UPDATES

സിനിമ

യൂസഫലി കേച്ചേരി അന്തരിച്ചു

1967ല്‍ പുറത്തിറങ്ങിയ ‘ഖദീജ’ എന്ന ചിത്രത്തിലെ സുറുമ എഴുതിയ മിഴികളെ…എന്ന ഗാനം പാടാത്ത മലയാളി കാമുകന്മാര്‍ ഉണ്ടാവില്ല. ബാബുരാജ് ഈണം നല്‍കിയ ആ പാട്ടെഴുതിയത് കവിയും വക്കീലുമായിരുന്ന ഒരാളായിരുന്നു. യുസഫലി കേച്ചേരി.

പി ഭാസ്‌കരന്‍, വയലാര്‍, ഒഎന്‍വി തുടങ്ങിയ പടക്കുതിരകള്‍ മലയാള ചലച്ചിത്രഗാനശാഖയില്‍ തേരോട്ടം നടത്തിക്കൊണ്ടിരിക്കെയാണ് തന്റെതായ രീതിയില്‍ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് യുസഫലി കേച്ചേരി ഈ രംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ച്ചയായി സിനിമയ്ക്ക് പാട്ടുകള്‍ എഴുതിയില്ലെങ്കിലും എഴുതിയ പാട്ടുകള്‍ കൊണ്ട് ചലച്ചിത്രഗാന ചരിത്രത്തില്‍ തന്റേതായ ഒരിടം വെട്ടിപ്പിടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. മരം മുതല്‍ ധ്വനി വരെയുള്ള ചിത്രങ്ങളിലെ പാട്ടുകള്‍ അതിന് ഉദാഹരണമായി പരിലസിക്കുന്നു.

മൂന്ന് ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും -മരം (1973), വനദേവത (1977), നീലത്താമര (1979)- മധു സംവിധാനം ചെയ്ത സിന്ദൂരച്ചെപ്പ് എന്ന ചിത്രം നിര്‍മ്മിക്കുകയും ചെയ്തു.

1934 മേയ് 16നാണ് അദ്ദേഹം ജനിച്ചത്. പന്ത്രണ്ട് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയിരം നാവുള്ള മൗനത്തിന് 1985ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. 1987ല്‍ ഓടക്കുഴല്‍ അവാര്‍ഡും, 1990ല്‍ ആശാന്‍ സാഹിത്യ പുരസ്‌കാരവും 2012ല്‍ വള്ളത്തോള്‍ പുരസ്‌കാരവും നേടി. നാല് തവണ മികച്ച ചലച്ചിത്രഗാന രചനയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. 2000ല്‍ മഴയിലെ ഗാനങ്ങള്‍ക്ക് ദേശീയ പുരസ്‌കാരവും നേടി. സൈനബ, കേച്ചേരി പുഴ. ആലില എന്നീ കൃതികളൊക്കെ വായനക്കാരുടെ മനം കവര്‍ന്നു. അറിയപ്പെടുന്ന സംസ്‌കൃത പണ്ഡിതനും കൃഷ്ണഭക്തനുമായിരുന്നു അദ്ദേഹം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍