UPDATES

മതമൗലികവാദികളുടെ പരാതി; ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പിന് യു ട്യൂബില്‍ വിലക്ക്

അഴിമുഖം പ്രതിനിധി

യാഥാസ്ഥിതിക-വര്‍ഗീയ സ്വഭാവം പുലര്‍ത്തുന്ന ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പുരോഗമനാശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഫ്രീ തിങ്കേഴ്‌സ് എന്ന ഗ്രൂപ്പിന് യൂ ട്യൂബ് വിലക്കേര്‍പ്പെടുത്തി . യുക്തിവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രഭുവിന്റെ മക്കള്‍ എന്ന സിനിമ ഫ്രി തിങ്കേഴ്‌സ് ഗ്രൂപ്പിലൂടെ യു ട്യൂബില്‍ അപ് ലോഡ് ചെയ്യ്തിരുന്നു. ഈ സിനിമയ്‌ക്കെതിരെയാണ് പരാതികള്‍ വ്യാപകമായത്. ഇതോടെയാണ് യുട്യൂബ് വിലക്കുമായി രംഗത്തെത്തിയത്. ചിത്രം അപ്‌ലോഡ് ചെയ്ത അകൗൗണ്ടും മരവിപ്പിച്ചിട്ടുണ്ട്. വിലക്ക് വന്നതോടെ ഈ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്ന മറ്റു വീഡിയോകളും ലഭ്യമല്ലാതായി. 200 വീഡിയോകളാണ് ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പില്‍ അപ്‌ലോഡ് ചെയ്തിരുന്നത്.

മതവിശ്വാസങ്ങള്‍ക്കും ആള്‍ദൈവങ്ങള്‍ക്കുമെതിരെ വിമര്‍ശനമുന്നയിക്കുന്നു എന്ന കാരണത്താലാണ് പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയ്‌ക്കെതിരെ ആക്ഷേപങ്ങളുണ്ടായത്. മതതീവ്രവാദത്തിനും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സജീവന്‍ അന്തിക്കാടാണ്. 2012ല്‍ പുറത്തിറങ്ങിയ ചിത്രം തിയേറ്ററില്‍ പ്രദര്‍ശനവിജയം നേടിയിരുന്നില്ല. എന്നാല്‍ ആമിര്‍ ഖാന്റെ പി.കെ എന്ന ചലച്ചിത്രത്തിനൊപ്പം ഈ ചിത്രവും ചര്‍ച്ചയാവുകയായിരുന്നു. തുടര്‍ന്ന് യൂട്യൂബില്‍ റിലീസ് ചെയ്ത സിനിമയ്ക്ക് 1,20,000ത്തിലധികം ഹിറ്റുകളാണ് ലഭിച്ചത്. ഇത് മതമൗലികവാദികളെ പ്രകോപിപ്പിക്കുകയും അവര്‍ നടത്തിയ കൂട്ടായ നീക്കത്തിന്റെയും ഭാഗമായാണ് ചിത്രം നിരോധിച്ചതെന്ന് സംവിധായകന്‍ പറഞ്ഞു. 

മതതീവ്രവാദത്തിനെതിരെ ശക്തമായി ശബ്ദിച്ചതുകൊണ്ട് മാത്രമാണ് സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയ സിനിമയെ നിരോധിക്കാന്‍ കാരണം എന്നും സംവിധായകന്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍