UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോലീസിന്റെ അപ്രതീക്ഷിത റെയ്ഡ് തടയാന്‍ കാശ്മീര്‍ യുവാക്കളുടെ ‘രാത്രി കാവല്‍’

Avatar

അഴിമുഖം പ്രതിനിധി

രാത്രി 11 മണിയായിരിക്കുന്നു. ഉദ്വേഗത്തിന്‍റെ അന്തരീക്ഷമാണ് സോപോര്‍ പാലത്തിനപ്പുറം. അതിലേ കടന്നുപോയ വണ്ടി ഒരുകൂട്ടം ചെറുപ്പക്കാര്‍ തടഞ്ഞു നിര്‍ത്തി. വലിയ പാറക്കഷണങ്ങള്‍, മരക്കൊമ്പുകള്‍, സിമന്‍റ് കട്ടകള്‍ എന്നിവയുപയോഗിച്ച് പാലം ബാരിക്കേഡ് ചെയ്തിട്ടുണ്ട്. ഉറക്കമിളച്ച് കാവല്‍ നില്‍ക്കുന്ന ചെറുപ്പക്കാര്‍ വാഹനം അടുത്തെത്തിയപ്പോള്‍ ഡ്രൈവറോട് “എവിടെ പോകുന്നു?” എന്ന് തിരക്കി. വണ്ടിയുടെ ഫ്ലാഷ് ലൈറ്റുകള്‍ കെടുത്തി രണ്ട് ബ്ലിങ്കര്‍ ലൈറ്റുകള്‍ തെളിയിച്ചിട്ടുണ്ട്- വാഹനത്തിലുള്ളത് അത്യാവശ്യകാര്യത്തിനു പോകുന്ന സിവിലിയനാണെന്ന് പ്രതിഷേധക്കാര്‍ക്ക് മനസിലാവാനുള്ള അടയാളമാണത്. അവര്‍ അകത്തു നോക്കി പോലീസുകാരാരുമില്ലെന്ന് ഉറപ്പു വരുത്തി. “പൊയ്ക്കൊളൂ”, തടസ്സങ്ങള്‍ നീക്കി കാറിനു പോകാന്‍ സ്ഥലമുണ്ടാക്കി കൊടുത്തിട്ട് ഡ്രൈവര്‍ക്ക് അനുമതി കൊടുത്തു.

രാത്രികാല റെയ്ഡുകള്‍ക്കെതിരെ വടക്കന്‍ കാശ്മീരിലെ സോപോറില്‍ ഞായറാഴ്ച ഉയര്‍ന്ന കടുത്ത പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ഈ കാവല്‍. കാശ്മീര്‍ വിഘടനവാദികളുടെ ശക്തികേന്ദ്രമാണ് സോപോര്‍. ഞായറാഴ്ച വെളുപ്പിന് രണ്ടു മണിയോടടുത്ത് പോലീസ് ചില പ്രദേശങ്ങളില്‍ റെയ്ഡു നടത്തിയിരുന്നു. അതേത്തുടര്‍ന്നു പകല്‍ പോലീസിനു നേരേ കല്ലെറിഞ്ഞ പ്രതിഷേധക്കാര്‍ രാത്രിയായതോടെ ഉറക്കമിളച്ച് റെയ്ഡുകള്‍ക്കെതിരെ കാവലിരുന്നു. അറസ്റ്റുകള്‍ തടയാന്‍ യുവാക്കള്‍ റോഡുകള്‍ ബ്ളോക്ക് ചെയ്തു. മറ്റൊരു കൂട്ടര്‍ മോസ്ക്കുകളില്‍ തമ്പടിച്ച് സ്വാതന്ത്ര്യത്തിനനുകൂലമായ മുദ്രാവാക്യങ്ങള്‍ മുഴക്കി. പ്രദേശത്തെവിടെയെങ്കിലും പോലീസ് റെയ്ഡിന് ഒരുമ്പെട്ടാല്‍ ആ വിവരം അനൌണ്‍സ് ചെയ്യലാണ് അവരുടെ ജോലി.

സോപോറില്‍ മാത്രമല്ല, തെക്കന്‍ കാശ്മീരിലെ ഗ്രാമങ്ങളിലും പ്രതിഷേധക്കാര്‍ പോലീസിനെ തടയാന്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

“ചെക്ക് പോയിന്‍റു”കളില്‍ അവര്‍ എല്ലാ വണ്ടികളും പരിശോധിക്കുകയും അതിലുള്ളവരുടെ വിവരങ്ങള്‍ ചോദിക്കുകയും ചെയ്യുന്നു. സംശയം തോന്നിയാല്‍ പോലീസുകാരും പാരാമിലിറ്ററിക്കാരും ചെയ്യുന്നതുപോലെ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടുന്നു.

“പോലീസ് കൂടുതല്‍ പേരെ പിടിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. രാത്രി മൊഹല്ലകളില്‍ കയറി ചെറുപ്പക്കാരെ അറസ്റ്റ് ചെയ്യുന്നു,” റോഡ് ബ്ളോക്ക് ചെയ്തുകൊണ്ടിരുന്ന ഒരു 18കാരന്‍ പറഞ്ഞു. “ഇത് (റോഡിലെ തടസ്സങ്ങള്‍) കാരണം പോലീസിനെ അകറ്റി നിര്‍ത്താന്‍ സാധിയ്ക്കുന്നു.” രാത്രി കാവലിരിക്കുന്ന ചെറുപ്പക്കാര്‍ താഴ്വരയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയും പരദൂഷണങ്ങള്‍ പങ്കിട്ടുമൊക്കെ നേരം പോക്കുന്നു. “കഴിഞ്ഞ ദിവസം രാത്രി കുറച്ചു ചെറുപ്പക്കാര്‍ തീ കൂട്ടി ചായ ഉണ്ടാക്കുകയായിരുന്നു. പെട്ടന്ന് പോലീസ് വന്നു. പയ്യന്മാര്‍ ഓടിപ്പോയി, പാത്രങ്ങളൊക്കെ പോലീസ് കൊണ്ടു പോയി,” ഒരാള്‍ പറഞ്ഞു.

ഹിസ്ബുള്‍ മുജാഹിദീന്‍ കമാണ്ടര്‍ ബുര്‍ഹാന്‍ വാണിയുടെ കൊലയ്ക്കു ശേഷം രണ്ടാഴ്ച താഴ്വരയിലുടനീളം പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. അതേത്തുടര്‍ന്നു പോലീസ് അനേകം ഗ്രാമങ്ങളില്‍ രാത്രി റെയ്ഡ് നടത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു മാസത്തില്‍ സോപോറിലെ പല പ്രദേശങ്ങളില്‍ നിന്നായി ധാരാളം യുവാക്കളെ രാത്രി റെയ്ഡിലൂടെ ഗവണ്‍മെന്‍റ് സേനകള്‍ കൊണ്ടുപോയിട്ടുണ്ട്. വന്‍തോതിലുള്ള പ്രതിഷേധങ്ങള്‍ നടത്തിയാണ് ജനങ്ങള്‍ ഈ നടപടിയോട് പ്രതികരിച്ചത്. പള്ളികളിലെ ലൌഡ്സ്പീക്കറുകളിലൂടെ സ്വാതന്ത്ര്യത്തിനായുള്ള മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും എതിര്‍പ്പിന്‍റെ ഭാഗമായിരുന്നു. ഗവണ്‍മെന്‍റ് സേന തന്‍റെ മകനെ തിരഞ്ഞ് വീട് റെയ്ഡു ചെയ്തതായി സോപോര്‍ ടൌണിലെ ഒരാള്‍ പറഞ്ഞു. “എന്‍റെ മകന്‍ വീട്ടിലുണ്ടായിരുന്നില്ല. അവര്‍ എന്നെ മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷേ ചുറ്റുപാടുമുള്ളവര്‍ ശക്തമായി എതിര്‍ത്തതോടെ പോലീസിന് സ്ഥലം വിട്ടു. എന്‍റെ കാലില്‍ നാല് സ്റ്റിച്ചിടേണ്ടി വന്നു.” അറസ്റ്റ് ഭയന്ന് ടൌണിലെ മിക്ക ചെറുപ്പക്കാരും രാത്രി വീടുകളില്‍ നിന്നു മാറി നില്‍ക്കുന്നു.

സ്റ്റേറ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കാരണം ആവശ്യവസ്തുക്കള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ശിശുക്കള്‍ക്കായുള്ള ബേബി ഫുഡ് പോലും ലഭ്യമല്ലെന്ന് അവിടത്തുകാര്‍ പറയുന്നു. മാത്രമല്ല, മിക്ക എ‌ടിഎമ്മുകളും കാലിയോ പ്രവര്‍ത്തനരഹിതമോ ആണ്. ടൌണില്‍ ഇപ്പോഴും വാര്‍ത്താവിനിമയം തകരാറിലാണ്. ബി‌എസ്‌എന്‍‌എല്ലിനു മാത്രമേ അവിടെ സെര്‍വീസ് നടത്താനുള്ള അനുവാദമുള്ളൂ; അതാവട്ടെ വീണ്ടും നിലച്ചിരിക്കുകയാണ്. ഒപ്റ്റിക്കല്‍ ഫൈബര്‍  പ്രവര്‍ത്തനരഹിതമായതാണ് കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍