UPDATES

സിനിമ

യൂസഫലി കേച്ചേരി: മലയാളിയുടെ മതേതരത്വ ഭൂമികയില്‍ കാലുറപ്പിച്ചു നിന്ന കവി

Avatar

അന്തരിച്ച കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായ യൂസഫലി കേച്ചേരിയെ കവിയും ഗാനരചയിതാവുമായ റഫീക് അഹമ്മദ് ഓര്‍മ്മിക്കുന്നു

കവിതയുടെ മുഖ്യധാരയില്‍ സജീവമാകാന്‍ മുസ്ലീം സമുദായത്തിന് യൂസഫലി കേച്ചേരിയോളം കാത്തിരിക്കേണ്ടി വന്നു എന്നതുതന്നെയാണ് അദ്ദേഹത്തെ കവി, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകന്‍ എന്നതിനെക്കാളൊക്കെ പ്രസക്തനാക്കുന്ന കാര്യം. ഒരു സാധാരണ യാഥാസ്ഥിതിക മുസ്ലീം കുടുംബ പശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ന്ന യൂസഫലിക്ക് മാപ്പിളപ്പാട്ടിന്റെ സമ്പന്നമായ പൈതൃകമുണ്ടായിരുന്നു. ഇതിനൊപ്പമാണ് പില്‍ക്കാലത്ത് അദ്ദേഹം സംസ്‌കൃതഭാഷയില്‍ നേടിയ പരിജ്ഞാനവും അദ്ദേഹത്തിലെ പ്രതിഭയെ ഉദ്ദീപിപ്പിക്കുകയും മലയാള കവിതയുടെ ഔന്നത്യത്തിലേക്ക് കയറിയിരിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കുകയും ചെയ്തത്. യൂസഫലി നിത്യസ്മരണയോടെ മനസ്സില്‍ ആരാധിച്ചിരുന്ന തന്റെ സംസ്‌കൃത ഗുരുക്കന്മാരായ ഇ പി ഭരത പിഷാരടിയോടും കെ പി നാരയണ പിഷാരടിയോടും നമുക്കും അകൈതവും അളവില്ലാത്തതുമായ നന്ദി പറയേണ്ടി വരുകയാണ്. സാഹിത്യമണ്ഡലത്തില്‍, തന്റെ വിപുലമായ ലോകസാഹിത്യപരിജ്ഞാനവും സംസ്‌കൃതപാണ്ഡിത്യവും മാപ്പിളപ്പാട്ട് സംസ്‌കാരവും സമന്വയിപ്പിച്ച് രൂപപ്പെടുത്തിയ കാവ്യപ്രതിഭയുടെ നവധ്വനി മുഴക്കാന്‍ യൂസഫലിക്ക് സാധിച്ചു. ഒരുപക്ഷേ, മലയാള കവിതയുടെ പൊതു ഇടം യൂസഫലിക്ക് മുന്‍പും പിന്‍പും എന്ന തരത്തില്‍ ഒരു തരം തിരിവ് പറയുന്നതില്‍പോലും അതിശയോക്തിയുണ്ടാകുമെന്ന് തോന്നുന്നില്ല.

യുഗപുരുഷന്മാരുടെയും നവോഥാന നായകന്മാരുടെയും കര്‍മ്മരീതികളോട് യൂസലിയുടെ കാവ്യജീവിതത്തിന് സാമ്യം ഉണ്ടെന്നു മനസ്സിലാകും. പാരമ്പര്യങ്ങളുടെ കടുംകെട്ടുകളെ തച്ചുടയ്ക്കാന്‍ ശ്രീനാരായണ ഗുരു സംസ്‌കൃതവും ആര്യവുമായ ആയുധങ്ങള്‍ ഉപയോഗിച്ചതുപോലെ സാഹിത്യത്തിന്റെ മതേതരത്വവും വിശാലവുമായ ഒരു ഭൂമികയെ സാര്‍ത്ഥകമാക്കാന്‍ യൂസഫലിയും സമാനവഴികള്‍ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.

മലയാളിയുടെ വിശാലമായൊരു മതേതരത്വ ഭൂമികയില്‍ സധൈര്യം കാലുറപ്പിച്ചു നിന്നുകൊണ്ടാണ് കവി ഭാഷയിലെ ഏറ്റവും മികച്ച കൃഷ്ണഭക്തിഗാനങ്ങള്‍ രചിച്ചത്. യൂസഫലി രചിച്ച കൃഷ്ണഗീതങ്ങള്‍ അദ്ദേഹത്തിന്റെ മുന്‍ഗാമികളും സമകാലികരുമായ ഭക്തകവികളുടെ രചനകളോട് സമം ചേര്‍ന്ന് നില്‍ക്കുന്നവയായിരുന്നു എന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. മതാതീതമായ ഒരു തലത്തിലേക്ക് അദ്ദേഹം കൃഷ്ണസങ്കല്‍പ്പത്തെ ഉയര്‍ത്തുകയായിരുന്നു. ആത്മീയത എന്നത് മതാതീമോ മതബാഹ്യമോ ആകുന്ന വ്യവസ്ഥയില്‍ തന്നെ കവി തന്റെ സ്വകീയമായ വിശ്വാസസങ്കല്‍പ്പങ്ങളുടെ നിലപാട് തറയില്‍ കാലുറപ്പിച്ചുകൊണ്ടു തന്നെ തന്റെ ചേതനയെ ഒരു ബഹുസ്വര സമൂഹത്തിന്റെ ആരോഗ്യദൃഢതയ്ക്ക് ഉപകാരപ്പെടും വിധം സ്വരപ്പെടുത്തുകയായിരുന്നു.

മലയാള ചലച്ചിത്രഗാന ചരിത്രത്തില്‍ കേച്ചേരിയെ പി ഭാസ്‌കരന്റെ പിന്തുടര്‍ച്ചക്കാരനായി അടയാളപ്പെടുത്തുന്നതിലാണ് മനോഹാരിത. മാപ്പിളപ്പാട്ടുകളെ പൊതുധാരയിലേക്ക് ഹൃദയോന്മാദത്തോടെ ആനയിച്ചുകൊണ്ടുവന്ന് മലയാളിയുടെ ബഹുസ്വരതയുടെ സ്വന്തമാക്കി തീര്‍ത്ത ഭാസ്‌കരന്‍-രാഘവന്‍ കൂട്ടുകെട്ടുകെട്ടിനോളം തന്നെ യൂസഫലി-ബാബുരാജ് ദ്വയവും കേരളീയസമൂഹത്തില്‍ ആദരവ് സ്വന്തമാക്കിയവരാണ്.

അയത്‌ന ലളിതമായ മാപ്പിളഗാനങ്ങള്‍ക്കൊപ്പം പ്രൗഢഗംഭീരമായ സംസ്‌കൃതഗാനങ്ങളും മലയാള ചലച്ചിത്രഗാനശാഖയിലെ നിത്യപുഷ്പങ്ങളാക്കിയ കവി എന്നുതന്നെ നമുക്ക് യൂസഫലിയെ വിശേഷിപ്പിക്കാം. മൈലാഞ്ചിക്കാട്ടില്‍ മയങ്ങി നില്‍ക്കുന്ന മൊഞ്ചത്തി എന്നുപാടിയ അതേ കവി തന്നെയാണ് ജാനകി ജാനെയും, ഗേയം ഹരിനാമഗേയവും, സാമജ സഞ്ചാരിണിയുമെല്ലാം എഴുതിയത്. സംസ്‌കൃതഗാനങ്ങളെഴുതിയ മറ്റൊരു കവിയും മലയാള ചലച്ചിത്രഗാനരംഗത്തുണ്ടാവില്ല. അതും ഒരു ഇസ്ലാം മതവിശ്വാസിയായ കവി. സാഹിത്യത്തല്‍ മതങ്ങള്‍ക്കല്ല, മതേതരത്വത്തിനാണ് സ്ഥാനമെന്ന് കവി നമ്മളെ ഓര്‍മ്മിപ്പിക്കുകയാണ്. മലയാളിയുടെ മതേതരത്വവും ബഹുസ്വരവുമായ സാംസ്‌കാരിക പ്രബുദ്ധതയെ ജ്വലിപ്പിച്ച് നിര്‍ത്തുന്ന പേരുകളില്‍ ഒന്നായി ചരിത്രം യൂസഫലി കേച്ചേരി എന്ന കവിയെ അടയാളപ്പെടുത്തുമെന്നതില്‍ സംശയമില്ല.

സൗന്ദര്യവും പ്രൗഢിയും സാരാംശങ്ങളും ഉള്‍നിറഞ്ഞ ഗാനങ്ങള്‍ നല്‍കി കൊണ്ടാണ് കവി മറഞ്ഞിരിക്കുന്നത്. വെറുതെ മൂളിപ്പോകാന്‍ മാത്രമല്ല ആ ഗാനങ്ങള്‍, ഹൃദയംകൊണ്ട് മാത്രമെ നമുക്ക് യൂസഫലിയുടെ ഗാനങ്ങളെ സമീപിക്കാന്‍ സാധിക്കൂ.അതുകൊണ്ട് തന്നെ യൂസഫലി കേച്ചേരി എന്ന കവി ആ ഗാനങ്ങളോടൊപ്പം നമ്മുടെയെല്ലാം ഹൃദയത്തില്‍ മായാച്ച ചന്ദ്രികയായി തെളിഞ്ഞു നില്‍ക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍