UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെല്ലറ്റുകള്‍ ലക്ഷ്യംവയ്ക്കുന്നത് കശ്മീരിലെ കുട്ടികളെയാണ്

Avatar

അഴിമുഖം പ്രതിനിധി

ജൂലൈ ഒമ്പതിനു ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടശേഷം സുരക്ഷാഭടന്മാര്‍ ഉപയോഗിക്കുന്ന പെല്ലറ്റുകളാല്‍ മുറിവേല്‍ക്കുന്നവരില്‍ 14 ശതമാനവും 15 വയസില്‍ താഴെയുള്ള കുട്ടികളാണ്. ഇവരില്‍ മിക്കവരും സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്ക് വിധേയരാകേണ്ടിവരും.

എട്ടുവയസുകാരനായ ജുനൈദ് അഹമ്മദാണ് പെല്ലറ്റ് ഗണ്ണിന്റെ അവസാന ഇര. സമീപത്തുനിന്നുണ്ടായ ആക്രമണത്തില്‍ അഹമ്മദിന് നെഞ്ചില്‍ പലയിടത്തായി പെല്ലറ്റ് മുറിവുകളേറ്റു. നവാബസാറിലെ ഖാലംദാന്‍പോറ പ്രദേശത്ത് സ്വന്തം വീടിനു മുന്നില്‍ നില്‍ക്കുമ്പോഴാണ് വെടിയേറ്റത്. ദിവസം മുഴുവന്‍ നീണ്ട കര്‍ഫ്യൂവിനുശേഷം ഞായറാഴ്ച വൈകിട്ട് സുരക്ഷാസേന പിന്‍മാറുന്ന സമയത്താണ് സംഭവം.

”പാതയോരത്തുനിര്‍ത്തിയ ഒരു പൊലീസ് രക്ഷാവാഹനം അവിടെ കൂടിനിന്നവരെ പിരിച്ചുവിട്ടു. അഹമ്മദ് ഓടിയില്ല. മാറിപ്പോകാന്‍ അഹമ്മദിനോടാവശ്യപ്പെട്ടശേഷം അവന്റെ പ്രായം പരിഗണിക്കാതെ വെടിവയ്ക്കുകയായിരുന്നു,’ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയില്‍ അഹമ്മദിന്റെ ബന്ധു പറഞ്ഞു. നെഞ്ചിലാകെ പന്ത്രണ്ടോളം പെല്ലറ്റുകളേറ്റ അഹമ്മദിന്റെ ശ്വാസകോശത്തില്‍പ്പോലും മുറിവുകളുണ്ട്. മുറിവുകളുടെ എണ്ണം കൂടുതലാണെങ്കിലും അഹമ്മദിന്റെ നില മെച്ചപ്പെട്ടുവരികയാണെന്ന് ഡോക്ടര്‍ അറിയിച്ചു.

പെല്ലറ്റ് ഗണ്ണിനോട് അല്‍പം കൂടി അടുത്തായിരുന്നു അഹമ്മദ് നിന്നിരുന്നതെങ്കില്‍ ശ്വാസകോശങ്ങള്‍ തുളഞ്ഞുപോകുമായിരുന്നുവെന്നും ഡോക്ടര്‍ നിരീക്ഷിച്ചു.

ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ 32 ദിവസങ്ങളിലായി 13 ലക്ഷം പെല്ലറ്റുകള്‍ ഉപയോഗിച്ചതായി കഴിഞ്ഞയാഴ്ച സിആര്‍പിഎഫ് അറിയിച്ചു. പെല്ലറ്റ് ഉപയോഗത്തെപ്പറ്റി വിമര്‍ശനം ഉയരുമ്പോഴും അവ ജീവനു ഭീഷണിയല്ലെന്നും അവ മാത്രമാണ് ക്ഷുഭിതരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള മാര്‍ഗമെന്നുമാണ് സുരക്ഷാ സേനയുടെ നിലപാട്.

പെല്ലറ്റുകളുടെ ഇരകള്‍
ഫിര്‍ദൗസ് എന്ന ഇരുപത്തിയഞ്ചുകാരന്‍ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ കണ്ണിലെ ഗുരുതരമായ പെല്ലറ്റ് മുറിവുകള്‍ക്ക് ചികില്‍സയിലുള്ള അഞ്ചു കശ്മീരികളില്‍ ഒരാളാണ്. കൈകള്‍ കണ്ണുകള്‍ വരെ ഉയര്‍ത്തി നിരന്തര പ്രാര്‍ത്ഥനയിലാണ് ഈ ഓട്ടോറിക്ഷ ഡ്രൈവര്‍. സന്ദര്‍ശകരെത്തുമ്പോള്‍ ആരെന്നറിയാന്‍ ഒപ്പമുള്ള ബന്ധുവാണ് ഫിര്‍ദൗസിനെ സഹായിക്കുന്നത്.

ജൂലൈ 15ന് സോപോറിലെ മസ്ബയിലെ പ്രകടനത്തെത്തുടര്‍ന്നാണ് ഫിര്‍ദൗസിനു മുറിവേറ്റത്. അഞ്ചംഗ കുടുംബത്തിന്റെ അത്താണിയായിരുന്നു ഫിര്‍ദൗസ്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്ന് ജൂലൈ 14ന് ശ്രീനഗറിലെത്തിയ മൂന്നംഗ നേത്രചികില്‍സാ സംഘത്തിന്റെ നിര്‍ദേശപ്രകാരം ഫിര്‍ദൗസിനെ വായുമാര്‍ഗം ഇവിടെയെത്തിക്കുകയായിരുന്നു. ഇതൊരു അവസാനശ്രമമാണെന്നും ഇവിടെ കാഴ്ച തിരിച്ചുകിട്ടുന്നില്ലെങ്കില്‍ ഒരുപക്ഷേ ഒരിക്കലും അതുണ്ടാകില്ലെന്നും ഫിര്‍ദൗസിനറിയാമെന്നും ബന്ധു പറയുന്നു. ‘ അഞ്ചുവര്‍ഷമായി ഓട്ടോ ഡ്രൈവറാണ് ഞാന്‍. കാഴ്ചയില്ലെങ്കില്‍ എനിക്കാ ജോലി ചെയ്യാനാകില്ല,’ ഫിര്‍ദൗസ് പറയുന്നു. ഇരുകണ്ണുകളിലും ഗുരുതരമായ മുറിവുകളുണ്ടെന്നാണ് ഫിര്‍ദൗസിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട്.

എയിംസിലെ മറ്റൊരു ഇരുട്ടുമുറിയില്‍ മറ്റു രണ്ടുചെറുപ്പക്കാര്‍ കൂടിയുണ്ട്. സോപോറില്‍നിന്നുള്ള സാഹിദും ഖാസി ഗുണ്ടില്‍നിന്നുള്ള ജുനൈദും. ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിയാണ് ജുനൈദ്. പ്രതിഷേധപ്രകടനങ്ങള്‍ തുടരുന്നതിനാല്‍ ജമ്മുവിലെത്താന്‍ വഴിയില്ലാതെ ജുനൈദിന്റെ കുടുംബം അവനെ ഡല്‍ഹിയിലെത്തിക്കുകയായിരുന്നു. സോപോറില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സാഹിദിനു മുറിവേറ്റത് 19നാണ്. എയിംസ് ട്രോമ സെന്ററില്‍ ചികില്‍സയിലുള്ള ഇന്‍ഷയാണ് പെല്ലറ്റുകളുടെ മറ്റൊരു ഇര. നെറ്റിയില്‍ പെല്ലറ്റ് മുറിവേറ്റ ഇന്‍ഷ ജൂലൈ അവസാനം ശസ്ത്രക്രിയയ്ക്കു വിധേയയായി. പെല്ലറ്റ് കൈ കൊണ്ടു നീക്കം ചെയ്യാന്‍ ഇന്‍ഷയുടെ കുടുംബം ശ്രമിച്ചത് അണുബാധയുണ്ടാക്കിയിരുന്നു.

933 പേര്‍
10 ജില്ലകളില്‍നിന്നും ഗുരുതരമായ നിലയിലുള്ളവരെയും നഗരത്തിലുളളവരെയും മാത്രം ചികില്‍സിക്കുന്ന ശ്രീനഗറിലെ ശ്രീ മഹാരാജ ഹരി സിങ് ആശുപത്രി ജൂലൈ ഒന്‍പതു മുതല്‍ പെല്ലറ്റ് മുറിവേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഓഗസ്റ്റ് ആദ്യ ആഴ്ച വരെ മുറിവേറ്റ് ഇവിടെയെത്തിയവരുടെ എണ്ണം 933 ആണ്. ഭൂരിപക്ഷത്തിനും കൃഷ്ണമണിക്ക് ഘടനാപരമായ തകരാറുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ജമ്മു കശ്മീര്‍ ഹൈക്കോടതിയെ അറിയിച്ചു.

‘ കണ്ണുകളില്‍ മുറിവേറ്റ് 440 പേരാണ് ഇവിടെയെത്തിയത്. ഇവരില്‍ എഴുപതോളം പേര്‍ 15 വയസിനു താഴെയുള്ളവരാണ്,’ ഹരിസിങ് ആശുപത്രിയിലെ നേത്രവിദഗ്ധന്‍ സജാദ് ഖാന്‍ഡേ പറയുന്നു. നാല്‍പതോളം ശസ്ത്രക്രിയകളാണ് അടുത്തയാഴ്ച നടക്കുക. ‘ഒന്നിലധികം ശസ്ത്രക്രിയകള്‍ ആവശ്യമുള്ള 250 പേരെങ്കിലുമുണ്ട്. അവരില്‍ പലരും കുട്ടികളാണ്.’

കുട്ടികളിലെ ശസ്ത്രക്രിയ കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ളതാണെന്ന് ഡോ. ഖാന്‍ഡേ പറയുന്നു. ‘ പെല്ലറ്റ് മുറിവുകളേറ്റ മുതിര്‍ന്നവരില്‍ ലോക്കല്‍ അനസ്തീഷ്യയേ നല്‍കാറുള്ളൂ. എന്നാല്‍ കുട്ടികള്‍ക്ക് ജനറല്‍ അനസ്തീഷ്യ ആവശ്യമാണ്. ഇതില്‍ ശരീരത്തിന്റെ പ്രവര്‍ത്തനം അതിസൂക്ഷ്മമായി നിരീക്ഷിക്കണം. അതിനാല്‍ ഈ ശസ്ത്രക്രിയകള്‍ മുതിര്‍ന്നവരുടേതിനെക്കാള്‍ സമയമെടുക്കുന്നു,’ ഏഴുവയസുവരെയുള്ള കുട്ടികളില്‍ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഡോ. ഖാന്‍ഡേ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍