UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആരാണ് സക്കീര്‍ നായിക്?

അഴിമുഖം പ്രതിനിധി

പീസ് ടിവിയിലാണ് പ്രസംഗമെങ്കിലും സൃഷ്ടിക്കുന്നത് അസ്വസ്ഥതയാണ്. പടിഞ്ഞാറന്‍ ശൈലിയിലുള്ള വേഷത്തിനൊപ്പം തൊപ്പി. ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്ന ഈ ഡോക്ടറുടെ വാക്കുകള്‍ ചെറുപ്പക്കാരെയും എളുപ്പം സ്വാധീനിക്കപ്പെടുന്നവരെയും ഇളക്കിമറിക്കുന്നു.

സക്കീര്‍ നായിക്ക്, 51, വളരെക്കാലമായി മുംബൈയിലെ ധ്രുവീകരണ ശക്തിയാണ്. നായിക്കിന്റെ പ്രസംഗങ്ങളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു ധാക്ക കൂട്ടക്കൊലയെന്ന വിവരത്തെത്തുടര്‍ന്ന് സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലുളള ഇയാള്‍ ഇപ്പോള്‍ മെക്ക സന്ദര്‍ശനത്തിലാണ്. ഇയാള്‍ 11ന് മുംബൈയില്‍ തിരിച്ചെത്തുമെന്നും തൊട്ടടുത്ത ദിവസം വാര്‍ത്താസമ്മേളനം നടത്തുമെന്നുമാണ് അനുയായികള്‍ അറിയിക്കുന്നത്.

മുംബൈയില്‍ വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിച്ചിരുന്ന പൊതുപ്രസംഗങ്ങള്‍ നടത്താന്‍ ഇപ്പോള്‍ നായിക്കിനാകാറില്ല. ഈ ചടങ്ങുകളിലെ പ്രഭാഷണങ്ങളിലെ ഉള്ളടക്കം ശരിയല്ലെന്നു കണ്ട് 2012 മുതല്‍ മുംബൈ പൊലീസ് നായിക്കിന് പ്രസംഗാനുമതി നിഷേധിച്ചതാണ്. ഒസാമ ബിന്‍ ലാദന്‍ ഭീകരവാദിയല്ലെന്ന നായിക്കിന്റെ നിലപാടിനെത്തുടര്‍ന്ന് 2010 മുതല്‍ ബ്രിട്ടന്‍ ഇയാള്‍ക്കു പ്രവേശനാനുമതി നിഷേധിച്ചിരിക്കുകയാണ്.

ഇസ്ലാമിക് പ്രാസംഗികനെന്നാണ് അറിയപ്പെടുന്നതെങ്കിലും നായിക്ക് ഒരിക്കലും മുംബൈയിലെ സുന്നി, ഷിയ പുരോഹിതര്‍ക്കിടയില്‍ അഭിമതനായിരുന്നില്ല. സത്യത്തില്‍ പുറത്തുള്ളതിനെക്കാള്‍ മുസ്ലിം സമുദായത്തിലാണ് നായിക്കിന് എതിരാളികളുള്ളത്.

2009ല്‍ മുംബൈയിലെ നിരവധി സുന്നി മൗലവിമാര്‍ നായിക്കിനെതിരെ രംഗത്തുവന്നു. ഏതാണ്ട് ഇതേ സമയത്ത് ഷിയ സമുദായം അന്നത്തെ പൊലീസ് ജോയിന്റ് കമ്മിഷണര്‍ കെ എല്‍ പ്രസാദിന് നായിക്കിനെതിരെ പരാതി നല്‍കി. ഒത്തുതീര്‍പ്പിനു ശ്രമിച്ച പ്രസാദ് നായിക്കിനെക്കൊണ്ട് ക്ഷമ പറയിപ്പിച്ച് പ്രശ്‌നം ഒതുക്കി.

ഡോ. സക്കീര്‍ നായിക്കിനെ ഒറ്റ വാചകത്തില്‍ ഇങ്ങനെ പറയാം. ഏക ദൈവ വിശ്വാസിയായ, പടിഞ്ഞാറന്‍ വേഷവും മൊട്ടത്തൊപ്പിയും ധരിക്കുന്ന പ്രഭാഷകന്‍. മറ്റു മതങ്ങള്‍ക്ക് നിലനില്‍പേയില്ലെന്നു വ്യക്തമായി പറയുന്നയാള്‍.

വിവാദങ്ങളും ഈവന്റ് മാനേജ്‌മെന്റ് കഴിവുകളും ഉപയോഗിച്ച് ശ്രദ്ധ പിടിച്ചുപറ്റുകയും അതുവഴി ധനസമാഹരണം നടത്തുകയുമാണ് നായിക്കിന്റെ രീതിയെന്നു വിമര്‍ശകര്‍ പറയുന്നു. വെള്ളിയാഴ്ച ഏതു മുസ്ലിം പള്ളിയില്‍ച്ചെന്നാലും നായിക്കിന്റെ പ്രസംഗം കേള്‍ക്കാനെത്തുന്നവരേക്കാള്‍ വളരെക്കൂടുതല്‍ പേര്‍ പ്രസംഗം കേള്‍ക്കുന്നതു കാണാമെന്ന് ഒരു മുതിര്‍ന്ന മൗലവി പറയുന്നു. ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെടാനും ലോകം ചുറ്റാനുമുള്ള പണം കണ്ടെത്താനുള്ള കഴിവ് നായിക്കിനുണ്ടെന്നതാണ് വ്യത്യാസം.

മദ്രസ വിദ്യാഭ്യാസം മാത്രമുള്ള, ഉറുദു സംസാരിക്കുന്ന മുല്ലാമാര്‍ക്ക് ഇംഗ്ലീഷ് വഴക്കത്തിലൂടെയും ഖുറാന്റെ ആധുനിക പശ്ചാത്തലത്തിലുള്ള വ്യാഖ്യാനത്തിലൂടെയും യുവാക്കളെ ആകര്‍ഷിക്കാനുള്ള നായിക്കിന്റെ കഴിവിനോട് അസൂയയാണെന്നാണ് നായിക്കിനെ പിന്തുണയ്ക്കുന്നവരുടെ പക്ഷം.

‘ അയാള്‍ക്ക് ആഗോളസ്വാധീനമുണ്ട്. പ്രത്യേകിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ, പാന്‍ ചവയ്ക്കുന്ന മുല്ലാമാര്‍ക്കൊപ്പം നില്‍ക്കാന്‍ ഇഷ്ടപ്പെടാത്ത പുതുതലമുറയില്‍. യാഥാസ്ഥിതിക ഇസ്ലാം വീക്ഷണത്തെ അനുകൂലിക്കാത്ത ബരേല്‍വി വിഭാഗത്തിലാണ് നായിക്കിന് ഏറ്റവുമധികം ശത്രുക്കളുള്ളത്,’ പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഉറുദു പത്രാധിപര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോടു പറഞ്ഞു.

‘ആദ്യം മുതല്‍ സാര്‍വലൗകിക കാഴ്ചപ്പാടായിരുന്നു നായിക്കിന്, ‘ മാസഗാവിലെ ജാസ്മിന്‍ അപ്പാര്‍ട്ട്‌മെന്റ്‌സില്‍ നായിക്കിന്റെ അയല്‍ക്കാരന്‍ പറഞ്ഞു. 70 വര്‍ഷത്തോളമായി ഇവിടെയാണ് നായിക്കിന്റെ കുടുംബം താമസിക്കുന്നത്. സ്വദേശമായ റായ്ഗഡിലെ സമുദ്രോല്‍പന്ന കയറ്റുമതി ബിസിനസായിരുന്നു നായിക്ക് കുടുംബത്തിന്. അതില്‍ നിന്നു വിട്ടുമാറി പ്രശസ്ത മനശാസ്ത്രജ്ഞനായ അബ്ദുല്‍ കരീം നായിക്കാണ് സക്കീര്‍ നായിക്കിന്റെ പിതാവ്. ഡോംഗ്രിയിലാണ് അദ്ദേഹത്തിന്റെ ക്ലിനിക്ക്. സക്കീര്‍ നായിക്കും സഹോദരന്‍ മുഹമ്മദ് നായിക്കും ബിവൈഎല്‍ നായര്‍ കോളജില്‍ നിന്ന് മെഡിക്കല്‍ ബിരുദമെടുത്തു. 1987ലാണ് സക്കീര്‍ നായിക്ക് ഇന്ത്യന്‍ വംശജനായ ദക്ഷിണാഫ്രിക്കന്‍ മുസ്ലിം മതപ്രചാരകന്‍ അഹമ്മദ് ദീദത്തിനെ പരിചയപ്പെടുന്നത്.

അതൊരു വഴിത്തിരിവായി. ‘ ദീദത്തിന്റെ പ്രഭാഷണശൈലിയില്‍ ആകൃഷ്ടനായ നായിക്ക് അയാളെപ്പോലെയാകാന്‍ ശ്രമം തുടങ്ങി,’അയല്‍ക്കാര്‍ പറയുന്നു. ഒരിക്കലും ഡോക്ടറായി ജോലി ചെയ്യാത്ത സക്കീര്‍ നായിക്ക് മതപ്രഭാഷകനായി. തുടര്‍ന്ന് 1991ല്‍ ഡോംഗ്രിയില്‍ ഒറ്റമുറിയില്‍ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഐആര്‍ എഫ്) സ്ഥാപിച്ചു. ഞായറാഴ്ചകളില്‍ രാത്രി നായിക്ക് പ്രഭാഷണം നടത്തി. മറ്റു ദിവസങ്ങളില്‍ ഈ മുറി മദ്രസയായി പ്രവര്‍ത്തിച്ചു. എല്ലാ മതങ്ങളിലും പെട്ട യുവാക്കളായിരുന്നു കേള്‍വിക്കാര്‍. ഇംഗ്ലീഷിലുള്ള പ്രസംഗം കേള്‍ക്കാനുള്ള കൗതുകമായിരുന്നു മിക്കവരും ഇവിടെയെത്താനുള്ള കാരണം.

പിന്നീട് നായിക്ക് ഇസ്ലാമിക് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ആരംഭിച്ചു. ഇവിടെയാണ് നായിക്കിന്റെ മൂന്നുമക്കളും പഠിക്കുന്നത്. ഭാര്യ ഫര്‍ഹത് ഐ ആര്‍ എഫിന്റെ വനിതാവിഭാഗത്തിന്റെ ചുമതല വഹിക്കുന്നു.

അനുയായികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ നായിക്കിന്റെ പ്രസംഗങ്ങള്‍ നഗരത്തിലെ വലിയ ഹാളുകളിലേക്കും സമീപ പട്ടണങ്ങളിലേക്കും മാറി. വിശുദ്ധഗ്രന്ഥങ്ങളില്‍നിന്നുള്ള ഉദ്ധരണികള്‍ കൊണ്ട് നായിക്ക് യുവാക്കളെ ആകര്‍ഷിച്ചു.

പദവി വളര്‍ന്നതോടെയാണ് നായിക്ക് വിവാദങ്ങള്‍ക്കു തുടക്കമിട്ടതെന്ന് വര്‍ഷങ്ങളായി ഇയാളെ നിരീക്ഷിക്കുന്ന മുംബൈയിലെ പൊലീസ് ഓഫിസര്‍മാര്‍ പറയുന്നു.

കൂടുതല്‍ ധിക്കാരിയും ഉന്മത്തനുമായി മാറിയ നായിക്ക് ഇസ്ലാമിനകത്തും പുറത്തുമുള്ള വിശ്വാസങ്ങളെ സൂക്ഷ്മ തന്ത്രങ്ങളിലൂടെ അധിക്ഷേപിച്ചുതുടങ്ങി. വിവാദങ്ങള്‍ എത്രയധികമാണോ അത്രയധികം ടിആര്‍പി, അത്രയധികം സംഭാവനകള്‍ എന്നതായി അവസ്ഥ.

നായിക്കിന്റെ ഭാവി ഇനിയെന്താകുമെന്നതില്‍ അഭിപ്രായഭിന്നതയുണ്ട്. അയാള്‍ ഒറ്റപ്പെട്ടയാളാണെന്നും അവഗണിക്കപ്പെടേണ്ടയാളാണെന്നുമാണ് ഒരു അഭിപ്രായം. പക്ഷേ അത് ശരിയാണോ?

ബുധനാഴ്ച നാഷനല്‍ ഇന്‍വെസ്റ്റിഗേറ്റിങ് ഏജന്‍സി (എന്‍ ഐ എ)യും സ്‌റ്റേറ്റ് ആന്റി ടെററിസം സ്‌ക്വാഡും (എടിഎസ്) സ്‌പെഷല്‍ ബ്രാഞ്ച് ആര്‍ക്കൈവ്‌സില്‍നിന്ന് വിശകലനത്തിനായി നായിക്കിന്റെ പ്രഭാഷണങ്ങളുടെ രേഖകള്‍ ശേഖരിച്ചു. നായിക്കിനെതിരെയുള്ള നടപടികളുടെ തുടക്കമാണിത്.

2013ല്‍ ഹിന്ദുദൈവങ്ങളെ അധിക്ഷേപിച്ച് നായിക്ക് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് മുംബൈയിലും മഹാരാഷ്ട്രയില്‍ മറ്റു പല പൊലീസ് സ്റ്റേഷനുകളിലും നായിക്കിനെതിരെ എഫ്‌ഐആര്‍ നിലവിലുണ്ടെന്ന് മുംബൈയിലെ ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോടു പറഞ്ഞു. ഈ കേസില്‍ ഇപ്പോഴും അന്വേഷണം നടക്കുകയാണ്.

ഡോംഗ്രിയിലെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനു പുറത്ത് പൊലീസ് നിരീക്ഷണമുണ്ട്.

അതേസമയം രണ്ടു മാസം മുന്‍പ് നായിക്ക് ബംഗ്ലാദേശ് സന്ദര്‍ശിച്ചിരുന്നതായും ഏതാനും ചടങ്ങുകളില്‍ പ്രസംഗിച്ചിരുന്നതായും അഭിജ്ഞവൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ഇത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

ഇപ്പോള്‍ മെക്കയിലുള്ള സക്കീര്‍ നായിക്കിനെ രാജ്യത്തു തിരിച്ചെത്തുന്നതില്‍നിന്നു തടയണമെന്ന് ശിവസേന എംപി അരവിന്ദ് സാവന്ത് ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനയച്ച കത്തില്‍ ടിവി ചാനലുകള്‍ നായിക്കിന്റെ പ്രസംഗം ടെലികാസ്റ്റ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നായിക്കിന്റെ പ്രസംഗങ്ങള്‍ ഭീകരരെ സൃഷ്ടിക്കുന്നുവെന്നും സാവന്ത് ആരോപിക്കുന്നു. ഐ ആര്‍എഫ് ധനസമാഹരണം നടത്തുന്നത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വലതുപക്ഷതീവ്രവാദി സംഘടനയായ ഹിന്ദു ജന്‍ജാഗ്രതാ സമിതിയും നായിക്കിനെ അറസ്റ്റ് ചെയ്യണമെന്നും പീസ് ടിവി നിരോധിക്കണമെന്നും ആവശ്യപ്പെട്ടു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍