UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഏത് മൃണാളിനി സാരാഭായി? മഞ്ജു വാര്യരാണെങ്കില്‍ ഓകെ…

Avatar

വിഷ്ണു എസ് വിജയന്‍

അന്‍പത്തിയാറാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം അനന്തപുരിയില്‍ അരങ്ങു തകര്‍ക്കുമ്പോഴാണ് ഇന്ത്യന്‍ നൃത്ത കലയ്ക്ക് പുതിയൊരു പാരമ്പര്യം സൃഷ്ടിച്ച മൃണാളിനി സാരാഭായ് ജീവിതത്തിന്റെ ചിലങ്ക അഴിച്ചത്. രാജ്യത്തിന്റെ യശ്ശസ് ഉര്‍ത്തിയ ആ കലാകാരി അര്‍ഹമായ ആദരവ് ഏറ്റുവാങ്ങി ഇനിയൊരു ഓര്‍മ്മയായി…

യഥാര്‍ത്ഥത്തില്‍ ആരായിരുന്നു നമുക്ക് മൃണാളിനി സാരാഭായി….! 

ക്ഷമിക്കണം, നൃത്തമാണ് എന്റെ ജീവശ്വാസം എന്നു പറഞ്ഞ ആ കലാകാരിയെ അപമാനിക്കാനല്ല ഇങ്ങനെയൊരു ചോദ്യം. സ്വന്തം ജീവിതഭാഷ നൃത്തംകൊണ്ട് രചിച്ച ഒരു സ്ത്രീയെ അറിയാതെ പോകുന്നവര്‍ ആരുമുണ്ടാകില്ല, പ്രത്യേകിച്ച് കലാലോകത്തുള്ളവര്‍ എന്ന ദൃഢവിശ്വാസം ഉണ്ടായിരുന്നു, അതുകൊണ്ടാണ് കലോത്സവവേദിയിലെ നവപ്രതിഭകളോട് മൃണാളിനിയെ കുറിച്ച് ചോദിക്കാമെന്നു കരുതിയത്. പക്ഷെ തെറ്റി…നമ്മള്‍ ഭാവി പ്രതീക്ഷകളെന്നു വിശ്വസിക്കുന്ന ഇവരില്‍ ബഹുഭൂരിപക്ഷത്തിനും മൃണാളിനി സാരാഭായിയെ അറിയില്ല, ഈ അജ്ഞത ഒരു മൃണാളിനിയില്‍ മാത്രം ഒതുങ്ങുന്നുമില്ല…

അറിയില്ല എന്നത് വലിയ തെറ്റായി കാണാതിരിക്കാം, പക്ഷെ എന്തിന്റെ പേരിലാണെങ്കിലും കലാകാരന്‍/കാരികള്‍ എന്ന വേഷം കെട്ടിനില്‍ക്കുന്ന ഈ കുട്ടികള്‍ മൃണാളിനിയെപ്പോലെയുള്ള ലെജന്‍ഡുകളെ അറിയാനെ ശ്രമിക്കുന്നില്ല എന്നത് അവരുടെ അപരാധം തന്നെയാണ്.

മൃണാളിനി സാരാഭായിയുടെ മരണ വാര്‍ത്ത അറിഞ്ഞ ഉടനെ അഴിമുഖം കലോത്സവ വേദിയിലെ നൃത്ത മത്സരാര്‍ത്ഥികള്‍ക്കിടയില്‍ മൃണാളിനിയുടെ മരണത്തെക്കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ചു. തികഞ്ഞ വിഷമത്തോടെ പറയട്ടെ, നമ്മുടെ യുവ കലാകാരന്മാരും കലാകാരികളും നമ്മള്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ പിന്നിലാണ്! അവര്‍ക്കിപ്പോഴും നര്‍ത്തകി എന്നാല്‍, മഞ്ജു വാര്യരും ലക്ഷ്മി ഗോപാല സ്വാമിയുമൊക്കെയാണ്. ഇവരാരും കുറഞ്ഞവരാണെന്നോ നര്‍ത്തകിമാര്‍ അല്ലെന്നോ പറയുന്നില്ല. എന്നാല്‍ നമ്മുടെ കുട്ടികളുടെ മനസില്‍ നൃത്തകലയുടെ വക്താക്കളായി സിനിമ താരങ്ങളുടെ മുഖമാണെന്ന് ഓര്‍ക്കുമ്പോള്‍ ഒരു ഭയം. സിനിമ എന്ന ഗ്ലാമര്‍ കലയിലേക്കുള്ള ചവിട്ടുപലക മാത്രമാണോ അവര്‍ക്ക് കലോത്സവം?

മൃണാളിനയെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് കിട്ടിയ പ്രതികരണങ്ങള്‍ ഇപ്രകാരമായിരുന്നു; പലര്‍ക്കും അത്തരമൊരു പേര് പറഞ്ഞു കേട്ടപ്പോള്‍ മുഖത്ത് വിരിഞ്ഞത് അത്ഭുതം. മറ്റു ചിലര്‍ക്ക് അലോസരം. ചമയം അണിഞ്ഞു മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരുന്ന ഒരുവളുടെ മറുചോദ്യം കേട്ടു പകച്ചു പോയി; ആരായിരുന്നാലും മരിച്ചില്ലേ!!! അതേ ആരായിരുന്നാലും മരിച്ചു.. പക്ഷേ പ്രിയ കൂട്ടുകാരി…നിങ്ങളീയാടുന്നത് നിങ്ങളുടെ ഗുരുക്കന്മാര്‍ അവരില്‍ നിന്നും പഠിച്ചെടുത്തു പകര്‍ന്നു തരുന്നതായിരിക്കും. മരിച്ചുപോയ ആരോ ഓരാള്‍ എന്നുള്ള ഈ അവഗണനയുണ്ടല്ലോ അതു നിങ്ങള്‍ സ്വയമറിയാതെ നടത്തുന്ന ഗുരുനിന്ദതന്നെയാണ്.

മൃണാളിനിയുടെ കാര്യം ആരാഞ്ഞപ്പോള്‍, അപ്പീല് പോയി ജയിച്ചതിനെക്കുറിച്ചും മകളുടെ കഴിഞ്ഞ വര്‍ഷത്തെ പെര്‍ഫോമന്‍സിനെക്കുറിച്ചുമൊക്കെയാണ് ഒരമ്മ വാചാലയായത്…മകളെ നര്‍ത്തകിയാക്കാന്‍ പരിശ്രമിക്കുന്ന ഒരു അമ്മയാണ് അവരെന്നത് നമ്മുടെ ഗതികേട്.

എല്ലാ മത്സരാര്‍ഥികളെയും കുറ്റം പറയില്ല, മൃണാളിനി ആരാണെന്നും അവരുടെ സ്ഥാനം എന്തായിരുന്നുവെന്നും കൃത്യമായ തിരിച്ചറിവുള്ള, അവരെ ആരാധിക്കുന്ന ചെറിയ വിഭാഗമെങ്കിലുമുണ്ട്. അവരില്‍ നമുക്ക് പ്രതീക്ഷയര്‍പ്പിക്കാം.

‘അവരൊക്കെ ലജന്‍ഡ് ആണ്. അവരുടെ മരണവാര്‍ത്ത ഇവിടെവെച്ച് കേള്‍ക്കുന്നതില്‍ വിഷമം ഉണ്ട്. മൂന്നാം വയസു മുതല്‍ നൃത്തം പഠിക്കുന്ന, കല ഉപജീവന മാര്‍ഗം ആക്കാന്‍ ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വാക്കുകള്‍…’

മറ്റൊരാള്‍ കുറച്ചു പരിഭവത്തോടെയാണ് സംസാരിച്ചത്, മുന്‍ അനുഭവങ്ങള്‍ കൊണ്ട് നേരിയൊരു മുന്‍വിധിയോടെ ചോദ്യം ആവര്‍ത്തിച്ചതിലുള്ള പ്രതിഷേധം, ‘പലര്‍ക്കും മഞ്ജു വാര്യരൊക്കെയായിരിക്കും മോഡല്‍. എന്നാല്‍ എനിക്കങ്ങനെയല്ല ഞാന്‍ കലയെ സ്‌നേഹിക്കുന്നു. അതിനു വേണ്ടി സംഭാവന നല്‍കിയ കലാകാരന്മാരെയും കലാകാരികളെയും ബഹുമാനിക്കുന്നു. എല്ലാവരെയും ഒരു കണ്ണ് കൊണ്ട് കാണരുതേ’…ചമയമണിഞ്ഞവളുടെ കണ്ണുകളില്‍ കലയോടു തനിക്കുള്ള രസച്ചേര്‍ച്ച പ്രകടം. ഇവര്‍ക്ക് നന്ദി.

എന്തുകൊണ്ട് നമ്മുടെ കൊച്ചു കലാകാരന്മാര്‍ക്ക് ഇത്തരം അറിവുകേടുകള്‍ ഉണ്ടാകുന്നു? ഉത്തരം ലളിതമാണ്, ക്യാപ്‌സൂള്‍ രൂപത്തില്‍ കല പഠിക്കുന്നതിന്റെ കുഴപ്പം. ചരിത്രവും ഭൂമി ശാസ്ത്രവും പഠിക്കുന്നതുപോലെ ഉറക്കമിളച്ചു കുത്തിയിരുന്നു കലാകാരന്മാരുടെ ജീവിതം പഠിച്ചിട്ടെന്തു കാര്യം? ആ സമയം കൊണ്ടു രണ്ടു ‘സ്‌റ്റെപ്പ് ‘അധികം പഠിക്കാം. സിനിമ/സീരിയല്‍ ഫെയിം ഗുരുക്കന്മാര്‍ക്കും അതാണിഷ്ടം.

ഈ കുട്ടികള്‍ കലോത്സവങ്ങളില്‍ പങ്കെടുക്കുന്നത് സമ്മാനം നേടാന്‍ മാത്രമാണ്. ഇവര്‍ കല ജീവനോപാധിയായി കാണുന്നില്ല. ജീവിക്കാന്‍ അവര്‍ വിദ്യാഭ്യാസം നേടുന്നുണ്ട്. നാളെ നല്ലൊരു ജോലി നേടാന്‍ അതവരെ സഹായിക്കും. കലോത്സവത്തിനെത്തിയ ഭൂരിഭാഗം പേര്‍ക്കും ഗ്രേസ് മാര്‍ക്ക് കിട്ടണം. മാതാപിതാക്കള്‍ക്ക് മക്കള്‍ നാട്ടുകാരുടെ മുന്നില്‍ കലാതിലകമാണെന്നു പറഞ്ഞു നടക്കണം. 

കേവല പ്രസക്തിക്കുവേണ്ടി ഈ മതാപിതാക്കള്‍ തന്നെയാണ് മക്കളെ ക്യാപ്‌സൂള്‍ രൂപത്തിലാക്കി കല വിഴുങ്ങാന്‍ പ്രേരിപ്പിക്കുന്നത്. ഈ സ്വാര്‍ത്ഥത നമ്മുടെ കലാസമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്നതല്‍ അവര്‍ക്ക് ഉത്കണ്ഠയില്ല. പ്രശസ്തി മുന്നില്‍ കണ്ടു ചെയ്യുന്ന കോാപ്രയങ്ങള്‍ അവര്‍ തുടരുക തന്നെ ചെയ്യും.

ലക്ഷങ്ങള്‍ വാരിയെറിയാന്‍ മാതാപിതാക്കളും, അച്ചാരം വാങ്ങി കലയ്ക്ക് മാര്‍ക്കിടുന്ന വിധികര്‍ത്താക്കളും അതിനൊക്കെ ഒത്താശ ചെയ്യാന്‍ സംഘാടകരും തിരക്കു കൂട്ടുന്ന കലോത്സവ വേദിയിലേക്ക് മൃണാളിനി സാരാഭായിയുടെ പേര് വലിച്ചിഴച്ചതിന് മാപ്പ് ചോദിക്കുന്നു…

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് ലേഖകന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍