UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അർണാബ് ഗോ സ്വാമിയും ഇ ടി മുഹമ്മദ് ബഷീറും തമ്മില്‍ എന്ത്?

ടി കെ അൻവർ സാദത്ത് 

തിരഞ്ഞെടുപ്പിലെ വോട്ടു ചോർച്ചയെ കുറിച്ച ചർച്ച ചെയ്യാനും തുടർ നടപടികളെ കുറിച്ച് ആലോചിക്കുന്നതിനും വേണ്ടി ചേർന്ന മുസ്ലിം ലീഗിന്റെ സംസ്ഥാന നിർവ്വാഹക സമിതി യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ മുസ്ലിം ലീഗ് നേതാക്കളായ ഇ ടി മുഹമ്മദ് ബഷീറും കെ പി എ മജീദും പത്രസമ്മേളനത്തിനെത്തിയത് ഒരു സി ഡി യും ലാപ്ടോപും കൂടെ കരുതിയാണ്. ബംഗ്ലാദേശ് ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും ബംഗ്ലാദേശും നിരീക്ഷിക്കുന്ന മതപ്രഭാഷകനായ സക്കീര്‍ നായിക്കിനെ പിന്തുണക്കാൻ തീരുമാനിച്ചുകൊണ്ടു ലീഗ് നിർവ്വാഹക സമിതി അംഗീകരിച്ച പ്രമേയം വിശദീകരിക്കാനും അതു മാധ്യമങ്ങളെ ബോധ്യപ്പെടുത്താനും വേണ്ടിയായിരുന്നു ലീഗ് നേതാക്കൾ യൂട്യൂബ് വീഡിയോ ക്ലിപ്പിംഗുകളും ഹാജരാക്കിയത്. പ്രമേയം വിശദീകരിച്ചു കൊണ്ടു ഇ ടി ബഷീർ, ഡോ. സക്കീർ നായിക്ക് ഐ എസ്സിനെതിരെ പറയുന്ന ഒരു പ്രഭാഷണത്തിന്റെ ഒരു ഭാഗം മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു. 

ബഷീർ മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ച ആ പ്രഭാഷണത്തിൽ ഡോ. നായിക് ഐ എസ്സിനെ അപലപിക്കുന്നുണ്ട്. പക്ഷെ ഈ ചെറിയൊരു വീഡിയോ ക്ലിപ്പ് വെച്ച് ഒരാളുടെ നിലപാടുകളെ ആകപ്പാടെ മനസ്സിലാക്കാൻ പറ്റുമോ എന്നതാണ് ചോദ്യം. ബഷീറിന്റെ വാദങ്ങളെ ഖണ്ഡിക്കാൻ കഴിയുന്ന ഒട്ടനവധി വീഡിയോ ക്ലിപ്പുകൾ ഡോ. നായിക്കിന്റെ പേരിൽ തന്നെ ഇതേ യൂട്യൂബിൽ ലഭ്യമാണ് എന്ന കാര്യം പരിഗണിക്കുമ്പോൾ പ്രത്യേകിച്ചും.  പ്രത്യക്ഷത്തിൽ തന്നെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഭീകര പ്രവർത്തനങ്ങളെ ന്യായീകരിക്കുന്നത് എന്നു തോന്നുന്ന നിരവധി പരാമർശങ്ങൾ അടങ്ങുന്ന പ്രഭാഷണങ്ങൾ ഡോ. നായിക് നടത്തിയിട്ടുണ്ട്. എല്ലാ കാര്യങ്ങളിലും വെട്ടൊന്ന് മുറി രണ്ടു എന്ന മട്ടിൽ നിലപാടുകൾ എടുക്കുന്ന ഡോ. നായിക് ഉസാമ ബിൻലാദിനെ കുറിച്ച് പറയുമ്പോൾ എടുക്കുന്ന നിലപാട് മാറ്റം ശ്രദ്ധിക്കേണ്ടതാണ്. മാധ്യമങ്ങളിൽ വരുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ഒരു ഗവേഷകന് നിലപാടുകൾ എടുക്കാൻ സാധിക്കില്ല എന്നത് ശരിയാണ്. പക്ഷെ, ഡോ. നായിക്കിന്റെ പ്രഭാഷണങ്ങളിലെ വാദങ്ങളിൽ പലതും ഇതേ മാധ്യമ വാർത്തകളെ ആശ്രയിച്ചു കൊണ്ടാണ് രൂപപ്പെടുത്തിയിരിക്കുന്നത് എന്നു വരുമ്പോൾ, ചില പ്രത്യേക സന്ദർഭങ്ങളിൽ  മാത്രം ഡോ. നായിക് കാണിക്കുന്ന “സൂക്ഷ്മത”യെ നാം എന്താണ് വിളിക്കുക? ബിൻ ലാദനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു ഡോ. നായിക് നൽകുന്ന മറുപടി താഴെ കൊടുത്തിരിക്കുന്ന വീഡിയോ ലിങ്കുകളിൽ ഒന്നു കേട്ടു നോക്കൂ.

ഈ നിലപാടിലെ ഒളിച്ചുകളിയുടെ ആഴം  മനസ്സിലാക്കാൻ ബാമിയാനിലെ ബുദ്ധ പ്രതിമകൾ തകർത്ത താലിബാൻ നടപടികളോട് ഡോ.നായിക് എങ്ങിനെയാണ് പ്രതികരിക്കുന്നത് എന്നു കേൾക്കുക. താലിബാൻ ബുദ്ധ പ്രതിമകൾ തകർത്തത് ബുദ്ധിസ്റ്റുകളെ എന്താണ് യഥാർഥ ബുദ്ധമതം എന്നു പഠിപ്പിക്കാനാണ് എന്നാണ് ഡോ. സാക്കിർ നായിക്കിന്റെ വാദം. ചാവേർ ബോംബ് സ്ഫോടനങ്ങളെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയിലും സാക്കിർ നായിക് ഏതാണ്ട് ഇതേ രീതിയിൽ ആണ് മറുപടി പറയുന്നത്.

മതകാര്യങ്ങളിൽ പൊതുവെ കണിശത ഉള്ളവരായാണ് സലഫികൾ സ്വയം കരുതിപ്പോരുന്നത്. ഏതുകാര്യത്തിലും തീർത്തും “ശുദ്ധ”മായ നിലപാട് ഉണ്ടാകണമെന്ന നിർബന്ധക്കാരാണവർ. പക്ഷെ ഈ കണിശതയും ശുദ്ധതയും ചില സന്ദർഭങ്ങളിൽ റദ്ദ് ചെയ്‌തു, അനുയായികൾക്ക് സ്വയം വ്യാഖ്യാനിക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നതിൽ ഡോ. നായിക്കിന്റെ പോലുള്ള സലഫി പ്രഭാഷകർ ഒരുക്കിക്കൊടുക്കുന്ന അവസരത്തെ ഒരാൾ എങ്ങിനെയാണ് മനസ്സിലാക്കേണ്ടത്? ഉസാമ ബിൻ ലാദന്റെ കാര്യത്തിലും, ചാവേർ ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതിന് വിഷയത്തിലും സലഫികൾക്കു എന്തുകൊണ്ടാണ് കണിശമായ ഒരു പ്യൂരിറ്റാൻ നിലപാട് സ്വീകരിക്കാൻ കഴിയാതെ പോകുന്നത്?

ഡോ. നായിക്കിന്റെ പ്രഭാഷണങ്ങളെയും അതിലെ നിലപാടുകളെയും അതിന്റെ സമഗ്രതയിൽ കാണുന്നതിനും മനസ്സിലാക്കുന്നതിനും പകരം തങ്ങൾക്കു വേണ്ടപ്പെട്ട ഭാഗങ്ങൾ അടർത്തിയെടുത്തു താന്താങ്ങളുടെ അവകാശ വാദങ്ങളെ സ്ഥാപിക്കാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. ചാവേർ ആക്രമണം അനുവദിനീയമാണ് എന്ന ഭാഗം ഡൽഹിയിലിരുന്നു അർണാബ് ഗോ സ്വാമി കാണിക്കുമ്പോൾ, ഐ എസ് ഇസ്‌ലാമിക വിരുദ്ധമാണ് എന്ന ക്ലിപ്പ് കോഴിക്കോട് ലീഗ് ഹൗസിൽ ഇരുന്നു ഇ ടി മുഹമ്മദ് ബഷീറും കെ പി എ മജീദും ചേർന്നു കാണിക്കുന്നു. ഇവ രണ്ടും തമ്മിൽ ഏതെങ്കിലും അർത്ഥത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നുണ്ടോ? ചാവേർ അക്രമങ്ങളെയും ബുദ്ധ പ്രതിമകൾ നശിപ്പിച്ചതിനെയും ന്യായീകരിക്കുന്ന, ബിൻ ലാദനെ കുറിച്ച് നിലപാടെടുക്കുക പ്രയാസകരമാണ് എന്നു പറയുന്ന വീഡിയോ ക്ലിപ്പുകളോടുള്ള ഇ ടി മുഹമ്മദ് ബഷീറിന്റെയും ലീഗിന്റെയും പ്രതികരണം എന്തായിരിക്കും? ഐ എസ് ഇസ്‌ലാമികമല്ല എന്ന വിഡിയോ ക്ലിപ്പിനോടുള്ള അര്‍ണാബിന്റെ പ്രതികരണം തന്നെ ആയിരിക്കുമോ? ബാമിയാനിലെ പ്രതിമകൾ തകർത്ത താലിബാൻ പ്രവർത്തിയെ ന്യായീകരിച്ച നായിക്കിന്റെ പ്രസ്താവനക്ക് ഒരു പ്രത്യേക പശ്ചാത്തലത്തിൽ, സന്ദർഭത്തിൽ ഉള്ളതാണെന്ന് പറയുന്നതുപോലെ, ഐ എസ്സിനെ എതിർത്തു കൊണ്ടുള്ള പ്രസ്താവനക്കും ഒരു പ്രത്യേക സന്ദർഭവും പശ്ചാത്തലവും ഉണ്ടാവില്ലേ? സന്ദർഭം ബഷീറിന് മാത്രമല്ല, അർണബിനും ഉണ്ടാകുമല്ലോ.

ഡോ. നായിക്കിനെ തീവ്രവാദിയായി ചിത്രീകരിക്കുക വഴി  മതപ്രചാരണം നടത്താനുള്ള സ്വാതന്ത്ര്യം നിഷേധിക്കാനുള്ള നീക്കം നടക്കുന്നു എന്നുമുള്ള ലീഗിന്റെ ആശങ്ക മനസ്സിലാക്കാം. അതു പക്ഷെ അർണാബ് ഗോ സ്വാമിമാർ ചെയ്യുന്ന മാതിരി ഏതെങ്കിലും വീഡിയോ ക്ലിപ് കാണിച്ചുകൊണ്ടല്ല തെളിയിക്കേണ്ടത്. മറുത്തുള്ള വീഡിയോ ക്ലിപ്പുകൾ കാണിച്ചു ചോദ്യങ്ങൾ ചോദിക്കാൻ മാത്രം ത്രാണിയോ സാമാന്യ ബോധമോ ഉള്ള മാധ്യമ പ്രവർത്തകർ ആ സദസ്സിൽ ഉണ്ടാകാതിരുന്നത് ബഷീറിന്റെ  ഭാഗ്യം.

കേരളത്തിലെ സുന്നി-മുജാഹിദ് തർക്കങ്ങളിലും സുന്നികൾക്കും മുജാഹിദുകൾക്കും ഇടയിലെ ആഭ്യന്തര തർക്കങ്ങളിലും എതിരാളികളുടെ വീഡിയോ ക്ലിപ്പിംഗുകൾ സന്ദർഭത്തിൽ നിന്നു അടർത്തി മാറ്റി ഉപയോഗിക്കുന്ന രീതി വ്യാപകമാണ്. ഏതാണ്ട് അതേ ശൈലി പിന്തുടർന്നു കൊണ്ടാണ് ബഷീറും മജീദും കാര്യങ്ങൾ വിശദീകരിച്ചത് എന്നു തോന്നിപ്പോകും ബഷീറിന്റെ വാദങ്ങൾ കണ്ടാൽ. അതുകൊണ്ടാണ് ഒരു വീഡിയോ ക്ലിപ്പും എടുത്തു ഇവർക്ക് പത്ര സമ്മേളനം നടത്തേണ്ടി വന്നതും. 

ധാക്കയിലെ ആക്രമണത്തിന് പ്രേരണ ഡോ. സാകിർ നായിക്കാണെന്നോ അദ്ദേഹം ഭീകരവാദിയാണെന്നോ എന്നൊന്നുമല്ല ഇപ്പറഞ്ഞതിനർഥം. ഭീകരതയെയും തീവ്രവാദത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടുകളെ ഇ ടി മുഹമ്മദ് ബഷീറും അർണാബ് ഗോ സ്വാമിയും ചെയ്തത് പോലെ  സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റിയ ഏതെങ്കിലും ഒറ്റപ്പെട്ട വീഡിയോ ക്ലിപ്പുകളുടെ അടിസ്ഥാനത്തിൽ അല്ല വിലയിരുത്തേണ്ടത്. വിവിധ വിഷയങ്ങളോടും സന്ദർഭങ്ങളോടും ഉള്ള  മത നിലപാടുകളും  മറ്റുമതങ്ങളോടും സമൂഹങ്ങളോടും പുലർത്തേണ്ട നിലപാടുകളും വിശദീകരിക്കാൻ അദ്ദേഹം ഉപയോഗിക്കുന്ന ഇസ്‌ലാമിലെ ആശയ പരിസരം എന്താണ് എന്നതുകൂടി കണക്കിലെടുത്താവണം. അങ്ങിനെ ചെയ്യാൻ അർണാബും ഇ ടി മുഹമ്മദ് ബഷീറും ഒരുക്കമാണോ എന്നതാണ് ചോദ്യം. അല്ലാതെ യുട്യൂബിലെ വീഡിയോ ക്ലിപ്പുകൾ കാണിച്ചു പ്രേക്ഷകരെയും അനുയായികളെയും വിഡ്ഢികളാക്കലല്ല.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍