമ്പസുകള്‍ എസ്എഫ്ഐക്കൊപ്പം?

എസ്എഫ്ഐ സ്ഥാനാര്‍ഥികളിലെ വനിതാ പ്രാതിനിധ്യം കുത്തനെ ഉയര്‍ന്നു എന്നതു തന്നെയാണ് ഏറ്റവും വലിയ മാറ്റം

കേരളത്തിലെ കലാലയ തെരഞ്ഞെടുപ്പില്‍ അഭൂതപൂര്‍വമായ വിജയമാണ് ഇത്തവണ എസ്എഫ്ഐ നേടിയത്. യൂണിറ്റുകള്‍ പോലുമില്ലാതിരുന്ന കോളേജുകളില്‍ പോലും യൂണിയന്‍ ഭരണം പിടിക്കാനും ഇത്തവണ എസ്എഫ്ഐക്കായി. എന്താണ് ഇതിനു കാരണം? അതിനെക്കുറിച്ചുള്ള ഒരന്വേഷണമാണ് ഇവിടെ.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പ്രതിപക്ഷ പാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും വിമര്‍ശനം ഏറ്റുവാങ്ങിയ സംഘടന ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്എഫ്ഐ). വിദ്യാഭ്യാസ മേഖലയിലെ പലവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് എസ്എഫ്ഐയെ ഈ കാലയളവില്‍ മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും പ്രതിസ്ഥാനത്തു നിര്‍ത്തി. എന്നാല്‍ ഒരു വര്‍ഷത്തിനപ്പുറം കേരളത്തിലെ യൂണിവേഴ്‌സിറ്റി ഇലക്ഷനുകളിലെ ഫലം വന്നപ്പോള്‍ ക്യാമ്പസുകള്‍ ഒരിക്കല്‍ കൂടി കടിഞ്ഞാണ്‍ എസ്എഫ്ഐക്ക് തന്നെ നല്‍കിയിരിക്കുകയാണ്.

ക്യാമ്പസ് രാഷ്ട്രീയം പോലും അനുവദിക്കാത്ത കോളേജുകളിലും, എസ്എഫ്ഐക്ക് സംഘടനാ സ്വാതന്ത്ര്യം അനുവദിക്കാത്ത ക്യാമ്പസുകളിലും കടന്നുചെന്ന് ചരിത്രപരമായ വിജയം നേടാന്‍ എസ്എഫ്ഐക്ക് സാധിച്ചു എന്നതു തന്നെയാണ് ഇന്നും വിദ്യാര്‍ഥികളുടെ പ്രതീക്ഷ എസ്എഫ്ഐയില്‍ തന്നെയാണെന്നതിനുള്ള തെളിവ്. കെ.എസ്.യു-എം.എസ്.എഫ്, എ.ബി.വി.പി എന്നീ സംഘടനകളെല്ലാം എല്ലാ കോളേജുകളിലും ഒന്നിച്ചും അല്ലാതെയുമൊക്കെ മത്സരിച്ചിട്ടും എവിടെയും അവര്‍ക്ക് നിലംതൊടാന്‍ സാധിച്ചില്ല. ഈ സംഘടനകളുടെ കൈയിലുണ്ടായിരുന്ന പല കോളേജുകളും ഇത്തവണ നഷ്ടപ്പെടുകയും ചെയ്തു. മഹാരാജാസ് കോളേജിലടക്കം രണ്ടാം സ്ഥാനത്തെത്തിയ ഫ്രറ്റേണിറ്റി ഈ സംഘടനകളുടെ വോട്ട് ഭിന്നിപ്പിച്ചു എന്നതും മറ്റൊരു കാര്യം.

‘മത വര്‍ഗീയതയെ ചെറുക്കാന്‍ മതനിരപേക്ഷതയ്ക് കരുത്തേകാന്‍ പടുത്തുയര്‍ത്താം സമരോല്‍സുക കലാലയങ്ങള്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇക്കുറി എസ്എഫ്ഐ തിരഞ്ഞെടുപ്പിനെ നേരിട്ടത്. കണ്ണൂര്‍  സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ നേടിയത് ചരിത്രവിജയമായിരുന്നു. തിരഞ്ഞെടുപ്പ് നടന്ന 67 കോളേജുകളില്‍ 56-ലും എസ്എഫ്‌ഐ യൂണിയന്‍ നേടി. എംഎസ്എഫ്, കെഎസ്‌യു, എബിവിപി സംഘടനകളെ ബഹുദൂരം പിന്നിലാക്കിയാണ് എസ്എഫ്‌ഐ മികച്ച വിജയം കൈവരിച്ചത്. നിര്‍മലഗിരി കോളേജ്, ദേവമാതാ കോളേജ്, ഇരിട്ടി എസ്എന്‍ജി എന്നീ കോളേജുകള്‍ കെഎസ്‌യുവിന്റെ കയ്യില്‍ നിന്ന് തിരിച്ചുപിടിച്ചു. മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ് എബിവിപിയില്‍നിന്നും കാസര്‍കോട് ഗവ. കോളേജ് യുഡിഎസ്എഫില്‍നിന്നും പെരിയ അംബേദ്കര്‍ കോളേജ് കെഎസ്‌യുവില്‍നിന്നും എസ്എഫ്‌ഐ പിടിച്ചെടുക്കുകയായിരുന്നു.

കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ നേടിയതും ഉജ്ജ്വല വിജയമാണ്. ആകെ തിരഞ്ഞെടുപ്പ് നടന്ന 170 കോളേജുകളില്‍ 124 ലും യൂണിയന്‍ ഭരണം നേടിക്കൊണ്ടായിരുന്നു ഇത്. 24 വര്‍ഷമായി എംഎസ്എഫ് ഭരിച്ചുകൊണ്ടിരുന്ന വയനാട് ഡബ്ല്യൂ എം ഒ കോളേജ് എസ്എഫ് ഐ പിടിച്ചെടുത്തു. മദര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ് പെരുവല്ലൂര്‍, കെഎസ് യു-എം എസ് എഫ് സഖ്യത്തില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. ഫാറൂഖ് കോളേജ് മലപ്പുറം, ജാമിയ കോളേജ്, ഗവ കോളേജ് മലപ്പുറം, മഹദിന്‍ കോളേജ്, ഐ എച്ച് ആര്‍ ഡി കോളേജ്, ഗവ കോളേജ് താനൂര്‍, മൗനാലാം കോളേജ്, എച്ച് എം കോളേജ് മഞ്ചേരി, ഗ്രേസ് വാലി കോളേജ്, അസ്സബാഹ് കോളേജ്, മലബാര്‍ കോളേജ് എടപ്പാള്‍, കെ ആര്‍ കോളേജ് വളാഞ്ചേരി എന്നീ കോളേജുകള്‍ എംഎസ്എഫിന്റെ കയ്യില്‍ നിന്ന് തിരിച്ചു പിടിച്ചു.

അമല്‍ കോളേജ് നിലമ്പൂര്‍ 15 വര്‍ഷത്തിനുശേഷം യുഡിഎസ്എഫില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ കോളേജ് താനൂര്‍ ചരിത്രത്തിലാദ്യമായി എംഎസ്എഫിന് എസ്എഫ്ഐയോട് നഷ്ടപ്പെട്ടതും ഇത്തവണയാണ്. തൃത്താല ആസ്‌പെയര്‍ കോളേജ്, റോയല്‍ കോളേജ് എന്നിവ എംഎസ്എഫിന്റെ കയ്യില്‍ നിന്ന് തിരിച്ചു പിടിച്ചു.

എം ജി സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ യൂണിയന്‍ തിരഞ്ഞെടുപ്പിലും എസ്എഫ്‌ഐക്ക് തന്നെയായിരുന്നു വിജയം. ആകെ തിരഞ്ഞെടുപ്പ് നടന്ന 132 കോളേജുകളില്‍ 127-ലും യൂണിയന്‍ ഭരണം നേടിക്കൊണ്ടായിരുന്നു ഉജ്ജ്വല വിജയം. ചരിത്രത്തിലാദ്യമായി കോന്നി എന്‍എസ്എസ് കോളേജ് എബിവിപിയില്‍ നിന്നു പിടിച്ചെടുത്തത് ഈ വര്‍ഷമാണ്. എട്ടു വര്‍ഷം കെ എസ് യുവിന്റെ കൈയ്യിലായിരുന്ന മൂലമറ്റം സെന്റ് ജോസഫ് കോളേജ് എസ്എഫ്‌ഐ പിടിച്ചെടുത്തതും ഈ വര്‍ഷമാണ്‌. രണ്ടു വര്‍ഷമായി എബിവിപി ഭരിച്ചിരുന്ന തൊടുപുഴ ഐഎച്ച്ആര്‍ഡി കോളേജ്, കെ എസ് യുവിന്റെ കൈയ്യിലായിരുന്ന മുരുക്കാശ്ശേരി പാവനാത്മ കോളേജ്, മുരിക്കാശ്ശേരി മാര്‍സ്ലീവാ കോളേജ്, ആലുവ യു.സി കോളേജ്, ബി എ എം കോളേജ് മല്ലപ്പള്ളി, ചിറ്റാര്‍ കോളേജ്, എസ് ബി കോളേജ്, കാത്തോലിക് കോളേജ് എന്നിവ കെഎസ് യുവില്‍ നിന്ന് എസ്എഫ്ഐ ഇത്തവണ തിരിച്ചുപിടിക്കുകയായിരുന്നു.

ഈ വര്‍ഷം എസ്എഫ്ഐ നേടിയത് ചരിത്രവിജയമാണ്. എ.ബി.വി.പിയുടെയും കെ.എസ്.യുവിന്റെയും എം.എസ്.എഫിന്റെയും കുത്തകകളായിരുന്ന പല ക്യാമ്പസുകളിലും എസ്.എഫ്.ഐക്ക് പിടിച്ചെടുക്കാന്‍ സാധിച്ചു“വെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിന്‍ അഴിമുഖത്തോട് പറഞ്ഞു. “എസ്.എഫ്.ഐയെ എതിര്‍ക്കുന്ന വിദ്യാര്‍ഥി സംഘടനകളെല്ലാം തന്നെ ഭൂരിഭാഗം ക്യാമ്പസുകളിലും ഒന്നിച്ചാണ് മത്സരിച്ചത്. എന്നാല്‍ വിദ്യാര്‍ഥി പക്ഷത്തുനിന്നു കൊണ്ട് എസ്.എഫ്.ഐ നടത്തിയ പ്രവര്‍ത്തനം ബാക്കിയെല്ലാവരെയും അപ്രസക്തരാക്കി ഞങ്ങള്‍ക്ക് വിജയം സമ്മാനിച്ചു. ക്യാമ്പസുകളെ വര്‍ഗീയവത്കരിക്കാനും അവിടങ്ങളില്‍ ലഹരിയും അരാഷ്ട്രീയതയും ഒഴുക്കാനുമുള്ള ചിലരുടെ നീക്കങ്ങള്‍ക്കെതിരെയാണ് എസ്.എഫ്.ഐ വോട്ടുചോദിച്ചത്. എസ്.എഫ്.ഐ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് ശരി എന്നു വിദ്യാര്‍ഥികള്‍ തിരിച്ചറിഞ്ഞു എന്നത് ഏറെ സന്തോഷപ്രദമായ കാര്യമാണ്. കേരളത്തിലെ മുഴുവന്‍ യൂണിവേഴ്‌സിറ്റി ഇലക്ഷനുകളിലും എസ്.എഫ്.ഐ വന്‍വിജയത്തോടെ ഭരണം പിടിച്ചു. പിന്നാലെ നടന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ ഞങ്ങള്‍ പ്രതീക്ഷച്ചതിനേക്കാള്‍ വലിയ വിജയമാണ് വിദ്യാര്‍ഥികള്‍ നല്‍കിയത്. കാസര്‍ഗോഡ് മഞ്ചേശ്വരം ഗോവിന്ദപൈ കോളേജില്‍ തുടങ്ങിയ ആ വിജയം കേരള യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ തെക്കേ അറ്റത്തെത്തും. എ.ബി.വി.പിയുടെ ശക്തിദുര്‍ഗമായിരുന്ന മഞ്ചേശ്വരത്ത് വിദ്യാര്‍ഥികള്‍ അവരെ നിലംതൊടീച്ചില്ല. 

പോയ കാലങ്ങളില്‍ എസ്.എഫ്.ഐ നടത്തിയ സമരപോരാട്ടങ്ങള്‍ വിജയങ്ങളായിരുന്നു. അവ വിദ്യാര്‍ഥികളില്‍ നല്ല സ്വാധീനം ചെലുത്തുകയും ചെയ്തു. ലോ അക്കാദമി വിഷയമടക്കം പല വിഷയങ്ങളിലും എസ്.എഫ്‌ഐയെ മാത്രം കരിവാരിതേക്കാനുള്ള ശ്രമം വലതുപക്ഷ മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും നടത്തി. എന്നാല്‍ ഇത്തരം പ്രചാരണങ്ങളെയെല്ലാം വിദ്യാര്‍ഥികള്‍ തള്ളിക്കളഞ്ഞു എന്നത് പ്രശംസനീയമാണ്. പല കോളേജുകളിലും പ്രാദേശികമായ വിഷയങ്ങളും എസ്.എഫ്.ഐക്ക് അനുകൂലമായി മാറിയിട്ടുണ്ട്. അവിടങ്ങളിലെ വിദ്യാര്‍ഥി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടല്‍ നടത്തി എന്നതാണ് അതിനര്‍ഥം. എസ്.എഫ്.ഐ മുന്നോട്ടുവച്ച സ്ഥാനാര്‍ഥികളുടെ വ്യക്തിത്വവും ഗുണം ചെയ്തു.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് അംഗത്വം നല്‍കി കൊണ്ടാണ് ഈ വര്‍ഷം എസ്.എഫ്.ഐ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇത്തരം പുരോഗനപരമായ മാറ്റങ്ങള്‍ സംഘടന മുന്നോട്ടുവെക്കുന്നു. വിദ്യാര്‍ഥികളെ ഒപ്പം നിര്‍ത്തിക്കൊണ്ടുള്ള പുതിയ ക്യാമ്പയിനുകളുമായി എസ്.എഫ്.ഐ മുന്നോട്ട് പോകുകയാണ്” എന്നും വിജിന്‍ അഭിപ്രായപ്പെട്ടു.

ഇത്തവണ എസ്.എഫ്.ഐയുടെ വിജയത്തിന് അനുകൂലമായി മാറിയ കാര്യങ്ങള്‍ എന്തൊക്കെയാണ്? വിവിധ കോളേജുകളിലെ പോരാട്ടങ്ങള്‍ പരിശോധിച്ചപ്പോള്‍ മനസിലായ ചില കാര്യങ്ങള്‍

വനിതാ പ്രാതിനിധ്യം
കേരളത്തിലെ ഭൂരിഭാഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും 70 ശതമാനത്തിലധികം വിദ്യാര്‍ഥികളും പെണ്‍കുട്ടികളാണ്. എന്നാല്‍ ഇതുവരെ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പട്ടികകളില്‍ ഇതിനു സമാനമായ പ്രാതിനിധ്യം കാണാറില്ല. എന്നാല്‍ ഇതിനു ഒരു മാറ്റം വരുത്തികൊണ്ടാണ് ഇക്കുറി എസ്.എഫ്.ഐ പാനലുകളില്‍ പെണ്‍കുട്ടികള്‍ പ്രധാന സാന്നിധ്യമായത്. ഇത് തെരഞ്ഞെടുപ്പില്‍ ഗുണകരമാവുകയും ചെയ്തു. എസ്എഫ്ഐക്കെതിരെ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച ആരോപണങ്ങളടക്കം ഉയര്‍ന്ന മഹാരാജാസ് കോളേജിലടക്കം എസ്.എഫ്.ഐയ്ക്ക് തുണയായത് ഈ തീരുമാനമാണ്.

മഹാരാജാസില്‍ 70 വര്‍ഷങ്ങള്‍ക്കുശേഷം മൃദുല ഗോപി എന്ന വനിതാ ചെയര്‍പേഴ്‌സനെ സമ്മാനിക്കാന്‍ എസ്.എഫ്.ഐക്ക് സാധിച്ചത് ഏറെ വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തിരുന്നു.
“വര്‍ത്തമാനക്കാലത്തെ പെണ്‍ പോരാട്ടങ്ങളോടുള്ള ഓരോ എസ്എഫ്ഐക്കാരുടേയും ഐക്യപ്പെടലായിരുന്നു എന്റെ സ്ഥാനാര്‍ഥിത്വം. നിരവധി പ്രതികൂല പ്രചരണങ്ങള്‍ക്കിടയിലും എസ്എഫ്ഐയെ വിദ്യാര്‍ഥികള്‍ കൈവിട്ടില്ല. മഹാരാജാസിലെ എസ്എഫ്ഐ ഒരു ഭീകരപ്രസ്ഥാനമെന്ന നിലയിലാണ് വലതുപക്ഷ മാധ്യമങ്ങളും മറ്റും പ്രചരണം നടത്തിയത്. എന്നാല്‍ അത് കുപ്രചരണമായിരുന്നു എന്നതിന് തെളിവാണ് ഇപ്പോഴത്തെ വിജയം. എസ്എഫ്ഐക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അത് തിരുത്തി മുന്നേറുക തന്നെ ചെയ്യും“- എന്നാണ് മൃദുല ഗോപി പ്രതികരിച്ചത്.

വര്‍ഗീയതയ്ക്കെതിരായ നിലപാട്
‘മതവര്‍ഗീയതയെ ചെറുക്കാന്‍ മതനിരപേക്ഷതയ്ക്ക് കരുത്തേകാന്‍ പടുത്തുയര്‍ത്താം സമരോല്‍സുക കലാലയങ്ങള്‍’ എന്നതായിരുന്നു ഇക്കുറി എസ്.എഫ്.ഐ ഉയര്‍ത്തിയ മുദ്രാവാക്യം. രാജ്യത്താകെ സംഘപരിവാറിനെതിരെ ഉയരുന്ന ശബ്ദങ്ങളുടെ അണികളായി ക്യാമ്പസുകളെ മാറ്റാനും എസ്.എഫ്.ഐ സംഘടിപ്പിച്ച ക്യാമ്പയിനുകള്‍ക്ക് സാധിച്ചു. ബീഫ് ഫെസ്റ്റിവലടക്കമുള്ള പരിപാടികള്‍ വിദ്യാര്‍ഥികളില്‍ വലിയ സ്വാധീനം ചെലുത്തി. ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ ഒരു വേര്‍തിരിവും ക്യാമ്പസില്‍ അനുവദിക്കില്ലെന്ന പുരോഗമന കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കി പ്രചരണങ്ങള്‍ സംഘടിപ്പിക്കാനും എസ്.എഫ്.ഐ ശ്രദ്ധിച്ചു. കോളേജ് മാഗസിനുകളിലും ഇത്തരം കാഴ്ചപ്പാടുകള്‍ ഉള്‍പ്പെടുത്താന്‍ എസ്.എഫ്.ഐ ഭരിക്കുന്ന യൂണിയനുകള്‍ ശ്രദ്ധചെലുത്തി. ഇതിനെതിരെ എ.ബി.വി.പി അടക്കമുള്ള സംഘടനകള്‍ രൂക്ഷ പ്രതികരണവുമായി രംഗത്തുവന്നപ്പോള്‍ അതിനെയും വെല്ലുവിളിച്ച് മതനിരപേക്ഷ മുഖം ഉയര്‍ത്തിപ്പിടിക്കാന്‍ സാധിച്ചതോടെ എ.ബി.വി.പിയുടെ കോട്ടകളില്‍പോലും എസ്.എഫ്.ഐ അനായാസം ജയിച്ചു കയറി.

ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പ്രസക്തി 

ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണം എന്ന് പലയിടങ്ങളില്‍ നിന്നും പലപ്പോഴായി മുറവിളി  ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ക്യാമ്പസ് രാഷ്ട്രീയത്തിന്റെ അനിവാര്യതയിലേക്കാണ് കഴിഞ്ഞ കുറച്ചു മാസങ്ങളിലെ ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചത്. ക്യാമ്പസ് രാഷ്ട്രീയം ഇല്ലാത്തിടങ്ങളില്‍ അരാജകത്വം നടക്കും എന്നു പല സ്വാശ്രയ സ്ഥാപനങ്ങളില്‍ നിന്നു പുറത്തു വന്ന വാര്‍ത്തകള്‍ തെളിയിച്ചു. ഈ അനുകൂല അന്തരീക്ഷത്തെ ഉപയോഗപ്പെടുത്താനും അതു വിദ്യാര്‍ഥികള്‍ക്കിടയില്‍ ചര്‍ച്ചയാക്കാനും എസ്.എഫ്.ഐ മുന്‍കൈയെടുത്തു. ക്യാമ്പസ് രാഷ്ട്രീയം ഇതുവരെ അനുവദിക്കാതിരുന്ന കോളേജുകളില്‍ പോലും യൂണിറ്റുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തനം നടത്തി വിജയം കൊയ്യാന്‍ സാധിച്ചു. അത് വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്നു തന്നെ വന്‍പിന്തുണ ലഭിക്കുകയും ചെയ്തു.

വിദ്യാര്‍ഥി പ്രശ്‌നങ്ങളും ഇടപെടലും
ഓരോ അധ്യയന വര്‍ഷത്തിലും വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് യാത്ര പ്രശ്‌നം. കേരളത്തിലങ്ങോളമിങ്ങോളമുള്ള കലാലയങ്ങളിലെല്ലാം തന്നെ ഇതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടനുക്കേണ്ടി വരാറുണ്ട്. അത്തരം പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരോടാണ് പറയാറുള്ളതെന്നും അവര്‍ ഇടപെറുണ്ടെന്നും ഭൂരിഭാഗം വിദ്യാര്‍ഥികളും പറയുന്നു. ഫീസ് സംബന്ധമായ പ്രശ്‌നങ്ങളിലും പല ക്യാമ്പസുകളിലും എസ്.എഫ്.ഐ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. റാഗിങിനെതിരെ ആന്റി റാഗിങ് സ്വക്വാഡുകള്‍ക്ക് രൂപം നല്‍കനും എസ്.എഫ്.ഐ മുന്‍കൈയെടുക്കുന്നു. വിദ്യാര്‍ഥി പ്രശ്‌നങ്ങളിലിടപ്പെട്ട് സംഘടനയുടെ സജീവത നിലനിര്‍ത്താന്‍ എസ്.എഫ്.ഐയ്ക്കു കഴിയുന്നു എന്നതാണ് ക്യാമ്പസുകളില്‍ അനുകൂല തരംഗത്തിന് കാരണമാകുന്നത്.

സൂരജ് കരിവെള്ളൂര്‍

സൂരജ് കരിവെള്ളൂര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍