UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുകേഷിന് പരാതിയുണ്ടെങ്കില്‍ അതും കൊടുക്കാം; പക്ഷേ ഇവിടെ പോലീസാണ് ശരി

Avatar

കെ വി ഷാജി സമത

കൊല്ലം എംഎല്‍എയും സിനിമാ നടനുമായ മുകേഷിനെ കാണാനില്ല എന്നു കാണിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ വെസ്റ്റ് പൊലീസില്‍ പരാതി നല്‍കിയത് ചര്‍ച്ചയായ സാഹചര്യത്തില്‍, ചിലത് കുറിക്കട്ടെ. എംഎല്‍എയെ കാണാതായി എന്ന പരാതിയിലെ തമാശയും രാഷ്ട്രീയ താത്പ്പര്യവും തല്‍ക്കാലം മാററിവയ്ക്കാം. ഇങ്ങനെ ഒരു പരാതി നല്‍കിയതും അതിന് പൊലീസ് റസീപ്റ്റ് നല്‍കിയതും നിയമപരമായി ശരിയോ തെറ്റോ എന്ന വിഷയത്തിലാണ് അഭിപ്രായം പറയാനുള്ളത്.

ഇത്തരത്തില്‍ ഒരു പരാതി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെന്നല്ല, മുകേഷിന്റെ മണ്ഡലത്തിലെ വോട്ടുള്ളതും വോട്ടില്ലാത്തതുമായ ഏതൊരു പൗരനും അവകാശമുണ്ട്. സ്ഥലം എംഎല്‍എയെ കുറേ ദിവസമായി കാണുന്നില്ല എന്ന ഉത്തമ ബോധ്യം പരാതി നല്‍കുന്ന ആളിന് ഉണ്ടായിരിക്കണമെന്നുമാത്രം. ഇത്തരത്തില്‍ ഒരു പരാതിക്ക് പൊലീസ് റസീപ്റ്റ് നല്‍കിയത് തെറ്റായ നടപടിയാണെന്നാണ് ഇതു സംബന്ധിച്ച് ഉയര്‍ന്നു വന്ന ആരോപണങ്ങളില്‍ പ്രധാനം. ഇത്തരത്തില്‍ എന്നല്ല, പൊലീസിന് നേരിട്ട് കേസെടുക്കാന്‍ അധികാരമുള്ള ഏത് വിഭാഗത്തില്‍പ്പെട്ട പരാതിയായിരുന്നാലും അത് സ്വീകരിച്ച് റസീപ്റ്റ് നല്‍കാന്‍ 1973-ല്‍ അന്നത്തെ ഡി.ജി.പി. പുറത്തിറക്കിയിട്ടുള്ള 1-73 നമ്പര്‍ സര്‍ക്കുലറില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. തന്നെയുമല്ല, നല്‍കേണ്ട റസീപ്റ്റിന്റെ മാതൃകയും ഈ സര്‍ക്കുലറിന് ഒപ്പമുണ്ട്. പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെക്കുറിച്ചും പെറ്റീഷന്‍ എന്‍ക്വയറി നടത്തി കുറ്റപത്രം സമര്‍പ്പിക്കുന്നതിനെ കുറിച്ചും ഈ സര്‍ക്കുലറില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ട്. 

ഇതിനു പുറമെ ലളിതകുമാരിയും ഉത്തര്‍പ്രദേശ് സര്‍ക്കാറും തമ്മില്‍ സുപ്രീംകോടതിയില്‍ നടന്ന 68-2008 നമ്പര്‍ കേസിലെ വിധി ന്യായത്തിലും ഒരു പരാതി സ്വീകരിക്കുന്നത് സംബന്ധിച്ചും എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യുന്നതു സംബന്ധിച്ചും നിരീക്ഷണമുണ്ട്. സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് പുറപ്പെടുവിച്ച ഈ വിധിയെ മുന്‍നിര്‍ത്തി 12.02.2014-ന് അന്നത്തെ പൊലീസ് മേധാവി 1-2014 നമ്പറായി ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിലും വിശദമായിത്തന്നെ നടപടിക്രമങ്ങള്‍ പറഞ്ഞുവെച്ചിട്ടുണ്ട്. പൊലീസ് പരാതി സ്വീകരിച്ചതും ആയതിന് റസീപ്റ്റ് നല്‍കിയതും നിയമപരമായി തന്നെയാണെന്നാണ് ഇവയില്‍ നിന്നെല്ലാം വായിച്ചെടുക്കാനാവുന്നത്.

മറ്റൊരാരോപണം, മുകേഷ് താമസിക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിലല്ല പരാതി നല്‍കിയത് എന്നാണ്. ഈ ആരോപണവും നിയമപരമായി നിലനില്‍ക്കില്ല. ഈ പരാതി അന്വേഷണം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ് എന്ന് വെസ്റ്റ് പൊലീസിന് ബോധ്യപ്പെട്ടാല്‍ സീറോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മുകേഷിന്റെ താമസ സ്ഥലത്തെ സ്റ്റേഷനിലേക്ക് കൈമാറുകയാണ് നിയമപരമായി വേണ്ടത്. തന്നേയുമല്ല, പൊലീസിന്റെ നവീകരണത്തിന്റെ ഭാഗമായി ആവിഷ്‌കരിച്ച കിയോസ്‌ക് സംവിധാനപ്രകാരം ഇന്ന് ഏത് പൊലീസ് സ്റ്റേഷനിലും ഏത് സ്റ്റേഷന്‍ പരിധിയിലേയും പരാതി നല്‍കാവുന്നതുമാണ്.

പൊതു സമൂഹത്തിന് ഇക്കാര്യങ്ങളില്‍ സംശയം ഉണ്ടാവുക സ്വാഭാവികം. പൊതുജനത്തെ സംബന്ധിച്ച്, നിയമം കറുത്ത കോട്ടിട്ടവര്‍ക്കും കാക്കി ധരിച്ചവര്‍ക്കും മാത്രം പറയാനും വ്യാഖ്യാനിക്കാനുമുള്ള സാധനമാണെന്ന ധാരണയാണ് ഇതിനു കാരണം. എന്നാല്‍, നിയമം നിര്‍മിക്കാന്‍ ചുമതലയുള്ള ഒരു എംഎല്‍എയ്ക്ക് ഇക്കാര്യത്തില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടായത് ശരിയല്ല. മുകേഷ് ഇനി ജനപ്രതിനിധി എന്ന നിലയില്‍ നാട്ടിലെ നിയമ വ്യവഹാരങ്ങള്‍ പഠിക്കേണ്ടതുണ്ട്. താന്‍ സ്ഥലത്തുണ്ടായിട്ടും തന്നെ അപമാനിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ പരാതി നല്‍കിയത് എന്ന് മുകേഷിന് പരാതിയുണ്ടെങ്കില്‍ അക്കാര്യത്തിനും നിയമപരമായ പരിഹാരമുണ്ട്. രണ്ടു പാര്‍ട്ടിക്കാരും ചേര്‍ന്ന് ഇക്കാര്യത്തില്‍ ഒരു തീര്‍പ്പുണ്ടാക്കണമെന്ന് അപേക്ഷിക്കുന്നു. 

വാല്‍ക്കഷ്ണം- കൊല്ലത്തെ വോട്ടര്‍മാര്‍ക്ക് എംഎല്‍എ. മുകേഷിനെ സിനിമയിലെങ്കിലും കാണാം. മലപ്പുറത്തുകാരനായ ഈയുള്ളവന്‍ ചില എംഎല്‍എമാരേയും എംപിമാരെയും പ്രചാരണ പോസ്റ്ററുകളില്‍ മാത്രമാണ് കാണാറ്. 

(സ്വതന്ത്രമാധ്യമപ്രവര്‍ത്തകനായ ലേഖകന്റെ ഫേസ്ബുക്ക് പോസ്റ്റ്‌) 

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍