UPDATES

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിക്ക് യുട്യൂബിന്റെ ബ്ലോക്ക്; പ്രതിഷേധം ഉയര്‍ന്നതോടെ വീണ്ടും തുറന്നു

സര്‍ക്കാരിനു വേണ്ടി ഗൂഗിളും യുടൂബും സൂപ്പര്‍ സെന്‍സര്‍മാരാവുകയാണെന്ന് ഫൈനല്‍ സൊല്യൂഷന്റെ സംവിധായകന്‍ രാകേഷ് ശര്‍മ്മ

2002 ഗുജറാത്ത് കലാപത്തിലെ ഉള്ളുകളികള്‍ വ്യക്തമാക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത രാകേഷ് ശര്‍മ്മയുടെ യുട്യൂബ് ചാനല്‍ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയത് യുടൂബ് പിന്‍വലിച്ചു. വെള്ളിയാഴ്ചയായിരുന്നു രാകേഷ് ശര്‍മ്മയുടെ രാകേഷ് ഫിലിംസ് എന്ന ചാനല്‍ യുട്യൂബ് പൂട്ടിയത്. എന്നാല്‍ നിരോധനം പിന്‍വലിക്കുന്നത് സംബന്ധിച്ച് തനിക്ക് യാതൊരു സന്ദേശവും കിട്ടിയില്ലെന്ന് രാകേഷ് ശര്‍മ്മ പറഞ്ഞു. നിരോധനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് താന്‍ യൂട്യൂബിന് കത്തെഴുതുകയുണ്ടായിട്ടില്ലെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

അതേസമയം രാകേഷ് ശര്‍മ്മയുടെ യൂട്യൂബ് ചാനല്‍ ബ്ളോക്ക് ചെയ്തതിന് എതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ട്വിറ്ററില്‍ #YouTubeBan കാംപയിനാണ് നിരോധനം പിന്‍വലിക്കാന്‍ യൂട്യൂബിനെ പ്രേരിപ്പിച്ചതെന്ന് രാകേഷ് ശര്‍മ്മ ട്വീറ്റ് ചെയ്തു.

കലാപം നടന്ന സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും കലാപത്തിലെ പങ്കിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ഫൈനല്‍ സൊല്യൂഷന്‍ എന്ന ഡോക്യുമെന്ററിയുടെ ക്ലിപ്പിംഗുകളാണ് രാകേഷ് ശര്‍മ്മ യുട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നത്.

https://www.youtube.com/user/rakeshfilms?feature=watch

വഞ്ചനാപരമായ നടപടികള്‍ക്കും തെറ്റിദ്ധരിപ്പിക്കുന്ന ആശയങ്ങള്‍ക്കും സേവനം സംബന്ധിച്ച മറ്റ് ചട്ടങ്ങള്‍ക്കും എതിരായ യുട്യൂബിന്റെ നയങ്ങളുടെ തുടര്‍ച്ചയായ ലംഘനമാണ് രാകേഷ് ശര്‍മ്മയുടെ ചാനല്‍ നടത്തുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റ് ശര്‍മ്മയുടെ ചാനല്‍ ബ്ലോക്ക് ചെയ്തിരിക്കുന്നത്. മൂന്ന് ദിവസം മുമ്പ് വരെ ചാനല്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുവെന്നും പിന്നീട് തനിക്ക് മുന്നറിയിപ്പുകളോ മറ്റ് സന്ദേശങ്ങളോ ഒന്നും ലഭിച്ചിട്ടില്ലെന്നും ചാനല്‍ പെട്ടെന്ന് ബ്ലോക്കാവുകയായിരുന്നു എന്നുമാണ് രാകേഷ് ശര്‍മ്മയുടെ വിശദീകരണം. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ തന്നെ സമീപിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2004ല്‍ തന്റെ ചിത്രം റിലീസായ ശേഷം അത് പൊതുമണ്ഡലത്തില്‍ എത്താതിരിക്കുന്നതിന് ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നിരുന്നതായും അതിനാല്‍ ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ അത്ഭുതത്തിന് അവകാശമില്ലെന്നും രാകേഷ് ശര്‍മ്മ പറഞ്ഞു. മോദിയുടെ കറപുരണ്ട ഭൂതകാല പ്രതിച്ഛായയെ വെള്ളപൂശിയെടുക്കാനുള്ള ഒരു ശ്രമമാണിത്. നിശ്ചിത അക്കൗണ്ടുകള്‍ ലക്ഷ്യമിടുകയും അത് ബ്ലോക്ക് ചെയ്യുകയും ചെയ്യുന്ന പ്രവണത സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ സാധാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഫൈനല്‍ സൊല്യൂഷനെതിരെ തുടക്കം മുതല്‍ തന്നെ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. പടത്തിന് പ്രദര്‍ശനാനുമതി നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ് വിസമ്മതിച്ചു. എന്നാല്‍ വലിയ ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സെന്‍സര്‍ ബോര്‍ഡ് തീരുമാനം മാറ്റിയത്. ചിത്രം പൊതുജനങ്ങള്‍ക്കിടയില്‍ എത്തുന്നതിന് വ്യാജ കോപ്പികളും ക്ലിപ്പുകളും പ്രചരിപ്പിക്കാന്‍ ശര്‍മ്മ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സമയത്ത്, ചിത്രത്തില്‍ നിന്നും മുറിച്ചുമാറ്റാന്‍ നിര്‍ബന്ധിതമായിരുന്ന ഭാവി പ്രധാനമന്ത്രിയുടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ ശര്‍മ്മ അപ്ലോഡ് ചെയ്തിരുന്നു.

ഇത്തരം ക്ലിപ്പുകള്‍ തന്റെ സ്വകാര്യ വിമോ ചാനലിലും ലഭ്യമാണെന്ന് ശര്‍മ്മ അറിയിച്ചു. ഇത്തരം ക്ലിപ്പുകള്‍ പരമാവധി ഷെയര്‍ ചെയ്യാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനു വേണ്ടി ഗൂഗിളും യുട്യൂബും സൂപ്പര്‍ സെന്‍സര്‍മാരാവുമ്പോഴും തന്റെ ചിത്രം തമസ്‌കരിക്കാന്‍ സാധിക്കില്ലെന്ന് രാകേഷ് ശര്‍മ്മ വ്യക്തമാക്കി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍