UPDATES

സ്വാമി സംവിദാനന്ദ്

കാഴ്ചപ്പാട്

സ്വാമി സംവിദാനന്ദ്

ന്യൂസ് അപ്ഡേറ്റ്സ്

സ്വമതപ്രചാരകരായ ഈ കറക്കുകമ്പനിക്കാരെ കരുതിയിരിക്കുക

അന്ധമായ ഗ്രന്ഥ വിശ്വാസത്തിന്റെ ഇരകളാണ്‌ സക്കീർ നായിക്കും പ്രാച്ചിയും ആദിത്യനാഥും കെ പി യോഹന്നാനും ഒക്കെ അടങ്ങുന്ന മതവാദികൾ. ഒരേസമയം ഇരയും അതേ സമയം വേട്ടക്കാരനുമായാണ്‌ ഇത്തരം മത നേതാക്കളുടെ വർത്തമാനകാല ജീവിതം. മതവിശ്വാസത്തിന്റെ ഇരകളായ ഇവരുടെ വേട്ടവാക്കുകളിൽ വീണ്‌ സ്വജീവിതം താറുമാറാക്കുന്ന ആയിരക്കണക്കിന്‌ മനുഷ്യരാണ്‌ ലോകമെങ്ങുമുള്ളത്. 

ഏതോ ഒരു കാലത്തെ മനുഷ്യർ അവരുടെ കാലത്തിനിണങ്ങുന്ന വിധം രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ വിഷയങ്ങളിൽ എടുത്ത നിലപാടുകളും ജീവന രീതിയും അനുഭവങ്ങളുടെ കേട്ടുകേൾവികളും പിന്നീടെപ്പോഴൊക്കെയൊ മാതൃക എന്നു കരുതി മനുഷ്യൻ പിന്തുടരുന്നു. അതിലേക്ക് വന്ന് ചേർന്ന കെട്ടുകഥകളും അതിശയോക്തി കലർന്ന അമാനുഷിക കഥകളും എഴുതിയും പറഞ്ഞും തയ്യാറാക്കിയ വിവരങ്ങൾ ചേർത്ത് ക്രോഡീകരിച്ച പുസ്തകങ്ങളെയാണ്‌ നമ്മൾ വിശുദ്ധ ഗ്രന്ഥങ്ങൾ എന്നു വിളിക്കുന്നത്. ഈ വിശുദ്ധ ഗ്രന്ഥങ്ങൾ എന്നു വിളിക്കുന്ന ഗ്രന്ഥങ്ങൾ ഒന്നും തന്നെ വിശുദ്ധമോ പൂർണ്ണമായതോ അല്ല എന്ന് ആ ഗ്രന്ഥങ്ങളിൽ കാലാകാലങ്ങളിൽ വന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള മാറ്റങ്ങളും അപരമതത്തോടുള്ള പുച്ഛവും പുകഴ്ത്തലും തന്‍റേത് മാത്രമാണ്‌ യഥാർത്ഥ ദൈവമതമെന്ന അടിച്ചേല്പിക്കുന്ന തട്ടിപ്പുകളും വിവരിക്കുന്നതിൽ തന്നെ തെളിയുന്നുണ്ട്. ഇത്തരം ഗ്രന്ഥങ്ങളുടെ അകമ്പടിയോടെയാണ്‌ ലോകത്തിലെ ഭൂരിഭാഗവും രാജ്യങ്ങൾ നയിക്കപ്പെടുന്നത്.

പറഞ്ഞ് വന്നത് സക്കീർ നായിക്കിനെക്കുറിച്ചാണ്‌. സക്കീർ നായിക്കിന്റെ പ്രസംഗങ്ങൾ മിക്കവാറും അദ്ദേഹം വിളിച്ചു വരുത്തിയ പോലുള്ള, സ്വമതത്തെക്കുറിച്ചും അപരമതത്തെക്കുറിച്ചും ഏറ്റവും ദുർബലമായ അറിവുള്ള ഒരു ഇതരമതസ്ഥനെക്കൊണ്ട് ചോദ്യങ്ങൾ ചോദിക്കുകയും അതിന്‌ ഗംഭീരമായ മറുപടികൾ നല്കി ആൾക്കൂട്ടത്തെ അമ്പരപ്പിക്കുന്നതിലൂടെയുമാണ് സജീവമാകുന്നത്. അതീവ ശാന്തവും സൗമ്യവും എന്ന് തെറ്റിദ്ധരിക്കുന്ന തരത്തിൽ കൃത്യമായി തന്റെ വിശ്വാസം മാത്രം ശരി എന്നു അടിച്ചേല്‍പ്പിക്കാൻ അതിനിടയിൽ സക്കീർ നായിക്കിന്‌ സാധിക്കുന്നുണ്ട്. സക്കീർ നായിക്ക് മാത്രമല്ല ഇന്ത്യയിലെ എല്ലാ മതപ്രചാരകരും പുട്ടിന്‌ പീരപോലെ അപരമതങ്ങളെയും സ്വന്തം രാജ്യമഹിമയും വാനോളം പുകഴ്ത്താറുണ്ട്. അതിന്‌ ശേഷമാണ്‌ അവരുടെ ആശയങ്ങളെ കൃത്യവും ആസൂത്രിതവുമായി കുത്തിയിറക്കുന്നത്. ചോദ്യം ചോദിക്കുന്ന ആയിരം പേരിൽ ഒരാൾ പോലും ആത്മവിശ്വാസത്തോടെ എതിർത്ത് ചോദിക്കുന്നത് കണ്ടിട്ടില്ല. പലപ്പോഴും നാറ്റ് പോളിന്റെ പരസ്യത്തിലെ പോലെ പണം കൊടുത്തു നിർത്തിയിരിക്കുന്ന ആൾക്കാരായിട്ടാണ്‌ ചോദ്യകർത്താക്കളെ കാഴ്ച്ചക്കാരന്‌ അനുഭവപ്പെടുക.

ഏതെങ്കിലും കനമുള്ള ഒരു യുക്തിവാദി/ഇതര മതത്തിൽ സാമാന്യം വിവരമുള്ള ഒരാളോ നിന്ന് ചോദിച്ചാൽ കാറ്റഴിഞ്ഞുപോകുന്ന ബലൂൺ മാത്രമാണ്‌ സക്കീർ നായിക്കും പ്രാച്ചിയും ആദിത്യനാഥും കെ പി യോഹന്നാനും ഒക്കെ അടങ്ങുന്ന മതവാദികൾ. കാരണം അവർക്ക് മറ്റ് മതങ്ങളെക്കുറിച്ചുള്ള അറിവ് തുലോം തുച്ഛവും പുച്ഛവും നിറഞ്ഞതും മാത്രമായത് കൊണ്ട് വിമർശിക്കുവാൻ മാത്രം അതിലെ വരികളെ തേടിപ്പിടിച്ച് വായിച്ച് മനസ്സിലാക്കിയതാണെന്ന് ഒരു സ്വതന്ത്രമനുഷ്യനു മനസ്സിലാകും. 


എം എം അക്ബര്‍

സമാനമായ ഒരു പ്രചാരകൻ കേരളത്തിൽ ഉണ്ട്; എം എം അക്ബർ. അദ്ദേഹത്തിന്റെ നിച്ചെ ഓഫ് ട്രൂത്ത് എന്ന കറക്ക് കമ്പനിയും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കേരളത്തിലെ നഗര/ഗ്രാമ കേന്ദ്രീകൃത ജൂനിയർ സക്കീർ നായിക്ക് പരമ്പരകൾ അരങ്ങേറ്റാറുണ്ട്. അതിൽ മിക്കതിന്റെ തലേക്കേട്ടുകൾ തന്നെ ഇസ്ളാമാണ്‌. ഏക സത്യമതമെന്നും മുഹമ്മദ് നബിയാണ്‌ ഒരു റിയൽ പ്രവാചകനും എന്ന തരത്തിൽ മറ്റുള്ള മതങ്ങളെ ഒളിഞ്ഞ് നിന്ന് ആക്രമിച്ച് കൊണ്ടുതന്നെയായിരുന്നു.

സ്വന്തം മതവും സ്വന്തം പ്രവാചകനും മാത്രം സർവ്വതിനും മേലേ എന്നു വിശ്വസിപ്പിക്കാൻ സംവാദങ്ങൾ സംഘടിപ്പിക്കലാണ്‌ ടീയാന്റെ ഇഷ്ടവിനോദം. സ്വന്തം മതകാര്യങ്ങളിലല്ലാതെ അപരമതത്തെക്കുറിച്ച് ഇവർക്കുള്ള അറിവ് ഉപരിപ്ളവം മാത്രമായതുകൊണ്ട് പല സംവാദങ്ങളിലും ടീയാൻ കാലിടറി മുഖമിടിച്ച് വീഴാറുണ്ട്. പക്ഷെ സക്കീർ നായിക്ക് സാമാന്യം ബുദ്ധിയുള്ള കളിക്കാരനായതുകൊണ്ട് ഏറ്റവും അറിവ് കുറഞ്ഞ ആൾക്കാരുടെ ചോദ്യങ്ങളിൽ മാത്രമേ ഉത്തരം പറയാറുള്ളൂ. ഇവർ രണ്ട് പേരോടും ചോദ്യം ചോദിക്കാൻ ചോദ്യകർത്താക്കൾ എഴുന്നേല്ക്കുമ്പോൾ തന്നെ എന്തേലും അപകടം പറ്റിയാലെന്ന ഭാവത്തിൽ ഇവരുടെ അനുയായികളെയും അടുത്ത് കാണുന്നത് ചിരിയുണർത്തും.

സാക്കിർ നായിക്കും സാധ്വി പ്രാച്ചിയും യോഗി ആദിത്യനാഥും കെ പി യോഹന്നാനും അടങ്ങുന്ന നൂറുകണക്കിന്‌ സ്വമത പ്രചാരകരായ കറക്കു കമ്പനിക്കാരുണ്ട് ഈ രാജ്യത്ത്. ഇവരിൽ എല്ലാവരും അപരമതത്തെ ‘പുറമേയ്ക്ക് എല്ലാ മതവും തുല്ല്യ’മെന്നു ഘോഷിക്കും അകമേയ്ക്ക് ‘നമ്മുടേത് മാത്രം ആത്യന്തികമായി ശരി’യുള്ളു എന്നു വിശ്വസിക്കുകയും ചെയ്യുന്ന ഡബിൾ സ്റ്റാൻഡന്മാരുടെ അഖില ലോക നേതാക്കളാണ്‌. 

ദൈവം എന്ന ഒരാൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ അയാൾ സർവ്വശക്തനാണെങ്കിൽ ഒരു മുഹമ്മദിലൂടെയാണ്‌ അത് അവതരിക്കും. അതായിരിക്കും അന്ത്യപ്രവാചകൻ എന്നുറച്ചു വിശ്വസിക്കുന്ന ആരുണ്ടെങ്കിലും അവരുടെ വിശ്വാസത്തെ തള്ളിപ്പറയാൻ സാധിക്കില്ലെങ്കിലും അത്തരം കഥകളെ വിശ്വസിക്കാൻ എല്ലാവരെയും സ്വന്തം മൈക്കിനു ചുറ്റും ക്ഷണികുന്നതാണ്‌ ആനമണ്ടത്തരം. കാരണം ദൈവം സർവ്വശക്തനാണെങ്കിൽ അവനു കൃഷ്ണന്റെയും ക്രിസ്തുവിന്റെയും നബിയുടെയും ഒന്നും ഒരാവിശ്യവുമില്ല. അവൻ ഒരു പ്രത്യേക ഗോത്രക്കാരിലോ ഭാഷക്കാരിലോ അവതാരമെടുക്കേണ്ട ഗതികേടും ഉണ്ടാവില്ല. മാത്രമല്ല സ്വന്തമായി ഒരു പേരുപോലുമില്ലാത്ത പ്രസ്തുത കക്ഷി വല്ലവനും ഉണ്ടാക്കിയ മതത്തിന്റെ നേതാവായി ഇരിക്കാൻ സാധിക്കുമെന്ന് കരുതുന്നത് തന്നെ ദൈവത്തിന്റെ ദുർബലതയാണല്ലോ എന്നാണ്‌ വളർന്നു വരുന്ന കുട്ടികളുടെ സംശയം. 

ഇന്നത് ചെയ്യണം, ഇന്നത് ചെയ്യണ്ട എന്നൊക്കെ പറഞ്ഞു കൊടുത്ത് അതനുസരിക്കാത്തവരെ നരകത്തിലിട്ട് പൊരിക്കുന്ന ശുദ്ധ കോമാളിയാണ്‌ ദൈവം എന്നൊക്കെ ഒരോ പുസ്തകങ്ങളിൽ എഴുതിവെച്ചിട്ട് അത് മറ്റുള്ളവരെ പറഞ്ഞ് വിശ്വസിപ്പിക്കും. ജനനം മുതൽ ഈ സാങ്കല്പിക യേശുക്രിസ്തു- മറിയത്തെയും നബിതിരുമേനിയേയും കൃഷ്ണനും രാധയും ദുർഗ്ഗയും അടങ്ങുന്ന മനുഷ്യ നിർമ്മിത ദൈവങ്ങളെയും പ്രവാചകരെയും കാണിച്ച്  മാനസിക അടിമകളാക്കാൻ മാതാപിതാക്കൾ പഠിപ്പിക്കും. ഒടുവിൽ ഈ വിശ്വസ പാഠങ്ങളുടെ ഇരകളായി  തന്റെ പിന്നാലെ ആട്ടിൻ പറ്റം പോലെ വന്ന അനുയായികളെ വെച്ച് വിലപേശൽ  നടത്തുന്ന സംഘടിതമതങ്ങളുടെ ജൈത്രയാത്രയാണ്‌ നാമിത് വരെ കണ്ടത്. അവരുടെ ജൈത്രയാത്രയ്ക്ക് വിഘാതങ്ങൾ സംഭവിക്കുമ്പോഴാണ്‌ മതയുദ്ധങ്ങൾ ആരംഭിക്കുന്നത്.

സക്കീർ നായിക്കും എം എം അക്ബറും ഒക്കെ അടങ്ങുന്ന അന്ത്യപ്രവാചക വിശ്വാസികളും സാധ്വി പ്രാചി യോഗി ആദിത്യനാഥ് അടങ്ങുന്ന സനാതന ഹിന്ദു ജാഗ്രതക്കാരും കക്ഷത്തിൽ ഒരു പുസ്തകവും വെച്ച് ഇന്ത്യ മുഴുവനുമുള്ള ദരിദ്രർക്ക് ചുറ്റും ഇരപിടിക്കാനിറങ്ങിയിരിക്കുന്ന സൂത്രശാലികളായ ക്രിസ്ത്യൻ മിഷണറിമാരുമാണ്‌ ഇന്ത്യയെപ്പോലെ ഒരു രാജ്യത്തിന്റെ ശാപം. ഈ രാജ്യം വികസിക്കേണ്ടത് ശാസ്ത്രത്തിലൂന്നിയാണ്‌. ആത്മീയതയ്ക്ക്  ഇനിയുള്ള കാലത്ത് എന്തെങ്കിലും ചെയ്യുവാനുണ്ടെങ്കിൽ അത് മനുഷ്യ നന്മയ്ക്കാവണം എന്നു കരുതി ഇവരുടെ വലയിൽ വീഴുന്നവരാണ്‌  അധികവും.

കാശ്മീരിൽ പോയി വെടിയേറ്റ് കൊല്ലപ്പെട്ട 4 ചെറുപ്പക്കാരുണ്ടായിരുന്നു. അവർ ഇത്തരം മണ്ടൻ വിശ്വാസത്തിനു പിന്നാലെ പോയി ജീവൻ കളഞ്ഞതാണ്‌. അവർക്കും അവരുടെ കുടുംബത്തിനും നഷ്ടമുണ്ടായി എന്നതിലുപരി ദൈവത്തിനെന്തെലും കുഴപ്പമുണ്ടായതായ് എവിടെയും രേഖപ്പെടുത്തി കാണുന്നില്ല. സമാനമാണ്‌ ബാബറിമസ്ജിദ് പൊളിക്കാൻ പോയി അതിന്റെ മണ്ടയിൽ വലിഞ്ഞു കയറി താഴെ വീണ്‌ ചത്ത കർസേവകരും. ചത്ത് കഴിയുമ്പോൾ പ്രസ്തുത വിഷയത്തിൽ ദൈവത്തിന്‌ യാതൊരു പങ്കുമുള്ളതായി രേഖപ്പെടുത്തപെട്ടില്ല. പകരം ആ കണക്കു കൂടി കാണിച്ച് ജീവനുള്ള മനുഷ്യർ തമ്മിൽ ഉള്ള വഴക്കും വക്കാണവും കൂട്ടക്കൊലകളും വെറുപ്പും വിദ്വേഷവും മതമെന്ന ഓമനപ്പേരിലറിയപ്പെടുന്ന ആൾക്കൂട്ട ഗുണ്ടാ സംഘങ്ങൾക്ക് വളർത്തുവാൻ സാധിക്കുന്നുണ്ട്.

സക്കീർ നായിക്കിന്റെ പീസ് ടീവിക്കും പ്രസംഗങ്ങള്‍ക്കും കേരളത്തിൽ നിരവധി ആരാധകരുണ്ടെന്നാണ്‌ മനസ്സിലാക്കേണ്ടത്. യാദൃശ്ചികമെന്ന് പറയാം കേരളത്തിലെ ഒരു പീസ് വിദ്യാഭ്യാസ സ്ഥാപനത്തിലെ വേണ്ടപ്പെട്ട ഒരാളുടെ നേതൃത്വത്തിൽ ദൈവത്തെ അന്വേഷിച്ച് പോയ വാർത്തകൾ പുറത്ത് വരുന്നുണ്ട്. സാഹസിക ആദ്ധ്യാത്മികാന്വേഷികൾക്ക് ആത്മസുഖം നേരുന്നു. അവരെ ചുറ്റിപ്പറ്റി കുറച്ച് നാളേക്ക് വാർത്തകളിൽ തിളപ്പിക്കാൻ വെള്ളം പാത്രത്തിലൊഴിച്ച മാധ്യമങ്ങൾക്കും സ്വസ്തി.

മനുഷ്യൻ കരുതിയിരിക്കുക. മതങ്ങൾ എന്നത് മനുഷ്യ നന്മയ്ക്കായുള്ള ഒരു ഇടമെന്ന തരത്തിലാണ്‌ തുടക്കവും കഥകളും എങ്കിലും നിലവിൽ അത് മനുഷ്യത്വ വിരുദ്ധ ആശയങ്ങൾ പേറുന്ന അന്ധവിശ്വാസികളുടെ കൈയ്യിലാണ്‌. ഇവരിൽ നിന്നും വരാൻ പോകുന്ന തലമുറകളെ രക്ഷിക്കേണ്ട ചുമതല മനുഷ്യസമൂഹത്തിന്റെ ശാന്തവും സ്വസ്ഥവുമായ ജീവിതത്തിന്‌ അത്യന്താപേക്ഷിതമാണ്‌.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സ്വാമി സംവിദാനന്ദ്

സ്വാമി സംവിദാനന്ദ്

ഹരിദ്വാര്‍ അഭേദഗംഗാമയ്യാ ആശ്രമത്തിന്റെ മഹന്ത്. തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ്, കാശി, ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ദൈവത്തോറ്റം, അഭയാര്‍ത്ഥിപ്പൂക്കള്‍ എന്നീ രണ്ട് ചൊല്‍ക്കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഞ്ഞുതാമര എന്ന പേരില്‍ 2006 മുതല്‍ കവിതാ ബ്ളോഗ് ഉണ്ട്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍