UPDATES

സയന്‍സ്/ടെക്നോളജി

യുട്യൂബിന് പത്ത് വയസ്സ്; ഇതാണ് ആശയങ്ങളുടെ ശക്തി

Avatar

ടീം അഴിമുഖം

മറ്റ് വിശേഷങ്ങളൊന്നുമില്ലാതിരുന്ന ഒരു വാലന്റൈന്‍  ദിനത്തിലാണ് 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് യുട്യൂബ് പിറന്നുവീണത്. ഇന്റെര്‍നെറ്റില്‍ ഒരു പതിറ്റാണ്ട് നീണ്ട കാലയളവാണ്. തുടക്കത്തില്‍ അതിനു അത്ര ഉറപ്പും ഉണ്ടായിരുന്നില്ല. 2005 ഏപ്രിലില്‍ സഹസ്ഥാപകന്‍ ജാവേദ് കരീം അപ്ലോഡ് ചെയ്ത ആദ്യദൃശ്യങ്ങള്‍ വെറും സാധാരണ കാര്യങ്ങളായിരുന്നു; വീട്ടുവിശേഷങ്ങളുടെ നീണ്ട ദൃശ്യങ്ങള്‍. നിരവധി പേര്‍ കാണുന്ന അമേച്വര്‍ ദൃശ്യങ്ങളുടെ ഇടം എന്നതിലുപരി- മറ്റൊരു സഹസ്ഥാപകന്‍ ചാഡ് ഹേര്‍ലി ‘ultimate reality TV’ എന്നാണ് അതിനെ വിശേഷിപ്പിച്ചത്- യുട്യൂബ് അത്ഭുതകരമാം വിധം വിജയിച്ച ഒരു വിനോദ മാധ്യമം കൂടിയാണ്.

2006-ല്‍ 1.65 ബില്ല്യണ്‍ ഡോളര്‍ എന്ന മോഹവില കൊടുത്താണ് ഗൂഗിള്‍ യുട്യൂബിനെ സ്വന്തമാക്കിയതെങ്കില്‍ ഇന്നിപ്പോള്‍ 40 ബില്ല്യണ്‍ ഡോളറാണ് അതിന്റെ മൂല്യം. ഓരോ മിനിറ്റിലും ഏതാണ്ട് 300 മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ദൃശ്യങ്ങളാണ് അതില്‍ കയറ്റിക്കൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കാണുന്ന 30 ദൃശ്യങ്ങളില്‍ 29-ഉം വിപണനത്തിനായി നിര്‍മ്മിച്ച സംഗീത ദൃശ്യങ്ങളാണ്. ഇത് പലപ്പോഴും സൈറ്റിനെ കോപ്പിറൈറ്റ് ലംഘനത്തിന്റെ കെണിയില്‍ വീഴ്ത്താറുണ്ടെങ്കിലും. വിയാകോമുമായുള്ള, നിലനില്‍പ്പിനെതന്നെ ചോദ്യം ചെയ്ത തര്‍ക്കം കഴിഞ്ഞ വര്‍ഷം ഒത്തുതീര്‍പ്പില്‍ എത്തിയതേയുള്ളൂ. എന്തായാലും ഏതൊരു വിപണന തന്ത്രത്തിലെയും ഒഴിവാക്കാനാകാത്ത ഘടകമായി യുട്യൂബ് ഇപ്പോള്‍.

യുട്യൂബിലെ ആദ്യ ദൃശ്യം- കരീമിന്റെ  മൃഗശാല സന്ദര്‍ശനം -2005 ഏപ്രില്‍ 23-നാണ് യുട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. 17.6 ദശലക്ഷം പേര്‍ അതുകണ്ടു. എന്തായാലും പി എസ് വൈ ഗംഗ്നം സ്റ്റൈല്‍ അതിലൂടെ കണ്ടത്  2.24 ബില്ല്യണ്‍ പേരാണ്.

ഫേസ് ബുക്കും വൈനും യാഹൂവും എല്ലാം കടുത്ത മത്സരം ഉയര്‍ത്തുന്നുണ്ടെങ്കിലും ഇന്റെര്‍നെറ്റില്‍ ഒരു താരമാകാന്‍ കൊതിക്കുന്നവരുടെ ആദ്യനോട്ടം ഇന്നും യുട്യൂബ് തന്നെ. ഏറെ വൈവിധ്യമുള്ള, ആളുകള്‍ ചെയ്തുകൂട്ടുന്ന കൌതുകമുണര്‍ത്തുന്ന കാര്യങ്ങളുടെ ഏറ്റവും വലിയ സ്രോതസ്സായി യുട്യൂബ് നിലനില്‍ക്കുകയാണ്. അധിക്ഷേപങ്ങള്‍ക്ക് പേരെടുത്ത അതിലെ അഭിപ്രായങ്ങള്‍ വെബിന്റെ അടിത്തട്ട് കാണിച്ചുതരുന്നു. ആനകളുടെ ദൃശ്യങ്ങള്‍ കാണിച്ചുതുടങ്ങിയ ദിവസങ്ങളില്‍ നിന്നും യു എസ് പ്രസിഡന്റിന്റെ അഭിമുഖത്തിലേക്ക് യുട്യൂബ് സഞ്ചരിച്ചു. അതിന്റെ സാംസ്കാരിക പ്രാധാന്യവും സ്വാധീനവും വളരെ വ്യക്തമാണ്.

നമ്മുടെ ജീവിതരീതികളെ മാറ്റിത്തീര്‍ക്കുകയും ശതകോടികളില്‍ പണം കൊണ്ടുവരികയും ചെയ്യുന്ന കച്ചവടങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ആശയങ്ങളുടെ ശക്തി എന്താണെന്ന് യുട്യൂബിന്റെ വിജയം നമ്മെ ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തുന്നു.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍

https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q/videos

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍