UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മനസില്‍ തോന്നിയതും നിരത്തില്‍ കണ്ടതും വരച്ചിട്ട ജിന്ന്

Avatar

കെ എ ആന്റണി

ഒരു പക്ഷെ എം എഫ് ഹുസൈനോടൊപ്പം നില്‍ക്കാവുന്ന ഒരു ചിത്രകാരന്‍, അല്ലെങ്കില്‍ അതിനുമപ്പുറം എന്നൊക്കെ പലരും ഇന്ന് അന്തരിച്ച യൂസഫ് അറക്കല്‍ എന്ന ചിത്രകാരനെ വാഴ്ത്തിപ്പാടിയേക്കാം. ഇത്തരം സ്തുതി ഗീതങ്ങളും ഇകഴ്ത്തലുകളും തികച്ചും സ്വാഭാവികം മാത്രം പ്രത്യേകിച്ചും ചിത്ര കലയിലാകുമ്പോള്‍. ആര്‍ക്കും കേറി പെരുമാറാന്‍ പറ്റിയ ഒരു ചെണ്ടായായേ നിരൂപകര്‍ പണ്ടും ഇന്നും ചിത്രകലയെ കാണുന്നുള്ളൂ എന്നതാണ് ചിത്രകല ഇന്നും നമ്മുടെ നാട്ടില്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം.

ചിലര്‍ക്ക് വരച്ചത് ആര് എന്നതാണ് പ്രശ്നം, മറ്റു ചിലര്‍ക്ക് വരച്ചയാളുടെ ജാതിയും മതവും മാത്രമല്ല രാഷ്ട്രീയവും വലിയ പ്രശ്‌നമാകുന്ന ഒരു കാലത്താണ് നാമിപ്പോള്‍ നില്‍ക്കുന്നത്. കൊച്ചിയില്‍ ഒരു ബിനാലെ വന്നതിന്റെ പേരില്‍ ഉണ്ടായ വിവാദങ്ങള്‍ നമ്മള്‍ ഓര്‍ത്തുവെക്കേണ്ടതുണ്ട് ഈ ഘട്ടത്തില്‍. 

ഇത്തരം ഇകഴ്ത്തലുകള്‍ക്കും വാഴ്ത്തലകള്‍ക്കും അപ്പുറത്തും ചില യഥാര്‍ത്ഥ ചിത്രകാരന്മാര്‍ ഇന്നും നമ്മുക്കൊപ്പമുണ്ട് എന്നുകൂടി ഓര്‍മിപ്പിക്കാന്‍ എന്റെ പ്രിയ ചിത്രകാരന്‍ യൂസഫ് അറയ്ക്കലിനെ കുറിച്ചിച്ചുള്ള ഈ കുറഞ്ഞ വാക്കുകള്‍ അല്ലെങ്കില്‍ വരികള്‍ ഉപകരിക്കട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട് പ്രിയ ചിത്രകാരനിലേക്കു ഒരു അല്‍പ ദൂരം പിന്നാക്കം നടക്കുന്നു.

1986 ല്‍ ആണ് ആദ്യമായി അത്രകാലവും മനസ്സില്‍ സൂക്ഷിച്ച ഒരു ചിത്രകാരനെ പരിചയപ്പെടാന്‍ അവസരം ഒരുങ്ങിയത്. കോഴിക്കോട് അക്കാദമി ഹാളില്‍ വെച്ച് ചില ചിത്രങ്ങള്‍ക്കൊപ്പം യൂസഫ് അറയ്ക്കലിന്റെ മതങ്ങള്‍ മനുഷ്യനെ ബന്ധനസ്ഥരാക്കുന്ന ഒരു ചിത്രവും അതിനൊപ്പം ബെംഗളൂരൂവിലെ തെരുവ് കുട്ടികളെ കുറിച്ചുള്ള ഒരു ചിത്രവും ഉണ്ടായിരുന്നു. അയാള്‍ എപ്പഴോ വന്നു മടങ്ങി എന്നായിരുന്നു പ്രദര്‍ശന ഹാളില്‍ നിന്നും കിട്ടിയ മറുപടി. കാണാനുള്ള കൗതുകം കൊണ്ടെത്തിച്ചത് കോഴിക്കോടെ കല്ലായിയിലെ പാട്ടുകാരുടെ ഇടയിലേക്കാണ്. കോഴിക്കോട്ടെ ചിത്രപ്രദര്‍ശനത്തിന്റെ ഭാഗമായി എത്തിയ യൂസഫ് നേരെ പോയത് കല്ലായി കടവത്തെ പാട്ടുകള്‍ കേള്‍ക്കാനാണ്. സംഗീതവും ധ്യാനവും ഒരുമിച്ച് ഇഴചേരുന്നതാണ് തന്റെ പെയിന്റിംഗ് എന്ന് അന്നു പറഞ്ഞു. കൂടുതല്‍ ചര്‍ച്ചകള്‍ക്കു സമയം ഉണ്ടായിരുന്നില്ല പാട്ടു സദസില്‍. കിട്ടിയ ഫോണ്‍ നമ്പര്‍ വച്ച് പിന്നീട് വിളിച്ചപ്പോള്‍ ഇത്രകൂടി പറഞ്ഞു; ഞാനൊരു വലിയ പെയിന്റര്‍ ഒന്നും അല്ല. മനസില്‍ തോന്നുന്ന കാര്യങ്ങള്‍ മാത്രമല്ല, നിരത്തില്‍ കാണുന്ന ദൃശ്യങ്ങള്‍ കൂടി ക്യാന്‍വാസിലേക്ക് ആവാഹിക്കുന്ന ഒരു ജിന്നാണെന്ന്.

അടുത്ത കണ്ടുമുട്ടല്‍ ബെംഗളൂരുവില്‍ വച്ചായിരുന്നു. വിഷയം കേരളത്തിലെ ചിത്രകാരന്‍മാരെ കുറിച്ച്. ഒരു ദിവസം പൂര്‍ണമായി ഇരുന്നു തന്നു യൂസഫ്. കണ്ണൂരിലെ വേരുകളെ കുറിച്ചും അറയ്ക്കല്‍ രാജവംശവുമായുള്ള ബന്ധത്തെ കുറിച്ചും തൃശൂര്‍ ചാവക്കാട്ടെ കുടുംബവീടിനെ കുറിച്ചും അകാലത്തില്‍ പൊലിഞ്ഞുപോയ ഉപ്പയേയും ഉമ്മയേയും കുറിച്ചും. നിസ്സാരവത്കരിക്കപ്പെടുന്ന ഒരു മനസ് ഒറ്റപ്പെട്ടവന്റെ മനസ് ആണെന്ന തിരിച്ചറിവില്‍ നിന്നും ബെംഗളൂരുവിലേക്ക് വണ്ടി കയറിയതും പിന്നീട് മനസില്‍ സൂക്ഷിച്ച വരകള്‍ക്കായി കര്‍ണാടക ചിത്രകല പരിഷതില്‍ വിദ്യാര്‍ത്ഥിയായതും അതിനും ശേഷം ഗ്രാഫിക് പെയിന്റിംഗുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ പഠിച്ചതും ഒക്കെ.

വരകളില്‍ എക്‌സ്പ്രഷണിസം എങ്ങനെ കൊണ്ടുവരണമെന്ന കാര്യത്തില്‍ അറയ്ക്കലിന് ശങ്കയേതും ഉണ്ടായിരുന്നില്ല. തന്റെ ചിത്രങ്ങളിലൂടെ സമൂഹത്തിനോട് ഏറ്റവും നല്ലരീതിയില്‍ പ്രതികരിക്കാനാവുന്ന സങ്കേതമായാണ് അറയ്ക്കല്‍ എക്‌സ്പ്രഷണിസത്തെ കണ്ടത്.

പഴയ ബോംബെയിലെ സോളോ പ്രദര്‍ശനത്തിനിടയിലും തുടര്‍ന്ന് ഡല്‍ഹിയിലെ പ്രദര്‍ശനത്തിനിടയിലും കാണുമ്പോഴോക്കെ പറഞ്ഞിരുന്നത് ലോകത്തെ വായിക്കാന്‍ എക്‌സ്പ്രഷണിസത്തെപോലെ മറ്റൊരു മാധ്യമവും ഇല്ല എന്നായിരുന്നു. വാന്‍ഗോഗിനെ ഇഷ്ടപ്പെടുമ്പോഴും പിക്കാസോയുടെ വിനീതശിഷ്യനാകാന്‍ ആഗ്രഹിച്ച ഒരാള്‍ വരച്ചു കൂട്ടിയതത്രയും തന്റെ മതത്തിനെതിരെ കൂടി ആളുകളെ ചിന്തിക്കാന്‍ പ്രേരിപ്പിച്ച ചിത്രങ്ങള്‍. മതങ്ങളുടെ ഭ്രാന്താലയത്തില്‍ കഴിയുന്നവരെ എന്നും അറയ്ക്കല്‍ ഭീതിയോടെയാണു കണ്ടിരുന്നത്. മന്ദബുദ്ധികളുടെ മതഭ്രാന്ത് ഒരിക്കല്‍ പറയുകയും ചെയ്തു.


ഗുജേര്‍ണിക

ഗുജറാത്ത് വംശീയ കലാപവുമായി ബന്ധപ്പെട്ട് അറയ്ക്കല്‍ വരച്ച ഗുജേര്‍ണിക എന്ന ചിത്രം പേരുകൊണ്ട് മാത്രം അല്ല രചന രീതികൊണ്ടും പിക്കാസോയുടെ ഗര്‍ണിക്കയെ ഓര്‍മിപ്പിക്കുന്നു. എന്നു കരുതി രണ്ടും രണ്ടു രചനകളാണ് എന്നതാണ് വാസ്തവം. 

ഗര്‍ണിക്ക രണ്ടാംലോക മഹായുദ്ധവുമായി ബന്ധപ്പെട്ട ഒന്നാണ്. ബോംബര്‍ ജെറ്റുകള്‍ വര്‍ഷിച്ച ആണവബോംബുകളില്‍ പെട്ടുടയുന്ന മനുഷ്യജീവിതങ്ങളെയും അതിനപ്പുറം അതീവ ഗര്‍വോടെ നില്‍ക്കുന്ന കാളക്കൂറ്റനെയും വരയ്ക്കുമ്പോള്‍ പിക്കാസോ ഉദ്ദേശിച്ചത് സ്‌പെയിനിലെ ഗര്‍ണിക്ക നഗരത്തിന്റെ നാശമോ അതിനപ്പുറം അവിടുത്തെ കാളപ്പോരോ ഒന്നുമായിരുന്നില്ല. അധികാരവും അധികാരികളും പാവം മനുഷ്യന്മാരും പുതിയകാലത്തില്‍ ഒരുമിച്ചു വാഴുന്ന ദുഃസൂചന കൂടിയാണ്. ഇതിനെ മറ്റൊരു രീതിയില്‍ പകര്‍ത്തിയാടിയ അറയ്ക്കലിന് എത്ര കയ്യടി കിട്ടിയെന്ന് അറിയില്ല. അറയ്ക്കല്‍ പിക്കാസോയെ കോപ്പിയടിക്കുകയായിരുന്നില്ല (ഒരര്‍ത്ഥത്തില്‍ രണ്ടാളും  ഉദ്ദേശിച്ചത് ഒന്നു തന്നെ. കാരണം വംശഹത്യയും യുദ്ധവും ഒരര്‍ത്ഥത്തില്‍ ഒന്നു തന്നെയാണ്. രണ്ടുപേര്‍ രണ്ടു രീതിയില്‍ വരച്ചു എന്നേയുള്ളൂ). പിക്കാസോയ്ക്ക് പിക്കാസോയുടെ വഴി, അറയ്ക്കലിന് സ്വന്തം വഴി. രണ്ടുപേരും ഉത്പാദിപ്പിച്ചത് യുദ്ധത്തിനെതിരേയുള്ള-അത് രാജ്യത്തിനുള്ളില്‍ നിന്നുള്ളതാണെങ്കിലും പുറത്തു നിന്നുള്ളതാമെങ്കിലും-അങ്ങനെയൊന്നാണ്.ഗര്‍ണിക്ക നഗരവും ഗുജറാത്തും മറ്റൊരര്‍ത്ഥത്തില്‍ ഒട്ടും വിഭിന്നമല്ല എന്നിടത്താണ് അറയ്ക്കലിന്റെ ഈ അവസാനകാല രചനയും പ്രസക്തമാകുന്നത്.

യൂസഫ് അറയ്ക്കലിന്റെ ചില രചനകള്‍

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍